അഞ്ചു വഖ്തും നമ്മള്‍ പല്ലുതേക്കണമെന്ന് പുണ്യനബി ആഗ്രഹിച്ചിരുന്നു!
അബൂഹുറൈറ(റ) നിവേദനം: റസൂല്‍(സ) പറഞ്ഞു: ''എന്റെ അനുയായികള്‍ക്ക് വിഷമം നേരിട്ടേക്കുമെന്ന് ഞാന്‍ ഭയപ്പെട്ടില്ലെങ്കില്‍, എല്ലാ നിസ്‌കാരത്തിലും ദന്തശുദ്ധിവരുത്താന്‍ ഞാനവരോട് അനുശാസിക്കുമായിരുന്നു.'' (ബുഖാരി മുസ്‌ലിം)
പല്ലു തേപ്പിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു നബി വചനമാണിത്. പല്ല് നന്നായാല്‍ എല്ലാം നന്നായി എന്ന് നാം സാധാരണ പറയാറുണ്ട്. അത് ശരിയാണ്. നാം നിത്യേനെ ഭക്ഷണം കഴിക്കുന്നത് വായയിലൂടെയാണല്ലോ. ഭക്ഷണത്തിനു മുമ്പും ശേഷവും കൈയും വായയും വൃത്തിയാക്കണമെന്നാണ് ഇസ്‌ലാമിന്റെ ശാസന. ആരോഗ്യപരമായ വീക്ഷണത്തില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. ഭക്ഷണത്തോടൊപ്പം അഴുക്കുകള്‍ വയറ്റിലേക്ക് പ്രവേശിക്കുന്നത് തടയുക എന്നതാണ് ഈ കല്‍പ്പനയുടെ ഉദ്ദേശ്യം. വിശിഷ്യാ, രാത്രിഭക്ഷണത്തിനു ശേഷം വായ ബ്രഷു ചെയ്തു വൃത്തിയാക്കാന്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചതായി ഹദീസുകളില്‍ കാണാം.
മറ്റൊരിക്കല്‍ പ്രവാചകന്‍(സ്വ) പറഞ്ഞു: ''ദന്ത ശുചീകരണം വായയെ വൃത്തിയാക്കുന്നതും രക്ഷകര്‍ത്താവിന് തൃപ്തിയുള്ളതുമാണ്.''(നസാഈ). അതുകൊണ്ട് ദന്തശുദ്ധീകരണം ആരോഗ്യ സംരക്ഷണത്തിനും ആത്മീയ പരിശുദ്ധിക്കും വളരെ ആവശ്യമത്രെ. പ്രിയപത്‌നി ആയിശ(റ) കടിച്ചു മയപ്പെടുത്തിയ മിസ്‌വാക്ക്-ബ്രഷ്- കൊണ്ട് ദന്തശുദ്ധീകരണം നടത്തിയ ശേഷമാണ് പ്രവാചകന്‍(സ്വ) ഈ ലോകത്തോട് വിട പറഞ്ഞത്. പല്ലു തേപ്പിന്റെ പ്രാധാന്യത്തിന് ഇതിനപ്പുറം വേറെ തെളിവിന്റെ ആവശ്യമില്ല.
ഓരോ നിസ്‌കാരത്തിനു മുമ്പും പല്ല് തേപ്പ് നടത്തിയാല്‍ അത് വായക്ക് സുഗന്ധമുണ്ടാക്കുവാനും അതുവഴി അല്ലാഹുവിന്റെ തൃപ്തി നേടുവാനും സാധിക്കുന്നു. മാത്രമല്ല, അത് മുഖക്കാന്തി വളര്‍ത്തുവാനും ശരീര ശക്തിയും ഓജസ്സും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നമാണ് വായനാറ്റം. ഇതുമൂലം ആളുകളോട് അടുത്തുനിന്ന് സംസാരിക്കാന്‍ പറ്റാതെ വിഷമിക്കുന്നുണ്ട് പലരും. ദന്തപരിചരണത്തില്‍ കാട്ടുന്ന അലസതയാണിതിന് കാരണം. പല്ലുകള്‍ക്കിടയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ യഥാസമയം ബ്രഷു ചെയ്തു നീക്കം ചെയ്തിരുന്നെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുക (നോമ്പും മറ്റും), ദുര്‍ഗന്ധമുള്ള വസ്തു തിന്നുക (വെളുത്തുള്ളി) ദീര്‍ഘനേരം സംസാരിക്കുകയോ, സംസാരിക്കാതിരിക്കുകയോ ചെയ്യുക -ഈ സന്ദര്‍ഭങ്ങളിലെല്ലാം വായക്ക് നാറ്റമുണ്ടാകും. ഇത്തരം അവസ്ഥകളിലൊക്കെ ദന്തശുദ്ധീകരണം അഭിലഷണീയമത്രെ. സ്വന്തമായൊരു വ്യക്തിത്വവും മാന്യതയും കൈവരുത്തുന്നതാണ് ഇസ്‌ലാമിന്റെ ഇത്തരം ശുദ്ധീകരണ നിര്‍ദ്ദേശങ്ങള്‍.
പെയ്സ്റ്റുകള്‍ ഉപയോഗിച്ചു ദന്തശുദ്ധീകരണം നടത്തുന്നവരാണ് ഇന്ന് കൂടുതലുള്ളത്. പെയ്സ്റ്റ് പാഴ്‌വസ്തുക്കളാണെന്ന് പ്രഗല്‍ഭരായ പല ദന്തഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, വെറും കൈവിരലുകള്‍ കൊണ്ട് പല്ല് വൃത്തിയാക്കുന്നത് ശരിയായ രീതിയല്ലെന്നാണ് പ്രാമാണിക അഭിപ്രായം. പല്ലുകളുടെയും വായയുടെയും ആരോഗ്യത്തിന് പറ്റിയ പെയ്സ്റ്റുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ധാരാളമുണ്ട്. പല്ലു തേപ്പിന്റെ പ്രാധാന്യം അനേകം പ്രവാചക വചനങ്ങളിലൂടെ വിവരിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, പ്രവാചകന്‍(സ്വ) ഇതുസംബന്ധിച്ച് വളരെയധികം നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. ദന്തശുചീകരണം അത്യന്താപേക്ഷിതമായ ഒരു സംഗതിയാണെന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. രാവിലെ ഉറക്കില്‍നിന്നെഴുേന്നറ്റാലും ഉറങ്ങാന്‍ കിടക്കുമ്പോഴും ബ്രഷ് ചെയ്യണം. കൂടാതെ, അഞ്ചു സമയങ്ങളില്‍ ബ്രഷ് ചെയ്യുന്നത് കൂടുതല്‍ അഭികാമ്യമത്രെ. നിസ്‌കാരം, വുളൂഅ്, ഖുര്‍ആന്‍ പാരായണം, വായക്ക് പകര്‍ച്ചയുണ്ടാകുമ്പോള്‍, ദുര്‍ഗന്ധമുള്ള വസ്തു കഴിച്ചാല്‍ -ഇതാണ് അഞ്ചു നേരങ്ങള്‍.
ഒരിക്കല്‍ ആയിശ(റ) ചോദിച്ചു: ''പ്രവാചകരേ, പല്ലില്ലാത്തവര്‍ ബ്രഷ് ചെയ്യേണ്ടതുണ്ടോ?'' പ്രവാചകന്റെ മറുപടി ഇങ്ങനെയായിരുന്നു: ''വേണം. അയാള്‍ തന്റെ വിരല്‍ വായില്‍ പ്രവേശിച്ചു വൃത്തിയാക്കണം'' (ത്വബ്‌റാനി). പല്ലില്ലെങ്കിലും മോണകള്‍ കൈവിരല്‍കൊണ്ട് വൃത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടത്.
ആരോഗ്യവും ഓജസ്സുമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ പ്രവാചകന്‍ (സ) കാണിച്ച ശുചീകരണ മാര്‍ഗങ്ങള്‍ എത്ര കണിശവും പ്രോത്‌സാഹജനകവുമാണെന്ന് ഇതില്‍നിന്നും നമുക്ക് ഗ്രഹിക്കാം.
കെ. അബ്ദുല്‍ ജബ്ബാര്‍, കൂരാരി
Leave A Comment