റമളാൻ ഡ്രൈവ് (ഭാഗം 26) നവൈതു
പുഞ്ചിരി സ്വദഖയാണെന്നതാണ് ഇസ്‍ലാമിന്റെ ദര്‍ശനം. ഇത് പറയുന്ന ഹദീസുകള്‍ ധാരാളമാണ്. പുഞ്ചിരിക്കുന്ന മുഖവുമായി നിന്റെ സഹോദരനെ അഭിമുഖീകരിക്കുന്നത് പോലും സ്വദഖയാണ് എന്ന് പലയിടത്തും കാണാം.
എന്നും തന്റെ ഓഫീസിന്റെ ഗേറ്റ് കടക്കുമ്പോഴും തിരിച്ച് പോവുമ്പോഴും അവിടെയുള്ള കാവല്‍ക്കാരന് പുഞ്ചിരി സമ്മാനിക്കുന്ന ഉദ്യോഗസ്ഥനെ കുറിച്ച് കുറച്ച് മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പലപ്പോഴും എല്ലാവരും പോയിക്കഴിഞ്ഞും ഏറെ നേരം ഓഫീസില്‍ ചെലവഴിക്കുന്നതാണ് അയാളുടെ രീതി. ഒരു ദിവസം എത്ര വൈകിയിട്ടും അദ്ദേഹം തിരിച്ച് പോവുന്നത് കാണാതെ, ഗേറ്റിലെ കാവല്‍ക്കാരന്‍ അന്വേഷിച്ച് ചെന്ന് നോക്കിയപ്പോഴാണ്, നെഞ്ച് വേദന കാരണം, അനങ്ങാനാവാതെ അദ്ദേഹം കസേരയില്‍ ഇരിക്കുന്നത് കാണാനായത്. ഉടനെ ബന്ധപ്പെട്ടവരെ വിവരമറിയിച്ച് ആവശ്യമായ ചികില്‍സ ലഭ്യമാക്കാന്‍ സാധിച്ചതിനാല്‍ അദ്ദേഹത്തിന്റെ ജീവിതം തന്നെ രക്ഷപ്പെട്ടുവത്രെ. 
നോക്കൂ, ആരും പൊതുവെ ഗൌനിക്കാതെ പോവുന്ന ആ പാറാവുകാരന്ന്, സ്ഥിരമായി അദ്ദേഹം നല്കിയ പുഞ്ചിരിയാണ് ആ മനുഷ്യന്റെ ജീവന്‍ രക്ഷിച്ചത് എന്ന് പറയാം. അധികമാരില്‍നിന്നും കിട്ടാത്ത ആ പുഞ്ചിരി കാത്തിരിക്കാറായിരുന്നു അയാള്‍. അത് കൊണ്ട് തന്നെ, അദ്ദേഹം വരുന്നതും പോവുന്നതും അയാള്‍ നന്നായി ശ്രദ്ധിക്കുമായിരുന്നു. അപകടകങ്ങള്‍ക്കുള്ള പരിചയാണ് ധര്‍മ്മം എന്ന പ്രവാചക വചനത്തെ ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍, പുഞ്ചിരിയും എത്ര വലിയ ധര്‍മ്മമാണെന്ന് നമുക്ക് ബോധ്യമാവും.
പല വളവുകളെയും നിവര്‍ത്താനുതകുന്ന ചെറിയൊരു വളവാണ് പുഞ്ചിരി എന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. സുന്നതെന്ന കരുത്തോടെ ചെയ്യുമ്പോള്‍, ചെലവുകളൊന്നുമില്ലാതെ ആര്‍ക്കും ചെയ്യാവുന്ന സ്വദഖ കൂടിയാണ് അത്. 
പുഞ്ചിരിയിലൂടെ സമ്മാനിക്കപ്പെടുന്നത് പോസിറ്റീവ് ഊര്‍ജ്ജമാണെന്ന് പറയാം. എത്ര പ്രയാസമുള്ളവനും അത് ആശ്വാസം പകരും. തന്നെ നോക്കി പുഞ്ചിരിക്കാന്‍ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന ചിന്ത, ജീവിക്കാനുള്ള ഊര്‍ജ്ജം തന്നെ പകര്‍ന്നേക്കാം. പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കമായ പുഞ്ചിരിയാണ്, എത്ര പ്രയാസങ്ങള്‍ സഹിച്ചും അവന് വേണ്ടി ജീവിക്കാന്‍ മാതാവിനെ പ്രാപ്തയാക്കുന്നത്. 
ചെലവുകളൊന്നുമില്ലാതെ ചെയ്യാവുന്ന ഈ സ്വദഖ നമുക്ക് ജീവിതത്തിന്റെ ഭാഗമാക്കാം. അതിന് കൂടി നമുക്കൊരു നവൈതു വെക്കാം, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter