കത്വ കേസ് വിധി- ആശ്വാസത്തിന്റെ തുരുത്തുകള്‍ ബാക്കിയുണ്ട്..

ജമ്മു കശ്മീരിലെ കത്വ ഗ്രാമത്തിലെ ബക്കര്‍വാല മുസ്‍ലിം നാടോടി വിഭാഗത്തിലെ ആസിഫ എന്ന 8വയസ്സുകാരി പെണ്‍കുട്ടിയെ കൂട്ടമാനഭംഗം നടത്തി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പത്താന്‍കോട്ട് കോടതി നടത്തിയ വിധിപ്രസ്താവം ഏറെ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. 7 പ്രതികളില്‍ 6പേര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഗ്രാമത്തലവനും ക്ഷേത്രത്തിലെ പൂജാരിയുമായിരുന്ന സാഞ്ചിറാം, സുഹൃത്ത്  പര്‍വേഷ് കുമാര്‍, പോലീസുകാരനായ ദീപക് കജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം നടത്തിയതിന്‍റെ പേരില്‍ മൂന്ന് പേര്‍ക്കും 25 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. സുരേന്ദ്രന്‍ വര്‍മ, തിലക് രാജ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്. സാഞ്ചി റാം പൂജാരിയായ ക്ഷേത്രത്തില്‍ വെച്ചാണ് കുട്ടിയെ മയക്കിക്കിടത്തി ദിവസങ്ങളോളം പീഢിപ്പിച്ചിരുന്നത്. രണ്ടായിരത്തിലധികം പേജുകളുള്ള, വ്യക്തമായ തെളിവുകളോടെയുള്ള കുറ്റപത്രമാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. പെണ്‍കുട്ടിയുടെ സമുദായമായ ബക്കര്‍വാലകളെ പ്രദേശത്ത് നിന്ന് ആട്ടിപ്പായിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് തെളിഞ്ഞിട്ടുള്ളത്. അതായത് കൃത്യമായ വര്‍ഗീയ താല്‍പര്യത്തോടെയാണ് കൊല നടന്നതെന്ന് വ്യക്തം. കഴുത്തെല്ല് ഞെരിച്ച് പൊട്ടിച്ചും മരിച്ചുവെന്ന് ഉറപ്പിക്കാന്‍ വലിയ പാറക്കല്ല് കൊണ്ട് തലയില്‍ ഇടിച്ചും അതിക്രൂരമായി പ്രതികള്‍ നടത്തിയ ഈ കൊലപാതകം ആരെയും കരയിപ്പിക്കുന്നതാണ്. 

പ്രതികള്‍ക്ക് ബി.ജെ.പി മന്ത്രിയുടെ പരസ്യ പിന്തുണയുണ്ടായിട്ട് കൂടി നിയമ പോരാട്ടം നടത്തി വിജയം നേടിയെടുക്കാനായത് ഒരിക്കലും വില കുറച്ച് കാണാവതല്ല. കേസ് അട്ടിമറിക്കാനും പ്രതികളെ സഹായിക്കാനും ബി.ജെ.പി മന്ത്രിമാര്‍ യാതൊരു മറയുമില്ലാതെ മുന്നില്‍ നിന്നതും പ്രതികള്‍ക്കു വേണ്ടി നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തതുമെല്ലാം രാജ്യത്തെത്തന്നെ ഏറെ നാണം കെടുത്തുന്ന വാര്‍ത്തയായിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ രണ്ട് ബി.ജെ.പി മന്ത്രിമാരും പി.ഡി.പി നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. ഏറെ വൈകാതെ പി.ഡി.പി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിക്കുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കുകയും ചെയ്തു. 

 

നിരന്തരമായ ശ്രമങ്ങളും ഭീഷണികളെ അതിജീവിച്ചുള്ള പോരാട്ടവുമാണ് കേസിന്‍റെ അനുകൂല വിധിയില്‍ കലാശിച്ചതെന്ന് ന്യായമായും പറയാവുന്നതാണ്. രാജ്യമൊന്നാകെ അലയടിച്ച പ്രതിഷേധവും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലും കേസിനെ തള്ളിക്കളയാന്‍ കഴിയാത്ത വിധം പ്രാധാന്യം നല്‍കി. മുസ്‍ലിം യൂത്ത്ലീഗുള്‍പെടെയുള്ള സംഘടനകളുടെ നിരന്തര ആവശ്യപ്രകാരമാണ് കേസ് പത്താന്‍ കോട്ടിലേക്ക് മാറ്റിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് കേസിന് വേണ്ട എല്ലാ പിന്തുണയും ലഭിക്കുകയും സാധ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 

കേസില്‍ വിധി വരുമ്പോള്‍ എടുത്ത് പറയേണ്ട രണ്ട് പേരുകള്‍  കുറ്റപത്രം തയ്യാറാക്കിയ ക്രൈംബ്രാഞ്ച് സീനിയര്‍ സൂപ്രണ്ട് രമേശ് കുമാറിന്‍റേതും ഇന്ദിരാ ജയ്സിങ് എന്ന അഭിഭാഷകയുടേതുമാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തകര്‍ത്ത് ശക്തമായ കുറ്റപത്രം തയ്യാറാക്കിയത് രമേശ് കുമാറാണ്. അക്രമികളുടെ കൊടും ക്രൂരത ഒന്നൊഴിയാതെ ഇതില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നു. ഇവ തയ്യാറാക്കുമ്പോള്‍ താന്‍ കരഞ്ഞ് പോയെന്നും രമേശ് കുമാര്‍ വെളിപ്പെടുത്തുന്നുണ്ട്. കുറ്റപത്രം പുറത്ത് വന്നതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധമുണ്ടായത്. 

ജമ്മുവിലെ അഭിഭാഷക സംഘത്തിലാരും തന്നെ കേസ് ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്ന ഘട്ടത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ ഇന്ദിരാ ജയ്സിങിന്‍റെ കടന്ന് വരവ്. സംഘ് പരിവാറില്‍ നിന്ന് വധഭീഷണികളും ബലാല്‍സംഗ ഭീഷണികളും ഉയര്‍ന്നിട്ടും അവര്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറായി. സ്വന്തം സഹപ്രവര്‍ത്തകരില്‍ നിന്ന് പോലും കടുത്ത എതിര്‍പ്പുകളുയര്‍ന്നിട്ടും അവയെല്ലാം തൃണവല്‍ഗണിച്ച് കൊണ്ടാണ് അവര്‍ കേസില്‍ മുന്നോട്ട് പോയത്. 

പക്ഷേ, കേസ് പത്താന്‍ കോട്ടിലേക്ക് മാറ്റിയപ്പോള്‍ അവര്‍ക്ക് കോടതിയില്‍ വരാന്‍ പ്രയാസമാവുകയും തുടര്‍ന്ന് അഡ്വ മുബീന്‍ ഫാറൂഖിയെ ഏല്‍പ്പിക്കുകയും ചെയ്തു. ഏത് ഭീഷണിയെയും സധൈര്യം നേരിടുമെന്ന നിശ്ചയദാര്‍ഢ്യമാണ് ഈ അനുകൂല വിധിയിലേക്ക് കാര്യങ്ങളെത്തിച്ചത്. 

മുസ്‍ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി ഇവ്വിഷയത്തില്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. പെണ്‍കുട്ടി കൊല്ലപ്പെട്ട ഉടന്‍ അവളുടെ വീട്ടിലെത്തി നിയമപോരാട്ടത്തിന് സര്‍വ്വ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത യൂത്ത് ലീഗ് മുബീന്‍ ഫാറൂഖിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുകയും ചെയ്തു. അഡ്വ മുബീന്‍ ഫറൂഖി ഇത് പ്രത്യേകം എടുത്തുപറയുന്നുമുണ്ട്. കേസില്‍ ശക്തമായി ഇടപെട്ട മുസ്‍ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബശീര്‍ സാഹിബ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ എന്നിവരും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. 

അതേ സമയം വിധി തൃപ്തികരമല്ലെന്നും അപ്പീല്‍ പോകുമെന്നുമാണ് പ്രൊസിക്യൂഷന്‍ പറഞ്ഞത്. പ്രതികളിലൊരാളായ വിശാല്‍ കുമാറിനെ വെറുതെ വിട്ടതും പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാത്തതും മൂന്ന് പേര്‍ക്ക് 5 വര്‍ഷത്തെ ശിക്ഷ മാത്രം നല്‍കിയതുമൊന്നും നീതിയല്ലെന്നും പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയും വ്യക്തമാക്കി. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയ, രാജ്യത്തെ ന്യൂനപക്ഷം ആശങ്കയോടെ കഴിയുന്ന ഇക്കാലത്ത് കോടതിയുടെ നീതിപൂര്‍വ്വമായ വിധി വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സര്‍ക്കാരിന്‍റെ ശക്തമായ പിന്തുണയുണ്ടായിട്ടും പ്രതികളെ വിലങ്ങണിയിക്കാനായത് പഴുതടച്ചുള്ള നിയമപോരാട്ടം നടത്തിയത് കൊണ്ടാണ്. പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത് വഴി കോടതികളില്‍ ന്യൂനപക്ഷത്തിന് വലിയ വിശ്വാസം വന്നിരിക്കുകയാണ്.  

അതിലുപരി, ജനാധിപത്യഇന്ത്യയില്‍ കാര്യങ്ങളെ അതേ രീതിയില്‍ നേരിടുകയാണ് വേണ്ടതെന്ന സന്ദേശം കൂടിയാണ് ഈ കേസ് നല്‍കുന്ന പാഠം. വികാരത്തിന് അടിപ്പെട്ട് അക്രമസമരങ്ങളും പ്രതികരണരീതികളും അവലംബിക്കുന്നതിന് പകരം നിയമപരമായ പോരാട്ടം നടത്തുകയും ജനാധിപത്യരീതിയിലൂടെ അവകാശങ്ങള്‍ നേടിയെടുക്കുകയുമാണ് ഏതൊരു വിഭാഗവും ചെയ്യേണ്ടത്. അത്തരം കാര്യങ്ങളില്‍ ശ്രദ്ധയൂന്നിയും സമുദായത്തെ ആ രീതിയിലേക്ക് സമുദ്ധരിച്ചും ആത്മവിശ്വാസവും അന്തസ്സും വര്‍ദ്ധിപ്പിക്കാനുമാണ് സംഘടനകളും നേതാക്കളും ശ്രദ്ദിക്കേണ്ടതും. യൂത്ത് ലീഗ് വലിയ സംഭാവനയാണ് ഇതിലൂടെ സമുദായത്തിന് നല്കിയതും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter