‘ഗള്‍ഫുംപടി’യില്‍ വേണ്ടപ്പെട്ടവര്‍ തിരിച്ചെത്തുമ്പോള്‍ നിങ്ങളവര്‍ക്കായി എന്താണ് കരുതി വെച്ചിരിക്കുന്നത്?
ഗള്‍ഫും പ്രവാസവും കേരളീയ പൊതു സമൂഹത്തിന്‍റെ സാമ്പത്തിക നട്ടെല്ലായി മാറിയിട്ട് ദശാബ്ദങ്ങളായി. അതുവഴി നമ്മുടെയെല്ലാം ചെറുകവലകള്‍ വരെ ഓരോ ‘ഗള്‍ഫുംപടി’കളായി തീര്‍ന്നു. നിതാഖാത്തിന്‍റെ പുതിയ കാലത്ത് പ്രവാസം മലയാളിക്ക് മുന്നില്‍ കണ്‍ചിമ്മാനിരിക്കുകയാണ്.  ഗള്‍ഫു പ്രവാസം സംബന്ധിച്ച് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ സര്‍ഗാത്മക രചനയായ സഗീറിന്റെ ‘ഗള്‍ഫും പടി പി.ഒ’യെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളിലൂടെ പ്രവാസ പ്രതിസന്ധിയെ വീക്ഷിക്കുകയാണ് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് മലയാളവിഭാഗം അധ്യാപകനായ ലേഖകന്‍. ഓരോ ഗള്‍ഫുവീട്ടുകാരോടും ഭരണകൂടത്തോടുമെല്ലാമാണ് ലേഖകന്‍റെ ഈ ചോദ്യം.  width=കാരിയറില്‍ ലഗേജുള്‍ കെട്ടി വെച്ച ഒരു കാറ് ചെമ്മണ്ണ് നിറഞ്ഞ നിരത്തിലൂടെ പൊടിപാറിപ്പിച്ചു  വരുന്ന ചില സിനിമകളിലെയും കഥകളിലെയും രംഗം ഭൂരിപക്ഷം മലയാളികളുടെ മനസ്സിലും ഉണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മത്സരിക്കുന്ന സ്ഥനാര്‍ത്ഥിയുടെ അന്തസോടെ മുന്‍ സീറ്റിലിരിക്കുന്നയാള്‍ കാണുവരെയെല്ലാം കൈവീശി അഭിവാദ്യം ചെയ്തു വണ്ടി നിര്‍ത്തി ചിലരോട് കുശലപ്രശ്‌നങ്ങള്‍ നടത്തുന്നു. ഓരോ വളവ് പിന്നിടുമ്പോഴും പിന്നാലെ ഓടുന്ന ചെറുക്കന്‍മാരുടെ കൂട്ടം കൂടി വരുന്നു.  അത് രണ്ട് വര്‍ഷത്തിലോ വര്‍ഷം കഴിയുമ്പോഴോ ഉളള ഗള്‍ഫുകാരന്റെ വരവിന്റെ ചിത്രമാണ്. അന്തരീക്ഷത്തില്‍ അത്തറിന്റെ മണവും പശ്ചാത്തലത്തില്‍  സന്തോഷപ്പൂത്തിരിയുടെ വര്‍ണവുമുള്ള അത്തരം എത്രയോ വരവുകള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഒരുപാടെണ്ണമുണ്ടായി. ഗള്‍ഫുകാരുടെ പോക്കുവരവുകള്‍ നമ്മെയും ഭൂമിമലയാളത്തെയും മലയാളികളെയും പുതുക്കിപ്പണിതു. അറബിക്കഥയിലെ അലാവുദ്ദീന്റെ വിളക്കില്‍  നിന്നെന്നപോലെ എന്തുമാത്രം അതൃപ്പങ്ങളാണ്  നമുക്ക് മുന്നില്‍ കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ പിടഞ്ഞുണര്‍ന്നത്?  ആ പൊടിമണല്‍ പാതക്കു മീതേ ടാറ് വീഴുകയും അവക്കു ഇരു വശവും കെട്ടിടക്കൊരുമരങ്ങള്‍ പടര്‍ന്നു പന്തലിക്കുകയും ചെയ്തു. അവന്റെ വിയര്‍പ്പില്‍ കുതിര്‍ന്ന ചാന്താണ് ഈ മരാമത്തുകള്‍ക്കെല്ലാം ബലം പകര്‍ന്നത്. ഗള്‍ഫുകാരനും അവന്റെ ദീനാരങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഏത് പോലീസുകാരനും അറിയുന്നതാണ്. നാട്ടുവാസികള്‍ പ്രവാസികള്‍ക്ക് കാലമിത്രയും തിരിച്ചു നല്‍കിയത് എന്താണ്? ഇനിയൊണ് മടക്കം എന്ന ചോദ്യം,  പ്രതീക്ഷക്കൊത്ത സമ്മാനം കിട്ടാതാകുമ്പോഴുള്ളകുശുമ്പ്, അയല്‍പ്പക്കത്ത് വര്‍ണപ്പൊലിമയുള്ള വീടുയുരമ്പോഴുള്ള അസൂയ, വോട്ടര്‍പട്ടികയില്‍ നിന്നള്ള വെട്ടിമാറ്റല്‍, മാറിമാറി വരുന്ന സര്‍ക്കാറുകളുടെ വാഗ്ദാനങ്ങള്‍, പള്ളി മുതല്‍ പെണ്ണിനെ കെട്ടിക്കുന്നതിനു വരെയുള്ള പിരിവുകാരുടെ മാറിമാറി വരവുകള്‍ എന്നിവയെല്ലാമാണ് അതിനുത്തരങ്ങള്‍. പട്ടാളക്കാര്‍ നമ്മുടെ വെടിവെട്ടങ്ങളിലും കഥകളിലും എങ്ങനെയെല്ലാമാണോ എരിവും പുളിയുമള്ള വിഭവങ്ങളായത് അത്തരം ടച്ചിംഗ്‌സുകളായിരുന്നു ഗള്‍ഫുകാരും. നാടും വീടും കാക്കാന്‍ എല്ലു വെള്ളമാക്കിയവന് റേഷന്‍ കാര്‍ഡുകളില്‍ സ്ഥാനമില്ല. അവന്‍ എച്ചിലിനോടൊപ്പം പുറത്തെറിയേണ്ട ഏഴാം കൂലിയാണ്. എന്നാല്‍ നിങ്ങള്‍ വയര്‍ നിറച്ചുറങ്ങുന്ന കൂടാരത്തിലേക്ക് അവന്‍ കുറ്റിയും പറിച്ചു കയറി വരാന്‍ പോവുകയാണ്. സുഊദിയിലെ നിതാഖാത് നിയമവും സ്വദേശിവല്‍ക്കരവും മടങ്ങി വരുന്ന പ്രവാസി എന്ന ശരാശരി മലയാളിയുടെ ഏറ്റവും വലിയ പേക്കിനാവിന്‍റെ പുലര്‍ച്ചയാണ്. ഈ കുറിപ്പ് പക്ഷേ, നിതാഖാത് നിയമം കേരളത്തിലുണ്ടാക്കിയേക്കാവുന്ന ആഘാതപ്രത്യാഘാതങ്ങളുടെ സാമൂഹിക വിശകലനമല്ല ഉദ്ദേശിക്കുന്നത്. ഗള്‍ഫു പ്രവാസം സംബന്ധിച്ച് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ സര്‍ഗാത്മക രചനയായ സഗീറിന്റെ ‘ഗള്‍ഫും പടി പി.ഒ’യെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണ്. മടങ്ങി വരുന്ന ഓരോ ഗള്‍ഫുകാരനും ഒരു ബോംബാണ്. അത് കുടുംബത്തിലും സമൂഹത്തിലും പൊട്ടിത്തെറിയിലൂടെ ഉണ്ടാക്കാവുന്ന അനുരണനങ്ങളാണ് ഗള്‍ഫും പടിയിലുള്ളത്. ഗള്‍ഫ് പ്രവാസത്തിന്റെ സത്യസന്ധവും യഥാതഥവുമായ ആവിഷ്‌കാരമെന്ന നിലയില്‍ വേറിട്ടു നില്‍ക്കുന്ന സൃഷ്ടിയാണ് ഗള്‍ഫും പടി പി.ഒ. എന്ന ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചു വന്നിരുന്ന കാര്‍ട്ടൂണ്‍ പരമ്പര.  width=കുടിയേറ്റത്തിന്റെ അനുരണനങ്ങള്‍ ഒരു ശരാശരി മലബാര്‍ നാട്ടിന്‍പുറമായ ഗള്‍ഫും പടിയില്‍ വരുത്തുന്ന മാറ്റങ്ങളെ ഹാസ്യാത്മകമായി കറുപ്പിലും വെളുപ്പിലും വരയിലും വരിയിലും ചിത്രണം ചെയ്യുകയാണ് ഒരു ഗ്രാഫിക് നോവല്‍ എന്നു വിളിക്കാവുന്ന ഈ രചനയില്‍. പത്തു വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന അബുവിന്റെ വീട്ടില്‍ സംഭവിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി ചിരിയില്‍ പൊതിഞ്ഞ് അവതരിപ്പിക്കപ്പെടുന്നു. കണ്ണീരിന്റെയും ദുരന്തത്തിന്റെയും ഛായ കലര്‍ന്നതാണ് ഇതിലെ ചിരി. അബുവിന്റെ ഉപ്പ മൊയ്ദുണ്ണിയാണ് ആഖ്യാനത്തിന്റെ കേന്ദ്രത്തിലുള്ളത്. അദ്ദേഹത്തിലും ഭാര്യയിലും ഉപഭോഗതൃഷ്ണ സൃഷ്ടിക്കുന്ന സ്വാധീനങ്ങള്‍ നര്‍മത്തോടെ  വിവരിക്കപ്പെടുന്നു. പശുക്കളെ പോറ്റിയരുന്ന മൊയ്ദുണ്ണി എന്ന കര്‍ഷകന്‍ ഗള്‍ഫുകാരന്റെ പിതാവായിത്തീരുതോടെ അവയെ വിറ്റ് അബുവിന്റെ ഡ്രാഫ്റ്റിനു വേണ്ടി കാത്തിരിക്കുന്നു. ടി.വിയിലെ ക്രിക്കറ്റ്, ഫുട്ബോള്‍ മത്സങ്ങളുടെ സ്ഥിരം പ്രേക്ഷകനാകുന്നു. (2002 ഫുട്‌ബോള്‍ ലോകക്കപ്പ് നടക്കുന്ന സമയത്ത് ബ്രസീലിന്റെ മഞ്ഞ ഷര്‍ട്ടും നീല ഷോര്‍ട്ടും ഇട്ട് കവലയലിറങ്ങുന്ന മൊയ്ദുണ്ണിക്കയെ കണ്ട് അമ്പരക്കുന്ന നാട്ടുകാരോട് അദ്ദേഹം പറയുന്നത് 'ഞമ്മക്കും വേണ്ടേ ഒര് ഇത്' എന്നാണ്)നാട്ടില്‍ എന്തെങ്കിലും ബാധ്യതകള്‍ വരുത്തി വച്ചാലേ അവന്‍ അവിടെ പിടിച്ചു നില്‍ക്കൂ എന്ന സിദ്ധാന്തക്കാരനാകുന്നു മൊയ്ദുണ്ണിക്ക. കോളയില്ലെങ്കില്‍ ചിക്കന്‍ ബിരിയാണി താഴേക്ക് ഇറങ്ങില്ല എന്ന മട്ടുകാരിയായി മാറുന്നു അയാളുടെ ഭാര്യ. സീരിയല്‍, ചിക്കന്‍, ബൂസ്റ്റ്, ഹോര്‍ലിക്‌സ് എന്നിവയില്ലാത്ത ജീവിതത്തെക്കുറിച്ച് അവര്‍ക്ക് ആലോചിക്കാന്‍ വയ്യ. ഇതിനിടയില്‍ കണ്ണീരു പടര്‍ന്ന ഒരു കാഴ്ചക്കാരി മാത്രമായിത്തീരുന്നു അബുവിന്റെ ഭാര്യ സൈനു. വായനക്കാരനില്‍ ചിരിയണര്‍ത്തുന്ന മൊയ്ദുണ്ണിയുടെയും മറ്റും രംഗങ്ങള്‍ അവളില്‍ കരച്ചില്‍ തീര്‍ക്കുന്നതാണ്. അവള്‍ ഭര്‍ത്താവിനെഴുതുന്നത് 'നിങ്ങള്‍ രണ്ട് ദിവസം ജോലിക്കിട്ട ഷര്‍ട്ട് അലക്കാണ്ടെ കൊടുത്തയച്ചാല്‍ മതിയെന്നാണ്. അയല്‍ക്കാരി ലക്ഷ്മിക്കുട്ടിയോട് അവള്‍ പറയുന്നത് 'ഈ കത്തെഴുത്ത് കൂടിയില്ലായിരുന്നെങ്കില്‍ നാം ഗള്‍ഫുഭാര്യമാര്‍ വിധവകളല്ലേയെന്നും 'ഇതുവരെ എഴുതിയ കത്തുകളെല്ലാം കൂട്ടിവെക്കുകയാണെങ്കില്‍ അറബിക്കടലിനു മേലേക്കൂടി ഗള്‍ഫിലേക്കൊരു പാലം കെട്ടാമെന്നു'മാണ്. ഇവരുടെ മകന്‍ ഹമീദ് ബൈക്കിനും മൊബൈലിനും ആഘോഷങ്ങള്‍ക്കും പിന്നാലേ ഓടി നടക്കുന്ന കൗമാരക്കാരനാണ്. ഗള്‍ഫുകാരന്റെ മകന്‍ എന്നതാണ് അവന്റെ മേല്‍വിലാസം. അബുവിന് ജോലി നഷ്ടപ്പെടുതോടെ, ഡ്രാഫ്റ്റിന്‍റെ വരവ് നിലക്കുന്നതോടെ വാങ്ങിക്കൂട്ടിയ ഭൂമികള്‍ വിറ്റും ആഡംബരജീവിതം പുലര്‍ത്താന്‍ തത്രപ്പെടുകയാണ് മൊയ്ദുണ്ണിയും കുടുംബവും. മുന്നറിയിപ്പില്ലാതെ വന്നുകേറുന്ന അബുവിനെ അവസാനം സ്വന്തം മാതാപിതാക്കളും മക്കളും തിരിച്ചറിയുന്നില്ല. പ്രവാസിയുടെ എല്ലാ പ്രതീക്ഷകളും കേന്ദ്രീകരിക്കുന്ന 'സ്വദേശ'ത്തിന്റെ പ്രതീകമാണ് ഗള്‍ഫുംപടി. കഥപറച്ചില്‍  പ്രധാനമായി നടക്കുന്നത് മൊയ്ദുണ്ണിയുടെ വീട്ടിലെ ടി.വി മുറി(പഴയ മാപ്പിള വീടുകളിലുണ്ടാണ്ടായിരുന്ന പടാപ്പുറത്തിന്റെ സ്ഥാനത്ത്)യിലും അങ്ങാടിയിലെ കൂള്‍്ബാറി(പഴയ ചായ മക്കാനിക്കു പകരം)ലുമാണ്. സൂക്ഷ്മമായ ബ്രഷ് ചനങ്ങളിലൂടെ ഗള്‍ഫുംപടിയിലുണ്ടാകുന്ന മാറ്റങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ട് ചിത്രകാരന്‍. ഹലാല്‍ കട്ട് ചിക്കന്‍ ഷോപ്പ്, കൂള്‍ബാര്‍, ഫാസ്റ്റ് ഫുഡ്, വീഡിയോ പാര്‍ക്ക്, കമ്പ്യൂട്ടര്‍ സെന്റര്‍, ഇന്റര്‍നെറ്റ് കഫേ, കമ്പ്യൂട്ടറൈസ്ഡ് ജാതകം, ട്രാവല്‍സ്, സലൂണ്‍, ബാങ്ക്, ഇലക്‌ട്രോണിക് ഷോപ്പ് എന്നിങ്ങനെ ‘ഗള്‍ഫ് ബൂമി’ന്റെ ഭാഗമായി നാട്ടിന്‍പുറങ്ങളില്‍ വന്ന പടിപിടയായുള്ള മാറ്റത്തിന്റെ രേഖാസാക്ഷ്യം കഥയിലുണ്ട്. മില്‍മാ ബൂത്ത് തുറിന്നില്ലെങ്കില്‍ പശുക്കളെ പോറ്റിയിരുന്ന മൊയ്ദുണ്ണിയുടെ വീട്ടില്‍  പാലില്ലാതെയാകുന്നു. കോളാമ്പി പിടിച്ചിരുന്ന അയാളുടെ ഭാര്യയുടെ കയ്യില്‍ റിമോട്ട് കണ്‍ട്രോളര്‍ സ്ഥാനം പിടിക്കുന്നു. കാളപൂട്ടുകാരന്‍ മമ്മദിന്റെ മകന്‍ കാളകളെ വിറ്റു ട്രാക്ടര്‍ വാങ്ങുകയും അതു നഷ്ടത്തിലാകുമ്പോള്‍ ഗള്ഫില്‍ പോകുകയും തിരിച്ചു വന്ന് ജെ.സി.ബി ഉടമയാവുകയും ചെയ്യുന്നു. എല്ലാം നേരിട്ടു കാണുന്ന മാഷിന്റെ ദൃക്‌സാക്ഷി കഥാപാത്രം നീറിപ്പടരുന്ന മാറ്റങ്ങള്‍ക്കു നേരെ സ്വതസിദ്ധമായ രീതിയില്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. 'കൊന്നിട്ടാണേലും കട്ടിട്ടാണേലും മലയാളികളിപ്പോ തെണ്ടാറില്ല...അല്ലെങ്കില്‍ ആത്മഹത്യ'എന്ന് മാഷ് ഒരിടത്ത് പറയുന്നുണ്ട്.  width=ഗള്‍ഫുകാരന്റെ ഏറ്റവും വലിയ സ്വപ്നം സ്വദേശമാണ്. പൊരിയുന്ന മണല്‍ക്കാട്ടിലാകുമ്പോഴും അവന്റെ ക്‌ഴ്ചകള്‍ നാട്ടിന്‍പുറത്തിന്റെ പച്ചപ്പുകളിലാണ്. തിരിച്ചു വരാനുള്ള ഇടം അയാള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. എത്തിച്ചേര്‍ന്നിടത്ത് അയാള്‍ ഒരു താത്കാലിക ആവാസക്രമം മാത്രമാണ് പണിയുന്നത്. എന്നും അഴിച്ചു മാറ്റാവുന്ന ഒരു ‘ഖൈമ’യാണ് അയാളുടെത്. മടങ്ങിപ്പോരാനുള്ള പെട്ടി ഒരുക്കിക്കൊണ്ടിരിക്കുകയാണ് പ്രവാസി എപ്പോഴും. എന്നാല്‍ പ്രതീക്ഷകളില്‍ അയാള്‍ ഊതിക്കാച്ചിയെടുത്ത ദേശം തന്നെ തന്‍റെ തിരിച്ചുവരവിനെ പ്രതിരോധിക്കുന്നു എന്നും പേടിക്കുന്നു എന്നുമള്ള തിരിച്ചറിവ് അയാളെ നിരായുധനാക്കുന്നു. അവധിയില്‍ ഗള്‍ഫുംപടിയിലെത്തു ഓരോ പ്രവാസിയോടും നാട്ടുകാര്‍ ഉപദേശിക്കുന്നത് എത്രയും പെട്ടെന്ന് മടങ്ങിപ്പോകാനാണ്. അബുവിന്റെ അഭാവത്തില്‍,  അയാള്‍ അയക്കുന്ന പണത്തിന്റെ ബലത്തില്‍ കൊഴുപ്പു ബാധിച്ച  മൊയ്ദുണ്ണിയുടെ കുടുംബം  അബുവിനെ  ഉടലോടെയെത്തുമ്പോള്‍ തിരിച്ചറിയുന്നില്ല. വീട്ടുകാരന്‍ വന്നുകയറുമ്പോഴുള്ള സന്തോഷമല്ല, കാലി ബാഗുമായി വന്നു കയറിയതിലുള്ള കലിയാണ് എല്ലാവര്‍ക്കും. വര്‍ഷങ്ങളെടുത്ത് പ്രവാസി മനസ്സില്‍ വരച്ചു വെച്ച, സ്വപ്നങ്ങള്‍‌ നിറച്ചു വെച്ച ദേശം അയാള്‍ക്കു തിരിച്ചറിയാനാകാത്ത ഒരിടമായി മാറുകയാണ്.  ആരൊക്കെയോ ചേര്‍ന്ന് തന്‍റെ മണ്ണ് കൊള്ളയടിച്ചതായും കൈയേറിയതായും അയാള്‍ക്ക് തോന്നുന്നു. 'സ്വന്തം വീട്ടിലും നാട്ടിലും അന്യനാകുന്നതിലും ഭേദം അന്യനാട്ടില്‍ അതാവുന്നത് തന്നെ' എന്ന് ഗള്‍ഫുംപടിയിലെത്തു ഒരു പ്രവാസി ഉള്ളു നീറിപ്പറയുന്നുണ്ട്. ഒരു നൂറ്റാണ്ടോളമായി കേരളീയ ജീവിതത്തിന്റെ നട്ടെല്ലായിരുന്ന പ്രവാസത്തിന്റെ സാധ്യതകളില്‍ ഇപ്പോള്‍ മണല് വീണു തുടങ്ങിയിരിക്കുന്നു. പഴയ ആ കാറ് ബഹളങ്ങളും ആഘോഷങ്ങളൊന്നുമില്ലാതെ നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ തിരിച്ചു വരുമ്പോള്‍ എന്താണ് നിങ്ങള്‍ അവര്‍ക്കായി കരുതി വെച്ചിരിക്കുന്നത്? ശരീഫ് ഹുദവി ചെമ്മാട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter