രാജ്യത്തിന്‌ വേണ്ടാതായവര്‍

indiaകഴിഞ്ഞ മൂന്ന്‌ വര്‍ഷവും നാല്‍പത്‌ കാരനായ ഷബീര്‍ അഹ്‌മദ്‌ തന്റെ പ്രഭാതം ചെലവിടുന്നത്‌ മലേഗാവിലെ ടി.എം സ്‌കൂളിലാണ്. തന്റെ മകനായ മഅസിന്റെ ക്ലാസ്‌ മുറിക്ക്‌ പുറത്ത്‌ അക്ഷമനായി 4 മണിക്കൂറാണ്‌ ദിനേന അദ്ദേഹം ചെലവിടുന്നത്. ഈ സമയം മുഴുക്കെയും 11 വയസ്സുകാരനായ മകന്‍ പിതാവിന്റെ സാനിധ്യം ഉറപ്പ്‌ വരുത്താനായി പുറത്തേക്ക്‌ കണ്ണ്‌ നട്ടുകൊണ്ടേയിരിക്കും. മറ്റൊരാള്‍ക്കും സംഭവിക്കരുതേ എന്ന്‌ ഷബീര്‍ മനംനൊന്ത്‌ പ്രാര്‍ത്ഥിക്കുന്ന ഒരു പിന്നാമ്പുറ കഥയുണ്ട്‌ ഇവരുടെ ജീവിതത്തില്‍.

2006 ഓഗസ്റ്റ്‌ 2. അന്നാണ്‌ മഹാരാഷ്‌ട്രയിലെ നാസികിനടുത്തുള്ള മലേഗാവിലെ ഇവരുടെ വീട്ടിലേക്ക്‌ പോലീസ്‌ കടന്ന്‌ വരുന്നതും ഷബീറിനെ അറസ്സ്‌ ചെയ്‌ത്‌ കൊണ്ട്‌ പോവുന്നതും. നാല്‌വയസ്സ്‌ മാത്രം പ്രായമേ അന്ന്‌ കുഞ്ഞ്‌ മഅസിനുണ്ടായിരുന്നുള്ളൂ.

ഒരൊറ്റ രാത്രിക്കുള്ളില്‍ അവന്‍ കൊടും ഭീകരന്റെ മകനായി മാറി. സ്‌കൂളില്‍ കൂട്ടുകാരുടെ അടക്കിപ്പറച്ചിലുകളും ക്രൂരമായ പരിഹാസവും വിടാതെ പിന്തുടര്‍ന്നതോടെ സ്‌കൂള്‍ ജീവിതത്തോട്‌ വിടപറയാന്‍ മഅസ്‌ നിര്‍ബന്ധിതനായി.പഠിച്ച്‌ കളിച്ച്‌ മിടുക്കനാവേണ്ട എഴ് വര്‍ഷത്തെ വിദ്യാഭ്യാസ ജീവിതമാണ്‌ പിന്നീടവന്‌ നഷ്‌ടമായത്. 2011 ല്‍ തന്നെ ഷബീര്‍ ജയില്‍ മോചിതനായെങ്കിലും മകന്‍ വീണ്ടും സ്കൂളില്‍ പോവുന്നത്‌ കാണാന്‍ കാണാന്‍ രണ്ട്‌ വര്‍ഷം കൂടി ആ പിതാവിന്ന്‌ കാത്തിരിക്കേണ്ടി വന്നു.

താന്‍ ജയില്‍ മോചിതനായി തിരിച്ചെത്തിയപ്പോള്‍ ആദ്യം അവന്‍ തന്നോട്‌ അടുത്തിടപഴകാന്‍ മടികാണിച്ചിരുന്നെന്നും എന്നാല്‍ പിന്നീട്‌ തന്നെ ഒരു സമയത്തും വിട്ട്‌ നില്‍ക്കാന്‍ കഴിയാത്ത വിധം മാറിപ്പോയെന്നും ഷബീര്‍ ഓര്‍ക്കുന്നു. ഇനി സ്‌കൂളില്‍ പോയിക്കൂടെ എന്ന്‌ ചോദിച്ചപ്പോള്‍ താന്‍ സ്‌കൂളില്‍ പോയി തിരിച്ച്‌ വരുമ്പോഴേക്കും പിതാവിനെ അറസ്സ്‌ ചെയ്‌ത്‌ പോലീസ്‌ കൊണ്ട്‌ പോവുമെന്നുമായിരുന്നു മഅസിന്റെ മറുപടി. മകന്റെ ഈ പേടി ഒഴിവാക്കാനാണ്‌ ഷബീര്‍ ദിനേന സ്‌കൂള്‍ പടിവാതില്‍ക്കല്‍ കാത്തിരിക്കുന്നത്‌. മുമ്പ്‌ ഒരു ബാറ്ററി കട നടത്തിയിരുന്ന ഷബീര്‍ ഇന്ന്‌ ജയിലില്‍ നിന്ന്‌ പഠിച്ച അക്യുപ്രഷര്‍ നടത്തിയാണ്‌ ഉപജീവനമാര്‍ഗം തേടുന്നത്‌.

നിരോധിത സംഘടനയായ സിമിയുടെ ശക്തികേന്ദ്രങ്ങളിലൊന്നും നെയ്‌ത്തറിക്ക്‌ പേര്‌ കേട്ട നഗരവുമായ മലേഗാവില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ്‌ ഷബീറിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. എന്നാല്‍ ഈ സ്‌ഫോടനത്തിന്റെ പിന്നില്‍ ഹിന്ദു തീവ്രവാദികളാണെന്ന്‌ മക്കാ മസ്‌ജിദ്‌ സ്‌ഫോടനക്കേസില്‍ പിടിയിലായ സ്വാമി അസിമാനന്ദ മൊഴി നല്‍കിയതോടെയാണ്‌ ഇവരുടെ മോചനത്തിന്‌ വഴി തെളിഞ്ഞത്‌.

ഈ കേസ്‌ ആദ്യം അന്വേഷിച്ചിരുന്നത്‌ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും സിബിഐയും സംയുക്തമായാണ്‌. എന്നാല്‍ അസീമാനന്ദയുടെ കുറ്റസമ്മതത്തെത്തുടര്‍ന്ന്‌ കേസ്‌ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയും ഷബീറടക്കമുള്ള 9 പേരും നിരപരാധികളാണെന്ന്‌ കോടതിക്ക്‌ മുമ്പില്‍ വ്യക്തമാക്കുകയും ചെയ്‌തതോടെയാണ്‌ 6 വര്‍ഷം നീണ്ട അനീതിക്ക്‌ അന്ത്യമായത്‌.

****************************

സഫര്‍ നഗറില്‍ നിന്ന്‌ കഷ്‌ടിച്ച്‌ ഒരു കി.മീറ്റര്‍ അകലെയാണ്‌ ശംസുദ്ധ സുഹയുടെ താമസം. മലേഗാവ്‌ സ്‌ഫോടനക്കേസില്‍ ആദ്യം അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌ ഇവരുടെ മകനായ നൂറുല്‍ ഹുദയാണ്‌. അര്‍ധ രാത്രിയിലാണ്‌ മകനെ തേടി പോലീസ്‌ വന്നത്‌. ആ ഭീകര രാത്രിയുടെ ഓര്‍മയില്‍ ഇന്നും സമാധാനത്തോടെ അന്തിയുറങ്ങാന്‍ സുഹക്കായിട്ടില്ല. ഞാന്‍ വാതിലിനടുത്താണ്‌ ഉറങ്ങാറ്‌. രാത്രിയില്‍ ഉറക്കം നഷ്‌ടപ്പെട്ട്‌ ഉണരുമ്പോഴെല്ലാം പോലീസ്‌ വരുന്നോ എന്ന്‌ വാതിലിലൂടെ നോക്കും. ഇങ്ങനെയുള്ള ഒരു രാത്രിയിലാണ്‌ എന്റെ മകനെ അന്വേഷിച്ച്‌ കുറച്ച്‌ പോലീസുകാര്‍ വന്നത്‌. പത്ത്‌ മിനിറ്റിനകം മകന്‍ തിരിച്ച്‌ വരുമെന്ന്‌ അവര്‍ ഉറപ്പ്‌ നല്‍കിയിരുന്നുവെങ്കിലും ആ പത്ത്‌ മിനിറ്റിന്‌ അഞ്ചര വര്‍ഷത്തിന്റെ ദൈര്‍ഘ്യമുണ്ടായിരുന്നുവെന്ന്‌ പറയുമ്പോള്‍ സുഹയുടെ കണ്ണുകള്‍ ഈറനണിയുന്നു.

മകന്‌ തീവ്രവാദിയെന്ന വിശേഷണം ചാര്‍ത്തപ്പെട്ടതോടെ ഒരു തീവ്രവാദിയുടെ സഹോദരിമാരെ വിവാഹം കഴിക്കാന്‍ ആരും മുന്നോട്ട്‌ വന്നില്ല. നൂറിന്റെ മോചനത്തെത്തുടര്‍ന്നാണ്‌ സഹോദരിമാരുടെ വിവാഹം കഴിഞ്ഞത്‌. ഷബീറിന്റെ ബാറ്ററി കടയിലായിരുന്നു അറസ്റ്റിന്‌ മുമ്പ്‌ നൂര്‍ ജോലി ചെയ്‌തിരുന്നത്‌. 5000 രൂപയായിരുന്നു മാസ ശമ്പളം. ഇന്ന്‌ ഒരു പലചരക്ക്‌ കട വാടകക്ക്‌ നല്‍കിയാണ്‌ നൂര്‍ കുടുംബം പുലര്‍ത്തുന്നത്‌. ഈ ബിസിനസ്‌ തുടങ്ങിയത്‌ ഒരു ലക്ഷം രൂപയുടെ ലോണെടുത്തിട്ടാണ്‌. എന്നിട്ടും മാസം തോറും 1500 രൂപ മാത്രമാണ്‌ നൂറിന്‌ ലഭിക്കുകയുള്ളൂ. 

ജയിലിലെ മര്‍ദ്ധനം വഴി തലയില്‍ രക്തം കട്ട പിടിച്ചിരുന്നു. അതില്‍ രക്തമൊലിക്കുമ്പോള്‍ തലയിലാരോ തുളക്കുന്നതായാണ്‌ അനുഭവപ്പെടുന്നതെന്ന്‌ ജയിലിലെ പീഢനം ഓര്‍ത്തെടുത്ത്‌ കൊണ്ട്‌ നൂര്‍ വികാരാധീനനാവുന്നു. 

മാലേഗാവിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നാണ്‌ മൗലാന സാഹിദ്‌ അബ്‌ദുല്‍ മജീദ്‌ താമസിക്കുന്നത്‌. പൗരോഹിത്യ വൃത്തിയിലേര്‍പ്പെട്ടിരുന്ന അദ്ധേഹമിന്നൊരു വിറക്‌ വെട്ടുകാരനാണ്‌. ഒരു മാസം എല്ല മുറിയെ അദ്ധ്വാനിച്ചാലും ലഭിക്കുന്നത്‌ വെറും 1000 രൂപ മാത്രമാണ്‌. ടാര്‍പോളിന്‍ ഷീറ്റ്‌ വിരിച്ച പൊളിഞ്ഞ്‌ വീഴാറായ ഒരു വീട്ടിലാണ്‌ അദ്ധേഹവും ഭാര്യയും താമസിക്കുന്നത്‌. ഭാര്യ എട്ടു മാസം ഗര്‍ഭിണിയാണെങ്കിലും പട്ടിണി മൂലം ഗര്‍ഭിണിയാണെന്ന്‌ തോന്നുകയേയില്ല. 

1998 ല്‍ പോലീസിന്റെ നിരീക്ഷണ വലയത്തിലായതോടെയാണ്‌ സാഹിദിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീണ്‌ തുടങ്ങുന്നത്‌. ബാബരി മസ്‌ജിദിന്റെ പോസ്റ്റര്‍ ഒട്ടിച്ചതായിരുന്നു അന്ന്‌ പോലീസ്‌ കണ്ടെത്തിയ തീവ്രവാദ ബന്ധം. അതിന്‌ ശേഷം പ്രതികളെ കിട്ടാത്ത കേസുകള്‍ പലതും സാഹിദിന്റെ തലയിലാണ്‌ വന്ന്‌ വീണത്‌. ഒടുവില്‍ 2006 ല്‍ അറസ്റ്റിലായതോടെ ജീവിതം പൂര്‍ണ്ണമായും ഇരുളടഞ്ഞു. അറസ്റ്റിനെത്തുടര്‍ന്ന്‌ പിതാവും കയ്യൊഴിഞ്ഞു. ആയുധം കൈവശം വെച്ചതിന്റെ പേരില്‍ ഔറംഗാബാദില്‍ വെച്ച്‌ സഹോദരനെ അറസ്റ്റ്‌ ചെയ്‌തതെന്ന്‌ പിതാവ്‌ കുറ്റപ്പെടുത്തിയപ്പോള്‍ തകര്‍ന്ന്‌ പോയതാഴും സാഹിദ്‌ ഓര്‍ത്തെടുക്കുന്നു. 

inndnതീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ തിരക്കഥയെഴുതിയ കേസില്‍ അന്യേഷണദ്ധ്യോഗസ്ഥര്‍ക്ക്‌ ഏക കച്ചിത്തുരുമ്പ്‌ പോലീസ്‌ ഇന്‍ഫോര്‍മര്‍ ആയ അബറാര്‍ അഹമ്മദ്‌ കുറ്റസമ്മതം നടത്തി എന്നായിരുന്നു. ഇദ്ധേഹത്തില്‍ നിന്നാണ്‌ മറ്റുള്ളവരെ അറസ്റ്റ്‌ ചെയ്യാനുള്ള തെളിവ്‌ പോലീസ്‌ ഉണ്ടാക്കിയത്‌. താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന്‌ അബ്‌റാര്‍ പിന്നീട്‌ വ്യക്തമാക്കിയെങ്കിലും ഇത്തവണ ഇദ്ധേഹത്തെ വിശ്വസിക്കാന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനോ സി.ബി.ഐ ക്കേ താല്‍പര്യമില്ലായിരുന്നു.

പക്ഷേ നാടകീയമായിരുന്നു കേസിലെ വഴിത്തിരിവ്‌, മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ സ്വാമി അസിമാനന്ദ മാലേഗാവ്‌ സ്‌ഫോടനത്തില്‍ പിന്നിലും ഹിന്ദുത്വ കൈകളാണെന്ന്‌ വ്യക്തമാക്കിയതോടെ എ.ടി.എസിന്റെയും സി.ബി.ഐ യുടെയും വാദങ്ങള്‍ എട്ട്‌ നിലയില്‍ പൊട്ടി, കേസ്‌ അന്യേഷണ ഏജന്‍സി ഏറ്റെടുക്കുകയും ചെയ്‌തു. മാലേഗാവില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ബോംബുകളിലൊന്ന്‌ സ്ഥാപിച്ചെന്നായിരുന്നു അബ്‌റാറിനെതിരെ കേസ്‌. താനന്ന മാലേഗാവില്‍ ഉണ്ടായിരുന്നില്ലെന്നും ഇരുപതോളം പേര്‍ താന്‍ യവട്ട്‌മല്‍ (Yavatmal) എന്ന സ്ഥലത്തായിരുന്നു എന്നതിന്‌ സാക്ഷികളാണെന്നും അബ്‌റാര്‍ ആവര്‍ത്തിച്ച്‌ പറഞ്ഞതോടെയാണ്‌ അദ്ധേഹത്തെ വെറുതെ വിടാന്‍ എന്‍. ഐ. എ തയ്യാറായത്‌.

മുസ്‌ലിമായത്‌ കൊണ്ട്‌ മാത്രം സ്‌ഫോടനക്കേസകള്‍ തലയില്‍ കെട്ടിവെക്കപ്പെട്ട്‌ വിവധ ജയിലുകളില്‍ നീതി കാത്ത്‌ നരകയാധന അനുഭവിക്കുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ ഇനിയുമേറെയുണ്ട്‌. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന്‌ ഇന്ത്യന്‍ ഭരണഘടനയുടെ ആപ്‌ത വാക്യം പുലരണമെങ്കില്‍ ഈ മുസ്‌ലിം യുവാക്കള്‍ക്ക്‌ നീതി ലഭ്യമായേ തീരൂ- എങ്കില്‍ മാത്രമേ നമ്മുടെ രാജ്യം മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാവൂ....

-മുഹമ്മദ് റാഷിദ് കൊടുവള്ളി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter