റബീഅ് നാല്: ഖുബൈബ്(റ)- പ്രവാചക സ്നേഹത്തിന്റെ ധീര മാതൃക
ഹിജ്റ നാലാം വര്‍ഷം..
മക്കയിലെ ഹറമിന്റെ അതിര്‍ത്തിപ്രദേശമായ തന്‍ഈമില്‍ ജനങ്ങളെല്ലാം ഒരുമിച്ച് കൂടിയിരിക്കുകയാണ്. കാര്യമായ എന്തോ നടക്കുന്നത് കാണാനായാണ് അവരെല്ലാം അവിടെ സമ്മേളിച്ചിരിക്കുന്നത്.
പെട്ടെന്ന് സംഘത്തില്‍നിന്ന് വലിയ ആര്‍പ്പുവിളികളുയര്‍ന്നു, അവനെ കൊല്ലൂ, അവനെ കൊല്ലൂ എന്ന ആ ജനാവലിയിലെ പലരും ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. കാര്യം മറ്റൊന്നുമായിരുന്നില്ല, മദീനയിലേക്ക് ഹിജ്റ പോയ മുസ്‍ലിംകളില്‍പെട്ട ഖുബൈബ് ഇബ്നു അദിയ്യിനെ വധിക്കാനായി കൊണ്ട് വരികയാണ്. ബദ്റിലേറ്റ പരാജയത്തിന് കണക്ക് തീര്‍ക്കുന്നതിന്റെ ഭാഗമായിരുന്നു അതും.
ഉഹ്ദ് യുദ്ധം കഴിഞ്ഞിട്ട് ഏതാനും മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ. മക്കാ മുശ്‍രികുകള്‍ പുതിയ വല്ല നീക്കങ്ങളും നടത്തുന്നുണ്ടോ എന്ന് വീക്ഷിക്കാനായി പ്രവാചകര്‍ ഇടക്കിടെ ചെറിയ സംഘങ്ങളെ പരിസര ഭാഗങ്ങളിലേക്ക് പറഞ്ഞയക്കാറുണ്ടായിരുന്നു. അത്തരത്തില്‍ ഒരിക്കല്‍ നിയോഗിച്ചയച്ച ഒരു സംഘത്തിലെ അംഗമായിരുന്നു ഖുബൈബ്(റ)വും.
സംഘം മക്കക്കും മദീനക്കും ഇടയിലുള്ള റജീഅ് എന്ന സ്ഥലത്തെത്തിയതും ആ പ്രദേശത്ത് താമസിച്ചിരുന്ന ഗോത്രക്കാര്‍ അവരെ പിടികൂടി. യോദ്ധാക്കളായിരുന്ന അവര്‍ കീഴടങ്ങാതെ പോരാടിയെങ്കിലും പലരും വധിക്കപ്പെട്ടു. കീഴടങ്ങിയാല്‍ പൂര്‍ണ്ണ സുരക്ഷിതത്വം നല്കാമെന്ന ഉറപ്പില്‍ ശേഷിച്ച മൂന്ന് പേരും ആയുധം വെച്ച് കീഴടങ്ങി. അതില്‍ ഖുബൈബ്(റ)വുമുണ്ടായിരുന്നു.
നിരായുധരായ അവരെ തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കിയതോടെ, ശത്രുക്കളുടെ തനിനിറം പുറത്ത് വന്നു. അവര്‍ കൈകാലുകള്‍ ബന്ധിച്ച് അവരെ മക്കയിലേക്ക് കൊണ്ട് പോയി, അടിമകളെപ്പോലെ വിറ്റു. പ്രതികാരത്തിനായി തക്കം പാര്‍ത്തിരിക്കുകയായിരുന്ന മക്കക്കാര്‍ അവരെ വാങ്ങുകയും പരസ്യമായി കുരിശിലേറ്റാന്‍ തീരുമാനിക്കുകയുമായിരുന്നു.
Read More: റബീഹ്-1,സന്തോഷാശ്രുക്കള്‍ പൊഴിച്ച നിമിഷങ്ങള്‍
വധിക്കുന്നത് ഹറമിന് പുറത്ത് വെച്ച് ആവാമെന്ന് തീരുമാനിച്ചതിനാലാണ് അവരെ തന്‍ഈമിലേക്ക് കൊണ്ട് വന്നിരിക്കുന്നത്. വധിക്കാനുള്ള സന്നാഹങ്ങളെല്ലാം അവിടെ തയ്യാറായിട്ടുണ്ട്. ആ രംഗം കാണാനാണ് എല്ലാവരും തന്‍ഈമില്‍ ഒത്ത് കൂടിയിരിക്കുന്നത്.
കൂടിനിന്നവര്‍ക്കിടയിലൂടെ ഖുറൈശി നേതാക്കള്‍ ഖുബൈബ്(റ)നെയും കൊണ്ട് കടന്ന് വന്നിരിക്കുകയാണ്. വരുന്ന വഴിയില്‍ അദ്ദേഹം അവരോട് രണ്ട് റക്അത് നിസ്കരിക്കാന്‍ സമയം ആവശ്യപ്പെട്ടു. അത് നിര്‍വ്വഹിച്ച ശേഷം അദ്ദേഹം പറഞ്ഞു, നിസ്കാരത്തിന് വല്ലാത്തൊരു സുഖമുണ്ട്. മരണം ഭയന്നാണ് ഞാന്‍ അത് ദീര്‍ഘിപ്പിക്കുന്നത് എന്ന് നിങ്ങള്‍ ധരിക്കുമോ എന്ന് കരുതിയതിനാലാണ് ഞാന്‍ വേഗം അവസാനിപ്പിച്ചത്.
കുരിശുമരത്തിലേക്ക് കയറും മുമ്പ് ഖുബൈബ്(റ)നോട് അവര്‍ ഇങ്ങനെ ചോദിച്ചു, ഖുബൈബ്, ഇപ്പോള്‍ താങ്കളുടെ സ്ഥാനത്ത് മുഹമ്മദ് ആയിരുന്നെങ്കില്‍ എന്ന് താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ.
മറുപടി പറയാന്‍ അദ്ദേഹത്തിന് ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല. ഉറച്ച സ്വരത്തില്‍ പുഞ്ചിരിച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു, പ്രവാചകന്റെ കാലില്‍ ഒരു മുള്ള് തറക്കുന്നത് പോലും എനിക്ക് സഹിക്കാനാവില്ല. അതിന് പകരം പോലും ഞാന്‍ എന്റെ ജീവന്‍ ത്യജിക്കാന്‍ തയ്യാറാണ്.
ഈ മറുപടി കേട്ട് ഖുറൈശി നേതാക്കള്‍ അദ്ദേഹത്തെ പരിഹസിച്ചെങ്കിലും, അത് പലരുടെയും ഹൃദയങ്ങളില്‍ സ്വാധീനം ചെലുത്തി. പലരുടെയും ഉറക്കിലും ഉണര്‍ച്ചയിലും ആ ദൃശ്യം വീണ്ടും വീണ്ടും കടന്ന് വന്നു. അവരില്‍ പലരും ഇസ്‍ലാം ആശ്ലേഷിക്കാന്‍ വരെ, പ്രവാചക സ്നേഹത്തിന്റെ ഉദാത്ത മാതൃക തീര്‍ത്ത ആ ധീര ശബ്ദം കാരണമായി.
നമുക്കും സ്നേഹിക്കാം ആ പ്രവാചകപ്രഭുവിനെ. ഒരു ദിവസമോ മാസമോ മാത്രമല്ല.. ജീവിതത്തിലുടനീളം...
Leave A Comment