ബഹ്റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നു
വാഷിങ്ടണ്‍: ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച യുഎഇയുടെ വഴിയേ മറ്റൊരു അറബ് രാജ്യമായ ബഹ്റൈനും. ഇസ്രായേലുമായി പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ബഹ്‌റെയ്‌ൻ ധാരണയിലെത്തിയതായുള്ള സംയുക്ത പ്രസ്താവന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ചരിത്രപരമായ വഴിത്തിരിവെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയെ ട്രംപ് വിശേഷിപ്പിച്ചത്.

വെള്ളിയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബഹ്‌റെയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ എന്നിവരുമായി ട്രംപ് സംസാരിച്ചതിന് ശേഷമാണ് ധാരണയിലെത്തിയതെന്ന് അമേരിക്കയും ബഹ്‌റെയ്‌നും ഇസ്രയേലും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഈജിപ്ത്, ജോർദാൻ, യുഎഇ എന്നീ രാജ്യങ്ങൾക്ക് ശേഷം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്‌റെയ്ന്‍. മിഡില്‍ ഈസ്റ്റിലെ കൂടുതല്‍ സമാധാനത്തിനുള്ള ചരിത്രപരമായ മുന്നേറ്റമാണിത്'- വൈറ്റ് ഹൗസ് മുതിര്‍ന്ന ഉപദേശകൻ ജാരെഡ് കുഷ്‌നര്‍ ബഹ്റൈനെ പ്രശംസിച്ചു.

അതേസമയം, ഫലസ്തീനെ അംഗീകരിക്കാതിരിക്കുകയും ഫലസ്തീനീ ഭൂമികയില്‍ സയണിസ്റ്റ് നിര്‍ബാധം അധിനിവേശം തുടരുകയും ചെയ്യുന്നതിനിടെ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നതിനെ ഫലസ്തീന്‍ നേതൃത്വം നിശിതമായി വിമര്‍ശിച്ചിരിക്കുകയാണ്. ബഹ്‌റെയ്ന്‍-ഇസ്രായേല്‍ കരാര്‍ പലസ്തീന്‍ വിഷയത്തിലുള്ള മറ്റൊരു വഞ്ചനയാണെന്ന് വെസ്റ്റ് ബാങ്കിൽ ഭരണം നിർവഹിക്കുന്ന ഫതഹ് പാര്‍ട്ടി കുറ്റപ്പെടുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter