മുസ്‌ലിം രാഷ്ട്രങ്ങളിലെ സഞ്ചാരങ്ങൾ എന്നെ ഇസ്‌ലാമിലെത്തിച്ചു

(ഇംഗ്ലീഷ് വംശജനായ യൂട്യൂബർ ജയ് പാൽഫ്രയ് ഒരാഴ്ച മുമ്പാണ് ഇസ്‌ലാമിലേക്ക് കടന്നു വന്നതായി പ്രഖ്യാപിക്കുന്നത്. ഇസ്‌ലാം സമാധാനത്തിന്റെയും ശാന്തിയുടെയും ഐക്യത്തിന്റെയും മതമാണെന്നും ഏറെക്കാലത്തെ അന്വേഷണത്തിനൊടുവിലാണ് താൻ സത്യം മനസ്സിലാക്കിയതെന്നും അതിനാലാണ് ശഹാദത്ത് കലിമ ഉച്ചരിക്കുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജയ് പാൽഫ്രയുടെ ഇസ്‌ലാമാശ്ലേഷണ കഥ അദ്ദേഹത്തിൻറെ വാക്കുകളിൽ നിന്നു തന്നെ നമുക്ക് കേൾക്കാം.)

"ഇംഗ്ലണ്ടിലെ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ ചെറു ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായിരുന്നു എന്റേത്. ചെറുപ്പം മുതലേ വാർത്താ മാധ്യമങ്ങളിലൂടെ ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കിയിരുന്നു. ഇതാവട്ടെ 99 ശതമാനവും ഇസ്‌ലാമിനെ മോശമാക്കി ചിത്രീകരിക്കുന്നതായിരുന്നു. സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണ കാലത്ത് എനിക്ക് വളരെ ചെറുപ്പമായിരുന്നു, എങ്കിൽപോലും ഇസ്‌ലാമിനെതിരെ ഇംഗ്ലണ്ടിൽ ശക്തമായ പ്രചരണമാണ് നടന്നിരുന്നത്.

ചെറുപ്പം മുതലേ സ്കൂളിൽ പല വിഷയങ്ങൾ മൂലം റാഗിങ്ങിന് വിധേയനായ ഒരു വ്യക്തിയാണ് ഞാൻ. ഏറെ മെലിഞ്ഞ പ്രകൃതം ചൂണ്ടിക്കാണിച്ച് മറ്റു സഹപാഠികൾ എന്നെ പരിഹസിക്കുകയും ചെയ്യുമായിരുന്നു. സ്കൂൾ യൂണിഫോം വലിച്ചുകീറിയ അനുഭവങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്. ഇതിനിടക്കാണ് ഏറെ അത്താണിയായിരുന്നു ഒരു ബന്ധു മരണപ്പെടുന്നത്. അതോടെ ഞാൻ മാനസികമായി ഏറെ തകർന്നു.

മാതൃ നഗരം ഉപേക്ഷിച്ച് എവിടേക്കെങ്കിലും യാത്ര പോയാലോ എന്ന് മനസ്സിൽ കലശലായ ആഗ്രഹം ജനിച്ചു.ഈ സന്ദർഭത്തിലാണ് ഞാൻ ബിരുദത്തിന് യൂണിവേഴ്സിറ്റിയിൽ ചേരുന്നത്. ഒഴിവുവേളകളിൽ എല്ലാം യാത്രയും തുടർന്നു. യാത്രാ ചെലവുകൾക്കുള്ള പണവും ഞാൻ എങ്ങനെയൊക്കെയോ കണ്ടെത്തി.

യാത്രകൾക്കിടെ നിരവധി മുസ്‌ലിംകളെ കണ്ടുമുട്ടി. ഇവരുടെ മതം ഞാൻ മനസ്സിലാക്കിയത് പോലെ അല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇസ്‌ലാമിനെ കുറിച്ച് അറിയാൻ ആഗ്രഹം ജനിച്ചു. അതിനാൽ യാത്രകളിൽ അധികവും ഏഷ്യയിലെ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലേക്കായിരുന്നു. ഇറാക്ക്, ഈജിപ്ത് തുർക്കി എന്നിവയെല്ലാം ഞാൻ സന്ദർശിച്ചു. ഇതിനിടെ ഇസ്‌ലാമിനെക്കുറിച്ചുള്ള എന്റെ മുൻവിധികൾക്ക് വലിയ മാറ്റങ്ങൾ വന്നു.

ഈജിപ്തിലേക്കുള്ള യാത്ര ഇസ്‌ലാമിനെ കുറിച്ച് കൂടുതൽ അടുത്തറിയാൻ എന്നെ സഹായിച്ചു. ഇവിടെ സ്നേഹനിധികളായ ഒരുപാട് സുഹൃത്തുക്കളെയും എനിക്ക് ലഭിച്ചു. അതുപോലെ യൂട്യൂബിലൂടെയും വെബ്സൈറ്റുകൾ വഴിയും ഇസ്‌ലാമിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി. കഴിഞ്ഞ റമദാനിൽ ഞാൻ വ്രതം അനുഷ്ഠിച്ചു. ഇത് മാനസികമായും ശാരീരികമായും എനിക്ക് കൂടുതൽ കരുത്ത് നൽകി. ജീവിതത്തിൽ ഏറ്റവും സന്തോഷവും സമാധാനവും കൈ വന്നതായി ഞാൻ മനസ്സിലാക്കി. ഇത് തന്നെയാണ് എന്റെ ഭാവി ജീവിതമെന്നെനിക്ക് തിരിച്ചറിവ് കൈവന്നു. അങ്ങനെ ഇസ്താംബൂളിലെ പ്രശസ്ത സുലൈമാൻ മസ്ജിദിൽ വെച്ച് ഞാൻ പരിശുദ്ധ ശഹാദത്ത് ഉച്ചരിച്ചു മുസ്‌ലിമായി മാറി.

ഇന്ന് ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ആഴത്തിലുള്ള സന്തോഷവും സമാധാനവും എനിക്ക് ലഭിക്കുന്നുണ്ട്. ഇവിടെ ഇസ്താംബൂളിൽ നിരവധി സുഹൃത്തുക്കളെയും എനിക്ക് ലഭിച്ചു. ഇസ്‌ലാമിനെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ ഞാനിവിടെ ഒരു കോഴ്സിന് ചേർന്നിട്ടുണ്ട്. എന്റെ ജീവിതയാത്രയിൽ പിന്തുണച്ച, ഇസ്‌ലാമിനെ കുറിച്ച് പഠിക്കാൻ കത്തുകളിലൂടെയും ഈമെയിലിലൂടെയും എന്നെ സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും അകൈതവമായ നന്ദി അറിയിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter