വെള്ളിത്തിരയില്‍നിന്ന് ഇസ്‌ലാമിലേക്ക്: പൂജ ലാമ അംന ഫാറൂഖിയായ കഥ
അഭിനയത്തികവിലൂടെ ഒരു പിടി ചിത്രങ്ങൾ കൊണ്ട് സിനിമാ പ്രേക്ഷകരെ കയ്യിലെടുക്കാൻ അവർക്ക് വളരെവേഗം സാധിച്ചു. അതോടെ കൈനിറയെ സിനിമകളുമായി അവർ നേപ്പാളീ സിനിമാലോകത്ത് നിറഞ്ഞുനിന്നു. ഇന്ത്യയിലെ ബോളിവുഡ് സിനിമകളിലും ഏറെ വൈകാതെ പൂജക്ക് അവസരങ്ങൾ കൈവന്നു. എന്നാൽ പണവും പ്രശസ്തിയും ലഭിച്ചതോടൊപ്പം ആവോളം ദുശ്ശീലവും അവരുടെ ജീവിതത്തിൻറെ ഭാഗമായി. മദ്യമായിരുന്നു പ്രധാനമായും പൂജയെ കീഴടക്കിയിരുന്നത്. ജീവിതത്തില്‍ മദ്യമില്ലാത്ത ഒരു ദിവസം പോലും അവര്‍ക്ക് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
പൂജയുടെ വൈവാഹിക ജീവിതവും സംതൃപ്തമായിരുന്നില്ല. 25 വയസ്സായപ്പോഴേക്കും മൂന്ന് വിവാഹമോചനങ്ങൾ ജീവിതത്തെ വിരസമാക്കിത്തീർത്തിരുന്നു. ജീവിതം മടുത്ത ആ സമയത്താണ് മതങ്ങളെ കുറിച്ചുള്ള പഠനത്തിലേക്ക് തിരിയുന്നതെന്ന് അംന ഒരഭിമുഖത്തിൽ പറയുന്നുണ്ട്. ഹിന്ദുമതം, ക്രിസ്തുമതം, ഇസ്‌ലാം എന്നീ മൂന്ന് മതങ്ങളെ സംബന്ധിച്ചായിരുന്നു പ്രധാനമായും പഠനം.
നിയോഗം പോലൊരു കാത്തിരുപ്പ്
സിനിമകളുടെ അവസാനിക്കാത്ത തിരക്കുകള്‍ക്കിടയില്‍ ഒരിക്കല്‍ ഷൂട്ടിംഗിന്റെ ഭാഗമായി ദുബൈയിലെത്തി. ഷൂട്ടിംഗ് കഴിഞ്ഞ് ഖത്തർ വഴിയായിരുന്നു നേപ്പാളിലേക്കുള്ള മടക്കയാത്ര. ഖത്തറിൽ അടുത്ത വിമാനത്തിനായുള്ള രണ്ട് മണിക്കൂർ കാത്തിരിപ്പിനിടയിലാണ് ജീവിതം തന്നെ മാറ്റിമറിച്ച ആ സംഭവം നടക്കുന്നത്. കാത്തിരിപ്പിനിടയില്‍ അവർ ഒരാളെ പരിചയപ്പെട്ടു, അഹ്മദ് മുനീർ എന്ന സുമുഖനായ ചെറുപ്പക്കാരൻ. വളരെ പെട്ടെന്നാണ് അഹ്മദ് നടിയുമായി പരിചയപ്പെട്ടത്.ആ രണ്ടുമണിക്കൂർ നേരം അവർ സംസാരിച്ചത് പ്രപഞ്ചത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായിരുന്നു, പ്രപഞ്ചനാഥനായ അല്ലാഹുവിനെ കുറിച്ച്. കൂടെ കിടക്കുന്ന ജീവിതപങ്കാളിയെ പോലും വഞ്ചിച്ച് തെറ്റുകള്‍ ചെയ്യാനാകുമെങ്കിലും, എല്ലാം വീക്ഷിക്കുന്ന സർവ്വശക്തനായ അല്ലാഹുവാണ് നമ്മുടെ ദൈവമെന്ന പരാമർശം അവരുടെ മനസ്സില്‍ തറച്ചുനിന്നു. ദൈവത്തെക്കുറിച്ച് ഇത്ര സുന്ദരമായ ഒരു വിശദീകരണം ഇതിന് മുമ്പ് എവിടെനിന്നും അവര്‍ കേട്ടിട്ടേയില്ലായിരുന്നു.
ആ ചിന്ത പൂജയെ വിടാതെ പിന്തുടര്‍ന്നു. യാത്രയിലുടനീളം അത് കൂടെനിന്നു. ഇതുവരെ മനസ്സിനെ മഥിച്ച പ്രശ്നങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കുമെല്ലാം പരിഹാരമാവുന്ന പോലെ അവര്‍ക്ക് തോന്നി. ആ ചിന്തക്ക് ശക്തി കൂടും തോറും മനസ്സിലെവിടെയോ ശാന്തിയുടെ വെള്ളരിപ്രാവുകള്‍ ചിറകടിക്കുന്ന പോലൊരു അനൂഭൂതി. താൻ അന്വേഷിക്കുന്ന യഥാർത്ഥ സ്രഷ്ടാവ് അല്ലാഹുവാണെന്നും സത്യമതം പരിശുദ്ധ ഇസ്‌ലാം തന്നെയാണെന്നും മനസ്സിലാക്കാൻ അവർക്ക് പിന്നീട് അധികസമയം വേണ്ടി വന്നില്ല.
തലസ്ഥാന നഗരിയായ കാഠ്മണ്ഡുവില്‍ വിമാനം ഇറങ്ങുമ്പോഴേക്കും പൂജ അംന ഫാറൂഖിയായിക്കഴിഞ്ഞിരുന്നു, ആകാശത്ത് വെച്ച് നടക്കുന്ന അത്യപൂര്‍വ്വ പരിവര്‍ത്തനങ്ങളിലൊന്നെന്ന് നമുക്കതിനെ വിളിക്കാം. നാട്ടിലെത്തി അംന പിന്നീട് ചെയ്തത് പത്രക്കാരെ വിളിച്ച് വരുത്തി സുപ്രധാനമായ ആ പ്രഖ്യാപനം നടത്തുകയായിരുന്നു. ‘താൻ ബുദ്ധ മതം ഉപേക്ഷിച്ച് പരിശുദ്ധ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. അംന ഫാറൂഖി എന്ന പേര് സ്വീകരിച്ച് ലോക മുസ്‌ലിംകളിൽ ഒരാളായി മാറിയിരിക്കുന്നു.’ തികഞ്ഞ അഭിമാനത്തോടെയും അതിലേറെ നിശ്ചയദാർഢ്യത്തോടെയും അവർ വിളിച്ചുപറഞ്ഞു. അത് കേട്ട് ആരാധകവൃന്ദം മാത്രമല്ല, നേപ്പാൾ ജനത ഒന്നടങ്കം മൂക്കത്ത് കൈവെച്ചു.
ഇസ്‌ലാമാശ്ലേഷണത്തിനു ശേഷം
ഇസ്‌ലാമിലേക്ക് കടന്നു വന്നതോടെ അംനയുടെ ജീവിതം മാറി മറിഞ്ഞു. സിനിമാ ലോകത്ത് നിന്ന് അവർ പൂർണ്ണമായും മാറിനിന്നു. പരസ്യ മേഖലകളിലോ മറ്റോ പിന്നെ അവരെ ലോകം കണ്ടതേയില്ല. ഇസ്‍ലാം ആശ്ലേഷണത്തിനു ശേഷം ആദ്യമായി നടത്തിയ അഭിമുഖത്തിൽ താൻ ഇസ്‌ലാം സ്വീകരിച്ചതോടെ ശരീരത്തിനും മനസ്സിനുമുണ്ടായ മാറ്റങ്ങളെ കുറിച്ച് അവർ മനസ്സു തുറക്കുന്നുണ്ട്. "ഞാൻ മദ്യത്തിനും പുകവലിക്കും അടിമയായിരുന്നു. അവയുടെ അമിതോപയോഗം കാരണം പലപ്പോഴും ഞാൻ അബോധാവസ്ഥയിലായിരുന്നു കഴിച്ച് കൂട്ടിയിരുന്നത്. എന്നാൽ ഇസ്‌ലാം പുൽകിയതോടെ ഈ അവസ്ഥകളിൽ നിന്നെല്ലാം എനിക്ക് മോചനം ലഭിച്ചു.മനോവ്യഥകളുടെ കൂരിരുട്ട് എന്നെ എപ്പോഴും വലയം ചെയ്തിരുന്നു. എന്നാൽ ഇപ്പൊഴെന്നെ വലയം ചെയ്തിരിക്കുന്നത് ഇസ്‌ലാമിന്റെ പൂർണ്ണ പ്രകാശമാണ്, വല്ലാത്ത സന്തോഷമാണ് ഞാനിന്ന് അനുഭവിക്കുന്നത്, ജീവിതം എത്ര സംതൃപ്തമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. ഇസ്‍ലാം സ്വീകരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ എന്റെ മുന്നിലെ പ്രധാന പ്രശ്നം എന്റെ മാതാവ് അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന ചിന്തയായിരുന്നു. ഉമ്മയെ എനിക്ക് അത്രമാത്രം ഇഷ്ടമാണ്. എന്നാല്‍, ഉമ്മാക്ക് അതില്‍ യാതൊരു വിയോജിപ്പുമുണ്ടായില്ലെന്ന് മാത്രമല്ല, എന്റെ ദുശ്ശീലങ്ങളെല്ലാം മാറിയതില്‍ അവര്‍ ഏറെ സന്തുഷ്ടയുമാണ്, അല്‍ഹംദുലില്ലാഹ്".
Leave A Comment