അധികാരവും അപ്പക്കഷ്ണവും 

ഒന്നാം ഖലീഫ  അബൂബക്കർ സ്വിദ്ദീഖ് (റ) അധികാരമേറ്റെടുത്ത സമയം നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു: ‘ജനങ്ങളേ, ഞാന്‍ നിങ്ങളുടെ ഭരണാധികാരിയാക്കപ്പെട്ടിരിക്കുകയാണ്. നിങ്ങളില്‍ ഏറ്റവും യോഗ്യന്‍ ഞാനല്ല. ഞാന്‍ നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ എന്നെ അനുസരിക്കുക. സത്യസന്ധത ഉത്തരവാദിത്തമാണ്; വഞ്ചന ചുമതലാ ലംഘനവും. ഞാന്‍ ശരിയല്ല ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ എന്നെ തിരുത്തുക. നിങ്ങളില്‍ ദുര്‍ബലര്‍, തങ്ങളുടെ അവകാശം ലഭിക്കുവോളം എന്നെ സംബന്ധിച്ചിടത്തോളം ശക്തരായിരിക്കും. നിങ്ങളില്‍ ശക്തരായവര്‍, അവരില്‍ നിന്ന് മറ്റുള്ളവരുടെ അവകാശങ്ങള്‍ വാങ്ങുവോളം എന്റെ മുമ്പില്‍ ദുര്‍ബലരുമായിരിക്കും.'

സാമൂഹ്യ സേവനവും രാഷ്ട്രീയ പ്രവർത്തനവും  നല്ല ലക്ഷ്യത്തോടെയെങ്കിൽ ഉൽകൃഷ്ട കർമ്മമാണെന്നതിൽ രണ്ടഭിപ്രായമില്ല. എന്നാൽ അധികാരക്കസേരകളിൽ കടിച്ചുതൂങ്ങുകയും എന്ത് വൃത്തികേടിലൂടെയും അത് കൈക്കലാക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമാണിന്ന്. സ്ഥാനമാനങ്ങൾക്കു ആർത്തിപൂണ്ട് കുതികാൽ വെട്ടും മലക്കം മറിച്ചിലുമായി നിറം മാറി നടക്കുന്ന പ്രച്ഛന്നവേഷധാരികളെ അധികാരങ്ങളിൽ അവരോധിക്കരുത്. 
ഞാനാണ് അവനേക്കാൾ കൊള്ളാവുന്നവൻ, എനിക്കാണ് അർഹതയും യോഗ്യതയും എന്ന തോന്നലുകൾ പോലും  അഹന്തയുടെ പൊയ്മുഖങ്ങളാണ്. 

അഹങ്കാരം എന്നത് മനസ്സിൻറെ മലിനമായ അവസ്ഥയാണ്. മനസ്സ് അന്ധകാരമയമാണെങ്കിലും പ്രകാശഭരിതമാണെന്നുള്ള മിഥ്യാധാരണയിലാണവൻ. അഹന്തയുള്ളവൻ സ്വാഭാവികമായും അധികാരമോഹിയായിരിക്കും. അല്ലെങ്കിൽ അവനു ശൂന്യത അനുഭവപ്പെടും. അധികാരമോഹം മനുഷ്യന്റെ  ദൃഷ്ടിയെ മറയ്ക്കുന്നു. അധികാരമോഹത്തെ ശരിവെക്കുവാൻ പല ന്യായവാദങ്ങളും അവൻ ഉന്നയിക്കുന്നു. അതിനായി മറ്റുള്ളവരെ തെറ്റായ ബോധ്യങ്ങളിലേക്ക് നയിക്കുന്നു. ലോകമഹായുദ്ധങ്ങൾ വരെ അധികാരക്കൊതിയുടെ ബാക്കിപത്രങ്ങളാകുന്നു.

Also Read:ആമയും പന്തയങ്ങള്‍ ജയിക്കാറുണ്ട്

എനിക്കൊരു അധികാരസ്ഥാനം ഏല്പിച്ചുതന്നുകൂടെയെന്ന് നബിയോട് ചോദിച്ച അബൂദർറ് (റ) വിനോട് തോളിൽ തട്ടിക്കൊണ്ട് തങ്ങൾ പറഞ്ഞു: അബൂദർറ്, താങ്കൾ ഒരു ദുർബലനായ മനുഷ്യനാണ്. അധികാരം വലിയ ഉത്തരവാദിത്തമാണ്. അന്ത്യനാളിൽ താങ്കൾക്ക് അതൊരു മാനക്കേടും ഖേദവുമായി മാറുമെന്ന് ഞാൻ ഭയപ്പെടുന്നു. അർഹിക്കുന്ന രൂപത്തിൽ അതെടുക്കുകയും അർഹിക്കുന്ന രൂപത്തിൽ നിറവേറ്റുകയും ചെയ്യുന്നവർക്ക് മാത്രമേ അതിൻറെ പേരിൽ രക്ഷപെടാൻ സാധിക്കുകയുള്ളൂ. (മുസ്‌ലിം). 'ധനത്തോടും സ്ഥാനമാനങ്ങളോടുമുള്ള മനുഷ്യന്റെ ആർത്തി അവൻറെ ദീനിനു വരുത്തുന്ന നാശം, ആട്ടിൻകൂട്ടത്തിൽ അഴിച്ചുവിട്ട വിശന്നുവലഞ്ഞ രണ്ടു ചെന്നായ്ക്കൾ വരുത്തുന്ന നാശത്തെക്കാൾ കൂടുതലാണ്.'(തിർമുദി) സ്ഥാനമോഹം എത്രമാത്രം ദുരന്തമാകുമെന്ന് ഇമാം ഗസ്സാലി ഇഹ്‌യാ ഉലൂമുദ്ദീനിൽ സൂചിപ്പിക്കുന്നുണ്ട്. 'ദൈവകോപത്തിന് വഴിയൊരുക്കുന്നത് മനുഷ്യൻ തൻറെ സഹജീവികളോട് പുലർത്തുന്ന വിദ്വേഷവും കോപവുമാണ്. അതിലേക്ക് അവരെ നയിക്കുന്നതാകട്ടെ, പദവിയും സ്ഥാനമാനങ്ങളും ലക്ഷ്യമാക്കിയുള്ള ശീലങ്ങളും. ആരെയും ഗൗനിക്കില്ല അവർ, ദൈവത്തെ പോലും. 


നബി (സ്വ) പറഞ്ഞു:   ”നിങ്ങള്‍ അധികാരം കൊതിക്കരുത്. അത് പരലോകത്ത്  നിന്ദ്യതയും ദുഃഖവുമായിരിക്കും”(ബുഖാരി). 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter