ആ ബാങ്ക് വിളിയായിരുന്നു എന്നെ ഇസ്ലാമിലേക്ക് എത്തിച്ചത്!
അമേരിക്കയിലെ വലിയ കുറ്റവാളിയും പ്രമുഖ ഗാങ് ലീഡറുമായിരുന്ന അയാള്‍, ചെയ്ത തെറ്റുകളില്‍ പശ്ചാത്താപം തോന്നുകയും വൈകാതെ ഇസ്ലാം സ്വീകരിച്ച് അബ്ദുൽ അസീസ് ആയി മാറുകയും ചെയ്തു. അദ്ദേഹവുമായി ഒരു ചാനല്‍ നടത്തിയ പ്രത്യേക അഭിമുഖം.
ആരായിരുന്നു അബ്ദുൽ അസീസ്? നിങ്ങളെ കുറിച്ചൊന്ന് പരിചയപ്പെടുത്താമോ?
ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ് ഞാൻ ജനിച്ചതെങ്കിലും എന്റെ കുട്ടിക്കാലം മുഴുവൻ ചെലവഴിച്ചത് ബ്രോൺക്സിലായിരുന്നു. കുറ്റകൃത്യങ്ങൾക്ക് ഏറെ കുപ്രസിദ്ധമായിരുന്ന ആ നാട്ടിൽ വളർന്നത് കൊണ്ട് തന്നെ എന്റെ ഭാവി ജീവിതത്തിൽ അതൊരുപാട് ദുസ്വാധീനം ചെലുത്തിയിരുന്നു. ഞാൻ ജനിച്ച് ആഴ്ചകൾക്കകം പിതാവ് മരണപ്പെട്ടു, എന്റെ മാതാവ് എന്നെ ഉപേക്ഷിച്ച് എവിടേക്കോ പോയി. പിന്നീട് എന്നെ വളർത്തിയത് വല്യുമ്മയായിരുന്നു. നല്ല രീതിയിലുള്ള ശിക്ഷണമൊന്നും ലഭിക്കാത്തത് കൊണ്ട് തന്നെ ഞാനും എന്റെ അയൽവാസികളോടൊപ്പം ചേർന്നു. അവർ മദ്യത്തിനും മയക്കു മരുന്നിനും അടിമകളായിരുന്നതിനാൽ ഞാനും അമിത മാദ്യപാനിയും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്ന ആളായി മാറി. ആ സമയത്തെ കൂട്ടുകെട്ടും സാഹചര്യവും എന്നെ അങ്ങേയറ്റം ദുഃശീലനും ദുർനടപ്പുകാരനുമാക്കി മാറ്റിയിരുന്നു. ഒരു ലക്ഷ്യവുമില്ലാത്ത ജീവിതമായതിനാൽ ഒരുപാട് പേരെ ഞാൻ കൊലപ്പെടുത്തുകയും അവരുടെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തിയിട്ടുണ്ട്. ഇത്തരം ദുഷ്പ്രവൃത്തികൾക്കായി ഞാന്‍ അടങ്ങുന്ന ഒരു ഗാങ് തന്നെ ഉണ്ടായിരുന്നു. അത് വഴി ഒട്ടനവധി കുറ്റകൃത്യങ്ങൾക്ക് ഞാൻ നേതൃത്വവും നൽകിയിരുന്നു.
നിങ്ങൾ ഒരു ഗാങ് ലീഡർ ആയിരുന്നോ? നിങ്ങൾ ചെയ്തതിൽ ഏറ്റവും മോശം കൃത്യം എന്തായിരുന്നു?
അതെ, ഞാൻ ഗാങ് ലീഡറായിരുന്നു. ബ്രോൻസിലും, ക്വീനിലും മൻഹാട്ടനിലും ജേഴ്സിയിലും ഫിലാഡെൽഫിയയിലും കണറ്റികട്ടിലും എനിക്ക് ഗാങ്ങുകളുണ്ടായിരുന്നു. അവിടെയെല്ലാം എന്റെ കല്പനകൾ അതുപോലെ നിർവ്വഹിക്കാൻ പ്രതിജ്ഞബദ്ധരായ ഒരു കൂട്ടം ജനങ്ങളും എന്റെ പിന്നിൽ സജ്ജമായിരുന്നു. ഒരുപാട് കുറ്റകൃത്യങ്ങൾ ഞാൻ ചെയ്തതിട്ടുണ്ട്. ഏതാണ് ഏറ്റവും മോശമെന്നു നിർണ്ണായിക്കാൻ പോലും കഴിയാത്ത അത്രയും ഞാന്‍ ചെയ്തിട്ടുണ്ട്. ഖുർആനിൽ ഇങ്ങനെ പറയുന്നുണ്ടല്ലോ: "നിങ്ങൾ ഒരാളെ കൊലപ്പെടുത്തുന്നത് മനുഷ്യ കുലത്തെ മുഴുവൻ വധിക്കുന്നതിനു തുല്യമാണ്" ഈ വാക്യം എന്നെ വല്ലാതെ ഭയപ്പെടുത്താറുണ്ട്. മുസ്ലിം ആവുന്നതിനു മുമ്പുള്ള ഇത്തരം ചെയ്തികൾ ഓർത്തു ഞാൻ പരിതപിക്കാറുമുണ്ട്. അല്ലാഹു പൊറുത്തുതരുമെന്ന പ്രതീക്ഷ മാത്രമാണ് കൈമുതല്‍.
നിങ്ങൾ ഏതെങ്കിലും മതങ്ങളിൽ വിശ്വസിച്ചിരുന്നോ?
ഇല്ല, അങ്ങനെ ചിന്തയേ എനിക്കില്ലായിരുന്നു. ക്രിസ്തു മതം വിശ്വസിക്കാൻ ഞാൻ നിർബന്ധിതനായിരുന്നെങ്കിലും എനിക്ക് ആ മതത്തിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നില്ല. അതിലെ ത്രി ഏകത്വം (പിതാവ്, പുത്രൻ, പരിശുദ്ധത്മാവ്) എന്ന സങ്കല്പമെല്ലാം എന്നെ സംശയങ്ങളുടെ മുൾമുനയിൽ നിർത്തിയിരുന്നു. ജീസസ് ദൈവം അല്ലെങ്കിൽ പിന്നെ എന്തിനു അദ്ദേഹത്തോട് ഞാൻ എന്റെ ആവശ്യങ്ങൾ ചോദിക്കണം, തന്റെ കാര്യങ്ങൾ നേരിട്ട് ചോദിക്കാൻ പറ്റിയ ഒരു ദൈവം ഉണ്ടാവണമെല്ലോ എന്നീ ചോദ്യങ്ങളെല്ലാം എന്നെ വേട്ടയാടിയിരുന്നു.
ലോക സൃഷ്ടാവിൽ ഇങ്ങനെ സംശയമുണ്ടാവനുള്ള കാരണമെന്തായിരുന്നു?
ഞാൻ ജീവിച്ചിരുന്ന സാഹചര്യം തന്നെയാണ് അതിനുള്ള കാരണം. എന്റെ മാതാവ് പിതാവിനെ കൊലപ്പെടുത്തിയ സംഭവവും, പിന്നീട് ഞാൻ ജീവിതത്തിൽ അനുഭവിച്ച ഏകാന്തതയും എന്നെ ദൈവമുണ്ടോ എന്ന ചോദ്യത്തിലേക്കു വരെ എത്തിച്ചു. ഉണ്ടെകിൽ തന്നെ ആ ദൈവത്തോട് എനിക്ക് ദേഷ്യമായിരുന്നു. കാരണം അങ്ങനെ ഒരു ദൈവമുണ്ടായിട്ട് പോലും എനിക്ക് ഈ അവസ്ഥ വന്നല്ലോ എന്ന് ഞാൻ കോപത്തോടെ ഓർക്കാറുണ്ടായിരുന്നു.
ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കുന്നത് എപ്പോഴാണ്?
കുറ്റ കൃത്യങ്ങൾ നിർബാധം തുടർന്ന് കൊണ്ടിരിക്കെയാണ് എന്നെ പോലീസ് പിടി കൂടുന്നതും, ശേഷം ജയിലിൽ അടക്കുന്നതും. ഞാൻ ഒരു ഭാവ മാറ്റവും കൂടാതെ അവർ നൽകുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറായിരുന്നു. കാരണം കുറ്റബോധത്തിന്റെ ഒരു കണിക പോലും എനിക്കന്നില്ലായിരുന്നു. ജീവിതത്തിൽ ഒരു ലക്ഷ്യവും ഇല്ലാത്ത ഞാൻ അന്ന് എന്റെ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വരെ ആലോചിച്ചു. എന്നാൽ സാഹചര്യം അനുകൂലമാകാത്തത് കൊണ്ട് ആത്മഹത്യ ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ഒരു പക്ഷെ അല്ലാഹു എന്നെ മുസ്ലിമാക്കി മരിപ്പിക്കണം എന്ന് എഴുതി വെച്ചിട്ടുള്ളത് കൊണ്ടായിരിക്കാം അത്. എനിക്ക് ജീവനൊടുക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല എനിക്ക് ഒരുപാട് കുറ്റബോധവും ഉൾവിളിയുമുണ്ടായ സമയം കൂടിയായിരുന്നു അത്.
ഞാൻ എന്റെ ജീവിതത്തെ കുറിച്ച് സ്വയം പുനർവിചിന്തനം നടത്താൻ തുടങ്ങി. ചെയ്തു പോയ കുറ്റങ്ങൾ ഓർത്തു ഞാൻ ഒരുപാട് സങ്കടപ്പെട്ടു. അവകളിൽ നിന്ന് മടങ്ങാൻ ഞാൻ ശപഥമെടുത്തു. എന്നിൽ ഒരുപാട് ചോദ്യങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ ഒരു ദൈവമില്ലേ? അവനല്ലേ എന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്? യഥാർത്ഥ സത്യം അവനെനിക്ക് തോന്നിപ്പിച്ചു തരുമോ എന്നെല്ലാം അവയിൽ ചിലതായിരുന്നു. അത്തരം സംശയങ്ങളും സങ്കടങ്ങളും ഉള്ളിലൊതുക്കി ജീവിക്കുന്നതിനിടയിൽ എന്റെ ജയിൽ ശിക്ഷ കാലാവധി അവസാനിച്ചു. പുറം ലോകത്തേക്ക് എത്തിയതിനു ശേഷം ഇത്തരം ചിന്തകളിലൂടെ കടന്നു പോകുന്ന വേളയില്‍ ഒരു മസ്ജിദിൽ നിന്നുള്ള ബാങ്ക് വിളിയായിരുന്നു ഞാൻ ഇസ്ലാം മതം സ്വീകരിക്കാൻ കാരണമായത്.
ആ സംഭവം അല്പം വിശദമായി പറയാമോ?
അതെ, ഒരു മസ്ജിദിൽ നിന്നുള്ള ബാങ്ക് കേട്ട്, അതിൽ ആകൃഷ്ടനായി ഞാൻ അവിടേക്ക് പോയി. "എന്തായിരുന്നു നിങ്ങൾ പാടിയിരുന്ന പാട്ട്" എന്ന് പള്ളിയിലുള്ള ആളോട് ഞാൻ ചോദിച്ചു. അദ്ദേഹം, അത് പാട്ടല്ല എന്നും, നിസ്ക്കരിക്കാൻ വേണ്ടിയുള്ള വിളയാളമാണെന്നും വിശദീകരിച്ചു തന്നു. അല്ലാഹു ഏകനാണെന്നാണ് അതിന്റെ സാരമെന്നും അദ്ദേഹം എന്നെ പഠിപ്പിച്ചു. അത് എനിക്കുള്ള വലിയ ഒരുത്തരമായിരുന്നു. "ഏക ദൈവം" എന്ന ആശയം എന്റെ മനസ്സിനെ മഥിച്ചു. ആ വിശ്വാസത്തിൽ എന്റെ ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടി ഉണ്ടായിരുന്നു. ക്രിസ്ത്യൻ മതത്തിൽ ഉള്ള ദൈവവും, ദൈവ പുത്രനും എന്ന സങ്കല്പമൊന്നും ഇസ്ലാമിൽ ഇല്ലല്ലോ. ഈസാ നബി അല്ലാഹുവിന്റെ പ്രവാചകനാണെന്ന വിശ്വാസം എന്നെ കൂടുതൽ സംതൃപ്തിപ്പെടുത്തി.
ഈ പ്രാർത്ഥന നിങ്ങൾ ഞായറാഴ്ച മാത്രമാണോ നിർവ്വഹിക്കുന്നത്? ബാക്കി ഉള്ള ദിവസം ഇഷ്ടമുള്ള പോലെ ജീവിച്ച് ഞായറാഴ്ച ദൈവ സമക്ഷം ചെന്ന് തെറ്റ് ഏറ്റു പറയുന്ന ക്രിസ്ത്യൻ രീതിയോട് എനിക്ക് യുക്തിപരമായി ഒട്ടും യോജിപ്പില്ലായിരുന്നു. ഇതും അതുപോലൊരു രീതിയാണോ എന്ന സംശയത്തിലായിരുന്നു അത്തരമൊരു ചോദ്യം ഞാൻ ഉന്നയിച്ചത്. ഇസ്ലാമിൽ ഞായർ മാത്രമല്ല പ്രാർത്ഥന ഉള്ളത്, എല്ലാ ദിവസവും അഞ്ച് നേരം ദൈവത്തിന് മുന്നിൽ സാഷ്ടംഗം നമിക്കണം. അത് വഴി നമ്മൾ അല്ലാഹുവിലേക്കു കൂടുതൽ അടുക്കുകയും തെറ്റുകളിൽ നിന്ന് വിദൂരത്തവുകയും ചെയ്യും. അദ്ദേഹത്തിന്റെ ഈ ഉത്തരം എനിക്ക് കൂടുതൽ യുക്തിഭദ്രമായി തോന്നി. പള്ളിയിലുണ്ടായിരുന്ന ആ മുസ്ലിം സുഹൃത്ത് ഇസ്ലാമിനെ കുറിച്ചുള്ള എന്റെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകി. ഞാൻ അതിൽ തൃപ്തനാവുകയും ചെയ്തു. അങ്ങനെ യാണ് ഞാൻ ഇസ്ലാം സ്വീകരിക്കുന്നതും അത് വഴി എന്റെ ദുശീലങ്ങളെല്ലാം അവസാനിപ്പിക്കാൻ ഞാൻ ദൃഢനിശ്ചയമെടുക്കുന്നതും.
ഇസ്ലാമിലേക്ക് വന്നതിന് ശേഷമുള്ള അനുഭവം എങ്ങനെയായിരുന്നു?
ഇസ്ലാം സ്വീകരിച്ച ശേഷമുള്ള എൻറെ ജീവിതം യഥാർത്ഥത്തിൽ എനിക്ക് പുതിയൊരു ജന്മമായിരുന്നു എന്ന് വേണം പറയാന്‍. ഞാൻ മുമ്പ് ചെയ്ത് പോയ തെറ്റുകൾ എല്ലാം പൊറുക്കപ്പെടുമോ എന്ന് ശങ്കയുണ്ടായിരുന്ന എനിക്ക് ആശ്വാസമേകിയത് ഇസ്ലാമിലെ "തൗബ" എന്ന ആശയമായിരുന്നു. എന്റെ എല്ലാ തെറ്റുകുറ്റങ്ങളും അല്ലാഹു പൊറുത്തു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനായി ഞാൻ സദാ പ്രാർത്ഥിക്കാറുമുണ്ട്. ഇപ്പോൾ ഞാൻ കാരണം എന്റെ സുഹൃത്തായ വെസ്ലി ഇസ്ലാം സ്വീകരിച്ചു. എന്റെ മകൻ പറയാറുള്ളത് ഞാനാണ് അവന്റെ റോൾ മോഡൽ എന്നാണ്. അവനും എന്നെ കണ്ടായിരുന്നു ഇസ്ലാം സ്വീകരിച്ചത്. അല്‍ഹംദുലില്ലാഹ്
ഇസ്ലാമിലേക്ക് വന്ന കൂടുതല്‍ ആളുകളുടെ സമാനാനുഭവങ്ങള് വായിക്കാന്‍ ഇവിടെ നോക്കുക
Leave A Comment