തൗബ: രക്ഷിതാവിലേക്കുള്ള മടക്കം
ഖേദം പശ്ചാത്താപമാണ്. പാപങ്ങള്‍ സകലതും ഏറ്റുപറഞ്ഞ്, ഇനിയാവര്‍ത്തിക്കില്ലെന്ന ഉറച്ച തീരുമാനത്തോടെ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നത് സത്യവിശ്വാസിയുടെ മഹനീയ ഗുണമാണ്. നാഥനിലേക്ക് ആശ്രയം തേടിക്കൊണ്ടുള്ള ഈ പശ്ചാത്താപ മടക്കത്തിന് അറബി ഭാഷയില്‍ 'ഇനാബത്ത്' എന്നാണ് പറയുന്നത്. പരിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ചതും ആ പദത്തിന്റെ വകഭേദങ്ങളാണ്. വിശ്വാസി ഏതു സമയത്തും ഏതു സന്ദര്‍ഭത്തിലും അല്ലാഹുവിങ്കല്‍ ഭരമേല്‍പ്പിക്കാനും (തവക്കുല്‍) അവനിലേക്ക് ഖേദം പ്രകടിപ്പിച്ച് മടങ്ങാനു (ഇനാബത്ത്)മാണ് ഇസ്ലാം മതത്തിന്റെ അനുശാസന.
പാപസുരക്ഷിതരായ പ്രവാചകന്മാര്‍ പോലും ഇനാബത്ത് എന്ന ഗുണം സിദ്ധിച്ചവരാണ്. ഖുര്‍ആന്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുമുണ്ട്. ഇബ്രാഹിം നബി (അ)യെ അല്ലാഹു പുകഴ്ത്തിപ്പറയുന്നുണ്ട്: നിശ്ചയം, ഇബ്രാഹിം നബി മികച്ച ക്ഷമാശാലിയും ഏറെ വിനയാന്വിതനും പശ്ചാത്തപിച്ചു മടങ്ങുന്നവനുമത്രെ (സൂറത്തു ഹൂദ് 75).
ദാവൂദ് നബി (അ)യെ ക്കുറിച്ച് അല്ലാഹു പറഞ്ഞത് ഇങ്ങനെ: നാമദ്ദേഹത്തെ പരീക്ഷതു തന്നെയാണെന്ന് ദാവൂദ് നബി മനസ്സിലാക്കുകയും സാഷ്ടാംഗത്തിലായി വീഴുകയും ഖേദിച്ചു മടങ്ങുകയും ചെയ്തു (സൂറത്തു സ്വാദ് 24).
ശുഐബ് നബി (അ) പറഞ്ഞതായി ഖുര്‍ആനില്‍ ഉദ്ധരിക്കുന്നുണ്ട്: എന്റെ സഹായം അല്ലാഹുവിനെ ക്കൊണ്ട് മാത്രമാണ്, അവനിലേക്ക് ഞാന്‍ കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുകയും ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു (സൂറത്തു ഹൂദ് 88).
നമ്മുടെ പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) പശ്ചാത്താപ പ്രാര്‍ത്ഥനകളും അല്ലാഹുവിലേക്ക് മുന്നിട്ടുക്കൊണ്ടുള്ള ഇനാബത്തും നിത്യമാക്കിയിരുന്നു. 'എന്റെ നാഥനായ അല്ലാഹു അവനാകുന്നു. അവങ്കലേക്കു ഞാന്‍ കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുകയും വിനയാന്വിതനായി മടങ്ങുകയുമാണ്'എന്നാണ് നബി (സ്വ) പറഞ്ഞുക്കൊണ്ടിരുന്നത് (സൂറത്തു ശ്ശൂറാ 10).
അല്ലാഹുവിനോട് നന്ദിയും സ്മരണയും അനുസരണയും വിനയവും വണക്കവുമുള്ള, സദാസമയം അവനിലേക്ക് മുന്നിട്ടു മടങ്ങുന്ന ആളാക്കണമെന്നാണ് നബി (സ്വ) പ്രാര്‍ത്ഥിച്ചിരുന്നത് (ഹദീസ് അഹ്മദ് 1997, അബൂ ദാവൂദ് 1510, തുര്‍മുദി 3551, ഇബ്‌നു മാജ 3830).ഇനാബത്ത് വിശേഷിതരായ പ്രവാചകന്മാരുടെ പാത പിന്‍തുടരണമെന്നാണ് അല്ലാഹുവിന്റെ കല്‍പന. അല്ലാഹു പറയുന്നു: എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗമാണ് നീ അനുധാവനം ചെയ്യേണ്ടത് (സൂറത്തു ലുഖ്മാന്‍ 15).
സത്യവിശ്വാസി പതിവായി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയാല്‍ മുനീബീങ്ങളില്‍ (ഇനാബത്ത് ചെയ്യുന്നവര്‍) പ്പെട്ടവനായിത്തീരും. അക്കാരണത്താല്‍ അവന്റെ പശ്ചാത്താപം സ്വീകരിക്കുകയും അനുഗ്രഹങ്ങള്‍ തുടരെ തുടരെ വര്‍ഷിക്കുകയും ചെയ്യും. ഒരു ഖുദ്‌സിയ്യായ ഹദീസില്‍ കാണാം, നബി (സ്വ) പറയുന്നു: അല്ലാഹു പറഞ്ഞിരിക്കുന്നു: ഞാന്‍ എന്റെ അടിമ വിചാരിക്കും പ്രകാരമായിരിക്കും. എന്നെയവന്‍ സ്മരിക്കുന്നിടത്ത് ഞാന്‍ അവനൊപ്പമുണ്ടാവും. തീര്‍ച്ചയായൂം, ഒരാള്‍ക്ക് മരുഭൂമിയില്‍ വെച്ച് നഷ്ടപ്പെട്ട ഒട്ടകം തിരിച്ചുകിട്ടിയാല്‍ ഉണ്ടാവുന്ന സന്തോഷത്തേക്കാള്‍ എനിക്ക് എന്റെ അടിമ പശ്ചാത്തപിച്ചാലുണ്ട്. അടിമ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കും. അവന്‍ എന്നിലേക്ക് ഒരു മുഴം അടുത്താല്‍ ഞാന്‍ അവനിലേക്ക് നാലുമുഴം അടുക്കും. അവന്‍ എന്നിലേക്ക് നടന്ന് മുന്നിട്ടാല്‍ ഞാന്‍ അവനിലേക്ക് ഓടി മുന്നിടും (ഹദീസ് മുസ്ലിം 2675).
സുഖ ദുഖ വേളകളില്‍ അല്ലാഹുവിലേക്ക് മുന്നിടുന്നവരാണ് മുനീബീങ്ങള്‍. നമസ്‌ക്കാരങ്ങളും മറ്റു ആരാധനാ കര്‍മ്മങ്ങളും അധികരിപ്പിച്ചു കൊണ്ടാണ് ആ മഹദ് പദവി കരസ്ഥമാക്കാനാവുക. ഇമാം ബുഖാരി (റ)യും ഇമാം മുസ്ലി (റ)മും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ അബ്ദുല്ലാ ബനു മസ്ഊദ് (റ) പറയുന്നു: ഒരാള്‍ നബി (സ്വ)യുടെ അടുക്കല്‍ വന്ന് താന്‍ ദോഷിയാണെന്ന് പറഞ്ഞു. അപ്പോള്‍ ഈ ഖുര്‍ആനിക സൂക്തം അവതരിക്കുകയുണ്ടായി: 'പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ചില സന്ദര്‍ഭങ്ങളിലും താങ്കള്‍ യഥായോഗ്യം നമസ്‌ക്കാരം നിലനിര്‍ത്തുക. സല്‍കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ ഇല്ലായ്മ ചെയ്യും. തീര്‍ച്ച. ചിന്തിക്കുന്നവര്‍ക്കിത് ഒരു ഉത്‌ബോധനമാണ് (സൂറത്തു ഹൂദ് 114)'.
നമസ്‌ക്കരിക്കുന്നവനിലേക്ക് അല്ലാഹു മുന്നിടുമെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത് (ഹദീസ് ഇബ്‌നു മാജ 1023) നബി (സ്വ) തങ്ങള്‍ക്ക് വല്ല പ്രയാസവും സംഭവിച്ചാല്‍ നമസ്‌ക്കരിക്കുമായിരുന്നു (ഹദീസ് അബൂ ദാവൂദ് 1319). മാത്രമല്ല, രാത്രി നമസ്‌ക്കാരത്തില്‍ സര്‍വ്വതും അല്ലാഹുവിലേക്ക് ഭരമേല്‍പ്പിച്ചും അവനിലേക്ക് മുന്നിട്ടും പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു.
