മോഹങ്ങളിൽ ഹോമിക്കപ്പെടുന്നത്
യൗവ്വനം സിരകളിൽ കത്തിനിന്ന കാലത്താണ് ഇബ്‌റാഹീം ബൽഖയിലെ രാജാവായി സ്ഥാനമേറ്റത്. ചക്രവർത്തിക്ക് ആണ്‍ മക്കളില്ലാത്തതുകൊണ്ട് തന്റെ മകളുടെ മകനായ ഇബ്റാഹീമിനു ഭരണഭാരം ഏല്പിച്ചുകൊടുക്കുകയായിരുന്നു. അയൽ രാജ്യങ്ങൾ വെട്ടിപ്പിടിച്ച് സാമ്രാജ്യത്തിന്റെ വികാസം കൂട്ടുന്നതിൽ രാജാവ് ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരുപാട് രാജ്യങ്ങൾ തന്റെ അധീനതയിൽ വന്നപ്പോൾ രാജാവ് അഹംഭാവത്തിന്റെ കൊടുമുടിയിലെത്തി.
പതിവുപോലെ അന്ന് ദർബാർ പിരിഞ്ഞ ശേഷം പതിവുറക്കത്തിനായി തന്റെ മെത്തയിലേക്ക് ചെന്നപ്പോൾ കണ്ടത് തൂപ്പുകാരി തന്റെ ശയ്യയിൽ കയറിക്കിടക്കുന്നതാണ്. കോപാന്ധനായ മഹാരാജാവ് അട്ടഹസിച്ചുകൊണ്ട് ഉറങ്ങിക്കിടക്കുന്ന അടിമസ്ത്രീയുടെ കരണത്തു ശക്തമായി അടിച്ചു. തൂപ്പുകാരി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. പെട്ടന്നവൾക്ക് പരിസരബോധമുണ്ടായി. ബുദ്ധിമതിയായ ആ സ്ത്രീ കിട്ടിയ പ്രഹരമോർത്ത് ആദ്യം പൊട്ടിച്ചിരിച്ചു. പെട്ടെന്ന് ചിരി നിന്നു. ഇതാ ഇപ്പോഴവൾ പൊട്ടിക്കരയുകയാണ്. ഇതുകണ്ട ചക്രവർത്തി ആശ്ചര്യപ്പെട്ടു. ദാസിയോട് പൊട്ടിച്ചിരിയുടെയും കരച്ചിലിന്റെയും കാരണം തിരക്കി.
അവൾ പറഞ്ഞു: 'അല്ലയോ മഹാരാജാവേ, എനിക്കൊരബദ്ധം പിണഞ്ഞു. തൊട്ടുമുന്നില്‍ സുഖം കണ്ടപ്പോള്‍ അതൊന്നാസ്വദിക്കണമെന്നുതോന്നി. അങ്ങയുടെ സപ്രമഞ്ചത്തിന്റെ മനോഹാരിത എന്നെ വല്ലാതെ ആകര്‍ഷിച്ചു. എനിക്കതൊന്നു തൊട്ടു നോക്കാനാണ് ആദ്യം തോന്നിയത്. തൊട്ടപ്പോള്‍ ശയിക്കണം എന്നായി. അതില്‍ കേറിക്കിടന്നങ്ങനെ ഉറങ്ങിപ്പോയി. അതാണ് സംഭവിച്ചത്. ഞാനീ ചെയ്ത അപരാധത്തിനു അങ്ങയില്‍ നിന്ന് ശിക്ഷ കിട്ടി. അത് ഈ പ്രഹരം കൊണ്ടവസാനിച്ചു. ആ സന്തോഷത്തിലാണ് ഞാന്‍ ചിരിച്ചത്. എന്നാല്‍ സ്ഥിരമായി ഈ മൃദുലമെത്തയില്‍ ശയിക്കുകയും ആഢംബരങ്ങൾ ആസ്വദിക്കുകയും ചെയ്യുന്ന അങ്ങേയ്ക്ക്, അങ്ങയുടെയും എന്‍റെയും യജമാനനില്‍നിന്നും ലഭിക്കുന്ന ശിക്ഷ എന്തായിരിക്കും എന്നോർത്തുകൊണ്ടാണ് ഞാന്‍ പൊട്ടിക്കരഞ്ഞത്.
ആ വാക്കുകൾ കേട്ട് രാജാവ് സ്തബ്ധനായി. ചിന്തകൾക്ക് ചിറക് മുളച്ചു. താൻ അനുഭവിക്കുന്ന അനുഗ്രഹങ്ങളും തന്റെ ഭാഗത്തുനിന്ന് സംഭവിക്കുന്ന നന്ദികേടുകളും വിചാരവിധേയമായി. യജമാനനായ അല്ലാഹുവിനെക്കുറിച്ചുള്ള ആലോചനകളും നിരന്തര പരീക്ഷണങ്ങളും കൊട്ടാരം വിട്ടിറങ്ങാൻ പ്രേരിപ്പിച്ചു. അല്ലാഹുവിനെ തേടി യാത്ര തിരിച്ച ഇബ്‌റാഹീം ബിൻ അദ്ഹം(റ) പിന്നീട് സുപ്രസിദ്ധ ആത്മീയ ആചാര്യനായി മാറി.
മനസ്സ് തേടുന്നതും ദാഹിക്കുന്നതും ആനന്ദത്തിനാണ്. ഭൗതിക സുഖങ്ങളെ മാത്രം ആശ്രയിക്കുന്ന ഒരാളും ആ ആനന്ദം പ്രാപിക്കുന്നില്ല. ഭൗതിക സമ്പത്ത് ഒരിക്കലും വ്യക്തി അനുഭവിക്കുന്ന സന്തോഷത്തിന്റെ അളവുകോലാകുന്നില്ല. ആനന്ദമെന്നത് ആത്മാവിന്റെ അഗാധതയിൽ നിന്ന് ഉറവ പൊട്ടുന്ന മനസിന്റെ അവസ്ഥയാണ്. അത് തിരിച്ചറിഞ്ഞവർ ഭൗതിക വിഭവങ്ങളിൽ അഭിരമിക്കുന്നതിൽ മത്സരിക്കാറില്ല.
ആഗ്രഹങ്ങൾക്ക് കടിഞ്ഞാൺ വേണം. ബാഹ്യാനുഭവങ്ങൾ നിങ്ങളുടെ ആന്തരിക പ്രശാന്തതയെ ബാധിക്കാൻ അനുവദിക്കരുത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയിൽ നിന്ന് ശരീരം ആഗ്രഹിക്കുന്നതിനെയും ആർഭാടത്തെയും ഉപേക്ഷിക്കുകയും ഏറ്റവും കുറഞ്ഞത് കൊണ്ട് മാത്രം തൃപ്തിപ്പെടുകയും ചെയ്യുക. ആവശ്യമില്ലാത്തതിൽ ശ്രദ്ധ ചെലുത്തിയാൽ ആവശ്യമുള്ളത് നാമറിയാതെ കൈവിട്ടുപോകും.
'കുറഞ്ഞ വിഭവം കൊണ്ട് തൃപ്തിപ്പെടുന്ന അടിമയെ കുറഞ്ഞ ആരാധന കൊണ്ട് അല്ലാഹുവും തൃപ്തിപ്പെടും.' (നബി വചനം)
Leave A Comment