അറബുലോകം ഇറാനെതിരെയാണിപ്പോള്‍; ഒരു ആക്രമണത്തെ കുറിച്ച് അമേരിക്കക്ക് ഇനി ചിന്തിക്കാം
ഇറാനെ എതിര്‍ത്തോ അനുകൂലിച്ചോ അന്താരാഷ്ട്ര രാജ്യങ്ങള് തീരുമാനമെടുക്കുമ്പോള്‍ കാര്യമായി ആലോചിക്കാറ് അതെകുറിച്ച് ഇസ്റായേലെങ്ങനെ പ്രതികരിക്കുമെന്ന് മാത്രമാണ്. പൊതുവെ അതുമായി ബന്ധപ്പെട്ട് അറബുജനത എന്തു ചിന്തിക്കുന്നുവെന്ന കാര്യം അമേരിക്ക പോലും വിഷയമാക്കാറില്ല. ഇറാനുമായി അറബുരാജ്യങ്ങളിലെ നേതാക്കളില്‍ പലരും ഇടഞ്ഞു നില്ക്കുന്ന കാര്യം പരസ്യമാണ്. എന്നാല്‍ അവിടങ്ങളിലെ പൊതുജനം ഇറാനെ കുറിച്ച് എന്തു ചിന്തിക്കുന്നുവെന്ന് പൊതുവെ ആരും അന്വേഷിക്കാറില്ല. ഈ പശ്ചാത്തലത്തിലാണ് അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡണ്ട് ജെയിംസ് സോഗ്ബി 2012 ല്‍ നടത്തിയ പുതിയ പഠനം പ്രസക്തമാകുന്നത്.
ഇറാന്‍റെ പോളിസികളോടുള്ള മുസ്‌ലിം പൊതുസമൂഹത്തിന്‍റെ വികാരത്തെ കുറിച്ചാണ് സോഗ്ബി പഠനം നടത്തിയിരിക്കുന്നത്. 17 അറബുരാജ്യങ്ങളിലെയും 3 അനറബുരാജ്യങ്ങളിലെയും 20,000 ത്തോളം പേരെ പങ്കെടുപ്പിച്ച് സോഗ്ബി നടത്തിയ അഭിപ്രായ സര്‍വെയാണ് ഇതു സംബന്ധമായി പുതിയ റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. തുര്‍ക്കി, അദര്‍ബൈജാന്‍, പാകിസ്താന് എന്നീ അറബേതര മുസ്‌ലിം രാജ്യങ്ങളിലെ ആളുകളാണ് സര്‍വെയില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഇതു സംബന്ധമായി ഇടക്കാല പഠനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട് സോഗ്ബിയുടെ നേതൃത്വത്തിലുള്ള അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. (പൊതുവില്‍ അറബുമുസ്‌ലിം സമൂഹങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് സോഗ്ബി എന്നതും എടുത്തു പറയേണ്ടതുണ്ട്) 2006 ലാണ് ആദ്യപഠനം നടന്നത്. ആ പഠനത്തിന്‍റെ തുടര്‍ച്ചയെന്നോണമാണ 2012 ല് വീണ്ടുമൊരു അഭിപ്രായ സര്‍വെ സോഗ്ബിയുടെ സ്ഥാപനം നടത്തിയത്.
2006 ല് അറബുപൊതുസമൂഹത്തിനിടയില്‍ ഇറാനുണ്ടായിരുന്ന ഇമേജ് ഏറെ മാറിയിരിക്കുന്നു 2012 ആയപ്പോഴേക്ക് എന്ന് വ്യക്തമാക്കുന്നതാണ് സര്‍വെ റിപ്പോര്ട്ട്. അന്ന് മിക്കവാറും രാജ്യങ്ങളിലെ 75 ശതമാനം പേരും ഇറാന്‍റെ നിലപാടുകളെ അനുകൂലിക്കുന്നവരായിരുന്നു. സുഊദിയിലെ 85 ശതമാനം പേരും ഇറാനെ കാര്യമായി തന്നെ പിന്തുണച്ചിരുന്നു. എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞു നോക്കുമ്പോള്‍ കഥയാകെ മാറിയിരിക്കുന്നു. പ്രസ്തുത രാജ്യങ്ങളിലെ 25 ശതമാനം മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ ഇറാനെ അനുകൂലിക്കുന്നത്. സുഊദിയിലെ 15 ശതമാനം മാത്രമാണ് പുതിയ സാഹചര്യത്തില്‍ ഇറാന്‍റെ നിലപാടുകളെ അംഗീകരിക്കുന്നത്.
എന്തുകൊണ്ടാണ് പൊതുഅഭിപ്രായം ഇത്തരത്തില്‍ മാറിമറിഞ്ഞതെന്നും സോഗ്ബിയുടെ പഠനം വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. 2006 ല്‍ ഇറാന് ലഭിച്ച പൊതുസമ്മിതി ഇറാന് ലഭിച്ചതല്ലെന്നാണ് വിലയിരുത്തല്‍. അത് അക്കാലത്ത് അമേരിക്കന്‍ ഇസ്റായേല്‍ ഇടപെടലുകള്‍ കാരണമായി അറബുലോകത്ത് രൂപപ്പെട്ടു വന്ന പൊതുസമ്മിതിയാണ്. അന്ന് ഇറാഖില്‍ അമേരിക്ക നടത്തിയ അധിനിവേശത്തിന്‍റെ ഇടയ്ക്കാണ് പഠനം നടന്നത്. ഇസ്റായേല്‍ അന്ന് ലബാനാനിലും യുദ്ധത്തിലായിരുന്നു. പുറമെ ഫലസ്തീന് വിഷയത്തില്‍ ഇരു രാജ്യങ്ങളും സ്വീകരിച്ചിരുന്ന നിലപാടുകളും തീവ്രമായിരുന്നു. അതിനെതിരെയെല്ലാം പൂര്‍വദേശത്ത് നിന്ന് പരസ്യമായി രംഗത്തു വന്നിരുന്ന ഏകരാജ്യമായിരുന്നു ഇറാന്‍. അതുകൊണ്ട് തന്നെ പൊതുബോധം ഇറാനൊപ്പമായിരുന്നു.
2012 ആകുമ്പോള് പ്രാദേശിക രാഷ്ട്രീയം ഏറെ മാറി. ഇറാഖില്‍ നിന്ന് അമേരിക്ക പൂര്‍ണമായും പടിയിറങ്ങിയ സ്ഥിതിയായി. ലബനാനില്‍ നിന്ന് ഇസ്റായേലും പടിയിറങ്ങിയിട്ടണ്ട്. 2012 നവംബറില്‍ ഗാസക്ക് നേരെ ഇസ്റായേല്‍ നടത്തിയ ആക്രമണത്തിന് മുമ്പ് തന്നെ പുതിയ സര്‍വെ ഏകദേശം പൂര്‍ണമായിക്കാണണം. എല്ലാത്തിലുമുപരി, ബഹ്റൈന്‍, ഇറാഖ്, സിറിയ, തുടങ്ങിയ രാജ്യങ്ങളിലെല്ലാം വിഘടനപരമായാണ് ഇറാന്‍ നിലവില്‍ ഇടപെട്ടു കൊണ്ടിരിക്കുന്നതെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.
മിഡിലീസ്റ്റിലെ വിവിധ രാജ്യങ്ങളില് തുടരുന്ന വിപ്ലവത്തിലും മറ്റും കാണുന്ന സുന്നി-ശിയ വിഘടനവും മേഖലയില് ഇറാന്‍റെ ഇമേജ് കുറക്കുന്നതില് ചെറുതല്ലാത്ത പങ്കുണ്ട്. ഇക്കാര്യം സര്‍വെ ഫലത്തില് ഏറെ പ്രകടവുമാണ്. ഇറാനെ ശക്തമായി എതിര്‍ക്കുന്ന പലരാജ്യങ്ങളിലെയും ശിയാക്കള്‍ ഇറാനെ കാര്യമായി തന്നെ അനുകൂലിക്കുന്നുണ്ട്.
ഇറാന്‍റെ ആണവ ഉത്പാദനത്തിനെതിരെയും ഇപ്പറഞ്ഞ രാജ്യങ്ങള്‍ എതിരഭിപ്രായം ആണ് പ്രകടിപ്പിച്ചിരിക്കുന്നത്. സമാധാനപരമാകട്ടെ, അസമാധാനപരമാകട്ടെ ഇറാന്‍റെ ആണവോര്‍ജ ഉത്പാദനത്തെ അനുകൂലിച്ചായിരുന്നു 2006 ല്‍ ഭൂരിപക്ഷവും അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്. എന്നാല് പുതിയ സര്‍വെയില്‍ മഹാഭൂരിപക്ഷവും ആണവ പദ്ധതികളെ നിരുപാധികം എതിര്‍ത്തിരിക്കുകയാണ്.
എ.കെ പാര്‍ട്ടി ഭരിക്കുന്ന തുര്‍ക്കിയുടെ അന്താരാഷ്ട്ര ഇടപെടലുകളും പ്രദേശത്ത് ഇറാന്‍റെ പ്രൊഫൈല്‍ താഴുന്നതിന് കാരണമായിരിക്കണം. അറബുമുസ്‌ലിം ലോകത്തിന് വേണ്ടി ആഗോളതലത്തില് പ്രവര്‍ത്തിക്കുന്നത് തുര്‍ക്കിയാണെന്ന പൊതുബോധം രൂപപ്പെട്ടിരിക്കുന്നു. പല വിഷയങ്ങളിലും തുര്‍ക്കി പ്രധാന മന്ത്രി റജബ് ത്വയ്യബ് ഉര്‍ദുഗാന്‍ എടുക്കുന്ന സമയോചിതമായ ഇടപെടലുകള്‍ അത്തരമൊരു ബോധത്തെ തെളിയിക്കുകയും ചെയ്യുന്നു.
സോഗ്ബി തന്‍റെ പഠനറിപ്പോര്‍ട്ട് ഉപസംഗ്രഹിക്കുന്നത് ഇങ്ങനെയാണ്:
യു.എസിന്‍റെയും ഇസ്റായേലിന്‍റെയും മുസ്‌ലിംലോക വിരുദ്ധമായ പോളിസികളുടെ പശ്ചാത്തിലത്തില്‍ അറബുലോകം ഇറാനെ അനുകൂലിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പ്രാദേശികമായ സംഘര്ഷ സാഹചര്യത്തിലാണ് അറബുലോകം ഇറാനെ പുതിയ സര്‍വെയില്‍ വീക്ഷിച്ചത്. അപ്പോള്‍ ഇറാന് ഭൂരിപക്ഷത്തിന്‍റെ പിന്തുണ നഷ്ടമായിരിക്കുന്നു.
പുതിയ റിപ്പോര്‍ട്ടിന്‍റെ സാഹചര്യത്തില്‍ അമേരിക്ക ഇറാനെതിരെ ഒരു ആക്രമണത്തെ കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടുണ്ടെന്നതും ഇവിടെ പ്രസ്താവ്യമാണ്. 2013 മാര്‍ച്ചു മാസം ആദ്യവാരം വാഷിംഗ്ടണില്‍ നടന്ന American Israel Public Affairs Committe യുടെ വാര്‍ഷിക യോഗത്തിലെ അമേരിക്കന്‍ വൈസ്പ്രസിഡണ്ട് ബൈയ്ഡന്‍റെ പ്രസംഗം തന്നെയാണ് അതിന് ഏറ്റവു വലിയ തെളിവ്. അദ്ദേഹം പറഞ്ഞു:
‘നേരത്തെ ഇറാന്‍ പ്രാദേശിക രാഷ്ട്രീയത്തില് ഉയര്‍ച്ചയിലായിരുന്നു. ഇപ്പോള്‍ അത് മാറിയിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയത്തില്‍ ഇറാന്‍രെ സ്ഥാനം നിലവില്‍ താഴ്ന്ന പടിയിലാണ്. ഒബാമയുടെ കഴിഞ്ഞ കാലത്തെ പോളിസികള്‍ വഴി ഇറാന്‍ മുമ്പെങ്ങുമില്ലാത്ത രീതിയില് ഒറ്റപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. നമുക്ക് എന്തെങ്കിലും ചെയ്യണമെങ്കില്‍ ആഗോളസമൂഹം മൊത്തം നമുക്കൊപ്പമുണ്ടാകേണ്ടത് അത്യാവശ്യമാണ്.’
മന്‍ഹര്‍ യു.പി കിളിനക്കോട്. (ജെയിംസ് സോഗ്ബിയുടെ ഹഫ്പോസ്റ്റിലെ ലേഖനം ഉപജീവിച്ച് എഴുതിയത്)



Leave A Comment