അര്‍ത്ഥം മനസ്സിലാക്കിയുള്ള ഖുര്‍ആന്‍ പാരായണം അല്ലാഹുവിലേക്ക് മടങ്ങിച്ചൊല്ലാനുള്ള ഹൃദയാനന്ദം നല്‍കുന്നതാണ്. ഒരിക്കല്‍ നബി (സ്വ) ബുറൈദ (റ)യെ കണ്ടുമുട്ടിയപ്പോള്‍ കൈപ്പിടിച്ച് പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു. നബി (സ്വ) പറഞ്ഞു: അയാള്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്ന വിശ്വാസിയാണ് (ഹദീസ് അഹ്മദ് 22352, നസാഈ 10/139).
അല്ലാഹുവിന്‍െ സൃഷ്ടിവൈഭവങ്ങളിലും പ്രപഞ്ച സംവിധാനങ്ങളിലും ചിന്തിച്ചാല്‍ അവനിലേക്ക് മുന്നിടാനും മടങ്ങിച്ചൊല്ലാനുമുള്ള മനസ്ഥിതി സാധ്യമാവും. വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: അവനാണ് തന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുത്തരുന്നത്. അന്തരീക്ഷത്തില്‍ നിന്ന് നിങ്ങള്‍ക്കവന്‍ ഉപജീവനം ഇറക്കിത്തരുന്നുമുണ്ട്. അവങ്കലിലേക്കു മടങ്ങുന്നവരേ ചിന്തിച്ചു പാഠമുള്‍ക്കൊള്ളുകയുള്ളൂ (സൂറത്തു ഗാഫിര്‍ 13).
തങ്ങള്‍ക്കു മീതെയുള്ള ആകാശത്തേക്കവര്‍ നോക്കുന്നില്ലേ? ഒരു വിടവുകളുമില്ലാതെ എങ്ങനെയാണ് നാമത് നിര്‍മ്മിച്ചിട്ടുള്ളതും അലങ്കരിച്ചിട്ടുള്ളതുമെന്ന് ?? ഭൂമിയാകട്ടെ, നാം പ്രവിശാലമാക്കുകയും ദൃഡീകൃത പര്‍വ്വതങ്ങള്‍ അതില്‍ സ്ഥാപിക്കുകയും വശ്യമായ സര്‍വ്വവിധ സസ്യലതാദിജോടികളും മുളപ്പിക്കുകയും ചെയ്തു. അല്ലാഹുവിലേക്ക് മടങ്ങുന്ന ഏതൊരടിമക്കും കണ്ടുഗ്രഹിക്കാനും ഓര്‍ക്കാനും വേണ്ടി (സൂറത്തു ഖാഫ് 6, 7, 8).
ഖേദിച്ചു മടങ്ങുന്നവനില്‍ (ഇനാബത്ത് ചെയ്യുന്നവനില്‍) സന്മാര്‍ഗ ദര്‍ശനം, നേരായ ചിന്ത, ഗാഹ്യശക്തി, ദീര്‍ഘവീക്ഷണം, ജാഗ്രത തുടങ്ങിയ വിശേഷ ഗുണങ്ങള്‍ കാണാം. മാത്രമല്ല ജീവിത വിജയമാര്‍ഗങ്ങള്‍ തെളിയുകയും ചെയ്യും. ഇനാബത്ത് കാരണം അല്ലാഹു ഉപജീവനമേകുകയും ആയുസ്സ് ദീര്‍ഘിച്ചു നല്‍കുകയും ചെയ്യുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് അഹ്മദ് 14604).
ഖേദിച്ചു മടങ്ങുന്നവന് മഹത്തായ ദൈവാനുഗ്രഹങ്ങളും സ്വര്‍ഗീയാരാമങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അല്ലാഹു സുവിശേഷം അറിയിച്ചിട്ടുണ്ട്: പിശാചിനെ ആരാധിക്കുന്നത് വര്‍ജിക്കുകയും വിനയാന്വിതരായ അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്തവര്‍ക്കാണ് ശുഭവൃത്താന്തം (സൂറത്തു സുമര്‍ 17).
ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക് ദൂരെയല്ലാതെ സ്വര്‍ഗം സമീപസ്ഥമാക്കപ്പെടുന്നതാണ്. നന്നായി ഖേദിച്ചു മടങ്ങുകയും നിയമങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്ത, അദൃശ്യതയില്‍ പരമ കാരുണികനെ ലഭിക്കുകയും വിനയാന്വിത ഹൃദയവുമായി വരികയും ചെയ്ത നിങ്ങള്‍ക്കുള്ള സ്വര്‍ഗമിതാ. സമാധാന സമേതം നിങ്ങളതില്‍ പ്രവേശിച്ചുക്കൊള്ളുക (സൂറത്തു ഖാഫ് 31, 32, 33, 34).
Leave A Comment