പ്രകടന പത്രികയിലെ പൗരത്വബില്‍ രാജ്യത്തിന് ഭീഷണിയാണ്

രാമക്ഷേത്രം, ഏകസിവിൽകോഡ്, വകുപ്പ് 370 റദ്ദാക്കൽ തുടങ്ങിയ വിവാദ അജണ്ടകൾക്ക് പുറമേ ആപത്കരമായ ചില പുതിയ കാര്യങ്ങൾ കൂടി ബിജെപി അവരുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
വിജയിച്ചു വന്നാൽ ഇവ നടപ്പിലാക്കുന്നതിന് ജനങ്ങളുടെ മാൻഡേറ്റുണ്ടെന്ന് വരുത്തി തീർക്കാനും എതിർക്കുന്നവരുടെ വായടപ്പിക്കാനും നടത്തുന്ന മുൻകൂട്ടിയുള്ള ശ്രമമാണിത്.
അത് കൊണ്ട് തന്നെ ഈ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ജനസമക്ഷം സജീവ ചർച്ചക്ക് വിധേയമാകേണ്ടിയിരിക്കുന്നു.

രാജ്യമാകെ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നതാണ് ഒന്നാമത്തെ ഭീഷണി.
ലോക്സഭയിൽ പാസ്സാക്കുകയും രാജ്യസഭയിൽ പരാജയപ്പെടുകയും ചെയ്ത പൗരത്വ ഭേദഗതി ബിൽ പ്രകാരം 2014 നു മുമ്പ് അയൽ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ കുടിയേറിയ മുസ്ലിംകളല്ലാത്തവർക്ക് രാജ്യത്ത് പൗരത്വം ലഭിക്കും. ആസാമിലെ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത 40 ലക്ഷം പേരിൽ 10 ലക്ഷം വരുന്ന മുസ്ലിംകൾ മാത്രം പൗരത്വ ഭേദഗതി ബിൽ നിയമമാകുന്ന പക്ഷം രാജ്യത്ത് നിന്നും പുറത്താക്കപ്പെടും.

ഇതേ പൗരത്വ രജിസ്റ്റർ രാജ്യമാകെ നടപ്പിലാക്കുമെന്നാണ് ബി ജെ പി പ്രകടനപത്രികയിൽ പറയുന്നത്. ഇത് ആരെ ലക്ഷ്യമാക്കിയാണെന്നത് പകൽ പോലെ വ്യക്തമാണ്. അയൽ രാജ്യങ്ങളിൽ നിന്നും വന്നവർക്ക് പൗരത്വം നൽകുന്നതിൽ മുസ് ലിംകളോടൊപ്പം ക്രിസ്ത്യാനികളേയും പാഴ്സികളയും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇന്ത്യൻ സാംസ്കാരിക ദേശീയതയുമായി ഈ മതങ്ങൾക്കൊന്നും ബന്ധമില്ലെന്നാണ് ആരോപണം. സംഭവം വിവാദമായപ്പോൾ ക്രിസ്ത്യാനികളെ ഉൾപ്പെടുത്തി ഓൺലൈൻ പതിപ്പിൽ തിരുത്ത് വരുത്തി. 
പിറന്ന മണ്ണിൽ ജീവിക്കാനുള്ള പൗരന്മാരുടെ ജന്മാവകാശത്തെ നിഷേധിക്കുന്ന ഇത്തരം ആസൂത്രിത നീക്കങ്ങൾക്കെതിരായ ശക്തമായ പ്രതിഷേധം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കേണ്ടതുണ്ട്.

ലോകസഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്നതാണ് മറ്റൊരു വാഗ്ദാനം. കേൾക്കാൻ സുഖമുള്ള ഈ ആർ എസ് എസ് അജണ്ടയിൽ പല മതേതര കക്ഷികളും സ്ഥാപിത താൽപ്പര്യക്കാരും ഇതിനകം തന്നെ കുടുങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുപ്പ് ചെലവുകൾ ചുരുക്കാനും വിവിധ തലങ്ങളിലെ ഭരണ നടപടികളിൽ കാലതാമസം ഒഴിവാക്കുന്നതിനുമാണ് ഇതെന്നാണ് പുറം ഭാഷ്യം.

ലോകസഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ് ആർ എസ് എസ് ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ ഒരു കക്ഷിക്കും അതിവേഗം ഈ ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്നതാണ് നമ്മുടെ പാർലിമെൻ്ററി വ്യവസ്ഥിതിയെ സുശക്തവും സമ്പുഷ്ടവുമാക്കുന്നത്. നമ്മുടെ ഭരണഘടനയും വ്യവസ്ഥിതിയും അട്ടിമറിക്കപ്പെടാതിരിക്കാനും അവയ്ക്ക് സുരക്ഷയൊരുക്കുന്നതിനുമുള്ള രാഷ്ട്രശില്പികളുടെ ക്രാന്തദർശിത്വവും ബുദ്ധികൂർമ്മതയും ദേശീയ ബോധവുമാണ് അതിനു പിന്നിലുണ്ടായിരുന്നത്.

രാജ്യം റിപ്പബ്ളിക്കായതു മുതൽ ദീർഘകാലം ഏകകക്ഷി ഭരണമായിരുന്നുവെങ്കിലും ഫെഡറൽ സംവിധാനത്തിൽ സാവകാശം പാർലിമെൻ്ററി ജനാധിപത്യം അതിൻ്റെ സൗന്ദര്യം കൈവരിക്കുന്നതും ഇന്ത്യയുടെ വൈവിധ്യത്തിൻ്റെ പരിഛേദം പിന്നീട് പുലരുന്നതുമാണ് കണ്ടത്.
ലോകസഭയിലും നിയമസഭകളിലും ജനങ്ങൾ തങ്ങൾക്കിഷ്ടപ്പെട്ട കക്ഷികളേയും നേതൃത്വത്തേയും മാറി മാറി അധികാരത്തിലെത്തിച്ചു.
ആദ്യ ഇരുപത് വർഷം പാർലമെൻ്റും നിയമസഭകളും കോൺഗ്രസ് അടിക്കിവാണെങ്കിലും കോൺഗ്രസ് തന്നെ നേതൃത്വം കൊടുത്ത ഭരണഘടനാ വ്യവസ്ഥിതിയിലൂടെ രാജ്യം സാവധാനം ബഹുകക്ഷി സംവിധാനത്തിലേക്ക് വഴിമാറി.
പാർലമെൻ്റിൻ്റെ ഇരുസഭകളിലും ഏതെങ്കിലും കക്ഷിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷമെന്നത് അപൂർവ്വമായി മാത്രം സംഭവിച്ചു. രാജ്യം തന്നെ നിർമ്മിച്ച കോൺഗ്രസ്സായിരുന്നു അപ്പോൾ അധികാരത്തിലെന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ മാറ്റ് കൂട്ടാൻ മാത്രമേ വഴിവെച്ചുള്ളൂ.

എന്നാൽ വലതുപക്ഷ ശക്തിയായി വളർന്നു വന്ന ബി ജെ പി ക്കു കീഴിൽ സ്ഥിതിഗതികൾ ഒട്ടും ആശാസ്യമല്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലോകസഭയിൽ കേവല ഭൂരിപക്ഷം ലഭിച്ച ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തത് കൊണ്ട് പല വിവാദ ബില്ലുകളും പാസാക്കിയെടുക്കാനായില്ല.
തെരഞ്ഞടുപ്പുകൾ ഒരുമിച്ച് നടത്തുക വഴി ഈ തടസ്സം നീക്കുക മാത്രമല്ല, തങ്ങളുടെ ആത്യന്തിക ലക്ഷ്യം നേടിയെടുക്കാനും കഴിയുമെന്ന് സംഘ് പരിവാരം കരുതുന്നു. ജനാധിപത്യത്തിലെ ഭരണ-പ്രതിപക്ഷ പോർവിളികൾക്കിടയിൽ തങ്ങൾക്ക് അനുകൂലമായ ഒരു തരംഗത്തിൽ ഒരുമിച്ചു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഭൂരിപക്ഷം നിയമസഭകളിലും മേൽക്കോയ്മ നേടാനാകുമെന്നാണ് ആർ എസ് എസ് കണക്കുകൂട്ടുന്നത്. അത് വഴി നിയമസഭാ പ്രതിനിധികൾ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രാജ്യസഭയിലെ ഭൂരിപക്ഷം സൗജന്യ സമ്മാനമായി ലഭിക്കുമെന്ന് മറ്റാരേക്കാളും നന്നായി അവർക്കറിയാം. അത് പാർലമെൻ്റിലെ ഇരുസഭകളിലേയും മുന്നിൽ രണ്ട് ഭൂരിപക്ഷമായാൽ പിന്നെ പണിയെളുപ്പം.
ഒരു നൂറ്റാണ്ടടുക്കുന്ന മതരാഷ്ട്രമെന്ന സ്വപ്നം പിന്നെ കൈവെള്ളയിലാക്കാം.

സുപ്രീം കോടതി നിരോധിച്ച മുത്തലാഖിൻ്റെ പേരിൽ മുസ്ലിം ചെറുപ്പക്കാരെ ജയിലിലടക്കാനുള്ള കരിനിയമവും പ്രകടനപത്രിക മുന്നോട്ട് വെക്കുന്നുണ്ട്.
എല്ലാം രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഫാസിസ്റ്റ് കുതന്ത്രങ്ങളുടെ നേർ പതിപ്പുകൾ തന്നെ.

ഇത് വിധി നിർണ്ണായക ഘട്ടമാണ്.
സ്വര - വർണ്ണങ്ങൾ മധുരതരമാക്കുന്ന ഇന്ത്യയെന്ന ഈ മനോഹരമായ ഉദ്യാന ഭൂവിൽ വിഷം വിതക്കുന്ന ദുഃശക്തികളെ തറപറ്റിക്കാനുള്ള ഉൾക്കരുത്താണ് ഈ തെരഞ്ഞെടുപ്പിൽ നിശ്ചയമായും രാജ്യം ആർജ്ജിക്കേണ്ടത്.
ആ പ്രഖ്യാപനത്തിനായാണ് ജനാധിപത്യ ഭാരതം കാതോർക്കുന്നത്.
അതിനായാണ് നാം യത്നിക്കേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter