റുബെല്ല വാക്‌സിന്‍ പാര്‍ശ്വ ഫലങ്ങളുള്ളതെന്ന് ആരോഗ്യ വകുപ്പ്
കേരളത്തിലെ സര്‍ക്കാര്‍ സ്‌ക്കൂളുകളിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് കുത്തിവെപ്പ് നിര്‍ബന്ധമാക്കിയിരുന്ന റുബെല്ല വാക്‌സിന്‍ പാര്‍ശ്വ ഫലങ്ങള്‍ ഉള്ളതാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി 222 പെണ്‍കുട്ടികളില്‍ കുത്തിവെപ്പിന്റെ പാര്‍ശ്വ ഫലങ്ങള്‍ പ്രകടമായതായി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ പറയുന്നു. ഗര്‍ഭ കാലത്ത് സ്ത്രീകളില്‍ റുബെല്ല രോഗം പിടിപെട്ടാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് അന്ധത, ബധിരത, ഹൃദയ രോഗം തുടങ്ങിയവക്ക് സാദ്ധ്യതയുണ്ടെന്ന വാദം നിരത്തി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ ഫെബ്രുവരി മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഇതിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമായിരുന്നു. ഏകദേശം ആറ് ലക്ഷത്തോളം പെണ്‍കുട്ടികള്‍ ഇതു പ്രകാരം കുത്തിവെപ്പിനു വിധേയമാകുമെന്നായിരുന്നു കണക്കുകള്‍. വാക്‌സിന്റെ പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് സംസ്ഥാനത്ത് പഠനങ്ങളൊന്നും നടത്താതെയാണ് കുത്തിവെപ്പ് ആരംഭിച്ചതെന്നും കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാനത്തൊരിടത്തും കണ്‍ജെന്റല്‍ റുബെല്ല സിന്‍ഡ്രോം എന്ന പേരുള്ള ഈ അസുഖം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ വകുപ്പ് പുറത്തു വിട്ട രേഖകളിലുണ്ട്. കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതു മുതല്‍ തന്നെ ഇതിനെതിരെ സംസ്ഥാന വ്യാപകമായി പരാതികളും ആശങ്കകളും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വിവാദങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ഇടയാക്കുന്ന രീതിയില്‍ ആരോഗ്യ വകുപ്പിന്റെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter