അനാരോഗ്യത്തിന് കാരണം ജീവിത ശൈലിമാറ്റം
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. മലയാളികള്‍ പൊതുവെ ആരോഗ്യ പരിരക്ഷയില്‍ എന്നും  അതീവ തല്പരരാണ്. ഒരു രോഗത്തെകീഴ്‌പെടുത്താനുള്ള എറ്റവും ഫലപ്രദമായ മാര്‍ഗം ആരേഗത്തെ  പൂര്‍ണമായി അറിയുക എന്നത് തന്നെയാണ് സമ്പൂര്‍ണ്ണ സ്വാസ്ഥ്യത്തോടെ ജീവിക്കുക എന്ന ലക്ഷ്യത്തിലെത്തിച്ചേരാന്‍ ആരോഗ്യവിജ്ഞാനം നമുക്ക് അനിവാര്യമാണ്. കേരളം പിന്നിട്ട അരനൂറ്റാണ്ടിലെ ആരോഗ്യരംഗം പരിശോധിക്കുമ്പോള്‍ ജീവിതരീതികളില്‍ വന്ന മാറ്റം, അനാരോഗ്യകരമായ ഭക്ഷണരീതിക്കും, വ്യായാമരഹിതായ ജീവിതശൈലിക്കും വഴി തുറന്നതായി കാണാം.
നദിയും കടലും കടന്ന് താഴ്‌വരകളും, കുന്നുകളും താണ്ടി ജീവിതത്തോട് പടവെട്ടിയിരുന്ന ഒരു തലമുറയുടെ പിന്‍ഗാമികളാണ് നാം എന്നത് നമുക്ക് ചരിത്രപാഠപുസ്തകങ്ങളില്‍ നിന്ന് മാത്രം ലഭിക്കുന്ന അറിവുകളാണ്. അക്കാലത്ത് ഇന്ന് വ്യാപകമായി കാണുന്ന പലതരത്തിലുള്ള രോഗങ്ങളും ഉണ്ടായിരുന്നില്ല എന്ന് കാണാവുന്നതാണ്. വിശാല കൃഷിയിടങ്ങളിലെ നിരന്തരമായ ശാരീരികാധ്വാനവും, കൃതൃമവളങ്ങളോ, ഇതര കീടനാശിനികളോ തൊട്ടുതീണ്ടാത്ത ധാന്യങ്ങളും, പഴങ്ങളും, പച്ചക്കറികളും യഥേഷ്ടം ഭക്ഷിച്ചിരുന്ന നമ്മുടെ പൂര്‍വ്വികന്മാര്‍ മികച്ച ഒരു ആരോഗ്യസംസ്‌കാരത്തിന്റെ വക്താക്കളായിരുന്നു. പകര്‍ച്ചവ്യാധികളും, കൂട്ടമരണങ്ങളും വിസ്മരിച്ച് കൊണ്ടല്ല ഇതെഴുതുന്നത്. കാലഗതിയില്‍ വന്ന മാറ്റം നമ്മുടെ ആരോഗ്യ വ്യവസ്ഥയിയെത്തന്നെ സംഘര്‍ഷഭരിതമാക്കി എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ്.
മനുഷ്യന്റെ ആഹാരശീലങ്ങളും, രോഗങ്ങളും തമ്മില്‍ അദേദ്യമായ ബന്ധമുണ്ട്. ഇന്ന് സമൂഹത്തെ വിരട്ടിക്കൊണ്ടിരിക്കയാണ്: പ്രമേഹം, പ്രഷര്‍, ഹൃദ്രോഹം, പൊണ്ണത്തടി, ത്വക്ക്‌രോഗങ്ങള്‍ എന്നിവയുടെ സാന്നിധ്യം നമ്മെ സദാ വിരട്ടിക്കൊണ്ടിരിക്കുന്നു ആഹാരകാര്യങ്ങളിലെ ക്രമരഹിതവും മിതത്വമില്ലായ്മയുമാണ് മേല്‍ പറഞ്ഞ രോഗങ്ങള്‍ക്ക് പ്രധാന കാരണം: കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, ദുര്‍മേദസ്സ്, പക്ഷാഘാതം തുടങ്ങിയവയെല്ലാം തന്നെ നമ്മുടെ തെറ്റായ ആഹാരശിലത്തിന്റെ ബാക്കിപത്രമാണ്. ആഹാരരീതിയില്‍ വന്ന മാറ്റം വ്യായാമത്തിന്റെ അഭാവം, ജോലിയും, അതിനോടനുബന്ധിച്ച മാനസിക പിരിമുറുക്കങ്ങളും എന്നിങ്ങനെ ജീവിതശൈലിയില്‍ വന്ന മാറ്റത്തെ പ്രധാനമായും മൂന്നായി തരം തിരിക്കാം.
ആതുരാ ശുശ്രൂഷാ രംഗം ഇന്ന് ആരോഗ്യവ്യവസായമായി മാറിയിരിക്കുന്നു. സേവനരംഗം വ്യവസായം, എന്ന പദത്തിന് വഴിമാറിയപ്പോള്‍ അതിലെ യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. നാട്‌നീളെ മുളച്ച് വരുന്ന സ്വാശ്രയാ മെഡിക്കല്‍  സ്ഥാപനങ്ങളാണ് പ്രധാനമായും ഈ വ്യവസായത്തിന്റെ ഗുണഭോക്താക്കള്‍ : മികച്ച ആരോഗ്യദായക ക്രമങ്ങളോ സേവനസന്ന്ദ്ധതയോ ഇത്തരം സ്വാശ്രയസ്ഥാപനങ്ങളില്‍ നിന്ന് വര്‍ഷാവര്‍ഷം പുറത്തിറങ്ങുന്ന യുവഡോക്ടര്‍മാര്‍ക്കില്ല ഇവര്‍ ഔഷധക്കമ്പനികളുടെ ഏജന്റായി മാറുന്നുവെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ഏറ്റവും ചുരുങ്ങിയത് 50 ലക്ഷമെങ്കിലും ക്യാപിറ്റേഷന്‍ ഫീസ് കൊടുത്ത് മെഡിക്കല്‍ബിരുദം നേടിയവര്‍ ശിഷ്ടജീവിതം പരമാവധി യത്‌നിക്കുന്നത് ആ പണം തിരിച്ചുപിടിക്കാനാണ്. മാനവീകതയും, സാമൂഹ്യനീതിയും ഇത്തരക്കാരില്‍ നിന്നും പ്രതീക്ഷിച്ച്കൂടാ സാധാരണജനങ്ങളും, ഭിഷ്യശകന്മാരും തമ്മിലുള്ള ആരോഗ്യകരമായ ഇടപെടലിന് അടുത്തകാലത്തായി സംഭവിച്ച അധ:പതനം ഇതിന്റെ മുഖ്യഹേതുവാണ്.
മദ്യപാനവും, ലഹരിമരുന്നുകളുടെ ഉപയോഗവും, ഫാസ്റ്റ്ഫുഡ് സംസ്‌കാരവും പൊതുജനാരോഗ്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കച്ചവടമുള്ള മൂന്നാമത്തെ വ്യാപാരമേഖലയാണിന്ന് ലഹരിമരുന്ന് കച്ചവടം മദ്യപാനമാണെങ്കില്‍ ഇന്ന് സര്‍വസീമകളും ലംഘിച്ചിരിക്കുന്നു. കേരളത്തിലെ മദ്യപിക്കുന്നവരുടെ ശരാശരി പ്രായം 13 ആണെന്നുള്ളതോര്‍ക്കുക. ഏറ്റവും മദ്യപിക്കുന്നവരുള്ള സംസ്ഥാനം എന്ന ഖ്യാതിയും ദൈവത്തിന്റെ സ്വന്തം നാടിന് അലങ്കാരമായുണ്ട്. ലഹരിയോടുള്ള ആസക്തിയും വിധേയത്വവും സര്‍വവ്യാപിയായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ലഹരിമരുന്നിന് അടിമകളായിട്ടുള്ള കോടിക്കണക്കിനാളുകള്‍ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നരകതുല്യമായ ജീവിതം നയിച്ച് കൊണ്ടിരിക്കുന്നു. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ രക്തധമനികളെ ചുരുക്കി രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ പുകയിലയിനങ്ങളുടെ ഉപയോഗം പരിപൂര്‍ണ്ണമായും ഉപേക്ഷിക്കണം. മദ്യപാനം നിര്‍ത്തിയാല്‍ തന്നെ രക്തസമ്മര്‍ദ്ദം 2. മില്ലി.മീറ്റര്‍ മുതല്‍ 5. മില്ലി.മീറ്റര്‍ വരെ കുറയാനിടയുണ്ട്. വടക്കേ ഇന്ത്യന്‍ തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുടിയേറ്റം പാന്‍മസാലയുടെ വ്യാപനത്തിനും കാരണമാകുന്നു. ഫലം കേരളത്തില്‍ ശ്വാസകോശാര്‍ബുദവും, വായയീലുള്ള ക്യാന്‍സറും വര്‍ദ്ധിക്കുന്നു.
സ്വന്തമായി ഒരു ആരോഗ്യ സംസ്‌കാരം കേരളീയര്‍ക്കുണ്ടായിരുന്നു. മാരകമായ രോഗങ്ങള്‍ക്കുള്ള സിദധൗഷധങ്ങളാല്‍ സമൃദ്ധമായിരുന്നു കേരളീയ അങ്കണങ്ങള്‍: തെച്ചിയും, തിരുതാളിയും, ആര്യവേപ്പും ഇവിടെ തഴച്ച് വളര്‍ന്നിരുന്നു. അന്തരീക്ഷ വായുവിനെപ്പോലും ശുദ്ധീകരിക്കാന്‍ കഴിവുള്ള കൃഷ്ണ തുളസിയാല്‍ സമൃദ്ധമായിരുന്നു നമ്മുടെ കളിമുറ്റങ്ങള്‍ വാതരോഗങ്ങള്‍ക്ക് കുറുന്തോട്ടി, കേശ സംരക്ഷണത്തിന് ചെമ്പരത്തി, മഞ്ഞപ്പിത്തത്തിന് കിഴാര്‍നെല്ലി......... നമ്മുടെ പൂര്‍വികന്‍മാര്‍ അനുഷിച്ചിരുന്ന ആരോഗ്യശീലങ്ങള്‍ അനുകരണിയമായിരുന്നു. ഈ ശീലങ്ങള്‍ അപ്രത്യക്ഷമായപ്പോള്‍ രംഗം കീഴടക്കിയത് വന്‍ലാഭം മാത്രം ലക്ഷ്യമിടുന്ന മരുന്നുകമ്പനികളാണ് പാശ്ചാത്യരാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട പല ഔഷധങ്ങളും നമ്മുടെ വിപണിയില്‍ ലഭ്യമാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. വേദനസംഹാരിയായി ഉപയോഗിക്കുന്ന നിമിസുലൈഡ്, വയര്‍സ്തംഭനത്തിനു പ്രതിവിധിയായ സിസാപ്രൈഡ്, ഫിനൈല്‍ പ്രോപ്പനോളമീന്‍ പൊണ്ണത്തടിക്കുള്ള പരിഹാരമാര്‍ഗമായ സിബ്രുട്രമീന്‍ തുടങ്ങിയവ വിവിധ പാര്‍ശ്വഫലങ്ങള്‍ക്ക് നിദാനമാകുന്നതിനാല്‍ നിരീക്ഷണവിധേയമായവയാണ്. ഇവയില്‍ ചിലതിന്റെയെല്ലാം നിരോധനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അസംസ്‌കൃതവസ്തുക്കള്‍ ലഭ്യമായതിനാല്‍ നിര്‍മാണം തുടരാനുള്ള സാധ്യത നിലനില്‍കുന്നുണ്ട്.
ഫാസ്റ്റ്ഫുഡ് സംസ്‌കാരം കൂടുതല്‍ പണം മുടക്കി അധ്വാനമില്ലാതെ ആഹാരം കഴിക്കാനുള്ള ഒരു ഉപാധിയാണ് നവ കേരളത്തിന് മുമ്പില്‍ തുറന്നത് എണ്ണമയമുള്ളതും, കൊഴുപ്പ് കൂടിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ യഥേഷ്ടം ഇവിടെ ആഹരിക്കാന്‍ തുടങ്ങി. കുഞ്ഞുങ്ങളും , മുതിര്‍ന്നവരും പൊണ്ണത്തടിയന്‍മാരായി: ചാനലുകള്‍ മാറ്റുന്നതിനിടയില്‍ ആഹാരം തിന്ന് തീര്‍ക്കുന്ന ശീലവും മാറ്റിയെടുക്കേണ്ടതാണ്. വികസ്വര രാജ്യങ്ങളിലാണ് ഇത്തരം പ്രവണതകള്‍ കൂടിവരുന്നത്.
പൊയ്‌പ്പോയ ആരോഗ്യശീലങ്ങളെ നാം തിരിച്ച് പിടിക്കണം. ജീവിതശൈലീ രോഗങ്ങളെ പടിക്ക് പുറത്താക്കാന്‍ മികച്ച ആരോഗ്യബോധവല്‍ക്കരണം യുവതലമുറക്ക് പകര്‍ന്ന് നല്‍കണം. ശാന്തമായ അന്തരീക്ഷത്തില്‍ ആഹതിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും, എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഭക്ഷണത്തിന് മുമ്പ് വിശുദ്ധ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യണം എന്ന് നിഷ്‌കര്‍ഷിക്കുന്നതിലും യുക്തി ഭദ്രതയുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter