മിസിസ് മസൂദ സ്റ്റെയിന്‍ മാന്‍ പറയുന്നു; ഇസ്‌ലാം ഒരു സുരക്ഷിത മാര്‍ഗമാണ്

 

ലളിതമായ സുഗ്രാഹ്യതയിലും വിശ്വാസം വളര്‍ത്തുന്നതിലും ഇസ്‌ലാമിനോട് തുല്യമായ മറ്റൊരു മതം ഇല്ല തന്നെ. മനുഷ്യാത്മാവിനു ശാന്തിയും സമാധാനവും ചൊരിയുകയും സന്തുഷ്ടിയുള്ള ജീവിതം കൊണ്ട് മനുഷ്യനെ അനുഗ്രഹിക്കുകയും മരണശേഷം ശാശ്വതമായ മോക്ഷത്തിലേക്കും സന്തോഷത്തിലും അവനെ നയിക്കുകയും ചെയ്യുന്ന ഒരേയൊരു മതം ഇസ്‌ലാം മാത്രമാണ്. അല്ലാഹുവിന്റെ പല സൃഷ്ടികളില്‍ ഒന്നാണ് മനുഷ്യന്‍. പ്രകൃതിപരമായി മനുഷ്യന്റെയും മറ്റു സൃഷ്ടികളുടെയും ഇടയില്‍ ചില ബന്ധങ്ങളുണ്ട്. അല്ലാഹു മനുഷ്യനെ ഏറ്റവും സമ്പൂര്‍ണമായ രൂപത്തിലും ആകൃതിയിലുമാണ് സൃഷ്ടിച്ചത്. അവനില്‍ കുടികൊള്ളുന്ന ആത്മാവാണ് അവന് ഈ സവിശേഷമായ ഗുണം നല്‍കുന്നത്. ആത്മാവ് അവനെ ഏറ്റവും ഉയര്‍ന്ന വിതാനത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോവാന്‍ നിരന്തരം പരിശ്രമിക്കുന്നു. ആ ആത്മാവിന്റെ ദാഹം ശമിപ്പിക്കാനുള്ള ഒരേയൊരു പാനീയം മതം മാത്രമാണ്. മനുഷ്യന്റെയും അവനെ സൃഷ്ടിച്ച സര്‍വശക്തനായ അല്ലാഹുവിന്റെയും ഇടയില്‍ ഏതു തരത്തിലുള്ള ബന്ധമാണുള്ളത്. നിസ്സംശയം മതം ഇതു വിശദീകരിക്കുന്നു. വ്യത്യസ്ത പണ്ഡിതന്‍മാര്‍ മതത്തെ കുറിച്ചു നടത്തിയ അഭിപ്രായങ്ങള്‍ ഞാന്‍ പഠിച്ചു. ചില ഉദാഹരണങ്ങള്‍ താഴെ വിശദീകരിക്കാം: തോമസ് കാര്‍ലീലിയുടെ 'On Heros worship and the heroic in History ' എന്ന പുസ്തകത്തില്‍നിന്ന്: ''ഒരു വ്യക്തിയുടെ മതമെന്നാല്‍ അവന്റെ ഹൃദയത്തിന്റെ വിശ്വാസമാണ്. അതുകൊണ്ടു തന്നെ, മതം അവന്റെ ഏറ്റവും സുപ്രധാനമായ സവിശേഷതയാണ്. മതം നേരെ ഒരാളുടെ ഹൃദയത്തിലേക്കാണു പോകുന്നത്. ഈ ലോകത്തെ ഒരാളുടെ പ്രവര്‍ത്തനങ്ങളെ അതു വ്യവസ്ഥപ്പെടുത്തുന്നു. മതം അവന്‍ പിന്തുടരേണ്ട വഴി കാണിച്ചുകൊടുക്കുകയും ലക്ഷ്യം നിര്‍ണയിച്ചു കൊടുക്കുകയും ചെയ്യുന്നു.'' യെസ്റ്റേര്‍ട്ടന്റെ 'If one should think' എന്ന പുസ്തകത്തില്‍നിന്ന്: ''ഒരു വ്യക്തി തന്റെയും മറ്റുള്ളവരുടെയും അസ്ഥിത്വത്തെ സംബന്ധിച്ച് നേടുന്ന ഏറ്റവും മഹത്തായ സത്യത്തെ മതം പ്രകടിപ്പിക്കുന്നു.'' ആംബ്രോസി ബിയേഴ്‌സിന്റെ The Isatans Dictionary എന്ന പുസ്തകത്തില്‍നിന്ന് ''മനുഷ്യര്‍ക്ക് അവരറിയാത്തതു പഠിപ്പിച്ചു കൊടുക്കുകയും പ്രതീക്ഷയും പേടിയും ഒരുപോലെ അവര്‍ക്ക് ചൊരിയുകയും ചെയ്യുന്ന ഒരു മഹത്തായ ഉറവിടമാണ് മതം.'' എഡ്മണ്ട് ബ്രൂക്‌സിന്റെ 'French Revolation' എന്ന പുസ്തകത്തില്‍ നിന്ന്: ''സ്രഷ്ടാവിന്റെ കല്‍പ്പനകള്‍ അനുസരിക്കുകയും അവന്റെ നിയമസംഹിതകളോട് ബഹുമാനമുണ്ടാവുകയും അതിലൂടെ അവന്റെ സ്‌നേഹത്തോട് കൂടുതല്‍ അടുത്തവനാവുകയും ചെയ്യുകയെന്നതാണ് എല്ലാ സത്യമതങ്ങളുടെയും പൊതു ആജ്ഞ.'' സ്വീഡന്‍ ബോര്‍ഗ്‌സിന്റെ 'Doctrine of life'' എന്ന പുസ്തകത്തില്‍നിന്ന്: ''നന്മ ചെയ്യുകയെന്നതാണ് മതം കൊണ്ട് അര്‍ത്ഥമാക്കുന്നത്. മതത്തിന്റെ സത്ത നന്മയാണ്.'' ജെയിംസ് ഹാറിംഗ്ട്ടന്റെ 'The Ocean' എന്ന പുസ്തകത്തില്‍ നിന്ന്:

''എല്ലാവര്‍ക്കും മതവുമായി അല്‍പ്പമോ അനല്‍പ്പമോ ആയ ചില ബന്ധമുണ്ട്; അത് ആശ്വാസത്തിന്റെ മാര്‍ഗമെന്ന നിലയ്ക്കാവട്ടെ, അല്ലെങ്കില്‍ പേടിയുടെ ഉറവിടമെന്ന നിലയ്ക്കാവട്ടെ.'' ലോകത്തുള്ള ഓരോ വ്യക്തിയും അവന് അറിയാത്ത, മനസ്സിലാക്കാന്‍ കഴിയാത്ത, വിശദീകരിക്കാന്‍ സാധിക്കാത്ത വ്യത്യസ്ഥ അവസ്ഥകളും സാഹചര്യങ്ങളും നേരിടുന്നുണ്ട്. മതം മാത്രമാണ്. അവര്‍ക്ക് അത് വിശദീകരിച്ചുകൊടുക്കുന്നതും അവര്‍ക്ക് വ്യക്തമായ അവ ബാധവും വിശ്വാസവും പകര്‍ന്നുനല്‍കുന്നതും. ഇസ്‌ലാം സത്യമതമാണെന്നും ലോകമതങ്ങളില്‍ ഏറ്റവും സമ്പൂര്‍ണമായത് ഇസ്‌ലാം മാത്രമാണെന്നും എന്തുകൊണ്ട് ഞാന്‍ വിശ്വസിക്കുന്നു? വിശദീകരിക്കാം: എല്ലാത്തിലും ആദ്യമായി, അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും അവനാണ് മഹാനെന്നും അവന്‍ പ്രസവിക്കുകയോ പ്രസവിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും അവനെപ്പോലെ മറ്റൊരു സ്രഷ്ടാവില്ലെന്നും ഇസ്‌ലാം ഉറക്കെ പ്രഖ്യാപിക്കുന്നു. അല്ലാഹുവിന്റെ അസ്ഥിത്വം ഏകത്വവും അവനോട് യോജിച്ച പ്രൗഢിയില്‍ അവന്റെ മാഹാത്മ്യവും വിശദീകരിക്കുകയും ചെയ്യുന്ന മറ്റൊരു മതമില്ലതന്നെ. സൂറത്ത് ഹൂദിലെ നാലാമത്തെ ആയത്തില്‍ അല്ലാഹു പറയുന്നു: ''അല്ലാഹുവിങ്കലേക്കാണു നിങ്ങളുടെ മടക്കം. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനത്രെ.'' ഇസ്‌റാഅ് സൂറത്തിലെ 55ാം ആയത്തില്‍ അല്ലാഹു പറയുന്നു: ''നിന്റെ രക്ഷിതാവ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.'' കൂടുതലായി പറഞ്ഞാല്‍ 'അവന്‍ മാത്രമാണ് ഏക സ്രഷ്ടാവ്. അവന്‍ സര്‍വജ്ഞനാണ്. അവന്‍ ശാശ്വതനാണ്. അവന്‍ എന്നെന്നും നിലനില്‍ക്കുന്നവനാണ്.'' എന്നീ വിശേഷണങ്ങള്‍ വിശുദ്ധ ഖുര്‍ആനിലെ ഒരുപാട് അധ്യായങ്ങളില്‍ കാണാവുന്നതാണ്. ഈ വരികള്‍ വായിക്കുമ്പോള്‍ അല്ലാഹുവിലേക്ക് ഒരാള്‍ എങ്ങനെയാണ് ശക്തമായി ആകര്‍ഷിക്കപ്പെടുന്നതെന്നും അല്ലാഹുവിന്റെ മുമ്പില്‍ എങ്ങനെയാണ് അവന്‍ അലിയുന്നതെന്നും അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് എങ്ങനെയാണ് അവന്‍ സ്വയം കീഴടങ്ങുന്നതെന്നും എനിക്ക് വിശദീകരിക്കാന്‍ സാധിക്കുകയില്ല. ഹദീദ് സൂറത്തിലെ 17ാമത്തെ ആയത്തില്‍ അല്ലാഹു പറയുന്നു: ''നിങ്ങള്‍ അറിഞ്ഞു കൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഭൂമിയെ അത് നിര്‍ജീവമായതിനുശേഷം (വരള്‍ച്ച കൊണ്ട്) സജീവമാക്കുന്നു (മഴ വര്‍ഷിച്ചുകൊണ്ട്). തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നിരിക്കുന്നു, നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി.

'' നാസ് സൂറത്തില്‍ അല്ലാഹു പറയുന്നു: ''പറയുക: മനുഷ്യരുടെ രക്ഷിതാവും അവരുടെ രാജാവും അവരുടെ ആരാധ്യനുമായിട്ടുള്ളവനോട് ഞാന്‍ കാവല്‍ ചോദിക്കുന്നു; മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനങ്ങള്‍ നടത്തി പിന്‍മാറിക്കളയുന്ന മനുഷ്യരിലും ജിന്നുകളിലും പെട്ട ദുര്‍ബോധകരെ കൊണ്ടുള്ള കെടുതിയില്‍നിന്ന്.'' ഈ ശ്രേഷ്ഠമായ വചനങ്ങള്‍ ഒരാള്‍ മനസ്സിരുത്തി വായിക്കുകയാണെങ്കില്‍ ഇങ്ങനെയുള്ള ഉന്നതനായ സ്രഷ്ടാവില്‍ അവന് എങ്ങനെ വിശ്വസിക്കാതിരിക്കാന്‍ സാധിക്കും? അവനെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കുന്ന കാരുണ്യവാനായ സ്രഷ്ടാവിന്റെ സചേതനത്തെ കുറിച്ച് ചിന്തിക്കാന്‍ ഒരു വ്യക്തിക്ക് ഇതൊക്കെ മതിയായ തെളിവല്ലേ? ഇസ്‌ലാം യാതൊരു കലര്‍പ്പുമില്ലാത്ത മതമാണെന്ന് മുസ്‌ലിംകള്‍ സ്പഷ്ടമായി പ്രസ്താവിക്കുന്നു. ഇസ്‌ലാം അതിനു മുന്‍കഴിഞ്ഞ മുഴുവന്‍ മതങ്ങളുടെയും തെറ്റല്ലാത്ത എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നു. ഇസ്‌ലാമിന്റെ ഭരണഘടനയും വിശുദ്ധ ഗ്രന്ഥവുമായ പരിശുദ്ധ ഖുര്‍ആനില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മുഴുവന്‍ നിയമങ്ങളും കൃത്യവും വ്യക്തവും ബുദ്ധിയുമുള്ള ഏവര്‍ക്കും മനസ്സിലാകുന്ന യുക്തിയുക്തമായ തത്വങ്ങളടങ്ങിയതുമാണ്. ഇവ അങ്ങേയറ്റം പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്. തീര്‍ച്ചയായും അല്ലാഹുവിന്റെയും അവന്റെ അടിമയുടെയും ഇടയില്‍ സുസ്ഥിരമായ ബന്ധം സ്ഥാപിക്കാനും ആത്മീയവും ഭൗതികവുമായ ഘടകങ്ങളെ ഒരുപോലെ ഏകീകരിക്കാനും ഈ ലോകത്തും പരലോകത്തും സമാധാനം നിലനിര്‍ത്താനും നാം നിഷ്‌കളങ്കമായും ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഇസ്‌ലാം സ്വീകരിക്കല്‍ കൂടാതെ കഴിയുകയില്ല.

നമ്മുടെ ആത്മീയവും ശാരീരികവുമായ പുരോഗതി ഇസ്‌ലാമിന്റെ പിന്തുണയുടെ മേല്‍ മാത്രം ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്‍ പാപിയായാണു ജനിക്കുന്നതെന്ന് ക്രിസ്റ്റ്യാനിറ്റി തീര്‍പ്പു കല്‍പ്പിക്കുന്നു. മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാത്തതും യുക്തിക്ക് നിരക്കാത്തതുമായ പാപപരിഹാരമാണ് ക്രിസ്റ്റ്യാനിറ്റി മനുഷ്യനില്‍നിന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍, അതേ സമയം ഇസ്‌ലാം സ്‌നേഹത്തെ അടിത്തറയാക്കിയുള്ളതാണ്. കോളറിഡ്ജ് തന്റെ ഒരു പുസ്തകത്തില്‍ പറയുന്നു: ''ക്രിസ്റ്റ്യാനിറ്റിയെ വളരെ കൂടുതല്‍ സനേഹിക്കുന്ന ഒരാള്‍ ക്രമേണ അതില്‍നിന്ന് അകന്നു നില്‍ക്കുകയും ചര്‍ച്ചിനെ വളരെയധികം വെറുക്കുകയും ഒടുവില്‍ ഏറ്റവും നല്ലതിനെ അവന്‍ സ്വയം ഇഷ്ടപ്പെടുകയും ചെയ്യുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.'' ഇസ്‌ലാം അല്ലാഹുവിനെ ബഹുമാനിക്കാനും സ്‌നേഹിക്കാനും അവന്റെ ആജ്ഞകള്‍ മാത്രം അനുസരിക്കാനും നമ്മോട് കല്‍പ്പിക്കുന്നു. അതേസമയം, നമ്മുടെ യുക്തിയും ബുദ്ധിയും ഉപയോഗിക്കാനും ആവശ്യപ്പെടുന്നു. ക്രിസ്റ്റ്യാനിറ്റിയില്‍ അല്‍പം ചില സത്യങ്ങള്‍ ഉണ്ട്. പക്ഷെ, ഇസ്‌ലാമില്‍ എല്ലാം സത്യം മാത്രമാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വര്‍ഗ വര്‍ണ വിവേചനമില്ലാതെ അടിമകളെ അഭിസംബോധന ചെയ്യുന്നു. സൂറത്ത് യൂനുസിലെ 108ാമത്തെ ആയത്തില്‍ അല്ലാഹു പറയുന്നു: ''പറയുക: ഹേ ജനങ്ങളേ; നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള സത്യം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ അവന്‍ തന്റെ ഗുണത്തിനുവേണ്ടി തന്നെയാണ് നേര്‍വഴി സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ചു പോയാല്‍ അതിന്റെ ദോഷവും അവനു തന്നെയാണ്. ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടവനല്ല.'' ഈ വസ്തുതകളെല്ലാം വായിക്കുകയും വിശുദ്ധ ഖുര്‍ആന്റെ ആശയഗതി പൂര്‍ണമായി മനസ്സിലാക്കുകയും ചെയ്തതിനുശേഷം, എന്റെ സംശയങ്ങള്‍ക്കുള്ള സത്യസന്ധവും സമ്പൂര്‍ണവുമായ മറുപടി ഇസ്‌ലാമില്‍ മാത്രമേയുള്ളൂവെന്ന് ഞാന്‍ മനസ്സിലാക്കി. അങ്ങനെ ഞാന്‍ സ്വയേഷ്ട പ്രകാരം ഒരു മുസ്‌ലിമായിത്തീര്‍ന്നു. ഇസ്‌ലാം എനിക്ക് നേര്‍വഴി കാണിച്ചുതരികയും എനിക്ക് ധൈര്യം പകരുകയും ചെയ്തു. ഇസ്‌ലാം ആശ്ലേഷണം മാത്രമാണ് ഈ ലോകത്ത് സമാധാനവും ആശ്വാസവും ലഭിക്കാനും പരലോകത്ത് രക്ഷയും മോചനവും കിട്ടാനുമുള്ള ഒരേയൊരു മാര്‍ഗം. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter