കൊറോണ സുരക്ഷാ കവചം നീക്കി  സാഹസികമായി രോഗിയുടെ ജീവൻ രക്ഷിച്ചു: റമദാനിലെ നോമ്പ് പ്രചോദനമെന്ന്  ഡോ. സാഹിദ്
ന്യൂഡൽഹി:കോവിഡ് ഡ്യൂട്ടിക്കിടെ അത്യാസന്ന നിലയിലുള്ള രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി സുരക്ഷാ സജ്ജീകരണങ്ങള്‍ ഉപേക്ഷിച്ച്‌ ഇടപെട്ട ഡോക്ടറിന് അഭിനന്ദന പ്രവാഹം. ഡല്‍ഹി എയിംസിലെ ഡോ. സാഹിദ് അബ്ദുല്‍ മജീദാണ് രാജ്യത്തിന്റെ കൈയടി നേടുന്നത്. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ സയാന്‍ നാഥ് ആണ് സഹപ്രവര്‍ത്തകന്റെ ധൈര്യം സോഷ്യല്‍ മീഡിയവഴി പുറംലോകത്തെത്തിച്ചത്. ജമ്മു കശ്മീരിലെ അനന്ത് നാഗ സ്വദേശിയായ ഡോ. സാഹിദ് കശ്മീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം.ബി.ബി.എസ് പാസായത്.

വൈകുന്നേരം ഡോ. സാഹിദ് നോമ്പ് തുറക്കാന്‍ ഒരുങ്ങുമ്പോഴാണ് അത്യാസന്ന നിലയിലുള്ള രോഗിയുമായി ആംബുലന്‍സ് എയിംസില്‍ എത്തുന്നത്. കോവിഡ് സുരക്ഷാ കവചത്തിനുള്ളിലായിരുന്ന ഡോ. സാഹിദ്, നോമ്പുതുറ മാറ്റിവെച്ച്‌ രോഗിയെ ഐ.സി.യുവിലേക്ക് മാറ്റുന്നതിനായി മുന്നിട്ടിറങ്ങി.

ആംബുലന്‍സില്‍ എത്തിയപ്പോഴാണ് രോഗിക്ക് കൃത്രിമ ശ്വാസം നല്‍കിയിരുന്ന ട്യൂബ് സ്ഥാനം തെറ്റിക്കിടക്കുന്നതായി ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഏതുസമയവും മരണം സംഭവിക്കാവുന്ന സാഹചര്യമായിരുന്നു അത്. ട്യൂബ് യഥാസ്ഥാനത്ത് സ്ഥാപിക്കാന്‍ ഡോ. സാഹിദ് ശ്രമിച്ചെങ്കിലും തന്റെ സുരക്ഷാ വസ്ത്രവും ആവരണങ്ങളും അതിന് തടസ്സമായിരുന്നു. ഒട്ടും സമയം പാഴാക്കാതെ അദ്ദേഹം സുരക്ഷാ കവചം നീക്കുകയും സമ്പര്‍ക്കത്തിലൂടെയുള്ള അപകടസാധ്യത വകവെക്കാതെ കൈകള്‍ കൊണ്ട് ട്യൂബ് പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടെ രോഗിക്ക് ശ്വാസംനല്‍കാന്‍ സാധിക്കുകയും ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തു. രോഗിയുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തേണ്ടി വന്നതിനാല്‍ 14 ദിവസ ക്വാറന്റൈനിലാണ് ഇപ്പോള്‍ അദ്ദേഹം

അനുകരണീയമായ ഒരു കാര്യമല്ല താൻ ചെയ്തതെന്നും അടിയന്തിര ആവശ്യം മൂലമാണ് അങ്ങനെ ചെയ്തതെന്നും ഡോ. സാഹിദ് ഫേസ്‌ബുക്കില്‍ കുറിച്ചു. റമദാനില്‍ നോമ്പെടുക്കുന്നതിലൂടെ ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നത് നിസ്വാര്‍ത്ഥതയും മറ്റുള്ളവരെ സഹായിക്കണം എന്നതുമാണല്ലോ. സാഹിദ് മനസ്സ് തുറന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter