ഈ ഫ്രഞ്ച് ഗായകന്‍ ഇസ്‍ലാമിനെ ആസ്വദിക്കുകയാണ്

ഈ ലോകത്തിന് മുന്നിൽ താങ്കൾ ഒരു മുസ്‍ലിം അല്ല എന്ന് പറഞ്ഞാല്‍ ഞാൻ നിങ്ങൾക്ക് 1 ബില്യൺ ഡോളർ തരാം എന്ന് ആരെങ്കിലും എന്നോട് ആവശ്യപ്പെട്ടാൽ എന്റെ മറുപടി ഇങ്ങനെയായിരിക്കും: "സോറി, ഒരിക്കലും എനിക്കതിനു കഴിയില്ല, ഞാൻ പൂർണ്ണമായും ഇസ്‍ലാം മത വിശ്വാസിയാണ്. നിങ്ങളുടെ പക്കലുള്ള 1 ബില്യൺ ഡോളറിനേക്കാൾ മൂല്യമുള്ളതാണ് എനിക്ക് എന്റെ ഇസ്‍ലാം" മുസ്‍ലിമായതിനു ശേഷമുള്ള, ഫ്രഞ്ച് ഗായകൻ ജൂലിയൻ ഡ്രോളന്റെ വാക്കുകാണിവ.

ക്രിസ്ത്യൻ കാത്തോലിക് കുടുംബ പശ്ചാത്തലത്തിലാണ് ജൂലിയൻ ജനിച്ചതെങ്കിലും തന്റെ മാതാവിന് ക്രിസ്തു മത വിശ്വാസങ്ങളിൽ താൽപര്യമില്ലായിരുന്നു. ബുദ്ധ മതമായിരുന്നു അവർക്ക് കൂടുതൽ താല്പര്യം, ആയത് കൊണ്ട് തന്നെ തന്റെ മകനെ ഒരു ബുദ്ധിസ്റ്റ് പണ്ഡിതനാക്കാൻ ആ മാതാവ് ആഗ്രഹിച്ചു. മാതാവിന്റെ ആഗ്രഹ പ്രകാരം ബുദ്ധ മതത്തിന്റെ മൂല്യങ്ങൾ അധിഷ്ഠിതമായി ജീവിച്ചു പോന്ന ജൂലിയന്, താൻ ശരിയായ മാർഗത്തിൽ അല്ല എന്ന ഉൾവിളി അന്ന് മുതലേ ഉണ്ടായിരുന്നുവത്രെ.

"ഒരു സംഗീതജ്ഞൻ ആവുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. ഫിലിപ്പീൻസിലും ചൈനയിലുമുൾപ്പെടെ ലോകത്തിലെ വ്യത്യസ്ത വേദികളിൽ എനിക്ക് ആലപിക്കാന്‍ സാധിച്ചു. ആ നിലക്കുള്ള എന്റെ ആഗ്രഹം പൂർണ്ണമായി പൂർത്തീകരിച്ചു കഴിഞ്ഞിരുന്നുവെങ്കിലും എന്റെ ജീവിതത്തിൽ എന്തോ അപൂർണ്ണമായി എനിക്ക് അനുഭവപ്പെട്ടു. ഞാൻ സത്യത്തിന്റെ പാതയിൽ അല്ല എന്ന തോന്നൽ വീണ്ടും പിടിപെട്ടു.

സത്യം അന്വേഷിച്ച് സ്പെയിനിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടി 1000 കിലോ മീറ്റർ ഞാൻ നടന്നു യാത്ര ചെയ്തു. വ്യത്യസ്ത ആളുകളെ പരിചയപ്പെട്ടു. ഒരുപാട് സംസ്കാരങ്ങൾ കണ്ട് മനസ്സിലാക്കി. ഇപ്പൊൾ ഞാൻ 50 ലെറെ രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. യാത്രയിൽ ഇസ്‍ലാമികമായ ജീവിത ശൈലി എന്നെ വല്ലാതെ ആകർഷിച്ചു. എവിടെ പോയാലും മറ്റേത് മത വിശ്വാസികൾക്കും അവകാശപ്പെടാൻ പറ്റാത്ത തരത്തിൽ ലോക മുസ്‌ലിംകൾ പരസ്പരമുള്ള ഒരു ബന്ധം എനിക്ക് അനുഭവപ്പെട്ടു. ഒരിക്കൽ ഞാൻ ടാൻസാനിയയില്‍ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു, അതിനിടയിലാണ് നമസ്കാര സമയമറിയിച്ചിട്ടുളള ബാങ്ക് വിളി കേൾക്കാൻ ഇടയായത്. എല്ലാവരും നിസ്കാരത്തിന് വേണ്ടി തയ്യാറാവുന്നു, ഇതേ സംഭവം ഞാൻ സൈപ്രസ്സിൽ ആയിരുന്നപ്പോഴും ഉണ്ടായി. ആ ബാങ്ക് വിളികൾ എന്റെ മനസ്സിന് വല്ലാത്ത ഒരനുഭൂതി നൽകി", ജൂലിയന്‍ ഒരു ഇന്റര്‍വ്യൂവിൽ പങ്ക് വെച്ചത് ഇങ്ങനെയാണ്.

ഇസ്‍ലാം മതത്തിലേക്ക് താങ്കളെ ആദ്യമായി ക്ഷണിച്ച വ്യക്തി ആരെന്ന ചോദ്യത്തിന് ജൂലിയാന്റെ  മറുപടി ഇപ്രകാരം: "അബൂദാബിയിൽ നിന്നും ഫിലിപ്പീൻസിലെക്കുള്ള മടക്കയാത്ര ക്ക് വേണ്ടി ഞാൻ എയർപ്പോർട്ടിൽ വിമാനവും പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു. ഫ്ലൈറ്റ് 6 മണിക്കൂർ വൈകിയേ വരൂ എന്നറിയിപ്പ് കിട്ടിയപ്പോൾ, അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒന്ന് കണ്ടിട്ട് വരാം എന്ന് ഞാൻ കരുതി. അങ്ങനെ ഒരു ടാക്സിക്കാരനെ കണ്ട് കാര്യം പറഞ്ഞു, അടുത്തുള്ള ഒരു വലിയ മസ്ജിദ് കാണിച്ച് തരാം എന്നും പറഞ്ഞു ഡ്രൈവർ യാത്രയാരംഭിച്ചു. അതിനിടയിലാണ് കാറിൽ അയാൾ പ്ലേ ചെയ്തിരുന്ന മ്യൂസിക് ഞാൻ ശ്രദ്ധിച്ചത്. ആ വാക്യങ്ങൾ എന്നെ ഹഠാദാകർഷിച്ചു. ഇതേത് മ്യൂസിക് ആണെന്ന് ഞാൻ അയാളോട് ചോദിച്ചതും ഡ്രൈവർ വണ്ടി നിർത്തി, ഗൗരവത്തോടെ പറഞ്ഞു: ഇത് മ്യൂസിക് അല്ല, പരിശുദ്ധ ഖുർആനാണ്!!! അങ്ങിനെ ഇസ്‍ലാമിനെ കുറിച്ചുള്ള പ്രാഥമിക കാര്യങ്ങൾ അദ്ദേഹം എനിക്ക് മനസ്സിലാക്കി തരികയും വളരെ മാന്യമായി എന്നെ ഇസ്‍ലാം മതത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഞാൻ അത് വരെ കരുതിയിരുന്നത് ഇസ്‍ലാം അറബികളുടെ മാത്രം മതമാണെന്നായിരുന്നു. ഈ ടാക്സി ഡ്രൈവറാണ് എന്നെ ആദ്യമായി ഇസ്‍ലാമിലേക്ക് ക്ഷണിച്ച വ്യക്തി"

ഖുർആൻ ജൂലിയന്റെ ജീവിതത്തിൽ 

അൽഭുതകരമായ പല സംഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തില്‍ കാണാം. അതില്‍ ഒരു സംഭവം അദ്ദേഹം ഓർത്തെടുക്കുന്നു: ഞാൻ മഴയെ കുറിച്ചുള്ള ഒരു ആയത്ത് പാരായണം ചെയ്യുകയായിരുന്നു. ആ സമയത്ത് തന്നെ തന്റെ ജനലിനു മുന്നിൽ കനത്ത മഴ പെയ്യുന്നതായി എനിക്ക് കാണാൻ കഴിഞ്ഞു, അൽഭുതം എന്തെന്ന് വെച്ചാൽ ചുറ്റുപാടും നോക്കുമ്പോൾ അവിടെ മഴ ഇല്ല താനും!!! ഖുർആൻ ദൈവിക ഗ്രന്ഥമാണെന്നും അതിലുള്ളത് മുഴുവൻ പരമാർത്ഥങ്ങളാണെന്നും എനിക്ക് ബോധ്യപ്പെട്ടു.

അവസാനമായി  മുസ്‍ലിം സമൂഹത്തോട് താങ്കൾക്ക് നൽകാനുള്ള ഉപദേശമെന്തെന്ന ചോദ്യത്തിന് ജൂലിയൻ ഡ്രോളന്റെ മറുപടി ഇങ്ങനെ: നിങ്ങൾ ഏതു പ്രതി സന്ധി ഘട്ടങ്ങളിലും പ്രതീക്ഷ കൈവിടരുത്. അല്ലാഹുവിൽ അചഞ്ചലമായ വിശ്വാസമുള്ളവരാവുക, അവന്റെ കൽപനകൾ മാത്രമേ ലോകത്ത് സംഭവിക്കൂ, അവനാണ് എല്ലാം തീരുമാനിക്കുന്നത് എന്ന പൂർണ്ണ വിശ്വാസം നമ്മിൽ വന്നു ചേർന്നാൽ മാത്രമേ  സന്തോഷം വരുമ്പോൾ അവനെ സ്തുതിക്കാനും സങ്കടം വരുമ്പോൾ അങ്ങേയറ്റം ക്ഷമ കൈവരിക്കാനും നമുക്ക് സാധിക്കൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter