മറക്കാനും പൊറുക്കാനും തയ്യാറാകുമ്പോഴാണ് ജീവിതം ആസ്വാദ്യകരമാവുന്നത്..
ഒരു പരിശീലന ക്ലാസ് നടക്കുകയാണ്. സന്തുഷ്ട ജീവിതമാണ് വിഷയം. ക്ലാസ് എടുക്കുന്ന ആള്‍ എല്ലാവരോടും അല്‍പനേരം കണ്ണടക്കാന്‍ പറഞ്ഞു, ലൈറ്റുകളെല്ലാം ഓഫാക്കി. ശേഷം എല്ലാവരോടും ജീവിതത്തില്‍ മറ്റുള്ളവര്‍ തങ്ങളോട് ചെയ്ത പൊറുക്കാനാവാത്ത കാര്യങ്ങള്‍ ഓരോന്നോരോന്നായി ആലോചിക്കാന്‍ പറഞ്ഞു. ശേഷം ഓരോന്നും മനസ്സറിഞ്ഞ് പൊരുത്തപ്പെട്ടുകൊടുക്കാനും ആവശ്യപ്പെട്ടു.
എല്ലാം കഴിഞ്ഞവര്‍ക്ക് കണ്ണ് തുറക്കാം എന്ന് പറഞ്ഞതോടെ, ഓരോരുത്തരായി കണ്ണ് തുറക്കാന്‍ തുടങ്ങി. അനുവദിച്ച സമയം കഴിഞ്ഞിട്ടും ചിലരൊന്നും കണ്ണ് തുറക്കാതെ തന്നെ ഇരിക്കുന്നത് കണ്ട്, ലൈറ്റ് ഓണാക്കാന്‍ പറഞ്ഞ പരിശീലകന്‍ ഇനി എല്ലാവര്‍ക്കും കണ്ണ് തുറക്കാമെന്ന് പറഞ്ഞു. ശേഷം അവരോട് ചോദിച്ചു, ചിലര്‍ ലൈറ്റ് ഓണാക്കിയ ശേഷമാണല്ലോ കണ്ണ് തുറന്നത്, എന്തേ കാരണം.
ഉടന്‍ സദസ്സില്‍നിന്നൊരാള്‍ എണീറ്റ് ഇങ്ങനെ പറഞ്ഞു, സാറേ, എല്ലാം പൊറുത്ത് കൊടുക്കാം. പക്ഷെ, എന്റെ അയല്‍വാസിയായ ഒരാള്‍ എന്നോട് ചെയ്ത ഒരു കാര്യമുണ്ട്, അതൊരിക്കലും എനിക്ക് പൊറുക്കാനാവില്ല. പലര്‍ക്കും ഇങ്ങനെ ഒന്നോ രണ്ടോ പറയാനുണ്ടായിരുന്നു.
നാമൊക്കെ പലപ്പോഴും ഇങ്ങനെയാണ്. മറക്കാനും പൊറുക്കാനും സാധിക്കാതെ പലതും മനസ്സില്‍ കൊണ്ടുനടക്കും. ഇതുപോലെ, മറ്റുള്ളവര്‍ നമ്മെ കുറിച്ചും മനസ്സില്‍ സൂക്ഷിക്കുന്ന വല്ലതുമുണ്ടെങ്കിലോ. അങ്ങനെ ചിന്തിക്കുമ്പോഴാണ്, എത്ര വലിയ അപരാധമാണെങ്കിലും അതെല്ലാം പൊരുത്തപ്പെട്ട് കൊടുക്കേണ്ടതാണെന്ന് നാം സ്വയം തിരിച്ചറിയുക.
ഇനി ഇത്തരത്തില്‍ മനസ്സില്‍ കൊണ്ട് നടക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം. നമ്മുടെ മനസ്സമാധാനവും സ്വസ്ഥയും നഷ്ടപ്പെടുക എന്നല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല. അതിന് ഉത്തരവാദികളായവരെ കാണുമ്പോഴെല്ലാം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിലൂടെ അത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കുന്നു എന്നതല്ലേ സത്യം.
മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍, പലപ്പോഴും ഇത്തരം വിദ്വേഷങ്ങളും പകയുമെല്ലാം ഏത് വരെയാണ് നാം കൊണ്ടുനടക്കുക, കണ്ണടയുന്നത് വരെ, ഒന്നുകില്‍ നമ്മുടെ, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ. പലരും, ഇത്തരം അപരാധം ചെയ്തവര്‍ മരണപ്പെടുന്നതോടെ അവരെ സന്ദര്‍ശിക്കുകയും എല്ലാം പൊരുത്തപ്പെടാന്‍ തയ്യാറാവുന്നതും കാണാറുണ്ട്. ഒന്നാലോചിച്ചാല്‍, അത് ചെയ്യുന്നത് അയാളുടെ ജീവിത കാലത്ത് തന്നെയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് തോന്നിപ്പോവാറുണ്ട്.
ഇനി, എത്ര വലിയ അപരാധമാണെങ്കില്‍ പോലും എല്ലാം പൊരുത്തപ്പെടാന്‍ തയ്യാറാകുമ്പോഴുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. എത്രമാത്രം മനസ്സുഖവും സ്വസ്ഥതയുമായിരിക്കും അയാള്‍ അനുഭവിക്കുക, അതിലൂടെ ജീവിതം തന്നെ അയാള്‍ക്ക് ആസ്വദിക്കാനാവുന്നു. ആരോടും വിദ്വേഷമില്ലാത്ത, ശത്രുവിനെപ്പോലും സ്നേഹിക്കുന്ന നല്ല മനസ്സുള്ളവര്‍ എത്ര സന്തുഷ്ടരായിരിക്കും. അവരല്ലേ യഥാര്‍ത്ഥത്തില്‍ ഈ ജീവിതം ആസ്വദിക്കുന്നവര്‍. പ്രമാണങ്ങള്‍ പറയുന്നത് പ്രകാരം, പരലോക ജീവിതം ആസ്വദിക്കുന്നവരും അവര്‍ തന്നെ.
Leave A Comment