മോദി ഇപ്പോള്‍ അടുത്ത തന്ത്രം മെനയുകയാണ്‌
modiiഏക സിവില്‍കോഡ് ചര്‍ച്ചയാവുകയും ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍നിന്നും അതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുന്നതിനിടയിലാണ് മോദി തന്റെ ആവനാഴിയിലെ അടുത്ത അസ്ത്രം എടുത്ത് ഉപയോഗിച്ചിരിക്കുന്നത്. ഇന്നു മുതല്‍ 500, 1000 നോട്ടുകള്‍ പ്രാബല്യത്തിലില്ല എന്നതായിരുന്നു ഇരുതല മൂര്‍ച്ചയുള്ള ആ അസ്ത്രം. സംഗതി വളരെ ലളിതമാണ്. രാജ്യത്തെ കള്ളപ്പണം പിടികൂടാന്‍ ഒപ്പിച്ച ഒരാശയമാവണം ഇത്. പക്ഷെ, അതിനു മോദി എന്ന സ്വേഛാധിപതി തെരഞ്ഞെടുത്ത സമയവും രീതിയും വളരെ തന്ത്രപരമായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. സ്വന്തം നിലനില്‍പിനെയും ബിസിനസുകളുടെ അതിജീവനത്തെയും താങ്ങിനിര്‍ത്തുന്നതാണ് പണം എന്നതിനാല്‍ ആളുകളെല്ലാം ഇപ്പോള്‍ അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ദേശീയ തലം മുതല്‍ ലോക്കല്‍ തലംവരെ ആളുകളിപ്പോള്‍ ബാങ്കുകളിലേക്കും പോസ്റ്റ് ഓഫീസുകളിലേക്കും ഓടുന്ന തിരക്കിലാണ്. കൈയിലുള്ള പണം മാറ്റിയെടുത്താല്‍ മാത്രമേ നാളെ മുതല്‍ ബിസിനസ് രംഗം സജീവമാക്കാന്‍ കഴിയൂ. ഡിസംബര്‍ 30 വരെയാണ് പണം മാറ്റി വാങ്ങാനുള്ള സമയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്രയും കാലമാകുമ്പോഴേക്ക് ഇന്ത്യയിലെ സാമൂഹിക ചര്‍ച്ചാ പരിസരം തന്നെ മാറിക്കഴിഞ്ഞിരിക്കും. ഏകസിവില്‍ കോഡും മുത്വലാഖും ന്യൂനപക്ഷങ്ങളും ദളിതനുമെല്ലാം പൊതുചര്‍ച്ചയില്‍നിന്നും അപ്രത്യക്ഷമാകും. മോദി ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകള്‍ അതോടെ സഫലമാവുകയായി. യു.പി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും ഇതില്‍ ചില മുതലെടുപ്പുകള്‍ ഒളിഞ്ഞിരിപ്പുണ്ട്. തങ്ങളെക്കൊണ്ടാണ് രാജ്യത്ത് മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത് എന്നൊരു പൊതുബോധം സൃഷ്ടിക്കാന്‍ ഈ പ്രഖ്യാപനത്തിലൂടെ മോദി സ്വപ്നം കാണുന്നു. അത് വേണ്ടപോലെ ഫലം ചെയ്യുകയാണെങ്കില്‍ ആ ബോധത്തെ വോട്ടായി മാറ്റാനും നിഷ്പ്രയാസം സാധിച്ചേക്കും. കള്ളപ്പണം കൈകാര്യം ചെയ്യുന്ന വന്‍സ്രാവുകള്‍ അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ നാട്ടുകളായിട്ടല്ല ക്രയവിക്രയം നടന്നത്തുന്നത് എന്ന് മോദിക്ക് ബോധ്യമില്ലാഞ്ഞിട്ടല്ല. ഇതിലൂടെ സാധാരണക്കാരനാണ് പ്രയാസമനുഭവിക്കുന്നതെന്ന വസ്തുതയും ബന്ധപ്പെട്ടവര്‍ക്ക് അറിയാം. പക്ഷെ, ഈയൊരു പ്രഖ്യാപനം ഇന്ത്യയില്‍ ഉണ്ടാക്കുന്ന ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അന്തരീക്ഷ മാറ്റങ്ങള്‍ ഉള്ളിലൂടെ ഉന്നംവെക്കപ്പെട്ട പ്രധാന ലക്ഷ്യംതന്നെയാണ്. അത് പൂര്‍ണമായും സാധ്യമാകുന്നുമുണ്ട് ഈയൊരു നടപടിയിലൂടെ. അപ്രതീക്ഷിതമായി അടിച്ചേല്‍പിച്ച ഈ സാമ്പത്തികാടിയന്തിരാവസ്ഥ ഇന്ത്യയിലെ ജനങ്ങളെ വലിയൊരു ദുരന്തത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കൈയില്‍ പണമുണ്ടെങ്കിലും രോഗം വരുമ്പോള്‍ ചികിത്സിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് സാധാരണ ജനങ്ങള്‍. ഈ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് മുദ്രകുത്തപ്പെട്ട ഈ നയം കീറിമുറിച്ചത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തെയാണ്. m-1ഏറെ മുന്നൊരുക്കങ്ങളേതുമില്ലാതെയാണ് നോട്ടു പിന്‍വലിക്കല്‍ കൃത്യത്തിന് മേദി തയ്യാറായിരിക്കുന്നത് എന്നതാണ് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ,133 കോടി ജനങ്ങളുടെ ജീവിത വാണിജ്യ മേഖലയില്‍ വന്‍ തകര്‍ച്ച ഇതോടെ സംഭവിച്ചു. ചെറുകിട വ്യാപാര മേഖല തകര്‍ന്നുകൊണ്ടിരിക്കുന്നു. ഭക്ഷ്യ ധാന്യങ്ങള്‍ വാങ്ങാന്‍ കഴിയാതെ ജനം പ്രയാസപ്പെടുന്നു. പണമില്ലാത്തതിനാല്‍ ചികിത്സ വൈകി മരണം സംഭവിച്ചതുവരെ ഇതിനിടെ ഒന്നുരണ്ടെണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തങ്ങളുടെ കൈയിലെ പണത്തിന് കടലാസിന്റെ മൂല്യമേയുള്ളൂ എന്നറിഞ്ഞ് മനം തകര്‍ന്ന് ചില ദരിദ്രരായ ഗ്രാമീണര്‍ മരിച്ച സംഭങ്ങളും ഉണ്ടായി. ഒരു നയപ്രഖ്യാപനത്തിന്റെ പാളിച്ചകളാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. കള്ളപ്പണം തകര്‍ക്കുകയെന്നത് രാജ്യത്തിന്റെ നിര്‍മിതിക്ക് ഉതകുന്ന കാര്യം തന്നെയാണ്. ആ വിഷയത്തില്‍ ആര്‍ക്കും രണ്ട് അഭിപ്രായമില്ല. പക്ഷെ, മോദി മുന്‍ പിന്‍ നോക്കാതെ, ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രം മുമ്പില്‍ കണ്ട് സ്വീകരിച്ച ഈയൊരു രീതിയും സമയവും ഒരിക്കലും നല്ലതിനായിരുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. അത് നൂറു ശതമാനം സത്യവുമാണ്. പത്തു ശതമാനമോ അതിനു താഴെയോ മാത്രമുള്ള കള്ളപ്പണം പിടിക്കാനാണ് മോദി 90 ശതമാനം വരുന്ന സാധാരണക്കാരെ പെരുവഴിയിലിറക്കിയിരിക്കുന്നത്. അതേസമയമാവട്ടെ, പത്തു ശതമാനം വരുന്ന അധോലോകത്തിന്റെ ആളുകള്‍ക്ക് യാതൊരു ക്ഷീണവും ഇതിലൂടെ സംഭവിച്ചതുമില്ല. ഇന്നേവരെ പണം മാറാന്‍ ക്യൂ നില്‍ക്കുന്നത് ആരും കണ്ടിട്ടില്ല. മാത്രവുമല്ല, കോടികളുടെ ആസ്ഥിയുള്ള ഇവന്മാരൊക്കെ മോദിയുടെ നിലപാടിനെ പ്രശംസിച്ച് പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരിക്കുകയാണിന്ന്. അതേസമയം, വീട് നിര്‍മിക്കാനോ പെണ്‍കുട്ടികളുടെ വിവാഹത്തിനോ മറ്റോ നീക്കിവെച്ച പരിമിതമായ പണം മാത്രം കൈയിലുള്ള സാധാരണക്കാര്‍ അത് മാറ്റിയെടുക്കാനായി മണിക്കൂറുകളോളം വെയിലത്ത് ക്യൂ നില്‍ക്കേണ്ടി വരുന്നു. ഇതാണ് ഇന്ന് സത്യത്തില്‍ സംഭവിച്ചിരിക്കുന്നത്. മുമ്പ് അധികം ആളുകളൊന്നും പയറ്റിയിട്ടില്ലാത്ത ഈയൊരു തന്ത്രത്തിലൂടെ തങ്ങളുടെ ഭരണത്തിന്റെ ഇമേജ് കൂട്ടാന്‍ കഴിയുമെന്നാണ് മോദി ഭരണകൂടം സ്വപ്‌നം കാണുന്നത്. അതിനുള്ള ആഘോഷങ്ങള്‍ ഇതിനകം തന്നെ അവര്‍ ആരംഭിച്ചുകഴിയുകയും ചെയ്തു. ജനം കത്തിയെരിയുന്ന വെയിലത്ത് നിന്ന് പ്രയാസപ്പെടുമ്പോഴും വിദേശ രാഷ്ട്രങ്ങളില്‍ കറങ്ങി നടക്കുന്ന മോദി വീണ വായിച്ച് ഉല്ലസിക്കുകയാണ്. അതേസമയം, തന്റെ ചായ പോലെ കടുപ്പമുള്ളതാണ് ഈ തീരുമാനം എന്ന് പരിഹാസ രൂപേണ പറയുകയും ചെയ്യുന്നു. ദൈനംദിന ജീവിതം പോലും ദുരിതമായി മാറിയ സാധാരണക്കാരന്റെ അറ്റ വിരലില്‍ ഉപ്പ് തേക്കുന്ന രീതിയാണ് മോദി നടത്തിക്കൊണ്ടിരിക്കുന്നത്. മോദിയുടെ ഈ അഹങ്കാരവും ഗീര്‍വാണങ്ങളുമെല്ലാം രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായിരുന്നില്ല എന്നത് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഇനിയും 50 ദിവസം പൊതുജനം സഹിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. നേരെമറിച്ച്, ആസന്നമായ യു.പി തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെ സ്ഥിതി മെച്ചപ്പെടുത്തലും തങ്ങളുടെ ഭരണത്തിന്റെ ഇമേജ് വര്‍ദ്ധിപ്പിക്കലും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. m-3എല്ലാറ്റിലുമപ്പുറം, മുമ്പ് സൂചിപ്പിച്ചപോലെ വലിയൊരു ചര്‍ച്ചാമാറ്റമാണ് ഇന്ത്യയില്‍ ബി.ജെ.പി ഭരണകൂടം ഇതിലൂടെ സ്വപ്‌നം കണ്ടിരുന്നത്. ഏക സിവില്‍കോഡും ബഹുസ്വരതയും ഹിന്ദുത്വയും ശക്തമായ ചര്‍ച്ചകള്‍ക്ക് വേദിയായിക്കൊണ്ടിരുന്ന സമയമായിരുന്നു ഇത്. നോട്ട് പ്രശ്‌നം വന്നതോടെ എല്ലാം പോയി മറഞ്ഞിരിക്കുകയാണ്. പുതിയ ഓരോരോ ഇഷ്യൂകള്‍ കൊണ്ട് വന്ന് മോദി തന്ത്രപരമായി രാഷ്ട്രീയം കളിക്കുകയാണ് ചെയ്യുന്നത്. നോട്ട് മാറ്റ പ്രഖ്യാപനത്തിന് ഈ നേരം തന്നെ തെരഞ്ഞെടുത്തത് ഈ തന്ത്രം എത്രമാത്രം സത്യമായിരുന്നുവെന്നത് വ്യക്തമാക്കുന്നു. നോട്ട് വഷയത്തില്‍ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തിയില്ലായെന്നതും ഈ വാദത്തെ ശക്തിപ്പെടുത്തുന്നതാണ്. ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താനും തങ്ങളുടെ ഇമേജ് വര്‍ദ്ധിപ്പിക്കാനും എന്തു നിലപാടും സ്വീകരിക്കാമെന്ന തരത്തിലാണ് ഇന്ന് മോദി ടീം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പെട്ടന്നു പെട്ടന്നു സ്‌ക്രീന്‍ മാറ്റിക്കൊണ്ടിരിക്കുന്ന ഇവര്‍ അടുത്തത് എന്താണ് പുറത്തെടുക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്നത് കാത്തിരുന്നു കാണാം. ഇതുവരെയുള്ള ചര്‍ച്ചകളെയെല്ലാം മറപ്പിച്ചുകളയുന്നതായിരിക്കും അതെന്ന് നമുക്ക് ഉറപ്പിക്കാം. അത്രമാത്രം, കുതന്ത്രങ്ങളുള്ള ഒരു ബ്യൂറോക്രാറ്റ് ടീമാണ് മോദിയെ ഇന്ന് നയിച്ചുകൊണ്ടിരിക്കുന്നത്. പണ്ട് ഇല്ലാത്ത ഗുജറാത്ത് പുരോഗതിയെ മോഡലായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പ് കാലത്ത് ഇമേജ് നേടിയ പോലെ ഇന്ന് ഇത്തരം ട്രിക്കുകളിലൂടെ രംഗം കീഴടക്കാനും 'പുതിയ കാലത്തിന്റെ അനിഷേധ്യ നായകനുമായി' മാറാനുള്ള ശ്രമത്തിലാണ് മോദി. മുമ്പത്തേതു പോലെ മോദിയെ ഹൈലൈറ്റ് ചെയ്യുന്ന വിധത്തില്‍ കോടികളുടെ പരസ്യം ഇറക്കി ആ ടീം അതിന് രംഗത്തിറങ്ങിക്കഴിഞ്ഞു. ഓണ്‍ ലൈനിലെവിടെയും ഇന്ന് വീണ്ടും അതിശയിപ്പിക്കുന്ന മോദീ പരസ്യങ്ങള്‍ മിന്നിമറിയാന്‍ തുടങ്ങിയിരിക്കുന്നു. ഇതെല്ലാം കാണുന്ന ഒരാള്‍ക്ക് സ്വാഭാവികമായും അതിശയം തോന്നിപ്പോകും. പക്ഷെ, ഇത്തരം കപട മുഖങ്ങളിലൂടെ മോദി ടീം മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് രക്തത്തിന്റെയും വര്‍ഗീയ കലാപങ്ങളുടെയും മണമുള്ള മോദിയുടെ യഥാര്‍ത്ഥ മുഖമാണെന്നത് തിരശ്ശീലക്കു പിന്നില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗുജറാത്ത് മുതല്‍ ഏകസിവില്‍കോഡ് വരെയുള്ള വിഷയങ്ങളില്‍ മോദി സ്വീകരിച്ച വര്‍ഗീയ-കപട-പക്ഷപാതിത്ത നിലപാടുകളുടെ കറ മായ്ച്ചുകളയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്ന് ഈ കാര്‍ഡുകളി തുടരുന്നത് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ ഫാസിസ്റ്റ് നാടകം ഏതുവരെ പോകുമെന്ന് കാത്തിരുന്നു കാണാവുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter