യു.എസ് മാധ്യമങ്ങളിലെ ഇറാന്‍ യുദ്ധം എന്നോ തുടങ്ങിക്കഴിഞ്ഞു
ഒരു മാസത്തെ അമേരിക്കന്‍ സന്ദര്‍ശന കാലം. അക്കാലത്ത് എനിക്ക് മാനസികമായി കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയത് ഇറാനെ കുറിച്ചു അമേരിക്കന്‍ മാധ്യമങ്ങള് പുറത്തു വിട്ടുകൊണ്ടിരുന്ന വാര്‍ത്തകളാണ്. പലപ്പോഴും അവയെ വാര്‍ത്തകളെന്ന് തന്നെ വിളിക്കാന്‍ പറ്റില്ലെന്നാണ് തോന്നിയത്. കാരണം ഇസ്റായേലിലെയും അമേരിക്കയിലെയും ഭരണകൂടങ്ങള്‍ ഉത്പാദിപ്പിക്കുന്ന ചില ആദര്‍ശയുദ്ധങ്ങളെയാണ് വാര്‍ത്തകളെന്ന് പേരിട്ട് അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും അവതരിപ്പിക്കുന്നത്.
വാഷിങ്ങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍ അടക്കമുള്ള വാര്‍ത്താമാധ്യമങ്ങളെല്ലാം അമേരിക്കയുടെ ചില താത്പര്യങ്ങളെയോ ഭീതികളെയോ അടിസ്ഥാനപ്പെടുത്തിയുള്ള വാര്‍ത്തകളാണ് ഇറാനെ കുറിച്ച് പ്രസിദ്ധീകരിച്ചും പ്രക്ഷേപണം ചെയ്തും കൊണ്ടിരിക്കുന്നത്.
രണ്ടു കാര്യങ്ങളാണ് അതു സംബന്ധമായി വളരെ പ്രകടമായി കാണാനാകുന്നത്. ഒന്ന്, ഇറാനെ ഒരു ഭീഷണിയായി കാണുന്ന തരത്തിലാണ് എല്ലാ വാര്‍ത്തകളുടെയം രൂപീകരണം നടക്കുന്നത്. എന്തു വിലകൊടുത്തും ഇറാനെ ആക്രമിക്കണമെന്ന് ഈ വാര്‍ത്തകളെല്ലാം പറയാതെ പറയുന്നു. ഇറാനെ ശത്രപക്ഷത്ത് കാണുന്ന അമേരിക്കയുടെയും ഇസ്റായേലിന്‍റെയും വാര്‍ത്താപക്ഷമാണ് സ്വതന്ത്രമെന്ന് നിശ്പക്ഷമെന്നും അവകാശപ്പെടുന്ന ഈ മാധ്യമങ്ങളെല്ലാം പിന്തുടരുന്നത്.
മറ്റൊരു കാര്യം ഇറാന്‍റെ ആണവോത്പാദനവുമായി ബന്ധപ്പെട്ടാണ്. അതുമായി ബന്ധിപ്പിച്ച് മാത്രമാണ് ചാനല്‍സ്റ്റുഡിയോകള്‍ ഇറാനില്‍ നടക്കുന്ന ഓരോ കാര്യങ്ങളെയും വിശദീകരിക്കുന്നതും വിലയിരുത്തുന്നതും. ഇസ്റായേലടക്കം പരിസരത്തുള്ള എല്ലാ രാജ്യങ്ങളെയും തകര്‍ക്കുന്നതിന് വേണ്ടി ആണവായുധം നിര്‍മിക്കുന്ന ഒരു രാജ്യം മാത്രമാണ് ഈ വാര്‍ത്തകളിലെല്ലാം ഇറാന്‍. ആണവോര്‍ജത്തിനപ്പുറത്ത് ഇറാനില്‍ നടക്കുന്ന ഒരു കാര്യത്തിനും ഇവിടെ വാര്‍ത്താമൂല്യം ലഭിക്കുന്നില്ല തന്നെ.
ഇറാനെ കുറിച്ചു നിലവില്‍ തുടരുന്ന എല്ലാ റിപ്പോര്‍ട്ടുരീതികളും അമേരിക്കയിലെ അംഗീകൃത പത്രപ്രവര്‍ത്തന ധര്‍മത്തിന് വിപരീതമായിട്ടാണ് എന്നതില്‍ ഒരു തര്‍ക്കവുമില്ല. കാരണം സത്യവും നിശ്പക്ഷതയും മുഖമുദ്രയാക്കണമെന്നും, റിപ്പോര്‍ട്ടര്‍ വാര്‍ത്തയിലെ വരികള്‍ക്കിടയില്‍ തന്‍റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തരുതെന്നും നിഷ്കര്‍ഷത പാലിക്കുന്ന ഒരു മാധ്യമ രംഗമാണ് അമേരിക്കയുടേതെന്ന് എനിക്ക് ബോധ്യമുണ്ട്. എന്നാല്‍ വാര്‍ത്ത ഇറാനെ കുറിച്ചാകുമ്പോള് അടിസ്ഥാന പരമായ ഈ തത്വം പോലും എല്ലാവരുടെയും അറിവോടെ തന്നെ ലംഘിക്കപ്പെടുന്നു.
ഒരര്‍ഥത്തില്‍ ‘കുറ്റകരമായ’ മാധ്യമപ്രവര്‍ത്തനമെന്ന് ഇതിനെ വിശേഷിപ്പിക്കാനും എനിക്ക് മടിയില്ല. കാരണം ചില സംശയങ്ങളുടെയും തെറ്റുധാരണകളും സൃഷ്ടിച്ച് ഇറാനുമേല് ഉപരോധം ഏര്‍പ്പെടുത്താനും അക്രമം അഴച്ചുവിടാനും സാഹചര്യമൊരുക്കുന്ന ഒരു പൊതു ബോധമണ്ഡലം നിര്‍മിച്ചെടുക്കാന് ഇത്തരം വാര്‍ത്തകള്‍ക്ക് കഴിയുമെന്നത് തന്നെ. അതു തന്നെയാണ് അവരുടെ ലക്ഷ്യവും.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇറാനെ കുറിച്ച് പൊതുവെ ആഗോളമാധ്യമങ്ങളില് കാണുന്ന വാര്‍ത്തകളിലൊന്ന് ഇസ്റായേലോ അമേരിക്കയോ അധികം വൈകാതെ ഇറാനുമേല്‍ അക്രമം നടത്തിയേക്കാമെന്നതാണ്. അത്തരത്തില് ഏകപക്ഷീയമായി ഒരു അക്രമണം നടത്തുന്നതിലെ നിയമപരമായ അസാംഗത്യത്തെ കുറിച്ചോ നിയമവിരുദ്ധതയെ കുറിച്ചോ ഈ മാധ്യമങ്ങളൊന്നും ചര്‍ച്ച ചെയ്തു കാണുന്നുമില്ല.
എന്തിനേറെ. ഇറാനെ കുറിച്ച് വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകളിലെല്ലാം ഒരുതരം ഉറപ്പില്ലായ്മ വളരെ പ്രകടമായി കാണുന്നുണ്ട്. ‘എന്ന് കരുതപ്പെടുന്നു’, ‘എന്നാണ് സൂചന’, ‘എന്ന് മനസ്സിലാക്കപ്പെടുന്നു’, ‘ആയേക്കാം’ തുടങ്ങിയ പദങ്ങളുപയോഗിച്ചാണ് ഇറാനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ചില സംശയങ്ങളും തോന്നലുകളും അടിസ്ഥാനപ്പെടുത്തി പിന്നെ വാര്‍ത്തകള്‍ കെട്ടിച്ചമച്ചുണ്ടാക്കുകയാണ് എന്നര്‍ഥം.
ഇത്തരത്തില്‍ വരുന്ന വാര്‍ത്തകളെല്ലാം വെറും ജല്പനങ്ങളായേ എണ്ണാവൂ എന്നും അവ പ്രസിദ്ധീകരിക്കരുതെന്നുമാണ് മാധ്യമലോകത്തെ നിയമം. എന്നാല്‍ ഇറാന്‍റെ വിഷയത്തില് അതെല്ലാം തലകീഴായി മറിയുന്നു. സത്യം മാത്രം റിപ്പോര്‍ട്ട് ചെയ്യേണ്ട, അതിന് വേണ്ടി നിലകൊള്ളേണ്ട മാധ്യമങ്ങള്‍ ചില തത്പരകക്ഷികളായ ഭരണകൂടത്തിന്‍റെ ആയുധമായി മാറുന്ന കാഴ്ചയാണിവിടെ കാണുന്നത്, അറിഞ്ഞോ അറിയാതെയോ.
മാധ്യമങ്ങളുടെ ഈ സമീപനം എന്താണ് ഭാവിലോകത്തിന് സമ്മാക്കാനിരിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് കൂടുതല്‍ ദൂരം പോകേണ്ടതില്ല. തൊട്ടപ്പുറത്തുള്ള ഇറാഖിലേക്ക് നേക്കിയാല്‍ മതി. നുണകളാണല്ലോ പത്ത് വര്‍ഷങ്ങളായി അവിടെ ആയുധം വിതറി കൊണ്ടിരിക്കുന്നത്?



Leave A Comment