പുതുമുസ്‌ലിംകളുടെ വര്‍ത്തമാനങ്ങള്‍

ആഗോളതലത്തില്‍ തന്നെ ഇസ്‌ലാമിനെ കുറിച്ചറിയാനുള്ള താല്‍പര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇംഗ്ലണ്ടില്‍ ഓരോ ദിവസവും ഒരാളെങ്കിലും ഇസ്‌ലാമിലേക്ക്‌ വരുന്നുണ്ട്‌. ഫ്രാന്‍സില്‍ 20% ത്തിലധികം മുസ്‌ലിംകളായിക്കഴിഞ്ഞു. കേരളത്തിലും ഓരോ ദിവസവും ഒരാളെങ്കിലും മുസ്‌ലിമാവുന്നു. മുസ്‌ലിംകളുടെ മിഷണറി പ്രവര്‍ത്തനം കൊണ്ട്‌ സംഭവിക്കുന്നതല്ലിത്‌. ജനങ്ങളില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിനോടുള്ള താല്‍പര്യം കേരളീയ മുസ്‌ലിം സമൂഹം വേണ്ട രീതിയില്‍ മനസ്സിലാക്കുകയോ അതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നില്ല. അമേരിക്കന്‍ സാമ്രാജ്യത്തിനെതിരെ ആയത്തുള്ള ഖുമൈനിയുടെ നേതൃത്വത്തില്‍ ഇറാന്‍ വിപ്ലവം നടന്നപ്പോള്‍ പലരേയും അത്‌ ചിന്തിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിലും ഇസ്‌ലാം ഒരു ചാലക ശക്തിയാകുന്നതെങ്ങിനെ എന്ന ചോദ്യമാണ്‌ അവരുടെ പലരുടേയും മനസ്സിലുദിച്ചത്‌. കമ്യൂണിസ്റ്റ്‌ റഷ്യയെ അഫ്‌ഗാനിലെ മുസ്‌ലിംകള്‍ ചെറുത്ത്‌ തോല്‍പിക്കുകയും റഷ്യ തകരുകയും ചെയ്‌തത്‌ പലരേയും ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഏറ്റവുമടുത്ത കാലത്ത്‌ ടുണീഷ്യയിലും ഈജിപ്‌തിലും ലിബിയയിലുമൊക്കെ നടന്ന മുല്ലപ്പു വിപ്ലവമെന്നെറിയപ്പെടുന്ന ജനങ്ങളുടെ ഐതിഹാസിക വിജയത്തിന്റെ പിന്നില്‍ ഇസ്‌ലാം ഒരു ചാലക ശക്തിയായി വര്‍ത്തിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം പലരേയും ഇസ്‌ലാമിനെക്കുറിച്ച്‌ പഠിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്‌. സെപ്‌റ്റംബര്‍ 11-ലെ സംഭവം മുസ്‌ലിംകള്‍ തീവ്രവാദികളാണ്‌ എന്ന ധാരണ സൃഷ്‌ടിക്കാനിടയാക്കിയിട്ടുണ്ടെങ്കിലും ഇസ്‌ലാമിനെക്കുറിച്ച്‌ ജനങ്ങളില്‍ താല്‍പര്യമുണരുകയും അവരില്‍ പലരും ഇസ്‌ലാം സ്വീകരിക്കുന്നത്‌ കാരണമാകുകയും ചെയ്‌തു. ഇസ്‌ലാമിനെതിരെ നടക്കുന്ന മിക്ക പ്രചാരണങ്ങളും, പഠിക്കാന്‍ തയ്യാറാവുന്ന പലരേയും ഇവയിലേക്കടിപ്പിക്കുന്നുവെന്നതാണ്‌ വാസ്‌തവം.

ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ്‌ മുഖ്യധാര മാധ്യമങ്ങളില്‍ അധികം പ്രചാരം നേടാതെ പോയ സ്വിറ്റ്‌സര്‍ലണ്ടിലെ പള്ളിമിനാരങ്ങള്‍ക്കെതിരെ നടന്ന ആന്റി മിനാര്‍ കാംപെയിന്‍. ഇതിനു നേതൃത്വം നല്‍കിയ പലരും ഇസ്‌ലാം സ്വീകരിക്കുച്ചുവെന്നതും സ്വിറ്റസര്‍ലന്റിലെ പള്ളികളുടെ എണ്ണം വര്‍ദ്ധിച്ചു എന്നതും എതിരാളികളുടെ കുപ്രചരണം ഇസ്‌ലാമിനു അനുകൂലമായി വീശുന്നു എന്നതിന്റെ തെളിവാണ്‌. സെപ്‌റ്റംബര്‍ -11ന്റെ വാര്‍ഷികത്തില്‍ അമേരിക്കയിലെ ഒരു ക്രിസ്‌ത്യന്‍ പാതിരിയായ ടെറി ജോണ്‍സ്‌ ആഹ്വാനം ചെയ്‌ത Bum a Quran day ആചരണം വംശീയ വിദ്വേഷത്തിന്‌ കാരണമാകുമെന്ന്‌ കണ്ട്‌ പ്രസിഡണ്ട്‌ ഒബാമ ഇടപെട്ട്‌ ഇത്‌ നിര്‍ത്തിവെപ്പിക്കുകയായിരുന്നു. കോഴിക്കോട്‌ ബേബി ഹോസ്‌പിറ്റലിലെ ഗ്യാസ്‌ട്രോ എന്‍ടോളജിസ്റ്റ്‌ ഡോ. അബ്‌ദുല്‍ അസീസിനു ഒരു സ്‌നേഹിതനെഴുതിയ കത്തില്‍ ഉദ്ധരിച്ച ഒരു സംഭവം പറയാം. അമേരിക്കയിലെ ഒരു നഴ്‌സറി സ്‌ക്കൂളിലെ അധ്യാപിക കുട്ടികളോട്‌ ഭാവിയില്‍ എന്താകാനാഗ്രഹിക്കുന്നു എന്നു ചോദിച്ചു. പലരും ഡോക്‌ടര്‍, എഞ്ചിനീയര്‍, പൈലറ്റ്‌ എന്നൊക്കെ എഴുതി. ഒരു കുട്ടി എഴുതിയത്‌ സ്വഹാബ എന്നായിരുന്നു. ഇതെന്താണെന്നു മനസ്സിലാകാത്ത അമുസ്‌ലിം ടീച്ചര്‍ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞു I dont know who is sahaba, but they were good people.

സംശയം മാറാത്ത ടീച്ചര്‍, കുട്ടിയുടെ മാതാവിനെ ഫോണിലൂടെ ബന്ധപ്പെടുകയും സഹാബ എന്താണെന്ന്‌ അന്വേഷിക്കുകയും ഉമ്മ, സ്വഹാബിമാരെക്കുറിച്ചും മുഹമ്മദ്‌ നബിമാരെക്കുറിച്ചും വിശദീകരിക്കുകയും ചെയ്‌തപ്പോള്‍, ടീച്ചറുടെ മനസിനെ അത്‌ വല്ലാതെ സ്വാധീനിക്കുകയും അവര്‍ ഇസ്‌ലാമാശ്ലേഷിക്കുകയും ചെയ്‌തു. ഇവിടെ ഈ പാശ്ചാത്യ വനിത ഇസ്‌ലാമിലേക്ക്‌ എത്തിച്ചേരാന്‍ കാരമായത്‌ ഒരു നഴ്‌സറി വിദ്യാര്‍ത്ഥിയാണ്‌. ആ ടീച്ചര്‍ക്ക്‌ ഇസ്‌ലാമിനെക്കുറിച്ച്‌ വിശദീകരിച്ചുകൊടുത്തത്‌ സാധാരണക്കാരിയായ ഒരു വീട്ടമ്മയും. മതം മാറാനും മനം മാറാനും എന്തെങ്കിലുമൊരു നിമിത്തം മതിയെന്ന്‌ സാരം. ദഅ്‌വ അഥവാ പ്രബോധനം എന്നുള്ളത്‌ മൂന്ന്‌ വശങ്ങളുള്‍ക്കൊള്ളുന്നതാണ്‌. (1) ഇസ്‌ലാമിലേക്ക്‌ ജനങ്ങളെ ക്ഷണിക്കല്‍: യുക്തിപൂര്‍വവും നല്ല വാക്കുകളുപയോഗിച്ചും ജനങ്ങളെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക്‌ ക്ഷണിക്കുവീന്‍ (ഖുര്‍ആന്‍ 16.125). ഇത്‌ അല്ലാഹുവിന്റെ കല്‍പനയാണ്‌, അറബി ഭാഷാ വ്യാകരണ നിയമപ്രകാരം ഇവിടെ ഉപയോഗിച്ച പദം മുഫ്‌റദ്‌ (ഏക വചനം) ആണ്‌. അഥവാ ഇത്‌ ഓരോരുത്തരോടുമുള്ള കല്‍പനയാണ്‌. 2. തര്‍ബിയത്ത്‌: ഇസ്‌ലാം, മതം സ്വീകരിച്ചു വരുന്നവര്‍ക്ക്‌ നമസ്‌കാരം, നോമ്പ്‌, സക്കാത്ത്‌, തുടങ്ങിയ അനുഷ്‌ഠാന കര്‍മങ്ങളിലും ജീവിത ചക്രങ്ങളിലും പരിശീലനം നല്‍കല്‍ 3. പുനരധിവാസം: പുതുതായി ഇസ്‌ലാം സ്വീകരിക്കാന്‍ പലപ്പോഴും അവരുടെ നാടും വീടും ജോലിയുമൊക്കെ ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ട്‌. പ്രത്യേകിച്ച്‌ കേരളത്തിലെയും ഇന്ത്യയിലേയും സാഹചര്യങ്ങളില്‍ അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അതിനുള്ള പരിഹാരങ്ങള്‍കാണുകയും ചെയ്യേണ്ടതുണ്ട്‌.

19-ാം നൂറ്റാണ്ടില്‍ ആദ്യപകുതിയില്‍ സ്വിറ്റ്‌സര്‍ലന്റിലെ ബാവല്‍ മിഷന്‍ കോളേജിലെ ക്രിസ്‌തുമത പ്രചാരകന്‍ കേരളത്തില്‍ വന്നു. അവര്‍ കുറേക്കാലം. പ്രവര്‍ത്തിച്ചിട്ടും കേരളത്തിലെ ജനങ്ങള്‍ ക്രിസ്‌തുമതം സ്വീകരിക്കാന്‍ തയ്യാറായില്ല. എന്തുകൊണ്ടാണ്‌ ജനങ്ങള്‍ ക്രിസ്‌തുമതം സ്വീകരിക്കാത്തതെന്നതിനെക്കുറിച്ചുള്ള പഠനത്തില്‍ അവര്‍ കണ്ടെത്തിയത്‌ കേരളത്തിലെ സാഹചര്യത്തില്‍ ഒരാള്‍ക്ക്‌ ഒറ്റയ്‌ക്കു നിലനില്‍പ്പില്ല എന്നായിരുന്നു, കൂട്ടുകൂടുംബ വ്യവസ്ഥിതിയില്‍ സമുദായത്തിന്റെ ഭാഗമായിരുന്നു ഏവരും. ഒരു കാര്യം സത്യമെന്നു തോന്നിയാലും ഒറ്റയ്‌ക്കു സ്വീകരിക്കാനാകുമായിരുന്നില്ല. സ്വന്തമായി വരുമാന മാര്‍ഗവും മിക്കവര്‍ക്കുമില്ലായിരുന്നു. കൃഷിപ്പണിയായിരുന്നു മുഖ്യ ഉപജീവനമാര്‍ഗം. കുടുംബം കൂട്ടമായിട്ടായിരുന്നു അത്‌ചെയ്‌തതിരുന്നത്‌. ഇക്കാര്യം മിഷനറിമാര്‍ ബാസലിയേക്കെഴുതി. കേരളത്തില്‍ ക്രിസ്‌തുമതത്തിലേക്ക്‌ ആളെ ചേര്‍ക്കണമെങ്കില്‍ അവര്‍ സ്വതന്ത്രരാവണം. സ്വന്തമായി സമ്പത്തും ജോലിയും വേണം. അതിനുള്ള പരിഹാരമായി പുതുതായി വരുന്ന ക്രിസ്‌ത്യാനികള്‍ ജോലി നല്‍കാന്‍ തലശ്ശേരിയില്‍ വാച്ച്‌ കമ്പനി തുടങ്ങി. അതിന്റെ അവശിഷ്‌ടമാണ്‌ ഇന്നത്തെ കോമണ്‍വെ ല്‍ത്ത്‌ നെയ്‌ത്തു കമ്പനി, തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ ഇന്‍ടസ്‌ട്രിയല്‍. പിന്നീട്‌ അവര്‍ നെയ്‌ത്തു കമ്പനി തുടങ്ങി. അവയില്‍പെട്ടതാണ്‌ ഫറോക്കിലെയും ഒലവക്കോട്ടേയും ഓട്ടുകമ്പനികള്‍. കുറേ ഏക്രഭൂമി ഒന്നിച്ചുവാങ്ങി ക്രിസ്‌തുമതത്തില്‍ ചേരുന്നവര്‍ക്ക്‌ ഓരോ ഏക്രഭൂമി നല്‍കുക എന്നതായിരുന്നു മറ്റൊരു രീതി. അങ്ങനെയാണ്‌ തിരൂരിനടുത്തുള്ള ആലത്തിയൂരില്‍ ക്രിസ്‌ത്യന്‍ കുടുംബങ്ങള്‍ ഇണ്ടായത്‌. അവരിലധികം പേരും പറയ സമുദായത്തില്‍ പെട്ടവരായിരുന്നു. ക്രിസ്‌ത്യന്‍ മിഷനറിമാര്‍ ഗവര്‍മെന്റിനെ സ്വാധീനിച്ച്‌ മിഷനറി പ്രവര്‍ത്തനത്തിന്‌ പണമുണ്ടാക്കാന്‍ ശ്രമിച്ചു. ബാസല്‍ മിഷന്റെ ഓടുകള്‍ കൊണ്ടു മാത്രമേ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ അധികാരപരിധിയിലുള്ള റെയില്‍വേ സ്റ്റേഷനുകള്‍ മേയാവൂ എന്നു നിയമമുണ്ടാക്കി.

പോലീസുകാര്‍ക്കും മറ്റു ചില ഉദ്യോഗസ്ഥര്‍ക്കും കാക്കി വസ്‌ത്രം യൂനിഫോമായി നിശ്ചയിച്ചു. കാക്കി നിറം പറങ്കിമാവിന്റെ ഇലച്ചാറു കൊണ്ടുണ്ടാക്കുന്ന നിറമായിരുന്നു. അതിന്റെ പേറ്റന്റ്‌ ബാസല്‍ മിഷനായിരുന്നു. മിഷനറി പ്രവര്‍ത്തനത്തിന്‌ സാമ്പത്തിക സഹായം നല്‍കാനുള്ള ഒരു മാര്‍ഗമായി ബ്രിട്ടീഷ്‌ ഗവര്‍മെന്റ്‌ ഈ രീതി സ്വീകരിച്ചു. ബാസല്‍ മിഷന്‍ മിഷണറിയായ ജര്‍മന്‍കാരന്‍ ഗുണ്ടര്‍ട്ട്‌ മലബാറിലെ സ്‌ക്കൂള്‍ ഇന്‍സ്‌പെക്‌ടറായി. മത പരിവര്‍ത്തനത്തിന്‌ തന്റെ ജോലി സഹായമാകും എന്നു കണ്ടതുകൊണ്ടാണ്‌ അദ്ദേഹം സ്‌ക്കൂള്‍ ഇന്‍സ്‌പെകടറായത്‌. പുതുതായി ക്രിസ്‌തുമതം സ്വീകരിക്കുന്നവരെ അദ്ദേഹത്തിന്‌ സ്‌ക്കൂള്‍ ടീച്ചറാക്കാന്‍ കഴിഞ്ഞു. അങ്ങനെ അവര്‍ക്കു ജോലി നല്‍കാനും വരുമാനമാര്‍ഗമുണ്ടാക്കാനും എളുപ്പമായി. ഗവര്‍മെന്റിന്റെ സഹായത്തോടെ ബാസല്‍ മിഷന്‍ കുറേ സ്‌ക്കൂളുകള്‍ ഉണ്ടാക്കുകയും ചെയ്‌തു. സ്‌ക്കൂളിലെ പാഠപുസ്‌തകങ്ങള്‍ ഗുണ്ടര്‍ട്ട്‌ തയ്യാറാക്കി. അതിലൂടെ ക്രിസ്‌തുമതം പ്രചരിപ്പിക്കാനും അദ്ദേഹം ശ്രമം നടത്തി. കേരളത്തില്‍ മിഷണറി പ്രവര്‍ത്തനത്തിന്‌ വരുന്നവര്‍ക്ക്‌ സ്വിറ്റ്‌സര്‍ലണ്ടില്‍ വെച്ച്‌ തന്നെ മലയാളം പഠിക്കുന്നതിനാണ്‌ ഗുണ്ടര്‍ട്ട്‌ ഡിഷ്‌ണറി ഉണ്ടാക്കിയത്‌.

മംഗലാപുരം മുതല്‍ കൊച്ചി വരെയുള്ള പ്രദേശങ്ങള്‍ ബാസല്‍ മിഷന്റെ പ്രവര്‍ത്തന മേഖലയായി നിശ്ചയിച്ചു. യൂറോപ്പില്‍ കാത്തലിക്‌, പ്രൊട്ടസ്റ്റന്റ്‌ തുടങ്ങിയ വിഭാഗങ്ങള്‍ പരസ്‌പരം എതിര്‍ക്കുകയും തല്ലുകയും കൊല്ലുകയും ചെയ്‌തപ്പോള്‍, നേതാക്കളെ പിടിച്ചു പരസ്‌പരം പോരടിക്കുന്നതിനു പകരം ഓരോ വിഭാഗങ്ങളും ഓരോ ഏഷ്യന്‍ രാജ്യങ്ങളില്‍ പോയി താന്താങ്ങളുടെ മതം പ്രചരിപ്പിക്കാനാണ്‌ പോപ്പ്‌ കല്‍പ്പിച്ചത്‌. ഇതര മതങ്ങളില്‍ നിന്നും ആളെ ചേര്‍ത്ത്‌ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹംനിര്‍ദ്ദേശിച്ചു. അവര്‍ ഏഷ്യയിലും ആഫ്രിക്കയിലും തമ്മില്‍ തല്ലാതിരിക്കാന്‍ ഓരോരുത്തര്‍ക്കും വ്യത്യസ്‌ത സ്ഥലം നിര്‍ദ്ദേശിച്ചു കൊടുത്തു. അങ്ങനെ ബാസല്‍ മിഷനു ലഭിച്ച സ്ഥലമാണ്‌ മലബാര്‍. ഇതോടെ പുതുതായി ക്രിസ്‌തുമതത്തില്‍ ചേര്‍ന്നവര്‍ ഏതുമതത്തില്‍ ചേരണമെന്ന കണ്‍ഫ്യൂഷന്‍ മാറി. നമ്മുടെ നാട്ടില്‍ ഇസ്‌ലാം അശ്ലേഷിച്ച പുതിയ മുസ്‌ലിംകളുടെ ചിത്രം ദയനീയമാണ്‌. പുയ്‌സ്‌ലാം എന്ന പേരിലാണ്‌ ചിലയിടങ്ങളില്‍ അവര്‍ അറിയപ്പെടുന്നത്‌. അവരെ പഴയ മുസ്‌ലിംകള്‍ ഒരു രണ്ടാം നമ്പര്‍ ആയാണ്‌ പലയിടങ്ങളിലും കാണുന്നത്‌. അവര്‍ക്ക്‌ വിവാഹം ചെയ്‌തു കൊടുക്കാന്‍ സന്നദ്ധമാകാത്തവര്‍ ഇപ്പോഴുമുണ്ട്‌. ഇതിന്റെ നേര്‍ വിപരീതമാണ്‌ വടക്കെ ഇന്ത്യയില്‍. അവിടെ അവര്‍ക്ക്‌ വലിയ ആദരപൂര്‍വ്വം ബഹുമാനമാണ്‌ ലഭിക്കുന്നത്‌. അവര്‍ക്ക്‌ മക്കളെ വിവാഹം ചെയ്‌തു കൊടുക്കാന്‍ ഉന്നത കുടുംബങ്ങള്‍ താല്‍പര്യം കാണിക്കുന്നു. വാസ്‌തവത്തില്‍ ജന്മനാ മുസ്‌ലിമായവരെക്കാള്‍ ഇന്നതരാണ്‌ പുതിയ മുസ്‌ലിംകള്‍.

അവര്‍ ആദര്‍ശം മനസ്സിലാക്കി വന്നവരാണ്‌. പഴയ മുസ്‌ലിംകള്‍ പലരും മുസ്‌ലിംകുടുംബത്തില്‍ ജനിച്ചതിനാല്‍ മാത്രം മുസ്‌ലിമായി അറിയപ്പെടുന്നവരാണ്‌. അതിന്റെ മൂല്യം അറിയാത്തവരും മുസ്‌ലിമായതില്‍ അഭിമാനമോ ഇസ്‌ലാമിക ചിട്ടകളില്‍ നിഷ്‌കര്‍ഷതയോ ഇല്ലാത്തവരുമുണ്ട്‌. ഒരമുസ്‌ലിം ശഹാദത്ത്‌ ചൊല്ലുന്നതോടെ അവന്റെ മുന്‍പാപങ്ങള്‍ മുഴുവന്‍ അല്ലാഹു പൊറുത്തുകൊടുക്കും. അവന്‍ ഉടനെ മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുന്നതിന്‌ തടസ്സങ്ങളില്ല. പഴയ മുസ്‌ലിം അവന്റെ നാളിതുവരെയുള്ള ജീവിതത്തില്‍ കണക്ക്‌ അല്ലാഹുവിന്റെ മുമ്പില്‍ ബോധിപ്പിക്കേണ്ടതുണ്ട്‌. അതില്‍ പലപ്പോഴും അവന്‍ പരാജയപ്പെടാനും സാധ്യതയുണ്ട്‌. അപ്പോള്‍ ആരാണ്‌ ഉന്നതന്‍? പഴയ മുസ്‌ലിമോ പുതിയ മുസ്‌ലിമോ? പുതിയ മുസ്‌ലിംകള്‍ ഇസ്‌ലാമിനുവേണ്ടി ത്യാഗമനുഷ്‌ഠിക്കാന്‍ സന്നദ്ധരായിരിക്കും. പുതുതായി ഇസ്‌ലാം സ്വീകരിച്ച ചെമ്മാട്ടെ ഒരു ചെറുപ്പക്കാരനോട്‌ സമൂഹത്തിലെ പ്രശ്‌നങ്ങളൊഴിവാക്കാന്‍ താല്‍ക്കാലികമായി കുറച്ചു ദിവസം എവിടെയെങ്കിലും താമസിച്ചുകൂടെ എന്ന്‌ ചോദിച്ചപ്പോള്‍, അവരെന്നെ കൊല്ലുകയാണെങ്കില്‍ കൊല്ലട്ടെ എനിക്ക്‌ ചെമ്മാട്ടങ്ങാടിയില്‍ കിടന്നു മരിക്കണം എന്നായിരുന്നു മറുപടി. എന്തിനാണ്‌ ഇങ്ങനെ പറയുന്നതെന്ന്‌ ചോദിച്ചപ്പോള്‍, എനിക്ക്‌ പണം കിട്ടാനാണ,്‌ ഗള്‍ഫില്‍ ജോലിക്കാണ്‌ ഞാന്‍ മുസ്‌ലിമായത്‌ എന്നാണ്‌ എന്റെ കുടുംബത്തിലെ കുറേ പേര്‍ പറയുന്നത്‌. അതല്ല, സത്യം ഞാന്‍ മനസ്സിലാക്കിയാണ്‌ ഞാന്‍ മുസ്‌ലിമായതെന്ന്‌ അവര്‍ക്ക്‌ ബോധ്യപ്പെടാന്‍ അവര്‍ക്കിടയില്‍ തന്നെ താമസി ക്കണം, എന്നായിരുന്നു മറുപടി. പൊന്നാനി മഊനത്തിലേയോ, കോഴിക്കോട്‌ തര്‍ബിയത്തിലെയോ ഒരു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുമായി പള്ളികളില്‍ കയറിയിറങ്ങി ഭിക്ഷാടനം നടത്തുന്ന ചിലരേ കാണാം.

ഇവരെ കാണുമ്പോള്‍ പുതുമുസ്‌ലിംകളെപ്പറ്റി യുവതലമുറയ്‌ക്ക്‌ മതിപ്പു നഷ്‌ടപ്പെടുന്നു. അല്‌പം ശ്രമിച്ചാല്‍ ഈ ദുരവസ്ഥ ഒഴിവാക്കാവുന്നതേയുള്ളു. ഇപ്പോള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ വരുന്നത്‌ എസ്‌.എസ്‌.എല്‍.സിയോ ഡിഗ്രിയോ ഒക്കെ കഴിഞ്ഞു യുവാക്കളാണ്‌. 5-,6 മാസംകൊണ്ട്‌ പഠിക്കാവുന്ന ഒരുപാട്‌ തൊഴിലുകളുണ്ട്‌. എക്‌സ്‌റേ, ടെക്‌നിക്കല്‍സ്‌, ലാബ്‌ ടെക്‌നീഷന്യന്‍സ്‌, തുടങ്ങിയവ. 35 ഓളം പാരാമെഡിക്കല്‍ കോഴ്‌സുകളുണ്ട്‌. ടീച്ചിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക്‌ മോണ്ടിസ്സോറി സ്റ്റഡി ടീച്ചേര്‍സ്‌ ട്രെയിനിംഗ്‌ ഉണ്ട്‌. ഡി.ടി.പി ട്രെയിനിംഗ്‌, മൊബൈല്‍ഫോണ്‍, റിപ്പയറിംഗ്‌, മാര്‍ക്കറ്റിംഗ്‌ എക്‌സിക്യൂട്ടീവ്‌, ഫ്രണ്ട്‌ ഓഫീസ്‌ ട്രെയിനി, ഓട്ടോമാറ്റിക്‌, ടെക്‌നിഷ്യന്‍, കാറ്ററിംഗ്‌ തുടങ്ങിയ ഹ്രസ്വമായ പരിശീലനം കൊണ്ട്‌ നേടാവുന്ന പലജോലികളുണ്ട്‌. ഇസ്‌ലാമിക സ്ഥാപനങ്ങള്‍ മനസ്സുവെച്ചാല്‍ ഇതെല്ലാം ചെയ്യാവുന്നതേയുള്ളു. ചരിത്രപരമായ കാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോയവരാണ്‌ ആദിവാസികളും ഹരിജനങ്ങളും. അവര്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളല്ല. ആദിവാസികള്‍ക്ക്‌ അവരുടേതായ സംസ്‌കാരവും ഭാഷയും മത വിശ്വാസവുമുണ്ട്‌. അത്‌ ഹിന്ദു അല്ലെങ്കില്‍ ആര്യന്‍ മതത്തില്‍ നിന്നും എത്രയോ വ്യത്യസ്‌തമാണ്‌. ഹരിജനങ്ങള്‍ എന്ന്‌ പറയുപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഹരിജനങ്ങള്‍ (ഹരിയുടെ ജനങ്ങള്‍) അല്ല, ഹരി ഒരു ഹിന്ദു ദൈവമാണ്‌.

ആര്യന്‍മാര്‍ മൃഗബലി നടത്തുമ്പോള്‍ ദളിതര്‍ പൂവാണ്‌ ദൈവത്തിന്‌ സമര്‍പ്പിക്കുന്നത്‌. പൂവില്‍ നിന്നാണ്‌ പൂജ എന്ന പദം ഉണ്ടായത്‌. ദ്രാവിഡരുടെയും ദളിതരുടേയും ദൈവങ്ങളിലധികവും സ്‌ത്രീ ദൈവങ്ങളാണ്‌. ആര്യന്മാരുടേത്‌ ശ്രീരാമന്‍, ശ്രീകൃഷ്‌ണന്‍ തുടങ്ങിയ പുരുഷദൈവങ്ങളാണ്‌. ദളിതരുടേയും ദ്രാവിഡരുടേയും ദൈവങ്ങള്‍ ഏതെങ്കിലും മരച്ചുവട്ടിലായിരിക്കും. ആര്യന്‍മാര്‍ അഥവാ ബ്രാഹ്മണര്‍ ദൈവത്തെ വിഗ്രഹത്തിലേക്കാവാഹിച്ചു ഒരു ഭാഗത്ത്‌ പ്രതിഷ്‌ഠിക്കുന്നു. അതിനു ചുറ്റും മതില്‍ കെട്ടി ശ്രീകോവില്‍ പണിയുന്നു. അതിലൊരു വാതിലുണ്ടാക്കി ബ്രാഹ്മണര്‍ ദൈവത്തിനു കാവല്‍ നില്‍ക്കുന്നു. അയാള്‍ക്കിഷ്‌ടമുള്ളപ്പോള്‍ നട തുറക്കുകയും അടക്കുകയും ചെയ്യുന്നു. വിഗ്രഹത്തെ കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യം ബ്രാഹ്‌മണനായ പൂജാരിക്കാണ്‌. ദൈവം എന്റെ കസ്റ്റഡിയിലാണ്‌ അതുകൊണ്ട്‌ എനിക്കു പണം തരൂ എന്ന ശൈലിയാണ്‌ പൂജാരിക്കുള്ളത്‌. ദളിതര്‍ക്ക്‌ ഒരു പൂജാരിവര്‍ഗ്ഗമില്ല. ആര്‍ക്കും എപ്പോഴും ദൈവത്തെ സമീപിക്കാം. സ്‌ത്രീകള്‍ക്കും പൂജ നടത്താം. ഇപ്രകാരം ദളിത്‌ മതം വ്യത്യസ്ഥമാണ.്‌ ദളിതരും ആദിവാസികളും മുസ്‌ലിംകളാകുമ്പോള്‍ അവര്‍ക്ക്‌ ഗവര്‍മെന്റില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നഷ്‌ടമാകുന്നു. അവര്‍ ക്രിസ്‌ത്യാനിയായാല്‍ ആനുകൂല്ല്യങ്ങള്‍ നഷ്‌ടപ്പെടുന്നില്ല. ഇത്‌ പരോക്ഷമായി അവരെ മതം മാറ്റത്തില്‍ നിന്നും തടയലാണ്‌. ദളിതരും ആദിവാസികളും ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ അവര്‍ ലോക സാഹോദര്യത്തില്‍ അംഗങ്ങളാവുകയാണ്‌. മനുഷ്യരെല്ലാം ഒരേ മാതാവില്‍ നിന്നും പിതാവില്‍ നിന്നും പിറന്നവരാണെന്നാണ്‌ ഇസ്‌ലാമിക മതം. പ്രകൃതി ശക്തികളേയും മൃഗങ്ങളേയുമൊക്കെ ആദരിക്കുന്നതില്‍ നിന്ന്‌ പ്രപഞ്ച സൃഷ്‌ടാവിനെ ആരാധിക്കുന്നതിലേക്കവര്‍ വളരുന്നു. എലിയേയും പാമ്പിനേയുമൊക്കെ ഭയപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നതില്‍ നിന്നവര്‍ മോചിതരാവുന്നു.

അവര്‍ മുസ്‌ലിംകളാകുന്നത്‌ തടസ്സപ്പെടുത്തല്‍ സ്ഥിതിസമത്വത്തിന്റേയും സാഹോദര്യത്തിന്റേയും വിതാനങ്ങളിലേക്ക്‌ വളരുന്നതില്‍ നിന്നവരെ തടയലാണ്‌. ഈ അവസ്ഥാ വിശേഷം ഒഴിവാക്കുകയും അവര്‍ മുസ്‌ലിംകളായാലും അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കണം. പ്രകടമായ ഈ അനീതി ഒഴിവാക്കാന്‍ എല്ലാ നല്ല മനുഷ്യരും ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്‌. ദളിതരും ആദിവാസികളും ഹിന്ദുമതത്തിന്റെ ഭാഗമാണ്‌. അതുകൊണ്ടാണവര്‍ പിന്നോക്കാവസ്ഥയിലായത്‌. ഇസ്‌ലാം സ്വീകരിക്കുന്നതോടെ അവരുടെ പിന്നോക്കാവസ്ഥ മാറുന്നു എന്നതാണ്‌ ദലിതര്‍ക്കും ആദിവാസികള്‍ക്കും അവകാശ നിഷേധത്തിന്‌ കാരണമായി പറയാറ്‌. പൊതുവെ ദരിദ്രരായ ആദിവാസികളും ദളിതരും ഇസ്‌ലാം സ്വീകരിക്കാതിരിക്കാനുള്ള ഒരു സമ്മര്‍ദ തന്ത്രമാണിത്‌. ഈ അനീതി ഇല്ലാതാക്കേണ്ടതുണ്ട്‌.

പുതു മുസ്‌ലിം കൂട്ടായ്‌മ

പുതു മുസ്‌ലിംകള്‍ക്ക്‌ അവരുടേതായ പ്രശ്‌നങ്ങളാണ്‌. ആ പ്രശ്‌നങ്ങളെ നിര്‍വചിക്കുകയും (Identify) പരിഹാരങ്ങള്‍ കണ്ടെത്തുകയും വേണം. സമൂഹത്തിലെ പ്രശ്‌നങ്ങള്‍, ജോലി സംബന്ധമായ പ്രയാസങ്ങള്‍ തുടങ്ങിയവ വ്യക്തികള്‍ക്ക്‌ സ്വന്തം നിലയ്‌ക്ക്‌ പലപ്പോഴും പരിഹരിക്കാന്‍ പ്രയാസമാവും. ഉദാഹരണമായി പത്മാവതി ഇസ്‌ലാം സ്വീകരിച്ച്‌ ഫാത്തിമയായി ഹിജാബ്‌ ധരിച്ച്‌ ഓഫീസിലെത്തിയപ്പോള്‍ തൊഴിലുടമ പറഞ്ഞു: ഇവിടെ പത്മാവതിക്കേ ജോലിയുള്ളു. ഫാത്തിമയ്‌ക്കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുതു മുസ്‌ലിംകളുടെ ഒരു കൂട്ടായ്‌മയുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കാനാകും. ഇടക്കിടക്ക്‌ പുതു മുസ്‌ലിംകള്‍ പെരുന്നാളിലും മറ്റും ഒത്തു ചേരുകയും പ്രശ്‌നങ്ങള്‍ പങ്കുവെക്കുകയും ചെയ്‌താല്‍ അവര്‍ക്ക്‌ ഒറ്റപ്പെടുന്ന പ്രതീതി ഉണ്ടാവില്ല. പാര്‍ക്കുകളിലും ബീച്ചുകളിലുമൊക്കെ ഇത്തരത്തില്‍ കൂടിച്ചേരാവുന്നതാണ്‌. മുസ്‌ലിം സമുദായം അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്‌തു കൊടുത്താല്‍ കൂടുതല്‍ നന്നാവും. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter