ആശുപത്രിയില്‍  പോകുംമുമ്പ്‌
ഡോക്ടറെ കാണാന്‍ പോവുന്നതിന് മുന്‍പ്‌ ചെയ്തുവേക്കേണ്ടതും ഓര്‍ത്തിരിക്കേണ്ടതും തയാറാക്കേണ്ടതുമായ കാര്യങ്ങള്‍: -- സ്ഥിരമായോ അല്ലാതെയോ കഴിക്കുന്ന എല്ലാമരുന്നുകളുടെയും വിവരം. ഏതൊക്കെ മരുന്നുകള്‍ എത്ര അളവില്‍ എപ്പോഴൊക്കെ കഴിക്കുന്നു, എത്ര കാലമായി കഴിക്കുന്നു  എന്നത് എഴുതിവെക്കുക.  ഡോക്ടര്‍ ഈ വിവരം ചോദിച്ചേക്കാം. മരുന്നിന്റെ ചീട്ട് കയ്യില്‍ സൂക്ഷിക്കുന്നതും നല്ലതായിരിക്കും -- രക്തസമ്മര്‍ദ്ദം (ബി.പി) ഉള്ളവര്‍ ഓരോതവണ ബി-പി നോക്കുമ്പോഴും തിയതിയോടു കൂടെ ഒരൊറ്റ കടലാസില്‍ എഴുതിവെക്കുന്നത് നല്ലതായിരിക്കും.  കാലാകാലങ്ങളില്‍ രക്തസമ്മര്‍ദ്ദത്തിലെ കയറ്റിറക്കങ്ങള്‍ ഒറ്റ നോട്ടത്തില്‍ ഡോക്ടര്‍ക്ക്‌ മനസ്സിലാക്കാന്‍ അതുപകരിക്കും. -- പ്രമേഹ രോഗികള്‍ പ്രമേഹസംബന്ധിയാ എല്ലാ പരിശോധനകളും തിയ്തിയോടുകൂടെ എഴുതിവെക്കുന്നത് നല്ലതാണ്. ഭക്ഷണത്തിനു മുന്‍പും ശേഷവുമുള്ള പഞ്ചസാരയുടെ അളവ്, സീറം ക്രിയാട്ടിനിന്‍, എച്ച് .ബി എവണ്‍ സി, മൈക്രോ ആല്‍ബുമിന്യൂറിയ എന്നിവയാണ് പൊതുവില്‍ പ്രമേഹരോഗികള്‍ക്ക് ചെയ്യുന്ന പരിശോധനകള്‍.  അവസാനമായി കണ്ണ് ഡോക്ടറെ കണ്ട വിവരവും പ്രമേഹരോഗികളില്‍ പ്രധാനമാണ്. നിങ്ങള്‍ക്ക്‌ ഏതെങ്കിലും മരുന്നുകള്‍ക്ക്‌ അലര്‍ജ്ജി ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍. ഏതൊക്കെ മരുന്നിനാണ് അലര്‍ജ്ജി ഉണ്ടായത്.  എന്തൊക്കെ വിഷമങ്ങള്‍ ഉണ്ടായി എന്നീ വിവരങ്ങള്‍ പ്രധാനമാണ്. -- പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായതുകാരണം (വയറുവേദന, നെഞ്ചെരിച്ചില്‍, തലവേദന, ചര്‍ദ്ദി തുടങ്ങിയവ) കഴിക്കാന്‍ പറ്റാതായ മരുന്നുകളും എഴുതിവെക്കണം.  കാരണം ഈ പാര്‍ശ്വഫലങ്ങളും അലര്‍ജ്ജികളും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.   ആര്‍ക്കൊക്കെ ഏതൊക്കെ മരുന്നുകള്‍ക്ക്‌ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവും എന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയില്ല.  അത് കൊണ്ടുതന്നെ മുന്പ് നടന്ന പാര്‍ശ്വ ഫലങ്ങളുടെയും അലര്‍ജ്ജിയുടെയും വിവരങ്ങള്‍ അറിയുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. --മുന്‍പുണ്ടായിരുന്ന പ്രധാന അസുഖങ്ങളും അവയുടെ വിവരങ്ങളും -- എന്തെങ്കിലും ശാസ്ത്രകിയകള്‍ നടന്നിട്ടുണ്ടെങ്കില്‍ അവ എന്തിനു വേണ്ടി, എപ്പോള്‍ , എവിടെ വെച്ച്, ആര് നടത്തി എന്നീ വിവരങ്ങള്‍. ഇപ്പോള്‍ നിങ്ങള്‍ക്കുള്ള അസുഖത്തിനു സമാനമായ അസുഖം നിങ്ങളുമായി അടുത്തിടപഴകുന്നവരില്‍ അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ടോ എന്നവിവരം --  ഡോക്ടറെ ആദ്യമായി കാണാന്‍ പോവുമ്പോള്‍ കൂടെ ആളെ കൊണ്ട് പോകാന്‍ ശ്രമിക്കണം. ഡോക്ടര്‍ പറയുന്ന കാര്യങ്ങള്‍ ഒരാള്‍ മറന്നാല്‍ മറ്റയാള്‍ ഓര്‍ക്കാന്‍ സഹായിക്കും.  കുത്തിവെപ്പ്‌ ആവശ്യമായി വരുന്ന രോഗികള്‍ക്ക്‌ കൂടെ ഒരാള്‍ നിര്‍ബന്ധമാണ് മിക്ക ആശുപത്രികളിലും. -- ഡോക്ടറെ കാണുമ്പോള്‍ ചോദിക്കാനും അറിയാനുമുള്ള കാര്യങ്ങളൊക്കെ എഴുതിവെക്കുക. കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാം ഓര്‍ത്തെടുക്കല്‍ ശ്രമകരമായിരിക്കും --ചികില്‍സ തുടങ്ങിയ ശേഷം ഉണ്ടായ പ്രശ്നങ്ങള്‍ എല്ലാം സമയമടക്കം എഴുതിവെക്കുക. അടുത്ത തവണ കാണുമ്പോള്‍ എല്ലാം ഡോക്ടറെ അറിയിക്കാം. -- സര്‍ക്കാരില്‍ നിന്നോ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നോ മറ്റോ ചികില്‍സാ ചെലവുകളില്‍ ലഭിക്കാവുന്ന ഇളവുകളും സഹായങ്ങളും സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയുക.  മുന്‍കൂട്ടി തയാറെടുക്കുക.  ചികില്‍സിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ഡോക്ടറില്‍ നിന്നും പല കടലാസുകളും ശരിയാക്കാനുണ്ടാകാം തയ്യാറാക്കിയത്: ഡോ. അബ്‌ദുല്‍ റഹ്മാന്‍ ചേളാരി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter