സമുദ്രങ്ങളെല്ലാം മഷിയായിരുന്നെങ്കില്‍...

ഒരു അമേരിക്കൻ മാധ്യമപ്രവർത്തകയും ഒരു ഇന്ത്യൻ മദ്രസ അധ്യാപകനും തമ്മിലുള്ള സൗഹൃദത്തിന്റെ ഫലമാണ്  If the Oceans were Ink എന്ന പുസ്തകം. ഓക്സ്ഫോർഡിൽ വെച്ചാണ് കാർല പവറും ഷെയ്ഖ് അക്റം നദ്‌വിയും പരിചയപ്പെടുന്നത്. ദക്ഷിണേഷ്യയിലെ ഇസ്‌ലാമിന്റെ വ്യാപനത്തെ കുറിച്ചുള്ള ഒരു ഗവേഷകസംഘത്തിൻ്റെ ഭാഗമായിരുന്നു ഇരുവരും. തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പുലർത്തുന്നവർ.  സെക്കുലറും മോഡേണുമായ ഒരു സ്ത്രീയും നദ്‌വയിൽ പഠിച്ച് അവിടെ തന്നെ കുറേ കാലം പഠിപ്പിച്ച ഒരു ട്രഡീഷണൽ ഷെയ്ഖും. ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി.  പുസ്തകത്തിൻ്റെ ടാഗ് ലൈനിൽ പറയും പോലെ An unlikely friendship. 

ഖുർആൻ പഠിക്കാൻ വേണ്ടി കാർല ഷെയ്ഖിനോടൊപ്പവും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പവും നടത്തിയ സംഭാഷണങ്ങളുടെയും യാത്രകളുടെയും കാർലയുടെ തന്നെ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും തിരിച്ചറിവുകളുടെയും പുസ്തകമാണിത്. ഖുർആനിലെ ഓരോ വിഷയങ്ങളുമെടുത്ത് അവർ കഫേകളിലും ലെക്ച്ചർ ഹാളിലും യാത്രക്കിടയിലും ചർച്ച ചെയ്യുന്നു. തങ്ങളുടെ വീക്ഷണങ്ങളെ കാപട്യമില്ലാതെ തുറന്ന് കാട്ടുന്നു. പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുന്നു. 
ഇവിടെ, ഇസ്‌ലാമിനെ കുറിച്ച പല വിവാദ വിഷയങ്ങളെയും വളരെ ആഴത്തിൽ ഇവർ ചർച്ച ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകളുടെ അവകാശം, അനന്തരാവകാശം, ഹിജാബ്, വിവാഹം, മതനിയമങ്ങളിൽ സംസ്കാരത്തിന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ ഇടയ്ക്കിടെ പരിശോധിക്കുന്നുണ്ട്.  ഖുർആനും നബി ജീവിതവും വായിക്കേണ്ടതെങ്ങനെ എന്നതാണ് ഇതിലെ പ്രധാന സന്ദേശം. 

 ഗ്രന്ഥകാരി തൻ്റെ പതിനൊന്നാം വയസ്സിൽ കൈറോവിലെ താമസക്കാലത്ത് വാങ്ങിയ പോക്കറ്റിൽ വെക്കാവുന്ന ഒരു ചെറിയ മുസ്ഹഫിനെ ഓർത്ത് കൊണ്ടാണ് ആമുഖം തുടങ്ങുന്നത്. പിന്നീട് തൻ്റെ പഠനകാലത്തും തുടർന്നും ലഭിച്ച  ഖുർആൻ പരിഭാഷകളെ കുറിച്ചും പറയുന്നു. ശേഷം ഖുർആനെ കുറിച്ചുള്ള ഗൗരവമായ ചർച്ചകളിലേക്ക് കടക്കുന്നു. ഖുർആൻറെ ആജ്ഞാശേഷിയെക്കുറിച്ചും  വിത്യസ്ത ചിന്താഗതിയുള്ളവർ തങ്ങളുടെ വാദത്തിന് തെളിവായി ഖുർആനെ  വ്യാഖ്യാനിക്കുന്നതിനെക്കുറിച്ചും പറഞ്ഞതിനുശേഷം അക്റം നദ്‌വി യോടൊപ്പം ഖുർആൻ പഠിക്കാൻ തുടങ്ങിയ സാഹചര്യത്തെ കുറിച്ച് കാർല വിവരിക്കുന്നു. ഇരുവരും ഓക്സ്ഫോർഡിലെ സഹപ്രവർത്തകരായിരുന്നു  എന്ന കാര്യം  നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇക്കാലത്താണ് അദ്ദേഹം ഒമ്പതിനായിരത്തിൽപരം ഹദീസ് പണ്ഡിതവനിതകളെക്കുറിച്ച് നാൽപത്തിമൂന്ന് വാള്യങ്ങളുള്ള ഒരു ജീവ ചരിത്ര നിഘണ്ടു തയ്യാറാക്കിയത്. ഇതിനെ സംഗ്രഹിച്ചു കൊണ്ട് മുഹദ്ദിസാത്ത് എന്ന പേരിൽ ഒരു പുസ്തകം ഇംഗ്ലീഷിലും കൂടാതെ  നിരവധി ചരിത്ര, കർമ്മശാസ്ത്ര, വ്യാകരണ ഗ്രന്ഥങ്ങൾ അറബിയിലും ഉറുദുവിലും അദ്ദേഹം രചിച്ചിട്ടുണ്ട്. അറബി, ഉറുദു, ഫാരിസി, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ നിപുണനാണദ്ദേഹം. ഇസ്‌ലാമിക വിഷയങ്ങളിൽ ഹദീസ് പഠനത്തിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.
കാർല പവർ ഈ പുസ്തകത്തെ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. Origin എന്ന ആദ്യ ഭാഗത്തിൽ പാശ്ചാത്യ പൗരസ്ത്യ സംസ്കാരങ്ങളെ കുറിച്ച് വിവരിക്കുന്നു. അക്റം നദ്‌വിയുടോപ്പം ഒരു കഫേയിലിരുന്ന് ഫാത്തിഹയുടെ അർഥതലങ്ങളെ കുറിച്ച് ചർച്ച ചെയ്ത് ഖുർആൻ പഠനം തുടങ്ങുന്നു.

കാർല  തൻറെ പിതാവിൻറെ ജോലി ആവശ്യാർത്ഥം ചെറുപ്പകാലം ചെലവഴിച്ചത് പ്രധാന  മുസ്ലിം നഗരങ്ങളായ ടെഹ്റാൻ,കാബൂൾ, കൈറോ എന്നിവിടങ്ങളിലാണ്. An American in the East എന്ന അധ്യായത്തിൽ അക്കാലത്തെ മുസ്ലിം ലോകത്തെ കുറിച്ചുള്ള  അവരുടെ ഓർമ്മകൾ അയവിറക്കുന്നുണ്ട്. ശേഷം വരുന്ന A Muslim in the West എന്ന അധ്യായത്തിൽ ഇന്ത്യയിൽ ജനിച്ച് വളർന്ന അക്റം നദ്‌വിയുടെ നിലവിലെ ഇംഗ്ലണ്ട് ജീവിതത്തെക്കുറിച്ചും വൈജ്ഞാനിക സേവനങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു. നാലാം അദ്ധ്യായത്തിൽ  കാർല അക്റമിൻ്റെ ജന്മനാടായ ഉത്തർപ്രദേശിലെ ജാംദഹാൻ സന്ദർശിച്ച് അവിടത്തെ ഗ്രാമീണമായ മുസ്‌ലിം സംസ്കാരത്തെ മനസ്സിലാക്കുന്നു. പലപ്പോഴും സംസ്കാരിക ചിഹ്നങ്ങൾ മതമൂല്യങ്ങളുടെ പ്രഭ കെടുത്തുകയോ പിന്തള്ളുകയോ ചെയ്യുന്നുണ്ട്. അതിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് അക്റം ഇവിടെ വാചാലനാവുന്നുണ്ട്. മുസ്‌ലിം ലോകത്തെ പല പ്രശ്നങ്ങളും മതത്തെ തങ്ങളുടെ സംസ്കാരത്തിനൊത്ത് വ്യാഖ്യാനിക്കാൻ ശ്രമിച്ചത് കൊണ്ട് മാത്രം ഉണ്ടായതാണ്. മൂല്യങ്ങളുടെ മേലാണ് മതനിയമങ്ങൾ നിർമ്മിക്കപ്പെട്ടത്. മൂല്യങ്ങളില്ലാത്ത നിയമം വെറും ചട്ടക്കൂട് മാത്രമാണ്. ഈ അധ്യായത്തിൽ അക്റമിൻ്റെ നദ്‌വ പഠനകാലത്തെ രസകരമായ പല സംഭവങ്ങളും വിവരിക്കുന്നുണ്ട്. മത-ഭൗതിക സമന്വയ വിദ്യാഭ്യാസം നദ്‌വയിൽ സൃഷ്ടിച്ച ധൈഷണിക മുന്നേറ്റത്തെ കുറിച്ചും ഇവിടെ വായിക്കാം. ഫിഖ്ഹും മൻതിഖും നഹ്വും പഠിച്ച കാലത്ത് തന്നെയാണ് അക്റം ഷേക്സ്പിയറിനെയും ഫ്രോയ്ഡിനെയും സാർത്രനെയും വായിച്ചത്. അക്കാലത്തെ 'ബുദ്ധിജീവി'കളുടെ പ്രധാന ചർച്ചാവിഷയം എക്സിസ്റ്റെൻഷ്യലിസം ആയിരുന്നെന്ന് അക്റം ഓർത്തെടുക്കുന്നു.

 The home എന്ന രണ്ടാം ഭാഗത്തിൻ്റെ തുടക്കത്തിൽ അക്റം കുടുംബത്തിൻ്റെ ഇംഗ്ലണ്ടിലെ  ജീവിതത്തെക്കുറിച്ച്  വിവരിക്കുന്നു. അദ്ദേഹത്തിൻറെ ഭാര്യ ഫർഹാനയുടെയും ആറു പെൺമക്കളുടെയും കാർലയുമായുള്ള സംഭാഷണങ്ങൾ ഇടയ്ക്കിടെ ഇവിടെയും പിന്നീടുള്ള അധ്യായങ്ങളിലും കടന്നു വരുന്നുണ്ട്. പാശ്ചാത്യലോകത്തെ  മുസ്ലിം സ്ത്രീ അനുഭവങ്ങൾ മനസ്സിലാക്കാൻ ഈ ഭാഗങ്ങൾ സഹായിക്കും. ശേഷം ഈ പുസ്തകത്തിലെ തന്നെ  പ്രധാന വിഷയങ്ങളിലൊന്നായ മുസ്‌ലിം സ്ത്രീകളുടെ വൈജ്ഞാനിക മുന്നേറ്റത്തെ കുറിച്ചുള്ള ചർച്ചയിലേക്ക് കടക്കുന്നു. തിരുനബി (സ) സ്ത്രീകളെ പുരുഷന്മാരെക്കാൾ കുറച്ചു കാട്ടുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് അക്റം തൻറെ  വിദ്യാർത്ഥികളോട് പറയുന്നു. ഒരിക്കൽ നബി(സ)യുടെ സദസ്സിലേക്ക് ഒരാൾ തൻറെ രണ്ടു മക്കളുമായി വന്നു. അദ്ദേഹം  തൻറെ മകളെ നിലത്തിരിത്തുകയും മകനെ മുത്തം വെച്ച് തൻ്റെ മടിയിൽ ഇരുത്തുകയും ചെയ്തു. നബി (സ) അദ്ദേഹത്തോട് ഗൗരവത്തോടെ ചോദിച്ചു: നീയെന്തേ രണ്ടുപേരോടും ഒരേപോലെ പെരുമാറുന്നില്ല.

അക്റമിൻ്റെ ക്ലാസ്സിൽ  നിരവധി വിദ്യാർഥിനികളും പതിവായി സന്നിഹിതരാവാറുണ്ട്. അവരോട് അദ്ദേഹം ഇസ്ലാമിനെ വളരെ ആഴത്തിൽ പഠിക്കാനും  സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങളിൽ നിരന്തരം സംസാരിക്കാനും പുസ്തകങ്ങൾ എഴുതാനും പറയാറുണ്ട്. 
Nine thousand Hidden women എന്ന അദ്ധ്യായത്തിലാണ് ഒമ്പതിനായിരത്തിൽ പരം ഹദീസ് പണ്ഡിതവനിതകളുടെ ജീവിതം രേഖപ്പെടുത്തിയ നാൽപത് വാള്യങ്ങളുള്ള ജീവ ചരിത്ര നിഘണ്ടുവിനെ കുറിച്ച് സംസാരിക്കുന്നത്. മുസ്ലിം സ്ത്രീയെ പറ്റിയുള്ള  പൊതു ധാരണകളെ അട്ടിമറിക്കുന്ന ഒരു പുസ്തകമാണ് മേൽപ്പറഞ്ഞ ബൃഹദ് ഗ്രന്ഥത്തിൻറെ  സംഗ്രഹമായ Al Muhaddithat: The women scholars in Islam. ഏഴാം നൂറ്റാണ്ടിൽ  ദമസ്കസിലെയും ജെറുസലേമിലെയും പള്ളികളിൽ ഫിഖ്ഹ് പഠിപ്പിച്ച ഉമ്മുദ്ദർദാ എന്ന മഹതിയെ കുറിച്ച് വായിക്കാം. അവരുടെ സദസ്സിൽ ആണുങ്ങളും പെണ്ണുങ്ങളും ചില അവസരങ്ങളിൽ ഖലീഫ പോലും  സന്നിഹിതരായിരുന്നു. അപ്രകാരം തിരുനബിയുടെ പള്ളിയിൽ  ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും അധ്യാപനം നടത്തിയ  പതിനാലാം നൂറ്റാണ്ടിലെ ഫാത്തിമ അൽ ബത്തൈഹിയ്യ എന്ന സിറിയൻ പണ്ഡിതയുടെ ചരിത്രവും ഇന്ന് നമുക്ക് ഒരു വിസ്മയമായി തോന്നാം. റൗളയുടെ  ചാരെയിരുന്നാണ് മഹതി അധ്യാപനം നടത്തിയിരുന്നതെന്ന് അവരുടെ ഒരു വിദ്യാർത്ഥി രേഖപ്പെടുത്തുന്നു. തൻ്റെ ഹദീസ് പഠനങ്ങൾക്കിടയിൽ യാദൃശ്ചികമായാണ് അദ്ദേഹം ഹദീസ് ജ്ഞാനലോകത്തെ ശക്തമായ സ്ത്രീ സാന്നിധ്യത്തെ കുറിച്ച് ഒരു പുസ്തകം രചിക്കാൻ തീരുമാനിക്കുന്നത്. ഏതാനും ചില പേജുകളിലൊതുങ്ങുമെന്ന് വിചാരിച്ച ഈ ഉദ്യമം നാൽപതു വാള്യങ്ങളുള്ള ഒരു ബൃഹദ് ഗ്രന്ഥമായി പരിണമിച്ചു. തുടക്കത്തിൽ ഇരുപതോ മുപ്പതോ  സ്ത്രീകളിൽ ഈ പഠനം അവസാനിക്കുമെന്നാണ് അക്റം കരുതിയത്.

എന്നാൽ തൻറെ രചന പൂർത്തിയാക്കിയപ്പോഴേക്കും ഒമ്പതിനായിരത്തിൽ പരം പണ്ഡിതവനിതകളുടെ ജീവിതം ചരിത്രത്താളുകളിൽ നിന്ന് കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചു. തിരുനബിയുടെ കാലം  മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള പണ്ഡിതവനിതകളുടെ വിവരണം ഈ ഗ്രന്ഥത്തിലുണ്ട്. സ്ത്രീകൾ ഇത്രമാത്രം സജീവരായ, കർമ്മോദ്യുക്തരായ, കേന്ദ്രസ്ഥാനീയരായ വേറൊരു മതപാരമ്പര്യവും ചരിത്രത്തിലില്ലെന്ന് അക്റം നദ്‌വി കുറിക്കുന്നു. പള്ളികളിൽ  ദർസ് നടത്തിയിരുന്ന, ഫത്‌വ നൽകിയിരുന്ന, പ്രഭാഷണ പര്യടനങ്ങൾ  നടത്തിയിരുന്ന ആ മഹതികളെ കുറിച്ച വിവരണങ്ങൾ ഇക്കാലത്ത് പലർക്കും ആശ്ചര്യമായി തോന്നാം.

എന്നാൽ ഇതുതന്നെയാണ് വസ്തുത. മധ്യകാലഘട്ടത്തിൽ സമർഖന്ദിലെ കോടതിവിധികൾ പുറപ്പെടുവിച്ചിരുന്ന ഫാത്തിമ അൽ സമർഖന്ദിയ്യ; കർമശാസ്ത്ര പണ്ഡിതനായ തൻറെ ഭർത്താവിന് ഫിഖ്ഹിലെ സങ്കീർണ്ണ വിഷയങ്ങളിൽ  പരിഹാരം പറഞ്ഞു കൊടുത്തിരുന്ന പതിമൂന്നാം നൂറ്റാണ്ടിലെ ഫാത്തിമ ബിൻത് യഹ്‌യ;  ചൈനയിൽ താമസമാക്കിയ ഒരു സ്പാനിഷ് കുടുംബത്തിൽ ജനിച്ച് ബുഖാറ, സമർഖന്ദ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ പഠിച്ച്, ബഗ്ദാദിലും ദമസ്കസിലും ജെറുസലേമിലും അധ്യാപനം നടത്തി തൻറെ എഴുപത്തിയെട്ടാം വയസ്സിൽ  കൈറോവിൽ വെച്ച് നിര്യാതയായ പതിനൊന്നാം നൂറ്റാണ്ടിലെ ഫാത്തിമ ബിൻത് സഅ്ദ് അൽ ഖൈർ എന്ന കോസ്മോപൊളിറ്റൻ സ്കോളർ. ഇങ്ങനെ  ആയിരക്കണക്കിന് മഹദ് വനിതകളാൽ സമ്പന്നമായിരുന്നു  മുസ്ലിം  ജ്ഞാനപാരമ്പര്യം. താൻ കണ്ടെത്തിയത് മുസ്‌ലിം സ്ത്രീ ചരിത്രത്തിൻറെ  ചെറിയൊരു ശകലം മാത്രമാണെന്നും ഇനിയുമേറെ ഗവേഷണങ്ങൾ ഈ മേഖലയിൽ നടക്കേണ്ടിയിരിക്കുന്നുവെന്നും അക്റം പറയുന്നു. ഇക്കാലത്തെ  മുസ്ലിം സ്ത്രീകൾ തങ്ങളുടെ  മഹത്തായ  പാരമ്പര്യത്തിൽനിന്ന് ഊർജ്ജമുൾക്കൊണ്ട് വൈജ്ഞാനിക രംഗത്ത്  സജീവമാകണമെന്നും അദ്ദേഹം  ഇതോടൊപ്പം കൂട്ടിച്ചേർക്കുന്നു. 

തുടർന്നുവരുന്ന അധ്യായങ്ങളിൽ വിവാഹത്തിൽ സ്ത്രീയുടെ അവകാശത്തെക്കുറിച്ചും ഹിജാബ്, നിഖാബ് സംബന്ധിയായ  മത-സാംസ്കാരിക സമസ്യകളെ കുറിച്ചും ചർച്ച ചെയ്യുന്നു. Reading 'The Women' എന്ന ശീർഷകത്തിൽ കാർല അക്റം നദ്‌വിയുടോപ്പം സൂറ നിസാഅ് വായിക്കുന്നു. സ്ത്രീകളുടെ അനന്തരാവകാശം, ഖിവാമയുടെ വിത്യസ്ത മാനങ്ങൾ, ഇക്കാലത്ത് പലപ്പോഴും തർക്കിക്കപ്പെട്ട  4:34 സൂക്തം തുടങ്ങിയവയെ കുറിച്ച് അവർ സംഭാഷണം നടത്തുന്നു. 

മൂന്നാമത്തേതും ഒടുവിലത്തേതുമായ  The World എന്ന ഭാഗം തുടങ്ങുന്നത് അക്റമിൻ്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിൽ നിന്നും  ഉംറ ചെയ്യാൻ വേണ്ടി വിമാനം കാത്തിരിക്കുന്ന രംഗം വിവരിച്ചാണ്. ഹജ്ജും ഉംറയും ഒരു  മുസ്ലിമിൻറെ ജീവിതത്തിൽ എത്രമാത്രം പ്രധാനമാണെന്ന് അമുസ്ലിമായ  കാർല മനസ്സിലാക്കുന്നു. മക്ക,മദീനയുടെ പ്രൗഡിയെ കുറിച്ചും  സൗദി പരിഷ്കരണം ആ പുണ്യനഗരങ്ങളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും  അവർ വാചാലയാകുന്നുണ്ട്. 

ഒടുവിലത്തെ മൂന്ന് അദ്ധ്യായങ്ങളിൽ Political Islam, political quietism, Extremism, terrorism തുടങ്ങിയ വിഷയങ്ങളെ വിസ്തരിക്കുന്നു. അക്റം ഒരു political quietist ആണെന്ന് തോന്നുന്നു. Political Islam ൻ്റെ ഉദ്ദേശലക്ഷ്യങ്ങളെ അദ്ദേഹം ശക്തമായി തള്ളിപ്പറയുന്നുമുണ്ട്. The Pharaoh and His Wife എന്ന ചാപ്റ്ററിൽ അക്റമിൻ്റെ വിദ്യാർഥിനിയായ ഈജിപ്തുകാരി മോനയുമായി അദ്ദേഹം നടത്തുന്ന സംവാദങ്ങളെ വിശദമായി വിവരിക്കുന്നുണ്ട്. ഹുസ്നി മുബാറക്കിന്റെ ഭരണകാലത്ത് ഒരുപാട് പീഡനങ്ങൾ ഏൽക്കേണ്ടി വന്ന കുടുംബമാണ് മോനയുടേത്. മുസ്‌ലിം ബ്രദർഹുഡിൻ്റെ സജീവ പ്രവർത്തകയുമാണവൾ. ഈജിപ്തിലെ തടവറയിൽ കഴിയേണ്ടിവന്ന യൂസഫ് നബി(അ)യുടെയും ഫിർഔൻറെ പത്നിയായിരുന്ന ആസിയ(റ)യുടെയും ജീവിതത്തിൽ നിന്ന് പാഠമുൾക്കൊള്ളാൻ അക്റം ഉപദേശിക്കുന്നു.

എന്നാൽ അക്രമിയായ  ഭരണാധിപനു മുൻപിൽ പഞ്ചപുച്ഛമടക്കി നിൽക്കാൻ നീതിയുടെ മതമായ  ഇസ്ലാം തന്നോട് കൽപ്പിക്കുന്നില്ലെന്നാണ് മോനയുടെ മറുപടി. തുടർന്ന് അക്റം ഹുദൈബിയ സന്ധിയുടെ പാഠത്തിലേക്ക് കടക്കുന്നു. തുടക്കത്തിൽ ബലഹീനമെന്ന് നമുക്ക്  തോന്നാവുന്ന ചില തീരുമാനങ്ങൾ പിന്നീട് ശരിയായിരുന്നുവെന്ന് ബോധ്യപ്പെടും. പൂർണ്ണമായും രാഷ്ട്രീയത്തിൽനിന്ന്  മാറി നിൽക്കാനാണ് അക്റം താൽപര്യപ്പെടുന്നത്. സ്റ്റേറ്റ് സ്ഥാപിക്കലല്ല ഇസ്ലാമിൻറെ ലക്ഷ്യം. രാഷ്ട്രീയം ഇസ്ലാമിൻറെ ചെറിയൊരു ഭാഗം മാത്രമാണ്; അല്ലാതെ ഇസ്ലാം മുഴുവനും രാഷ്ട്രീയമല്ല. ഒരു ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിച്ചത്  കൊണ്ട് അവിടെ ഇസ്ലാം പുലരണമെന്നില്ല. സമകാലികമായ ഒരുപാട് ഉദാഹരണങ്ങൾ അദ്ദേഹം തൻറെ വാദം സമർത്ഥിക്കാനായി കൊണ്ട് വരുന്നുണ്ട്. ഇസ്ലാമിസം തന്നെയും വെസ്റ്റേൺ നാഷണലിസത്തോടുള്ള അമർഷം കാരണം ആവിഷ്കരിക്കപ്പെട്ട ആൾട്ടർണേറ്റീവാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാൽ മോനയുടെ വാദങ്ങളും  ഏറെ പ്രസക്തമാണ്. ശാന്തമായ ഓക്സ്ഫോർഡിലിരുന്ന് ഇങ്ങനെയൊക്കെ പറയാം. പക്ഷേ, ഈജിപ്ത് പോലെ ഒരു ഏകാധിപത്യ രാജ്യത്ത് അടിച്ചമർത്തപ്പെട്ട് ജീവിക്കുന്നവർക്ക് ഇങ്ങനെ ചിന്തിക്കാനാവില്ലെന്ന് മോന തൻ്റെ ജീവിതാനുഭവങ്ങൾ വെച്ച് വാദിക്കുന്നു.

തീവ്രവാദികൾ ഖുർആനെ തങ്ങളുടെ ചെയ്തികൾക്ക് ന്യായമായെടുക്കുന്നതിനെയൊക്കെ അക്റം നദ്‌വി വളരെ നിശിതമായി വിമർശിക്കുന്നുണ്ട്.  മദ്രസയിൽ പഠിച്ചവരാരും തീവ്രവാദികളാകില്ല എന്ന് ഒരിടത്ത് അദ്ദേഹം തറപ്പിച്ച് പറയുന്നുണ്ട്. ഇത് സമ്മതിച്ചു കൊണ്ട് കാർല ചില പഠനങ്ങളും ഉദ്ധരിക്കുന്നുണ്ട്. തീവ്രവാദികൾ മതം ആഴത്തിൽ പഠിക്കാത്തവരും ഗൂഗിളിന് ചുവട്ടിലിരുന്ന് മുഫ്തി പട്ടം നേടിയവരുമാണെന്ന് War stories എന്ന പതിനഞ്ചാം അദ്ധ്യായത്തിൽ വായിക്കാം. നാനൂറോളം തീവ്രവാദികളുടെ പുരാവൃത്തം വിശകലനം ചെയ്ത ഒരു പഠനം പറയുന്നത് അവരിൽ പതിമൂന്ന് ശതമാനം ആളുകൾ മാത്രമേ മദ്രസകളിൽ പഠിച്ചിട്ടുള്ളുവെന്നാണ്. തീവ്രവാദികളിൽ പലരും  പാശ്ചാത്യരാജ്യങ്ങളിൽ എഞ്ചിനീയറിങ്ങും മെഡിസിനും പഠിച്ച് തിരിച്ചു വന്നവരാണ്. 'വെസ്റ്റിനുള്ളതാണ് അവർക്കും വേണം, അവർക്ക് അധികാരം വേണം, സ്റ്റേറ്റ് വേണം. ഇസ്ലാമിനെ അവർ വെസ്റ്റിന് ബദലായി ഉപയോഗിക്കുന്നു. അവർക്ക് ആത്മീയത ഇല്ല. അവർ ഭൗതിക തൽപരരാണ്', അക്റം പറയുന്നു. ജിഹാദിൻ്റെ പേരിൽ കൊല്ലപ്പെടുന്നവരിൽ ബഹു ഭൂരിഭാഗവും മുസ്‌ലിംകളാണെന്ന കാര്യവും ഇവരുടെ ലക്ഷ്യം ഇസ്ലാമിൻ്റെ ഉന്നതി അല്ല എന്ന കാര്യത്തിന് അടിവരയിടുന്നു. ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാൽ മാത്രമേ ജിഹാദ് ചെയ്യാൻ പറ്റുകയുള്ളുവെന്ന് അക്റം അച്ചട്ടായി പറയുന്നു. പ്രവാചക കാലത്തെ യുദ്ധങ്ങളെ അവയുടെ  സാഹചര്യങ്ങൾക്കകത്ത് വെച്ച് മാത്രമേ  വായിക്കാൻ പാടുള്ളൂ. ടെക്സ്റ്റ് വായിക്കുമ്പോൾ അതിന്റെ കോൺടക്സ്റ്റും കൂടെ വായിക്കണം. 

പശ്ചാത്യ  സംസ്കാരവും  മുസ്ലിം സംസ്കാരവും  തമ്മിലുള്ള വ്യത്യാസത്തെ കുറിക്കുന്ന കാർലയുടെ രസകരമായ  ഒരു വിവരണം കൂടി ഉദ്ധരിച്ച് ഈ എഴുത്ത് നിർത്താം: ഒരിക്കൽ ഓക്സ്ഫോർഡിൽ ജോലി ചെയ്യവേ കാർല ഒരു റൂമിൽ കയറി. അവിടെ പാകിസ്താനിൽ നിന്നുള്ള സഹപ്രവർത്തകൻ ഇഫ്തിഖാർ നിസ്കരിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് ഞെട്ടിയ കാർല പെട്ടെന്ന് തന്നെ പുറത്തേക്ക് വന്നു. ശേഷം അദ്ദേഹത്തോട് ക്ഷമാപണം നടത്തി. ചിരിച്ച് കൊണ്ട് ഇഫ്തിഖാർ പറഞ്ഞു: 'ഇതാണ് നമ്മൾക്കിടയിലെ വിത്യാസം. നിങ്ങൾ പാശ്ചാത്യർ പരസ്യമായി പ്രേമസല്ലാപം നടത്തും; രഹസ്യമായി ആരാധന നടത്തും. എന്നാൽ ഞങ്ങൾ മുസ്‌ലിംകൾ നേരെ തിരിച്ചാണ് ചെയ്യാറുള്ളത്.

ആധുനിക ലോകത്തെ ട്രഡീഷണൽ മുസ്‌ലിം ജീവിതത്തെ അടുത്തറിയാൻ ഏറെ ഉപകരിക്കുന്ന പുസ്തകമാണ് If the Oceans were Ink.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter