ദിക്‌റ് കൈവിടുന്നത് നാശം

ദിക്‌റ് കൈവിട്ടുപോകുന്ന അവസ്ഥയെക്കുറിച്ച് അല്ലാഹുവും അവന്റെ തിരുദൂതരും താക്കീത് ചെയ്തതായി കാണാം. വിശുദ്ധ ഖുര്‍ആനിലും ഹദീസ് വചനങ്ങളിലും അത് വിനാശകരമാണെന്ന മുന്നറിയിപ്പുകളുണ്ട്. ആത്മജ്ഞാനികളും സ്വൂഫികളുമായ മാര്‍ഗദര്‍ശികളും സംസ്‌കര്‍ത്താക്കളും തങ്ങളുടെ മുരീദുമാരെ ഇതിനെതിരെ ജാഗ്രതയുറ്റവരാക്കിയതായി കാണാം. ഖുര്‍ആനില്‍ ഒരിടത്ത് ഇങ്ങനെ പറയുന്നു: അല്ലാഹുവിന്റെ ദിക്‌റിനെവിട്ട് ഒരാള്‍ വ്യതിചലിച്ചു ജീവിച്ചാല്‍ അവന് ഒരു പിശാചിനെ നാം ഭരമേല്‍പിച്ചുകൊടുക്കുന്നതാണ്. ആ പിശാച് അവന്റെ സന്തതമിത്രമായിരിക്കും. യഥാര്‍ഥത്തില്‍ പിശാചുക്കള്‍ മനുഷ്യരെ അല്ലാഹുവിന്റെ പന്ഥാവില്‍ നിന്ന് വഴിതെറ്റിക്കുക തന്നെയാണ്; മനുഷ്യരാകട്ടെ തങ്ങള്‍ സന്മാര്‍ഗപ്രാപ്തരാണെന്ന് വിചാരിക്കുകയും ചെയ്യുന്നു.

മറ്റൊരിടത്ത് അല്ലാഹുവിന്റെ കല്‍പന ഇങ്ങനെയാണ്: താങ്കളുടെ നാഥനോടുള്ള വിനയം പ്രകടിപ്പിച്ചും അവനെ ഭയന്നുംകൊണ്ട് പ്രഭാതത്തിലും പ്രദോഷത്തിലുമായി സ്വന്തം ഹൃദയത്തിലും ശബ്ദം താഴ്ത്തി വാഗ്‌രൂപേണയും നാഥന്റെ ദിക്‌റ് അനുഷ്ഠിക്കുക; അശ്രദ്ധരില്‍ ഉള്‍പ്പെട്ടുപോകരുത്. കപടവിശ്വാസികളെ അധിക്ഷേപിച്ചുകൊണ്ട് ഖുര്‍ആന്‍ പ്രസ്താവിച്ചത്, ‘വളരെക്കുറച്ചു മാത്രമേ അവര്‍ അല്ലാഹുവിനെക്കുറിച്ച് പറയുകയുള്ളൂ'(3) എന്നാണ്.

തിരുമേനി(സ്വ)യുടെ ഹദീസുകള്‍ പരിശോധിച്ചുനോക്കിയാലും ദിക്‌റിനെക്കുറിച്ചുള്ള അശ്രദ്ധയെപ്പറ്റി ധാരാളം മുന്നറിയിപ്പുകളുണ്ട്. പുണ്യറസൂല്‍(സ്വ) ഇപ്രകാരം പ്രസ്താവിച്ചതായി ഹ. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ ദിക്‌റ് ഇല്ലാതെ ഒരു സദസ്സില്‍ നിന്ന് പിരിഞ്ഞുപോകുന്ന ഏതൊരു സംഘമാളുകളും കഴുതയുടെ ശവത്തിന്നരികെ നിന്ന് എഴുന്നേറ്റുപോകുന്നവരെപ്പോലെ മാത്രമായിരിക്കും. പരലോകത്ത് അവര്‍ക്കത് നാശഹേതുകമായിത്തീരുന്നതാണ്.

ഹ. അബൂഹുറൈറ(റ)യില്‍ നിന്നുതന്നെ നിവേദനം-നബി(സ്വ) പറഞ്ഞു: ഒരാള്‍ ഒരിടത്ത് ഇരുന്നു; എന്നാലവിടെ വെച്ച് അല്ലാഹുവിന്റെ ദിക്‌റ് ഉണ്ടായില്ല. എങ്കില്‍ അവന്റെ മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരാക്ഷേപവും അവന് വഴിയെ അതിന്റെ പേരില്‍ സങ്കടവും ഉണ്ടായിത്തീരുന്നതാണ്. ഒരു വ്യക്തി ഒരു സ്ഥലത്ത് കിടന്നു; എന്നാലവിടെ വെച്ച് റബ്ബിന്റെ ദിക്‌റ് ഉണ്ടായില്ല; മറ്റൊരാള്‍ ഒരു സ്ഥലത്തു കൂടി നടന്നു; എന്നാലതിനിടെ നാഥന്റെ ദിക്‌റ് ഉണ്ടായില്ല; എങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരാക്ഷേപവും വഴിയെ അതിന്റെ പേരില്‍ ദുഃഖവും അവര്‍ക്കുണ്ടാകുന്നതാണ്.

വീണ്ടും അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു-തിരുനബി(സ്വ) ഇങ്ങനെ അരുളുകയുണ്ടായി: കുറച്ചാളുകള്‍ ഒരു സദസ്സില്‍ ആസനസ്ഥരായി. എന്നാല്‍ അവിടെ വെച്ച് അവര്‍ പടച്ചവന്റെ ദിക്‌റിലോ നബി(സ്വ)യുടെ പേരിലുള്ള സ്വലാത്തിലോ വ്യാപൃതരായില്ല. എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരധിക്ഷേപവും പിന്നീടതിനെക്കുറിച്ച ദുഃഖവും അവര്‍ക്കുണ്ടാകാതെയിരിക്കില്ല. ഇത്തരം ഒരു വീഴ്ച സംഭവിച്ചതിന്റെ പേരില്‍, താന്‍ ഉദ്ദേശിച്ചാല്‍ അല്ലാഹു അവരെ ശിക്ഷിക്കും; അവനുദ്ദേശിക്കുന്നുവെങ്കില്‍ പൊറുത്തുകൊടുക്കുകയും ചെയ്യും. ഹ. മുആദുബ്‌നു ജബല്‍(റ) തിരുമേനി(സ്വ) പ്രസ്താവിച്ചതായി ഇപ്രകാരം ഉദ്ധരിക്കുന്നു: ഭൗതികലോകത്തുവെച്ച് തങ്ങളുടെ ഏതെങ്കിലും സമയം അല്ലാഹുവിന്റെ ദിക്‌റില്‍ അല്ലാതെ കഴിഞ്ഞുപോയിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ചു മാത്രമേ സ്വര്‍ഗവാസികള്‍ സങ്കടപ്പെടുകയുള്ളൂ.

ആത്മജഞാനികളായ സ്വൂഫിശ്രേഷ്ഠരുടെ പ്രസ്താവങ്ങളിലും ദിക്‌റിന്റെ അഭാവം ഗുരുതരമായ വിപത്തുകള്‍ക്ക് നിമിത്തമാകുമെന്ന് കാണാം. ഇമാം സഹ്ല്‍ അത്തുസ്തരി(റ) പറയുന്നു: ‘റബ്ബിന്റെ ദിക്‌റ് ഉപേക്ഷിക്കുന്നതിനേക്കാള്‍ മ്ലേച്ഛമായ മറ്റൊരു കുറ്റവും എനിക്കറിയില്ല.’ ഇമാം അബുല്‍ഹസനിശ്ശാദിലി(റ)യുടെ വിലയിരുത്തല്‍ കൂടുതല്‍ ഗൗരവതരമാണ്-മഹാന്‍ പറയുന്നു: ദിക്‌റ് ചൊല്ലുന്നത് നാക്കിന് ഭാരമായി തോന്നുന്നത് കപടവിശ്വാസത്തിന്റെ ലക്ഷണമാകുന്നു. ഈയവസ്ഥയില്‍ നിന്ന് നീ നാഥനോട് പശ്ചാത്തപിക്കണം; എങ്കില്‍ നിന്റെ നാക്കിന്മേല്‍ ദിക്‌റിനെ അവന്‍ ലഘുവാക്കിത്തരുന്നതാണ്.

ഈ ആശയം ഇമാം ശാദിലി(റ) ഉരുത്തിരിച്ചെടുത്തത്, കപടവിശ്വാസികളുടെ ലക്ഷണം വിശദീകരിച്ചുകൊണ്ട് അല്ലാഹു പറഞ്ഞ ഖുര്‍ആന്‍ സൂക്തത്തില്‍ നിന്നായിരിക്കണം-‘കപടവിശ്വാസികള്‍ അല്ലാഹുവിനെ വഞ്ചിക്കുകയാണ്. എന്നാല്‍ അവരുടെ വഞ്ചനക്ക് അവന്‍ പ്രതിക്രിയ ചെയ്‌തേ അടങ്ങൂ. അവര്‍ നമസ്‌കരിക്കാനൊരുങ്ങിയാല്‍ അലസന്മാരായാണത് നിര്‍വഹിക്കുക; ജനങ്ങളെ കാണിക്കാനാണ് അതവര്‍ നിര്‍വഹിക്കുന്നത്. വളരെക്കുറച്ചു മാത്രമേ അവര്‍ അല്ലാഹുവിനെക്കുറിച്ച് അനുസ്മരിക്കുകയുള്ളൂ.’ ഓരോ കാര്യത്തിനും ഓരോ ശിക്ഷയുണ്ടെന്നും ആത്മജ്ഞാനിക്കുള്ള ശിക്ഷ ദിക്‌റില്‍ നിന്ന് അയാളുടെ ശ്രദ്ധ തിരിഞ്ഞുപോകലാണെന്നും മഹാന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഇത്രയും പറഞ്ഞതില്‍ നിന്ന് പല കാര്യങ്ങളും മനസ്സിലാക്കേണ്ടതായുണ്ട്-ബുദ്ധിമാനായ മനുഷ്യന്‍ തന്റെ അശ്രദ്ധാവസ്ഥ വിട്ട് ഉണരണം. തന്റെ റബ്ബിന്റെ സ്മരണയിലായി ഹൃദയത്തെ തട്ടിയുണര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കണം. ധാരാളമായി അല്ലാഹുവിന്റെ ദിക്‌റിലായിക്കഴിയുന്ന സത്യവിശ്വാസികളുടെ ലക്ഷണങ്ങളുള്‍ക്കൊണ്ടാവണം അത്. അത്യപൂര്‍വമായി മാത്രമല്ലാതെ നാഥന്റെ അനുസ്മരണയിലാകാത്ത കപടവിശ്വാസികളുടെ ദുഷിച്ച ലക്ഷണങ്ങളില്‍ നിന്ന് വിദൂരമായിക്കൊണ്ടുമായിരിക്കണം അത്.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter