പുതിയ കാലത്ത് ഹിജ്‌റകള്‍ പ്രസക്തമാകുന്നത്

നാം ഇന്ന് പുതിയ ഹിജ്‌റ വര്‍ഷത്തെ സ്വാഗതം ചെയ്യുകയാണ്. പ്രവാചകന്‍ (സ്വ) മക്കയില്‍നിന്ന് 450 കിലോമീറ്റര്‍ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന യസ് രിബിലേക്ക് (പിന്നീട് പേര് മദീന എന്നായി) ഹിജ്‌റ ചെയ്തതിന്റെ അനുസ്മരണമായാണ് ഹിജ്‌റ വര്‍ഷാരംഭം ഉണ്ടായത്. 

ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങള്‍ അടിസ്ഥാനമാക്കി കലണ്ടറുകള്‍ തുടങ്ങുകയെന്ന ഒരു സമ്പ്രദായമാണ് ലോകത്ത് നിലവിലുണ്ടായിരുന്നത്. അറേബ്യന്‍ ചരിത്രത്തില്‍ തന്നെ വേറെ ചില സംഭവങ്ങളെയും നിദാനമാക്കി കലണ്ടര്‍ തുടങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

ഈ പശ്ചാത്തലത്തിലാണ് പ്രവാചകരുടെ ഹിജ്‌റ അടിസ്ഥാനമാക്കി കലണ്ടര്‍ തുടക്കം കുറിക്കപ്പെട്ടത്. ഇതു സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകളില്‍ ഏതു സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കലണ്ടര്‍ ആരംഭിക്കേണ്ടത് എന്ന അഭിപ്രായങ്ങള്‍ സ്വഹാബികള്‍ക്കിടയില്‍ വ്യത്യസ്തമായി ഉണ്ടായിരുന്നു. നബിയുടെ ജന്മദിനം ആധാരമാക്കിവേണം, നബിയുടെ വഫാത്ത് ആധാരമാക്കിയാകാം, ഹിജ്‌റ അടിസ്ഥാനമാക്കിയാകാം തുടങ്ങി വിവിധ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ ഹിജ്‌റ നിദാനമാക്കി ഇസ്‌ലാമിക കലണ്ടര്‍ ആരംഭിക്കാമെന്ന് തീരുമാനിക്കപ്പെട്ടു. 

ഈ പശ്ചാത്തലത്തില്‍, പ്രവാചകരും അനുയായികളും ഹിജ്‌റക്കുവേണ്ടി എന്തെല്ലാം കഷ്ടപ്പാടുകളും പ്രയാസങ്ങളും സഹിച്ചുവെന്നത് നമ്മുടെ സ്മൃതിപഥത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. സ്വന്തം നാടും വീടും സമ്പാദ്യങ്ങളും ബന്ധുമിത്രാദികളെയുമെല്ലാം ഒഴിവാക്കി മറ്റൊരു നാട്ടില്‍ അഭയം തേടുക, അവിടെ സ്ഥിര താമസമാക്കുക എന്നതാണ് ഹിജ്‌റ കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. 

ഇസ്‌ലാമിനു വേണ്ടി എന്തും ത്യജിക്കാന്‍ മുസ്‌ലിം സന്നദ്ധനാകണം എന്ന മഹത്തായ സന്ദേശമാണ് ഹിജ്‌റ നമ്മെ പഠിപ്പിക്കുന്നത്. 12 മാസം ഒരു കൊല്ലം എന്ന കാലഗണന പണ്ടുമുതലേ ഉള്ളതാണ്. ഖുര്‍ആനില്‍ സൂചിപ്പിച്ചിട്ടുമുണ്ട്. അങ്ങനെയാണ് മുഹര്‍റം മുതല്‍ ദുല്‍ഹിജ്ജ വരെയുള്ള 12 മാസങ്ങള്‍ ആധാരമാക്കി ഹിജ്‌റ ഇസ്‌ലാമിക കലണ്ടറായി തുടക്കം കുറിക്കപ്പെട്ടത്. 

ഇപ്പോള്‍ നാം 1440 ാം ഹിജ്‌റ വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കയാണ്. ഇസ്‌ലാമിന്റെ എല്ലാവിധ അന്ത:സത്തയും ഉള്‍കൊണ്ട്, ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് പുതിയ ഹിജ്‌റ വര്‍ഷം സ്വാഗതം ചെയ്യാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter