കേരള മുസ്‌ലിമിന്റെ പാരമ്പര്യം സൂക്ഷമതയുടേത്
അല്ലാഹുവിന്‍റെ സമീപസ്ഥരും ഇഷ്ടദാസന്മാരുമാവാൻ അടിമക്ക് ഏറ്റവും അനിവാര്യമായ രണ്ട് ആത്മീയ ഗുണങ്ങളാണ് സൂക്ഷ്മതയും പരിത്യാഗവും (വറഉം സുഹുദും). ഇഹലോകത്ത് അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാരായത് പോലെ നാളെ പരലോകത്ത് അല്ലാഹുവിന്‍റെ കൂടെയിരിക്കുന്നത് ഇവരായിരിക്കും. (ജാമിഉ സ്സഗീർ).
സൂക്ഷ്മതയോളം (വറഅ്) ഒരു അടിമയെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മറ്റൊരു ആത്മീയ ഗുണവും ഇല്ല. അതു കൊണ്ട് തന്നെ അല്ലാഹു അവരെ പരിഗണിക്കുന്നതിനും ആദരിക്കുന്നതിനും ഒരു പരിധിയുമില്ല. വിചാരണ പോലുമില്ലാതെ അവരെ അവൻ സ്വർഗ്ഗസ്ഥരാക്കും(ബൈഹഖി).
മത വിധിയിൽ നിഷിദ്ധമായ കാര്യങ്ങൾ (ഹറാമുകൾ) കണിശമായി അവഗണിക്കുന്നിടത്താണ് വറഇന്‍റെ ആരംഭം. നിഷിദ്ധമോ എന്ന് ഊഹിക്കപ്പെടുന്നവയേയും (ശുബ്ഹത്ത്) മാറ്റി നിറുത്തുമ്പോൾ ഒരു പടി കൂടി മുന്നിലെത്തും. ഉറപ്പുള്ളവക്ക് മുമ്പിൽ സംശയമുള്ളവയെ ഒഴിവാക്കുക (തിർമുദി) എന്ന ഹദീസാണ് ഇവിടെ പ്രചോദനം. നിഷിദ്ധത്തിലേക്ക് വലിച്ച്കൊണ്ട് പോകുമോ എന്ന് ഭയപ്പെട്ട് അനുവദനീയ കാര്യങ്ങളെ തന്നെ വിട്ടു നിറുത്തുമ്പോൾ അടുത്ത ഘട്ടവും വിട്ട്കടക്കുന്നു. അങ്ങനെ ചെയ്യാതെ മുത്തഖി ആവില്ലെന്ന ഹദീസാണ്(തിർമുദി) ഇവിടെത്തെ ആവേശം.
ഒരു പടി കൂടി മുന്നോട്ട് പോകുമ്പോൾ ഓരോ നിമിഷവും അല്ലാഹുവിന്ന് ഇഷ്ടപ്പെട്ട ഇബാദത്ത് മാത്രം ചെയ്യുക എന്ന നിർബന്ധം, ഹറാമോ ശുബ്ഹത്തോ അവയുടെ കാരണങ്ങളിലേക്ക് നയിക്കുന്നതോ ഒന്നുമല്ലെങ്കിലും എല്ലാ നിലയിലും അനുവദനീയമായ കാര്യങ്ങളിൽ നിന്നു തന്നെ വിട്ടു നിൽക്കുന്നു. ഇവിടെ സൂക്ഷ്മത അതിന്‍റെ പാരമ്യതയിലെത്തുന്നു. സൂറത്ത് അൻആമിലെ തൊണ്ണൂറ്റി ഒന്നാം സൂക്തത്തിന്‍റെ അവസാന ഭാഗം ഈ ഘട്ടം സ്ഥിരപ്പെടുത്തുന്നു എന്ന് ഗസ്സാലി ഇമാം രേഖപ്പെടുത്തുന്നുണ്ട്(ഇഹ് യ).
മുൻഗാമികളായ സ്വഹാബത്തും താബിഇകളും സലഫുസ്സ്വാലിഹീങ്ങളുമൊക്കെ കാഴ്ച്ചവെച്ച ജീവിതം വറഇന്റേതായിരുന്നു. ഹറാമിന് വഴിവെക്കുമോ എന്ന് ഭയപ്പെട്ട് ഹലാലിന്‍റെ പത്തിൽ ഒമ്പത് ഞങ്ങൾ ഒഴിവാക്കുമായിരുന്നു എന്ന് ഉമർ (റ)വിനെതൊട്ട് ഉദ്ധരിക്കുമ്പോൾ (ഇഹ് യ), ദീനിന്‍റെ മർമ്മം വറആണെന്ന് ഉണർത്തി, വറഉള്ളവരുടെ ഒരണുമണിതൂക്കം നന്മ, ആയിരം മിസ്ഖാൽ (520 പവൻ) നിസ്കാരം, നോമ്പിനേക്കാൾ കനപ്പെട്ടതാണെന്ന് ഹസ്സൻ ബസ്വരി(റ) ഉറപ്പിച്ച് പറയുന്നു. (ഫത്ഹുൽ ബാരി, ഹദിയ)
രാത്രിയിൽ വെളിച്ചത്തിന് ഭരണകൂടം വിളക്കുമായി വഴികളിൽ നിയമിച്ച പാറാവുകാരുടെ വിളക്കിന്‍റെ വെളിച്ചത്തിൽ വസ്ത്രം നെയ്യാമോ, അത് വിൽപ്പന നടത്താമോ എന്ന് ചോദിച്ച ബിശ്റുൽ ഹാഫി(റ)വിന്‍റെ സഹോദരിയോട് പാടില്ലെന്ന് പറഞ്ഞ അഹ്മദ് ബിൻ ഹമ്പൽ(റ), “നിങ്ങളുടെ വീട്ടിൽ നിന്നായിരുന്നു ജനം വറഅ് പഠിച്ചിരുന്നതെന്ന്” പറഞ്ഞ് കണ്ണൊലിപ്പിച്ച് കരയുകയായിരുന്നു (ബിദായത്തു വന്നിഹായ, രിസാല).
അതേ അഹ്മദ്(റ) മൂന്ന് ദിവസത്തെ പട്ടിണി സഹിക്കവെയ്യാതെ കടം വാങ്ങിയ ധാന്യപ്പൊടികൊണ്ട് പെട്ടെന്ന് റൊട്ടി തയ്യാറാക്കാൻ ഭൃത്യൻ മകൻ സ്വാലിഹിന്‍റെ കത്തിക്കൊണ്ടിരുന്ന അടുപ്പിൽ പാകം ചെയ്തപ്പോൾ അത് കഴിക്കാൻ കൂട്ടാക്കിയില്ല. ഭരണാധികാരി മുതവക്കിലിന്‍റെ സമ്മാനം കൈപ്പറ്റിയവരായിരുന്നു സ്വാലിഹ് എന്നതായിരുന്നു അതിന്‍റെ കാരണം (മനാഖിബ് ലി ഇബ്നുൽ ജൌസി, നുബലാഅ്).
സംസം കിണറിന്‍റെ ചാരത്തെത്തിയിട്ടും ചുറ്റുമുള്ള ബക്കറ്റുകൾ ആര്, എങ്ങനെ വാങ്ങിയതാണെന്ന് അറിയാത്തതിനാൽ കുടിക്കാതെ മടങ്ങുകയായിരുന്നു ഇബ്റാഹീം ബിൻ അദ്ഹം (രിസാല, ഇത്ഹാഫ്). ചുരുക്കത്തിൽ അല്ലാഹുവിന്‍റെ ഇഷ്ടദാസരായി ചരിത്രത്തിൽ ഇടം പിടിച്ചവരൊക്കെ വറഇന്‍റെ അടയാളങ്ങളായിരുന്നു.
മലബാറിന്‍റെ പാരമ്പര്യം
കർണ്ണാടകയിലെ ബൈന്ദൂർ മുതൽ ആലുവ വരെയുള്ള പഴയ മലബാറിലെ മുസ്ലിം ഉമ്മത്തിന്ന് കാര്യമായും നേത്യത്വം നല്കിയിരുന്നത് മംഗലാപുരം, വളപ്പട്ടണം, കോഴിക്കോട്, പൊന്നാനി എന്നീ നാലു പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള മഹാപണ്ഡിതന്മാരായിരുന്നു. ഇവരൊക്കെ ഈ പ്രദേശങ്ങളിലെ ഖാളിമാരായിരുന്നു എന്നതിനപ്പുറം അറിവിന്‍റെ മഹാസാഗരങ്ങളും അകക്കണ്ണിന്‍റെ വെളിച്ചത്തിൽ ആത്മീയമായി സമുദായത്തെ മുന്നോട്ട് നയിച്ചിരിന്ന ഹഖാഇഖിന്‍റെ ആത്മ ഗുരുക്കന്മായിരുന്നു. വറഇൻ്റെ പടി ചവിട്ടാതെ ഈ ലോകത്തേക്ക് ചവിട്ടാനാവില്ല (അദ്കിയ) എന്നത് എടുത്ത് പറയേണ്ടതില്ലല്ലോ.
മംഗലാപുരം കേന്ദ്രീകരിച്ച് താജുദ്ദീൻ ചക്രവർത്തി പെരുമാളുടെ (റ) ഉപദേശപ്രകാരം മാലിക്ക് ദീനാറാണ്(റ) ലക്ഷണമൊത്ത പണ്ഡിതരെ ഖാളിമാരായി നിയമിച്ച് തുടങ്ങിയത്. ഇബ്നു ബത്തൂത്തയുടെ യാത്രാക്കുറിപ്പുകളിൽ നിന്ന് ഇത് ഗ്രഹിച്ചെടുക്കാം.
വളപ്പട്ടണം കേന്ദ്രീകരിച്ചുള്ള ഖാളിമാരും ആത്മജ്ഞാനികളായ പണ്ഡിതന്മാരായിരുന്നു. ചരിത്രത്തിൽ രണ്ടാം മുഹ് യിദ്ദീൻ എന്ന പേരിൽ വിശ്രുതനായ, ഖുത്തുബായ പണ്ഡിതൻ പുറത്തിയിൽ അബ്ദുൽ ഖാദിർ സാനിയും (ഖ.സി) ശിഷ്യരായ ശൈഖ് കമാലുദ്ധീൻ പാലാപത്നിയും ചാലിയത്ത് അന്ത്യ വിശ്രമം കൊള്ളുന്ന നൂറുദ്ധീനുൽ ഹമദാനിയും(റ) അക്കൂട്ടത്തിൽ പെട്ടവരായിരുന്നു. അറക്കൽ രാജവംശവുമായി വിവാഹ ബന്ധമുണ്ടായിരുന്ന അബ്ദുൽ ഖാദിർ സാനി മന്ത്രിസ്ഥാനം വേണ്ടെന്ന് വെച്ചാണ് ആത്മീയ പ്രബോധനത്തിന് ഇറങ്ങി തിരിച്ചത്. അവരുടെ ആത്മ ശിക്ഷണത്തിന്‍റെ ശേഷിപ്പാണ് ഇന്നും കേരളക്കരയിലെ പള്ളികളിൽ അഞ്ചു വഖ്ത് ഫർള് നിസ്കാരങ്ങൾക്ക് ശേഷമുള്ള വാരിദായ ദുആ. ഇവരിലൂടെയായിരുന്നു അത് ഇവിടെ പ്രചരിതമായത്.
കോഴിക്കോട് ഖാളിമാരുടെ ചരിത്രവും ആത്മീയ നേതൃത്വവും കേരളക്കരക്ക് എന്നും സുപരിചിതമാണ്. തങ്ങളുടെ ശിഷ്യരേയും ചുറ്റും കൂടിയവരയേയും ഖാദിരി ശൃംഘലയിൽ കോർത്തിണക്കാൻ ബഗ്ദാദിലേക്ക് പാലം പണിയുകയായിരുന്നു മുഹ് യിദ്ദീൻ മാലയിലൂടെ ഖാളി മുഹമ്മദ്(റ.ഹി).
പൊന്നാനി മഖ്ദൂം ഒന്നാമന്‍റെ (റ.ഹി) അദ്കിയ എന്ന വിശ്വ പ്രസിദ്ധ കാവ്യം, ഓരോ വരികളും മുടിനാരി കീറി പരിശോധിച്ചാൽ സകല വിജ്ഞാനീയങ്ങളുടെ കടലുകൾക്കപ്പുറത്ത്, ആത്മജ്ഞാനത്തിന്‍റെ മഹാ സാഗരങ്ങളും സമഞ്ചസമായി സമ്മേളിച്ചവരായിരുന്നു മഖ്ദൂമുമാർ എന്ന് മനസ്സിലാകും. സുഹ്റവർദി ആത്മീയ സരണിയുടെ പ്രചാരകരുമായിരുന്നു പല മഖ്ദൂമുമാരും. ചുരുക്കത്തിൽ കേവല പണ്ഢിതൻ എന്നതിനപ്പുറം ആത്മീയമായി സമുദായത്തെ മുന്നോട്ട് നയിച്ചിരിന്ന സൂക്ഷമശാലികളായിരുന്നു ഈ നാല് പ്രദേശക്കാരും.
മഖ്ദൂമുമാരും ഇബ്ൻ ഹജർ (റ)വും
വിജ്ഞാനത്തിന്‍റെ സർവ്വ മേഖലയിലും മലബാറിന്ന് സുരക്ഷിതമായൊരു അടിത്തറ പാകാൻ മഖ്ദൂമുമാർ രചിച്ച കർമ്മപരമായ ഗ്രന്ഥങ്ങൾ സൂക്ഷ്മത നിറഞ്ഞതാണ്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് കര്‍മ്മശാസ്ത്രത്തിലെ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ഫത്ഹുല്‍ മുഈന്‍ പില്‍ക്കാല ഫുഖഹാക്കളില്‍ സൂക്ഷ്മശാലിയായിരുന്ന, ഒമ്പതാം നൂറ്റാണ്ടിന്‍റെ മുജദ്ദിദായി അറിയപ്പെട്ട സക്കരിയല്‍ അന്‍സാരിയുടെ(റ.ഹി) അരുമ ശിഷ്യന്‍ ഇബ്ന്‍ ഹജര്‍ അല്‍ഹൈതമി(റ)വിനെ അവലംബിച്ച് രചിച്ചത്. ഫത്ഹുല്‍ മുഈനിന്‍റെ ആമുഖ സ്തുതില്‍ ഉപയോഗിച്ച "ഫത്താഹ്" എന്ന ശൈലി ഇബ്ന്‍ ഹജര്‍(റ) വിന്‍റെ ഫത്ഹുല്‍ ജവാദിന്‍റെ സ്വാധീനം പറയാതെ പറയുകയാണ്.
ഒരര്‍ത്ഥത്തില്‍ ഇബ്ന്‍ ഹജര്‍ (റ)വിന്‍റെ വറഇന്‍റെ പാരമ്പര്യമാണ് മലബാറിലെ പണ്ഡിത പാരമ്പര്യം എന്ന് പറഞ്ഞാല്‍ ഒരിക്കലും തെറ്റാവില്ല. അതിന്‍റെ ഏറ്റവും ഓജസ്സുള്ള തെളിവാണ് പൊന്നാനി വിളക്കത്തിരിക്കല്‍ സനദ്. പാരമ്പര്യചരിത്ര പ്രകാരം ഇബ്ന്‍ ഹജര്‍ (റ) മലബാറിലേക്ക് വന്നപ്പോള്‍ കൊണ്ട് വന്നതോ കടലിലൂടെ സഞ്ചരിക്കാന്‍ ഉപയോഗിച്ചതോ ആയ കല്ലിന്‍റെ മുകളില്‍ തൂക്കിയ വിളക്കിന് ചുറ്റുമായിരുന്നു മഹാ പാണ്ഡിത്യത്തിന്‍റെ സനദ് വാങ്ങാനുള്ള പണ്ഢിതരുടെ ആ ഇരുത്തം. ഇബ്ന്‍ ഹജര്‍ (റ) ബാക്കി വെച്ച ആ ശേഷിപ്പ് ഇന്നും പൊന്നാനി പള്ളിയിലെ തൂങ്ങിക്കിടക്കുന്ന വിളക്കിന് താഴെയുണ്ട്.
നിലപാടുകളിലെ സൂക്ഷ്മത
കര്‍മ്മ ശാസ്ത്രത്തിലെ ശാഖാപരമായ ഒട്ടുമിക്ക മസ്അലകളിലും ഏതെങ്കിലും വിധത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ മുന്‍കാല പണ്ഡിതന്‍മാര്‍ക്കിടയിലുണ്ടെങ്കിലും പൊന്നാനി പാരമ്പര്യമുള്ള കേരളീയ പണ്ഡിതരുടെ വ്യക്തി ജീവിതവും പൊതുവായി ജനങ്ങളെ പഠിപ്പിച്ചിരുന്ന നിലപാടുകളും സൂക്ഷ്മതയില്‍ ഊന്നിയതായിരുന്നു. അവരുടെ വറഇന്‍റെ ജീവിതമായിരുന്നു പലപ്പോഴും സാധാരണക്കാരന്‍റെ ദീന്‍.
മതപരമായ അറിവ് നേടല്‍ ആണിനും പെണ്ണിനും ഒരുപോലെ നിര്‍ബന്ധമാണെന്നതിനപ്പുറം മെഡിക്കല്‍ ഗൈനക്കോളജി പോലെ സ്ത്രീ സംമ്പന്ധമായ ഭൗതിക കാര്യങ്ങള്‍ക്ക് അവ അഭ്യസിച്ച സ്ത്രീകള്‍ തന്നെ ഒരു നാട്ടില്‍ ഉണ്ടാവല്‍ സമുദായത്തിന്‍റെ പൊതു ബാധ്യത (ഫര്‍ള് കിഫാഅ്) ആണെന്നാണ് ദീനിന്‍റെ കാഴ്ചപ്പാട്. എന്നാല്‍ പഠിപ്പിക്കാന്‍ അന്യരായ പുരുഷര്‍ മാത്രമുള്ളപ്പോള്‍ മതപരമായി നിര്‍ബന്ധമായവയും സ്ത്രീയായിരിക്കെ പഠിച്ചിരിക്കല്‍ അനിവാര്യമായ കാര്യങ്ങളും മാത്രമേ പഠിപ്പിക്കാവൂ എന്ന പഴയകാല ഉലമാക്കളുടെ നിലപാട് ഇബ്ന്‍ ഹജര്‍ (റ) സൂക്ഷമതയില്‍ നിന്ന് കൈമാറപ്പെട്ടതായിരുന്നു(തുഹ്ഫ).
ഹറാമും ഹലാഹും കൂടിക്കലര്‍ന്ന വരുമാനമുള്ള ഒരാളില്‍ നിന്ന് വല്ലതും കൈപ്പറ്റല്‍ കറാഹത്താണെന്ന(ഫത്ഹുല്‍ മുഈന്‍) മസ്അലയിലെ സൂക്ഷമതയായിരുന്നു ഒരു കാലത്ത് പണ്ഡിതന്മാര്‍ കള്ള്, ലാഭ വരുമാനമുള്ള സര്‍ക്കാര്‍ അനുബന്ധ ജോലികൾ എന്നിവ നിരുത്സാഹപ്പെടുത്തിയിരുന്നത്.
പലനിറത്തിലുള്ള വസ്ത്രം പ്രവാചകര്‍ (സ) ധരിച്ചിട്ടുണ്ടെങ്കിലും പലനാടുകളില്‍ മത പണ്ഡിതര്‍ തന്നെ പല വിധത്തിലുള്ള വസ്ത്രം ധരിക്കുന്നുണ്ടെങ്കിലും കേരളീയ ഉലമാഇന്‍റെ അടയാളമായി തൂവെള്ള മാറിയത് തിരുനബിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വെള്ള (അഹബ്ബുസ്സിയാബ്) അനന്തര വകാശികളായ പണ്ഡിതരും ധരിക്കുക എന്ന സൂക്ഷമതയില്‍ നിന്നാണ്. എന്നല്ല കേരളത്തിലെ പണ്ഡിതര്‍ "മുദവ്വറത്തായി" തലപ്പാവ് കെട്ടുന്ന ശൈലി വരെ തലമുഴുവന്‍ മറയുക എന്ന സൂക്ഷമതയാണ്. ആ സൂക്ഷമത ദീനായി കണ്ടിരുന്ന ഒരു ജനതയാണ് കേരളത്തിലെ മുസ് ലിംകൾ എന്നതുകൊണ്ടാണ് കേവലം തുണിയുടെ കര നിറം മാറുമ്പോള്‍ അവര്‍ നെറ്റിചുളിക്കുന്നത്. ആമുഖത്തില്‍ പ്രതിപാദിച്ച വറഇന്‍റെ പൂര്‍ണത പുല്‍കിയവരായത് കൊണ്ടായിരുന്നു ഇവിടെത്തെ പല ഉലമാക്കളും മുദരിസ്സമാരും മുതഅല്ലിമീങ്ങളെ കളിവിനോദങ്ങളില്‍ നിന്ന് വിലക്കിയത്(ഫത്ഹുല്‍ ഖയ്യൂം). ഇങ്ങനെയെത്ര സൂക്ഷമതയുടെ നിലപാടുകള്‍, ഉദാഹരണങ്ങള്‍..
കൊല്ലം തികഞ്ഞില്ലെങ്കിലും കണക്കെത്തിയതിനാല്‍ സൂക്ഷമതയെന്നോണം പ്രബലമല്ലാത്ത രണ്ടാമഭിപ്രായ പ്രകാരം മുതലില്‍ സക്കാത്ത് കൊടുത്തവരും വിത്റ് മൂന്ന് റക്അത്ത് ഇളവ് മാത്രമായി കണ്ട് 11 തന്നെ നിസ്കരിച്ചവരും ഇവിടെ കടന്ന് പോയിട്ടുണ്ട്.
നിസ്കാരത്തിൽ ഖിബ് ലയുടെ “ഭാഗത്തേക്ക്” മുന്നിട്ടാലും മതി, കഅബയുടെ എടുപ്പിന്‍റെ നേരെത്തന്നെ ആവണമെന്നില്ല എന്ന അഭിപ്രായം മദ്ഹബിന് അകത്തും പുറത്തുമുണ്ടെങ്കിലും പ്രബലാഭിപ്രായ പ്രകാരമുള്ള കഅബയുടെ എടുപ്പിലേക്ക് നേരെത്തന്നെ ആയില്ല എന്ന ഒറ്റക്കാരണം കൊണ്ട് നാല്പ്പത് വര്ഷത്തെ നിസ്കാരം മാറ്റി നിസ്കരിച്ച ചെറുശ്ശേരി അഹമ്മദ് മുസ്ലിയാരും, പൂർണ്ണമായും ഹലാല് കൊണ്ട് നിര്മ്മിച്ചതല്ലന്ന് മനസ്സിലായപ്പോൾ വീട് കൂടാൻ പോയ വീടിന്‍റെ മുറ്റത്ത് നിന്ന് തിരിച്ചു നടന്ന കണ്ണിയത്ത് ഉസ്താദും, പാടാവരമ്പിലൂടെ നടക്കുമ്പോൾ ഒരു വ്യക്തിയുടെ പാടത്ത് നിന്ന് ചെരുപ്പിൽ പറ്റിപ്പിടിച്ച ചളി അതിലേക്ക് തന്നെ വടിച്ചാക്കി മാത്രം അടുത്ത വരമ്പിലേക്ക് നടന്ന് നീങ്ങിയ ഐദ്രോസ് ഉസ്താദും അവരിൽ ചിലർ മാത്രമാണ്.
മുന്‍കാലങ്ങളില്‍ കേരളത്തിലെ പണ്ഡിതര്‍ക്കിടയില്‍ ഉടലെടുത്ത പല അഭിപ്രായ ഭിന്നതകളും വറഇന്‍റെ കണ്ണിലൂടെ നോക്കിയത് കൊണ്ടായിരുന്നു. പിന്നീട് അത് പുതു സംഘങ്ങളും സംഘടനകളുമായത് മാറ്റൊരു ഖേദ വസ്തുകയാണ്.
അന്യമാവുന്ന വറഉം സാഹചര്യവും
ഇന്ന് വ്യക്തിയിലും സമൂഹത്തിലും ഇടപഴകുന്ന മേഖലകളിലും സൂക്ഷതമ അന്യമായപ്പോള്‍ അത് കൊണ്ട് നടക്കാനുള്ള ഭൗതിക സാഹചര്യവും ഉയര്‍ത്തപ്പെടുന്നു എന്നതാണ് യാഥാരഥ വസ്തുത. അവിടെയാണ് സാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്‍ഗാമികളുടെ വറഇനപ്പുറത്തേക്ക് മതത്തിലൊതുങ്ങി തന്നെ നിലപാടെടുക്കാന്‍ ഇന്ന് പണ്ഢിതര്‍ നിര്‍ബന്ധിതരായത്.
തുടര്‍ വിദ്യാഭ്യാസത്തിന്‍റെ പേരില്‍ പെണ്‍കുട്ടികള്‍ പുതു സംരംഭങ്ങളിലേക്ക് കണ്ണ് വെച്ചിരിക്കുമ്പോള്‍ ഫർളുകള്‍ക്കപ്പുറത്ത് സുന്നത്തും മറ്റും അന്യരായ പുരുഷര്‍ക്ക്, ഫിത്ന ഭയപ്പെടാത്ത വിധത്തില്‍ ശറഈ നിബന്ധനകള്‍ പാലിച്ച് പഠിപ്പിക്കാമെന്ന റംലി ഇമാമിന്‍റെ ഉദ്ധരണികള്‍ നമുക്ക് സ്വീകരിക്കേണ്ടി വന്നു. അതും ശറഇന്‍റെ കാഴ്ച്ചപ്പാട് തന്നെ. സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നൽകിയിട്ടുള്ള മുൻകാലങ്ങളിലെ നിലപാടിൻ്റെ പ്രസക്തി ഇന്നത്തെ കാലത്ത് നമുക്ക് ഏറെ ബോധ്യമാണല്ലോ. തീക്ഷ്ണമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗ തലങ്ങളില്‍ പ്രാതിനിധ്യം അനിവാര്യമായപ്പോള്‍ വലിയ വിപത്തിനെ തടയാന്‍ ഭിന്നമായ അഭിപ്രായത്തെ നിര്‍ബന്ധിതമായി സ്വീകരിക്കേണ്ടി വന്നു. അങ്ങനെ പലതിലും.
ജീവിതത്തിൽ അന്യമാകുന്നുവെങ്കിലും ഈ നാട്ടിലെ ജനത പാകപ്പെട്ടിരിക്കുന്നത് മുന്ഗാമികളുടെ ആ വറഉള്ള ദീനിനോടാണ്. സാഹചര്യങ്ങൾക്കനുസരിച്ച് ദീനിലൊതുങ്ങി നിന്നു തന്നെ നൂതന ശൈലികൾ നാം പരീക്ഷിക്കുമ്പഴും ആ പാകമായ വറഇന്‍റെ ശൈലി നിലത്ത് വീഴാതെ നോക്കണം. ഒരിക്കൽ, വിവാഹിതരായ ഒരു നവദമ്പതികളിൽ മുലകുടി ബന്ധം ആരോപിക്കപ്പെട്ട മസ്അലയിൽ തെളിവുകളും സാക്ഷികളും അസ്വീകാര്യമായപ്പോൾ സാഹചര്യത്തിനനുസരിച്ച് ഫത് വ കൊടുത്തെങ്കിലും സൂക്ഷ്മത ഇന്നതാണെന്ന് പറഞ്ഞ് അതും അവരെ പഠിപ്പിച്ചു ചെറുശ്ശേരി ഉസ്താദ്. ഇവരുടെയൊക്കെ വറഉള്ള ജീവിതമായിരുന്നു സാധാരണക്കാരന്റെയൊക്കെ ദീനെന്നൊരു യാഥാർഥ്യം നാം ഇടക്കിടെ ഓർത്ത് വെക്കേണ്ടതുണ്ട്.
Leave A Comment