റമളാൻ ഡ്രൈവ് (ഭാഗം 25) നവൈതു
റമദാന്‍ സമാഗതമായതോടെ, സലാം പറയുന്ന ശൈലി പലരുടെയും ജീവിതത്തിന്റെ ഭാഗമായതായി തോന്നാറുണ്ട്. പരസ്പരം കണ്ടുമുട്ടുമ്പോഴും വീട്ടില്‍നിന്ന് ഇറങ്ങുമ്പോഴും തിരിച്ച് വരുമ്പോഴുമൊക്കെ, മുന്‍മാസങ്ങളില്‍നിന്ന് വ്യത്യസ്തമായി സലാം പറയുന്നത് കാണാറും കേള്‍ക്കാറുമുണ്ട്. 
പരസ്പരം സ്നേഹമുണ്ടാവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായാണ് സലാം പറയുന്നതിനെ പരിചയപ്പെടുത്തുന്നത്. ഒരു ഹദീസ് ഇങ്ങനെ വായിക്കാം, വിശ്വാസികളാവുന്നത് വരെ ആര്‍ക്കും സ്വര്‍ഗ്ഗപ്രവേശം സാധ്യമല്ല, പരസ്പരം സ്നേഹമുണ്ടാവുന്നത് വരെ നിങ്ങളാരും വിശ്വാസികളാവുകയുമില്ല, നിങ്ങള്‍ക്കിടയില്‍ പരസ്പം സ്നേഹമുണ്ടാവാന്‍ ഞാനൊരു കാര്യം പറഞ്ഞുതരട്ടെയോ, നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കുകയാണ് അത്.
താങ്കളുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ എന്നാണല്ലോ സലാം പറച്ചിലിലൂടെ നാം ആശംസിക്കുന്നത്. കേള്‍ക്കുന്ന ആര്‍ക്കും വല്ലാത്തൊരു സുഖവും ആശ്വാസവുമായിരിക്കും ആ പ്രാര്‍ത്ഥന സമ്മാനിക്കുന്നത്. അതിന്റെ അര്‍ത്ഥ തലങ്ങളെല്ലാം ഉള്‍ക്കൊണ്ട് ആണ് പറയുന്നതെങ്കിലോ, അത് നല്കുന്നത് വല്ലാത്ത അനുഭൂതിയായിരിക്കും. അതോടെ, 
അവര്‍ക്കിടയില്‍ സ്നേഹവും മാനസികപൊരുത്തവും വര്‍ദ്ധിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
സലാം പറയുന്നത് സുന്നതും മടക്കല്‍ നിര്‍ബന്ധവുമാണ്. എന്നാല്‍ നിര്‍ബന്ധമായ മടക്കലെന്ന കര്‍മ്മത്തേക്കാള്‍ പ്രതിഫലം ലഭിക്കുന്നത് സലാമിന് തുടക്കം കുറിക്കുക എന്ന സുന്നതായ കര്‍മ്മതിനാണെന്നാണ് പണ്ഡിത മതം. 
സമൂഹത്തില്‍ സ്നേഹം പരത്തുന്നതിന് ഏറെ പുണ്യമുണ്ടെന്നാണ് ഇത് കുറിക്കുന്നത്. എല്ലാവരും പരസ്പരം സ്നേഹത്തോടെയും സഹവര്‍ത്തിത്വത്തോടെയും ഏകോദര സഹോദരന്മാരായ കഴിയുന്ന സമൂഹമാണ് ഇസ്‍ലാം ലക്ഷീകരിക്കുന്നത്. 
പരസ്പരം വിദ്വേഷമോ പകയോ ഇല്ലാത്ത, സ്നേഹിക്കാന്‍ മാത്രം അറിയുന്ന ഒരു സമൂഹം. അവര്‍ക്ക് പരസ്പരം കാണുമ്പോള്‍, സലാം പറയാതിരിക്കാനാവില്ല. മനസ്സറിഞ്ഞ്, പരസ്പരം അല്ലാഹുവിന്റെ രക്ഷ ആശംസിക്കാതിരിക്കാനാവില്ല.
റമദാന്‍ നമുക്ക് ഇതിന് കൂടിയുള്ള പരിശീലനമാവട്ടെ. അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കുമെല്ലാം സലാം പറയുക. എല്ലാവര്‍ക്കും അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ ആത്മാര്‍ത്ഥമായി മനസാ ആഗ്രഹിക്കുകയും വചസ്സാ തുറന്ന് പറയുകയും ചെയ്യുക. അതിലൂടെ സംഭവിക്കുന്നത് വലിയൊരു പരിവര്‍ത്തനമായിരിക്കും. ഈ റമദാനില്‍ നമുക്ക് അത് കൂടി കരുതി ഉറപ്പിക്കാം, ജീവിതത്തിലുടനീളം സലാം പറയുന്നത് ഞാനൊരു ശീലമാക്കുമെന്ന ഉറച്ച കരുതത്, നാഥന്‍ എല്ലാവര്‍ക്കും സുരക്ഷയും സുഭിക്ഷതയും പ്രദാനം ചെയ്യട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter