സമാധാന കരാറിൽ പുരോഗതി: അഫ്ഗാൻ സർക്കാർ അനുകൂലികളായ 20 തടവുകാരെ താലിബാൻ വിട്ടയച്ചു
കാബൂൾ: അമേരിക്കൻ സർക്കാറുമായി ഒപ്പിട്ട സമാധാന കരാറിലെ വ്യവസ്ഥ പാലിച്ച് അഫ്ഗാൻ സർക്കാർ അനുകൂലികളായ 20 തടവുകാരെ താലിബാൻ വിട്ടയച്ചു. കാണ്ഡഹാറിലെ ജയിലിൽ അടച്ചിരുന്ന 20 തടവുകാരെ മോചിപ്പിച്ചതായി താലിബാൻ വക്താവ് സുഹൈലി അറിയിച്ചു. റെഡ്ക്രോസ് അധികൃതർക്കാണ് തടവുകാരെ കൈമാറിയത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ 300 താലിബാൻ തടവുകാരെ അഫ്ഗാൻ സർക്കാർ മോചിപ്പിച്ചതിന് പിന്നാലെയാണ് താലിബാന്റെ തീരുമാനം.

ഏറെക്കാലത്തെ സംഘർഷങ്ങൾക്ക് ശേഷം ഈവർഷം ഫെബ്രുവരിയിൽ ദോഹയിൽ വെച്ചാണ് അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പു വെച്ചത്. താലിബാൻ തടവുകാരെ വിട്ടയക്കുക, അമേരിക്കൻ സൈന്യം രാജ്യം വിടുക എന്നതായിരുന്നു സമാധാന കരാറിലെ പ്രധാന നിർദ്ദേശങ്ങൾ. അഫ്ഗാൻ സർക്കാരിന്റെ തടവിലുള്ള 5000 താലിബാൻ പ്രവർത്തകരെ വിട്ടയക്കാൻ സർക്കാർ തയ്യാറാവാതിരുന്നതോടെയാണ് താലിബാൻ ഇടഞ്ഞിരുന്നത്.

ഒടുവിൽ അമേരിക്ക ഇടപെട്ടത് മൂലം തടവുകാരെ കൈമാറാൻ തയ്യാറായെങ്കിലും ഒറ്റയടിക്ക് മോചിപ്പിക്കണമെന്ന താലിബാൻ ആവശ്യം സർക്കാർ ചെവിക്കൊണ്ടില്ല. ഇതാണ് പുതിയ പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നത്. അഫ്ഗാനിസ്ഥാൻ സർക്കാർ അനുകൂലികളായ തടവുകാരെ വിട്ടയച്ചതോടെ സമാധാന കരാർ വിജയത്തിലേക്ക് എത്തുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter