തെരേസ കോര്‍ബിന്‍: അന്വേഷിച്ചറിഞ്ഞ സത്യത്തോടൊപ്പം ആര്‍ജ്ജവത്തോടെ
എഴുത്തുകാരിയും ഇസ്‍ലാമിക സംവാദ-പ്രബോധന വെബ്സൈറ്റായ ‘ഇസ്‍ലാംവിച്ചി’ന്‍റെ സ്ഥാപകയും അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ് സ്വദേശിനിയുമായ തെരേസ്സ കോര്‍ബിന്‍റെ ഇസ്‍ലാമനുഭവങ്ങളില്‍ നിന്ന് വിശ്വാസത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള നിരന്തരമായ വിചാരപ്പെടലുകളും മനസ്സിലങ്കുരിച്ച സംശയങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കുമുള്ള പ്രത്യുത്തരങ്ങള്‍ തേടിയുള്ള അക്ഷീണ യത്‌നങ്ങളും അന്വേഷണങ്ങളുമാണ് തെരേസ കോര്‍ബിന്‍ എന്ന അമേരിക്കന്‍ യുവതിയെ ഇസ്‍ലാമിലേക്കാകര്‍ഷിച്ചത്. പടിഞ്ഞാറന്‍ ലോകത്ത് മുസ്‍ലിമാകാന്‍ പറ്റിയ ഏറ്റവും മോശം സമയമായ ഡബ്ല്യു.ടി.സി ആക്രമണാനന്തര വേളയില്‍ 2011 നവംബറിലാണ് ലോകമതങ്ങളെക്കുറിച്ചും ആദര്‍ശധാരകളെക്കുറിച്ചും വിശ്വാസരീതികളെക്കുറിച്ചുമുള്ള നാല് വര്‍ഷത്തെ അനുസ്യൂതമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ അവര്‍ സത്യവാചകം മൊഴിഞ്ഞ് വിശുദ്ധ മതത്തിലേക്ക് കടന്നു വന്നത്. പിതാവ് നിര്‍മ്മതവാദിയായിരുന്നെങ്കിലും കാത്തലിക് കൃസ്ത്യാനിയായിരുന്ന മാതാവിന്‍റെ വഴിയേയാണ് തെരേസ വളര്‍ന്നത്. എന്നാല്‍ തന്റെ വിശ്വാസത്തെക്കുറിച്ച് നിരന്തരം മനസ്സിലുയര്‍ന്ന ശങ്കകള്‍ക്ക് തൃപ്തികരമായ മറുപടികള്‍ ലഭിക്കാതെ വന്നതോടെ അവരുടെ കുഞ്ഞുമനസ്സില്‍ പതിയെ ആജ്ഞേയതാ വാദത്തിന്റെ വിത്തുകള്‍ മുളപൊട്ടി. അന്വേഷിക്കാനും കണ്ടെത്താനുമുള്ള ആവേശം കെട്ടടങ്ങിയിട്ടില്ലാത്തതു കൊണ്ട് അറിവിന്റെയും ആശയങ്ങളുടെയും ജീവിതാനുഭവങ്ങളുടെയുമെല്ലാം ലോകത്ത് സത്യത്തെത്തേടി അവരുടെ ഉള്ളിലും പുറത്തുമുള്ള കണ്ണുകള്‍ പരതി നടന്നു കൊണ്ടേയിരുന്നു. സത്യമെന്ന് താന്‍ പറഞ്ഞു പഠിപ്പിക്കപ്പെട്ടതിനെയെല്ലാം ആര്‍ജ്ജവത്തോടെ ചോദ്യം ചെയ്തും മതത്തെയും മനുഷ്യനെയും പ്രപഞ്ചത്തെയും കുറിച്ചുള്ള സാമാന്യ ധാരണകളെ ഭയലേശമന്യേ വെല്ലുവിളിച്ചും തന്റെ യാത്ര തുടരുന്നതിനിടക്കാണ് അവര്‍ ഇസ്ലാമിനെക്കുറിച്ച് കേള്‍ക്കുന്നത്. ആഴത്തിലുള്ള പഠനങ്ങളില്‍ നിന്ന് കേവലമായ അനുഷ്ഠാനമുറകളിലോ ആചാരക്രിയകളിലോ ഒതുങ്ങാത്തതും പ്രാദേശികമായ മതില്‍ക്കെട്ടുകള്‍ക്കകത്ത് തളച്ചിടാന്‍ കഴിയാത്തതുമായ ഒന്നാണ് അതെന്ന് അവര്‍ക്ക് ഗ്രഹിച്ചെടുക്കാന്‍ കഴിഞ്ഞു. സഹിഷ്ണുതയും നീതിബോധവും പരസ്പര ബഹുമാനവും പ്രഘോഷിക്കുകയും സഹനവും വിനയവും സമത്വവും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു ആഗോള മതമായിട്ടാണ് അവര്‍ക്ക് ഇസ്ലാമിനെ ദര്‍ശിക്കാന്‍ കഴിഞ്ഞത്. മോസസും ജീസസുമുള്‍പ്പെടുന്ന എല്ലാ പ്രവാചകന്മാരെയും ആദരിക്കാന്‍ ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നുണ്ടെന്ന അറിവ് അവരെ അദ്ഭുതപ്പെടുത്തി. ഓരോ മുസ്ലിം സ്ത്രീപുരുഷനും ജ്ഞാന സമ്പാദനം അനുപേക്ഷിണീയമാണെന്ന പ്രവാചക വചനത്തിലന്തര്‍ലീനമായ വിജ്ഞാനത്തോടുള്ള ഇസ്ലാമിന്റെ ആഭിമുഖ്യവും പ്രതിജ്ഞാബദ്ധതയും തീര്‍ത്തും മതിപ്പുളവാക്കുന്നതായിട്ടാണ് അവര്‍ക്ക് അനുഭവപ്പെട്ടത്. അല്‍ജിബ്രയുടെ പിതാവായ ഖവാറസ്മി, ഡാവിഞ്ചിക്കു മുമ്പേ തന്നെ വായുസഞ്ചാരത്തിന്റെ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്ത അബ്ബാസ് ബിന്‍ ഫിര്‍നാസ, ആധുനിക സര്‍ജറിയുടെ പിതാവായ അബുല്‍ ഖാസിമുല്‍ സഹ്രാവി തുടങ്ങിയ മുസ്ലിം ചരിത്ര പുരുഷരുടെ ശാസ്ത്രീയ സംഭാവനകളെക്കുറിച്ചുള്ള കൗതുകപൂര്‍ണ്ണവും അദ്ഭുതാവഹവുമായ വായനയില്‍, തനിക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ച് തന്റെ മേധാശക്തിയുപയോഗിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുവാനും അവയുടെ ഉത്തരങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുവാനും ആഹ്വാനം ചെയ്യുന്ന ഇസ്ലാമിന്റെ പുരോഗമനോന്മുഖതയെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. 9/11 സംഭവം അവരുടെ മനസ്സിനേറ്റ കടുത്ത ആഘാതമായിരുന്നെങ്കിലും താന്‍ അഗാധമായ ആഴങ്ങളിലേക്കിറങ്ങി ഗ്രഹിച്ചെടുത്ത ആ ദിവ്യ ദര്‍ശനത്തെക്കുറിച്ചുള്ള അവരുടെ ധാരണകള്‍ക്ക് ഇളക്കമൊന്നും തട്ടിയില്ല. മറിച്ച്, പ്രസ്തുത വേളയില്‍ ആഗോള മുസ്ലിം സമൂഹത്തിനു മേല്‍ ആര്‍ത്തലച്ചു വന്ന ദ്വേഷപ്രചരണങ്ങളെയും ധാരണാപിശകുകളെയും തടഞ്ഞു നിര്‍ത്താന്‍ അവര്‍ നടത്തിയ പരിശ്രമങ്ങള്‍ തന്റെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്. ഇസ്ലാമിനെക്കുറിച്ചുള്ള നിരന്തര പഠന-പര്യാലോചനകള്‍ക്കു ശേഷവും പടിഞ്ഞാറിന്റെ സാംസ്‌ക്കാരിക പരിസരങ്ങളില്‍ നിന്ന് മനസ്സില്‍ കടന്ന് കൂടിയ മിഥ്യാധാരണകളില്‍ നിന്ന് പൂര്‍ണ്ണ മുക്തി നേടാന്‍ അവര്‍ക്കിനിയും കാത്തിരിക്കേണ്ടിയിരുന്നു. പുരുഷവര്‍ഗ്ഗം ഭൗതികച്ചരക്കുകള്‍ പോലെ കൊണ്ടു നടക്കുന്ന പൗരസ്ത്യ വനിതയായിരുന്നു അവരുടെ ധാരണകള്‍ നിറയെ. എന്നാല്‍ ഹിജാബണിയുന്നതിനെക്കുറിച്ചും അത് സ്ത്രീക്കും തദ്വാര സമൂഹത്തിനും നല്‍കുന്ന സുരക്ഷിതത്വ ബോധത്തെക്കുറിച്ചും അതിലൂടെ സ്ത്രീക്ക് കൈവരുന്ന ആദരബഹുമാനങ്ങളെക്കുറിച്ചും പൊതുഇടങ്ങളില്‍ അവമതിക്കപ്പെടേണ്ടതല്ല അവളുടെ ആത്മാഭിമാനബോധം എന്ന അതുയര്‍ത്തുന്ന സന്ദേശത്തെക്കുറിച്ചും മുസ്ലിം സ്ത്രീകളുടെ അനുഭവ സാക്ഷ്യങ്ങളില്‍ നിന്നു തന്നെ ഗ്രഹിച്ചെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. ഹിജാബ് തന്റെ ചിന്തകള്‍ ശിരസ്സിലേക്ക് പ്രവേശിക്കുന്നതിനോ അവ തന്റെ അധരങ്ങളിലൂടെ പുറത്തേക്ക് പ്രവഹിക്കുന്നതിനോ ഒരു പ്രതിബന്ധമേയല്ലെന്ന് ഇന്നവര്‍ തിരിച്ചറിയുന്നു. മത പരിവര്‍ത്തനത്തിന്റെ പ്രാരംഭ നാളുകളില്‍ അനുഭവപ്പെട്ട കടുത്ത ഏകാന്തതയുടെ വിങ്ങലുകളില്‍ നിന്ന് മോചനം തേടി വിവാഹജീവിതത്തിലേക്ക് കടന്നു വന്ന ഈ ഫ്രീലാന്‍സ് മാദ്ധ്യമ പ്രവര്‍ത്തക, പതിവ് പടിഞ്ഞാറന്‍ വിവാഹാനുഭവങ്ങള്‍ക്ക് വിരുദ്ധമായി പതിനൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും തങ്ങള്‍ അതീവ സന്തുഷ്ടിയില്‍ തന്നെയാണെന്ന് അഭിമാനപൂര്‍വ്വം സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല പറഞ്ഞു പ്രചരിപ്പിക്കപ്പെട്ടതു പോലെ സ്ത്രീയുടെ അഭിപ്രായ-വൈയക്തിക സ്വാതന്ത്ര്യങ്ങളെയോ വൈകാരിക തലങ്ങളെയോ പാടെ നിരാകരിച്ചു കൊണ്ടുള്ള ഒന്നല്ല ഇസ്ലാമിലെ വിവാഹ സങ്കല്‍പമെന്നും തന്റെ മനസ്സിനിണങ്ങിയ ഇണയെ ബലപ്രയോഗങ്ങളോ നിര്‍ബന്ധപ്രേരണകളോ ഇല്ലാതെ സ്വയം തെരഞ്ഞെടുത്തു കൊണ്ട് അവര്‍ തെളിയിച്ചു. സെപ്റ്റംബര്‍ 11 സംഭവം അമേരിക്കന്‍ ജനതയില്‍ ഒരു വിഭാഗത്തെ ഇസ്ലാമിനെക്കുറിച്ചുള്ള അബദ്ധജഢിലമായ ധാരണകളിലേക്കും അതിതീവ്രമായ ജുഗുപ്‌സയിലേക്കും നയിച്ചപ്പോള്‍ ചീമുട്ടയേറുകളും അസഭ്യ വര്‍ഷങ്ങളും തെരേസക്ക് ഏല്‍ക്കേണ്ടി വന്നു. അവയെയെല്ലാം വിജയകരമായി അതിജീവിച്ച അവരുടെ മനസ്സിന് പക്ഷേ ഇന്ന് താങ്ങാനാകാത്തത് ഇസ്ലാമിക് സ്‌റ്റേറ്റിനെപ്പോലോത്ത സംഘടനകള്‍ ഇസ്ലാമിന്റെ പേരില്‍ ലോകത്ത് ചെയ്തു കൂട്ടുന്ന സമകാലിക നിഷ്ഠൂരതകളാണ്. ഇത്തരം സംഘടനകളുടെ അബദ്ധപൂര്‍ണ്ണവും മനുഷ്യത്വ വിരുദ്ധവുമായ നിലപാടുകളിലൂടെ ലോകത്തിന് ഇസ്ലാമിനെക്കുറിച്ച് ലഭിക്കുന്ന അത്യന്തം വികലമാക്കപ്പെട്ട ചിത്രത്തെക്കുറിച്ച് ഇവര്‍ക്ക് അതീവ ഉല്‍ക്കണ്ഢയുണ്ടെങ്കിലും ഹൃദയത്തിന്റെ അടിത്തട്ടില്‍ പടര്‍ന്നു കിടക്കുന്ന ഇസ്ലാം വിരോധത്തിന്റെയും ഭയത്തിന്റെയും പായലുകള്‍ വകഞ്ഞു മാറ്റി അമേരിക്കക്കാരുള്‍പ്പെടെയുള്ള തെറ്റിദ്ധരിപ്പിക്കപ്പെട്ട സമൂഹം സത്യമതത്തെ അംഗീകരിക്കാനും ആശ്ലേഷിക്കാനും അത്യാവേശപൂര്‍വ്വം രംഗത്തു വരുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. കടപ്പാട്: cnn.com
Leave A Comment