ആ സ്ഥാനത്ത് നില്ക്കുന്നത് നമ്മുടെ മക്കളായിരുന്നെങ്കിലോ...
reliefഒരു റിലീഫ് ഉദ്ഘാടന വേദി... നാട്ടിലെ പാവപ്പെട്ട 25 കുടുംബങ്ങള്‍ക്ക്, 5 കിലോ അരിയും ചേരുവകളും നല്കുകയാണ് അവിടത്തെ ഒരു സംഘടന. ഉദ്ഘാടകനും ഏറ്റുവാങ്ങാനുള്ള അവകാശിയും തയ്യാറായിക്കഴിഞ്ഞു. സംഘാടക കാര്യദര്‍ശി സ്വാഗതഭാഷണം നടത്തുകയാണ്. സംഘാടകരില്‍ മറ്റൊരാള്‍ കയറിവന്ന് അയാളുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. അല്പം കഴിഞ്ഞപ്പോഴാണ് പറഞ്ഞ കാര്യം പിടികിട്ടിയത്, ക്യാമാറാമാന്‍ എത്താന്‍ അല്പസമയം കൂടി എടുക്കും, അതുവരെ സ്വാഗതഭാഷണം നീട്ടണമെന്നായിരുന്നു അഭ്യര്‍ത്ഥന. ക്യാമറയും ക്യമറാമാനുമില്ലെങ്കില്‍ പിന്നെന്തിനാ നാം റിലീഫ് നടത്തുന്നത് എന്ന് ചുരുക്കം. റമദാന്‍ സമാഗതമായിരിക്കുന്നു... ഈ വിശുദ്ധ മാസം ദാനധര്‍മ്മങ്ങളുടേത് കൂടിയാണെന്ന് ഇസ്‍ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. ദാനധര്‍മ്മങ്ങളുടെ കാര്യത്തില്‍ പ്രവാചകര്‍ (സ്വ) ഈ മാസത്തില്‍ കാറ്റിനേക്കാള്‍ വേഗമുള്ളവരായിരുന്നുവെന്ന് ഹദീസുകള്‍ കാണാം. ഇതില്‍നിന്നെല്ലാം ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് മുസ്‍ലിം സമൂഹം ഈ മാസത്തെ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ തലസ്ഥാനമാസമായി കണക്കാക്കുന്നത്. ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും റിലീഫ് സംരംഭങ്ങളുമാണ് റമദാന്‍ മാസത്തില്‍ അരങ്ങേറുന്നത്. വരുംദിവസങ്ങളിലിറങ്ങുന്ന പത്രത്താളുകള്‍ ഇതിന്റെ തെളിവുകളായിരിക്കും. എന്നാല്‍ ഇവിടെ ചിലപ്പോഴെങ്കിലും പിഴക്കുന്നുവോ എന്ന് സംശയിക്കാതെ വയ്യ. ഇസ്‍ലാമിന്റെ ഭാഷയില്‍ ദാനധര്‍മ്മങ്ങള്‍ അതീവരഹസ്യമായിരിക്കേണ്ടവയാണ്. വലത്തേ കൈ നല്‍കുന്നത് ഇടത്തേ കൈ അറിയാതിരിക്കുമ്പോഴാണ് അത് പൂര്‍ണ്ണാര്‍ത്ഥം കൈവരിക്കുന്നത് എന്ന് വരെ അത് പറഞ്ഞുവെക്കുന്നു. എന്നാല്‍, ഇന്ന് നടക്കുന്നവയില്‍ ചിലതെങ്കിലും പത്രത്താളുകളില്‍ ഫോട്ടോ വരാനോ സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ക്കാനോ മാത്രമായി സംഘടിപ്പിക്കപ്പെടുന്നവയാണോ എന്ന് തോന്നിപ്പോകുകയാണ്. പാവപ്പെട്ട ഏതാനും കുടുംബങ്ങള്‍ക്ക് രണ്ട് കിലോ അരിയും അതിലേക്കാവശ്യമായ ചേരുവകളും നല്‍കുന്നത്, സംഭവമാക്കിമാറ്റുകയും അതിനായി, റിലീഫ് സംഖ്യയുടെ പല മടങ്ങ് ചെലവഴിക്കുകയും ചെയ്യുന്ന ചിലരെങ്കിലും ഇല്ലാതില്ല. പൊതുജനങ്ങളില്‍നിന്ന് റിലീഫ് പ്രവര്‍ത്തനം എന്ന് പറഞ്ഞ് പിരിച്ചെടുത്ത സംഖ്യ കൊണ്ട് അത് നടത്തി എന്ന് അവരെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സംഘടനകള്‍ക്കുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍, ഏറ്റവും ചുരുങ്ങിയത് അതിന് വേണ്ടി നടത്തുന്ന ഉദ്ഘാടനപരിപാടികളില്‍ അത് ഏറ്റ് വാങ്ങുന്നതില്‍നിന്ന് അവകാശികളായ പാവങ്ങളെ മാറ്റി നിര്‍ത്തുകയെങ്കിലും വേണം. പൊതുജനങ്ങള്‍ക്കിടയില്‍ വെച്ച് ആ ഏറ്റുവാങ്ങുന്നത്, താനോ തന്റെ മകനോ മകളോ ആയിരുന്നെങ്കിലെന്ന് ഒന്ന് ആലോചിച്ച് നോക്കൂ. അത്യാവശ്യങ്ങള്‍പോലും നിറവേറ്റാനാവാതെ കഷ്ടപ്പെടുമ്പോഴും എല്ലാം ഉള്ളിലൊതുക്കി, തനിക്ക് ഒന്നിനും കുറവില്ലെന്ന് കാണിക്കുന്ന തികഞ്ഞ മാന്യതയാണ് ഇസ്‍ലാം അതിന്റെ പൌരന്മാരില്‍ കാണാന്‍ ആഗ്രഹിക്കുന്നത്. സഹോദരന്റെ ഈ മാന്യതക്ക് കളങ്കം ചാര്‍ത്താതിരിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. അതിനാല്‍ ഇനിയെങ്കിലും നമ്മുടെ ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്റ്റേജുകളും കാമറാ ഫ്ലാഷുകളും ഇല്ലാതെ നടക്കട്ടെ. അവ അത്യാവശ്യമാവുന്ന വേളകളില്‍, ഉദ്ഘാടനനിര്‍വ്വഹണത്തിന്റെ ഭാഗമായി അനുഗ്രഹീത കരങ്ങളില്‍നിന്ന് അത് ഏറ്റുവാങ്ങുന്നത് അത് നടത്തുന്ന സംഘാടകരില്‍ ഒരാള്‍ തന്നെയാവട്ടെ. ശേഷം സംഘാടകര്‍ ഇരുചെവി അറിയാതെ, മറുകണ്ണുകള്‍ കാണാതെ, അവകാശികളുടെ കൈകളിലെത്തിക്കട്ടെ...അപ്പോഴാണ് ഇസ്‍ലാം വിഭാവനം ചെയ്യുന്ന റിലീഫ് പൂര്‍ണ്ണമാകുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter