സിന്ധിന്റെ നായകന്‍ (ആറാം ഭാഗം)

ഒരു ദുഖ വാര്‍ത്ത.

ഇറാഖില്‍ നിന്ന് വന്ന ആ വാര്‍ത്ത കേട്ട് മുഹമ്മദ് ബിന്‍ ഖാസിം ഒരു നിമിഷം സ്തബ്ദനായിനിന്നു. തന്റെ പിതൃവ്യപുത്രനും ഇറാഖിന്റെ ഗവര്‍ണ്ണറുമായ ഹജ്ജാജ് ബിന്‍ യൂസുഫ് മരണപ്പെട്ടു. ഹിജ്‌റ 95ലായിരുന്നു ഇത്.
മുഹമ്മദ് ബിന്‍ ഖാസിം ഓര്‍ത്തു. പാവം ഹജ്ജാജ്. എല്ലാവരും അദ്ദേഹത്തെ കുററപ്പെടുത്തുന്നവരാണ്.അമവികളിലെ ഭരണകുടുംബമല്ലാത്ത മററാര്‍ക്കും ഹജ്ജാജിനെ കണ്ടുകൂടാ.അവരുടെ ആ മനസ്ഥിതിക്കും ന്യായമുണ്ട്.അത്രക്കും ക്രൂരതകള്‍ കാണിച്ചിട്ടുണ്ട് ഹജ്ജാജ്. അമവികള്‍ക്കു വേണ്ടി ഏതു വിശുദ്ധനെയും നിരപരാധിയേയും കൊന്നുകൊലവിളിക്കുവാന്‍ മടിയില്ലാത്ത ആളായിരുന്നു ഹജ്ജാജ് ബിന്‍ യൂസുഫ്.
പരിശുദ്ധ മക്കയും മദീനയും തന്റെ നാടായ ത്വാഇഫുമടങ്ങുന്ന ഹിജാസിന്റെ ഗവര്‍ണ്ണറായ കാലത്തായിരിക്കാം ഒരു പക്ഷേ ഹജ്ജാജിന് ഏററവും ക്രൂരതകള്‍ ചെയ്യേണ്ടിവന്നത്. മദീനായിലുണ്ടായിരുന്ന പല താബിഉകളെയും വളരെ ക്രൂരമായി ഹജ്ജാജ് കൊന്നു. ഹജ്ജാജിന്റെ ചില ഭരണപരിഷ്‌കാരങ്ങളോട് വിയോചിച്ചതായിരുന്നു കാരണം. ഹിജാസില്‍ സ്വയം ഖലീഫയായി അവരോധിതനായ അബ്ദുല്ലാഹി ബിന്‍ സുബൈറിനെ പരിശുദ്ധ മക്കയില്‍ വിശുദ്ധ കഅ്ബാലയത്തിന്റെ ഒരു വിളിപ്പാടകലെയിട്ട് കൊന്നതുതന്നെ മതി, മായ്ക്കുവാനാവാത്ത കറ വീഴുവാന്‍. ഇബ്‌നു സുബൈറിനെ വധിക്കുവാന്‍ വേണ്ടി നടത്തിയ ആക്രമണങ്ങളില്‍ കഅ്ബാലയത്തിനു കേടുപാടുകള്‍ വന്നതുപോലും ഹജ്ജാജ് അന്നു ഗൗനിച്ചില്ല. രാജ്യമെമ്പാടുമുള്ള മഹാന്‍മാരുടെ അഭ്യര്‍ഥന ഡമാസ്‌കസില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ഹജ്ജാജിനെ ഹിജാസില്‍ നിന്നും പിടിച്ചുമാററുവാന്‍ കഴിയില്ലായിരുന്നു.
ഖവാരിജുകളടക്കം നിരവധി പേരെ വേട്ടയാടിയ ഹജ്ജാജ് മുസ്‌ലിം ഉമ്മത്തിന് അല്ലാഹു നല്‍കിയ ഒരു പരീക്ഷണമാണ് എന്നായിരുന്നു പ്രമുഖ താബിഈ പണ്‍ഡിതന്‍ സകരിയ്യ അല്‍ അന്‍സ്വാരി(റ) പറഞ്ഞത്. അമവികള്‍ക്കുവേണ്ടി കൊടും ക്രൂരതകള്‍ ചെയ്യുന്ന ഹജ്ജാജിനെ പോലുള്ളവരെ കൊണ്ട് അല്ലാഹുവിന്റെ ഭൂമിയാകെ അക്രമം നിറഞ്ഞിരിക്കുന്നു എന്നായിരുന്നു രണ്ടാം നൂററാണ്ടിന്റെ മുജദ്ദിദായി വാഴ്തപ്പെടാറുള്ള ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ) പറഞ്ഞത്. അദ്ദേഹം പറഞ്ഞു: 'ഇറാഖില്‍ ഹജ്ജാജ് ബിന്‍ യൂസുഫ്, സിറിയയായില്‍ വലീദ് ബിന്‍ അബ്ദുല്‍ മലിക്, ഈജിപ്തില്‍ ഖുറത്തു ബിന്‍ ശരീക്, മദീനയില്‍ ഉസ്മാന്‍ ബിന്‍ ഹയ്യാന്‍, മക്കായില്‍ ഖാലിദ് ബിന്‍ അബ്ദുല്ലാ ഖസ്‌രീ... അല്ലാഹുവേ നിന്റെ ഭൂമിയാകെ അക്രമം കൊണ്ടു നിറഞ്ഞിരിക്കുന്നു' 
അങ്ങനെയൊരു ജന്‍മം. ഒരു ഖുര്‍ആന്‍ പണ്‍ഡിതന്‍ ഇങ്ങനെയൊക്കെ ആയിപ്പോയതിലും ഹജ്ജാജിന്റെ കാരണത്താല്‍ തന്റെ കുടുംബമായ ബനൂ തഖീഫ് എക്കാലവും പഴി കേള്‍ക്കേണ്ടിവരുന്നതും ഓര്‍ത്തപ്പോള്‍ വല്ലാത്ത വ്യസനം തോന്നി മുഹമ്മദ് ബിന്‍ ഖാസിമിന്.
ജനങ്ങളില്‍ നിന്ന് ഹജ്ജാജ് വല്ലാതെ അകന്നിരുന്നു. എല്ലാവരും വല്ലാതെ അയാളെ വെറുത്തിരുന്നു. ബസ്വറയില്‍ രസകരമായ ഒരു കഥയുണ്ട്.ഒരിക്കല്‍ ഒരു ജലാശയത്തിനരികിലൂടെ നടന്നുപോകുമ്പോള്‍ ഹജ്ജാജ് വെള്ളത്തില്‍ വീണു. ഹജ്ജാജിന് നീന്തുവാന്‍ അറിയില്ലായിരുന്നു. വെള്ളത്തില്‍ അയാള്‍ കൈകാലുകളിട്ടടിച്ചു നില്‍ക്കുന്നത് അതു വഴി വന്ന ഒരു വഴിപോക്കന്റെ ശ്രദ്ധയില്‍ പെട്ടു. അയാള്‍ക്ക് നീന്തല്‍ അറിയാമായിരുന്നു. അയാള്‍ ഹജ്ജാജിനെ രക്ഷപ്പെടുത്തി.
ജീവന്‍ തിരിച്ചുകിട്ടിയ ഹജ്ജാജ് തന്നെ രക്ഷപ്പെടുത്തിയ ആളോട് നന്ദി പറഞ്ഞു. പ്രത്യുപകാരമായി എന്തു വേണമെങ്കിലും ചോദിച്ചോളൂ എന്നും പറഞ്ഞു. രക്ഷിച്ചയാള്‍ക്ക് സംശയമായി. എന്തും തരാന്‍ മാത്രം ഇയാള്‍ ആരാണ്?. അയാളാണെങ്കില്‍ മുമ്പ് ഹജ്ജാജ് ബിന്‍ യൂസുഫിനെ കണ്ടിട്ടില്ല, കേട്ടിട്ടേയുള്ളൂ. അയാള്‍ ചോദിച്ചു: 'ചോദിക്കുന്നതെന്തും തരാന്‍ കഴിവുള്ള താങ്കള്‍ ആരാണ്?'
ഹജ്ജാജ് ചിരിച്ചുകൊണ്ടു പറഞ്ഞു: 'എന്നെ അറിയില്ലേ, ഞാനാണ് ഹജ്ജാജ് ബിന്‍ യൂസുഫ്'
അതുകേട്ട് സതംഭിച്ചുപോയ അയാള്‍ പറഞ്ഞുവത്രേ, 'എനിക്ക് താങ്കളുടെ സമ്മാനമൊന്നും വേണ്ട, മരിക്കാന്‍ പോകുകയായിരുന്ന താങ്കളെ താനാണ് രക്ഷപ്പെടുത്തിയത് എന്ന് ആരോടും പറയാതിരുന്നാല്‍ മതി'.
സാധാരണക്കാര്‍ക്കു പോലും അത്രക്ക് വെറുപ്പായിരുന്നു ഹജ്ജാജിനോട്.
മുഹമ്മദ് ബിന്‍ ഖാസിം ഓര്‍ത്തു. എന്നാലും ഹജ്ജാജ് മുസ്‌ലിം ലോകത്തിന് വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ബുഖാറ മുതല്‍ സമര്‍ഖന്ദ് വരേയും ഫര്‍ഗാന മുതല്‍ ഇപ്പോള്‍ സിന്ധ് വരേയും മുസലിംകളുടെ കയ്യിലെത്തിയത് ഹജ്ജാജിന്റെ ശ്രമഫലമാണ്. തന്നോടും പിതാവിനോടുമെല്ലാം ഹജ്ജാജ് വലിയ സ്‌നേഹവും മതിപ്പും കാട്ടിയിട്ടുണ്ട്. അത് തങ്ങളുടെ മൂല്യത്തിന്റെ പേരില്‍ മാത്രമാണ്. അങ്ങനെ പല നന്‍മകളും ഹജ്ജാബ് ബിന്‍ യൂസുഫിലുണ്ട്. പക്ഷെ ജനങ്ങള്‍ അതൊക്കെ ഓര്‍ക്കുമോ എന്നാണ് ആശങ്ക. ഏതായാലും അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തു നല്‍കുമാറാകട്ടെ.ഒരു നിശ്വാസം ആ ചിന്തകള്‍ക്ക് വിരാമമിട്ടു.
തൊട്ടടുത്ത വര്‍ഷം മറെറാരു വാര്‍ത്ത കൂടി സിന്ധിലെത്തി. ഖലീഫ വലീദ് ബിന്‍ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ മരണപ്പെട്ടു. മര്‍വ്വാന്‍ കുടുംബത്തിലെ മൂന്നാം ഭരണാധികാരിയായിരുന്നു വലീദ്. വലീദിന്റെ കാലം ഇസ്‌ലാമിക വിജയങ്ങള്‍ കൊണ്ട് സമ്പന്നം തന്നെയാണ്. പക്ഷെ ഹജ്ജാജിനെ പേലുള്ള ഗവര്‍ണ്ണര്‍മാരുണ്ടാക്കിയ ചീത്തപ്പേരുകള്‍ ഖലീഫയിലേക്കും നീളുകയുണ്ടായി. കുറേ നന്‍മകളും കുറേ ആക്ഷേപങ്ങളും ഒക്കെയായി ഒന്നും പറയാനാവാത്ത ഒരവസ്ഥയിലാണ് വലീദിന്റെ കാലം കടന്നുപോയത്.
വലീദിനു ശേഷം സഹോദരന്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക് ഖലീഫയായി എന്ന വാര്‍ത്തയും കൂടെയുണ്ട്.പുതിയ ഖലീഫയുടെ സ്ഥാനാരോഹണം പക്ഷെ മുഹമ്മദ് ബിന്‍ ഖാസിമിന്റെ മനസ്സിലൂടെ കടന്നുപോയത് ഒരു കൊള്ളിയാനായിക്കൊണ്ടാണ്. ഏതോ ഭയം അദ്ദേഹത്തിന്റെ മനസ്സിനെ വിറപ്പിച്ചു. ആശങ്കകള്‍ മനസ്സിലൂടെ തലങ്ങുംവിലങ്ങും പാഞ്ഞു.
അതിനു കാരണമുണ്ട്.പുതിയ ഖലീഫ ഹജ്ജാജിനെതിരാണ്. ഹജ്ജാജിന്റെ കുടുംബങ്ങളെ പോലും അദ്ദേത്തിനു കണ്ടുകൂടാ. ഹജ്ജാജിന്റെ കാലത്ത് പല സ്ഥാനങ്ങളിലും അവരോധിതരായ പലരുടേയും നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. താനും അവരിലൊരാളാണ്. തന്റെയും ഗതി മറെറാന്നാവില്ല. താന്‍ സിന്ധ് കീഴടക്കിയതൊക്കെ ശരിതന്നെയാണ്. പക്ഷെ അതുകൊണ്ടൊന്നും തനിക്ക് പുതിയ ഖലീഫയുടെ കയ്യില്‍ നിന്ന് രക്ഷപ്പെടുവാനാവില്ല. കാരണം അതുകൊണ്ടൊന്നും താന്‍ ഹജ്ജാജിന്റെ കുടുംബാംഗമല്ലാതാകുന്നില്ലല്ലോ.
തന്നെ അധികാരത്തില്‍ നിന്നും ഒഴിവാക്കുന്നതില്‍ ഒരു വിഷമവുമില്ല. സിന്ധിലേക്കുള്ള പടനയിക്കുവാനുള്ള സമ്മതം ചോദിക്കുമ്പോള്‍ താനന്ന് ഹജ്ജാജ് ബിന്‍ യൂസുഫിനോട് തന്നെ പറഞ്ഞിട്ടുള്ളതാണ്. തനിക്ക് പതവിയും പ്രതിഫലവുമൊന്നും വേണ്ടെന്ന്. പക്ഷെ അതുകൊണ്ടായില്ല. സുലൈമാനു ബിന്‍ അബ്ദുല്‍ മലിക് ഹജ്ജാജിന്റെ കുടുംബങ്ങളെ ഇറക്കിവിടുക മാത്രമല്ല ചെയ്യുന്നത്. മറിച്ച് ക്രൂരമായി പീഢിപ്പിക്കുക കൂടിയാണ്. അതാണ് പേടി. മുഹമ്മദ് ബിന്‍ ഖാസിമിന് സ്വാസ്ഥ്യം നഷ്ടപ്പെട്ടു.
പുതിയ ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക് ഹജ്ജാജിന്റെ കുടുംബത്തേയും ആശ്രിതരേയും ഇങ്ങനെ ക്രൂരമായി പീഢിപ്പിക്കുവാന്‍ ഒരു കാരണമുണ്ട്. അത് മര്‍വ്വാന്റെ മക്കളുടെയൊക്കെ ഒരു പ്രശ്‌നമാണ്. അമവികളിലെ നാലം ഖലീഫയായിരുന്നു മര്‍വ്വാന്‍ അല്‍ ഹകം.കേവലം ഒരു കൊല്ലം മാത്രമേ മര്‍വ്വാന്‍ ഭരിച്ചുള്ളൂ. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മകന്‍ അബ്ദുല്‍ മലിക് ബിന്‍ മര്‍വ്വാന്‍ ഖലീഫയായി. മകന്‍ അബ്ദുല്‍ മലികിനു ശേഷം സഹോദരന്‍ അബ്ദുല്‍ അസീസിനായിരിക്കും അധികാരം എന്ന് മര്‍വ്വാന്‍ മരണത്തിനു മുമ്പെ പ്രഖ്യാപിച്ചിരുന്നു.
ഭരണം തുടങ്ങി വളര്‍ന്നുവലുതായതോടെ അബ്ദുല്‍ മലികിന്റെ മട്ടു മാറി. മരണത്തോടടുക്കുമ്പോള്‍ സഹോദരന്‍ അബ്ദുല്‍ അസീസിനു പകരം തന്റെ സ്വന്തം മകന്‍ വലീദിനെ ഖലീഫയായി വാഴിക്കുവാന്‍ അബ്ദുല്‍ മലികിന് ആഗ്രഹം വന്നു. പക്ഷെ അതിന് അബ്ദുല്‍ അസീസ് സമ്മതിക്കണമായിരുന്നു. അതിനു വേണ്ട കരുക്കള്‍ അബ്ദുല്‍ മലിക് നടത്തിത്തുടങ്ങിയതാണ്. പക്ഷെ, അതൊന്നും വേണ്ടിവന്നില്ല. അബ്ദുല്‍ മലികിനു മുമ്പെ സഹോദരന്‍ അബ്ദുല്‍ അസീസ് മരണപ്പെട്ടു. അതോടെ വലീദിന്റെ കയ്യില്‍വന്നു ഭരണം.
അബ്ദുല്‍ മലിക് മരണപ്പെടുന്നതിന്റെ മുമ്പ് തന്നെ മകന്‍ വലീദിനെ ഖലീഫയായും വലീദിന്റെ അനുജനായ സുലൈമാനെ കിരീടാവകാശിയായും പ്രഖ്യാപിച്ചു. അങ്ങനെ വലീദ് ഭരണം തുടങ്ങി.മരണം മുന്നില്‍ കാണുവാന്‍ മാത്രം പ്രായമായപ്പോള്‍ പണ്ട് തന്റെ പിതാവിനു തോന്നിയത് വലീദിനും തോന്നി. സഹോദരനു കൊടുക്കേണ്ട അധികാരം സ്വന്തം മകന്‍ അബ്ദുല്‍ അസീസ് ബിന്‍ വലീദിന് കൊടുക്കുവാനുള്ള മോഹം. പിന്നെ അതിനായി വലീദ് കരുക്കള്‍ നീക്കി. പ്രധാനികളുമായി കൂടിയാലോചനകള്‍ നടത്തി. പൊതുവെ ആരും അതിനോട് യോചിച്ചില്ല. അങ്ങനെ ചെയ്യുന്നത് മാന്യതയല്ല എന്ന പക്ഷക്കാരായിരുന്നു പൊതുജനം.
എന്നാല്‍ തന്റെ പ്രധാന സഹായികളില്‍ ഒരാളായ റൗഹ് ബിന്‍ സന്‍ബാഅ് ഖലീഫയെ പിന്തുണച്ചു. പിന്തുണച്ച മറെറാരാള്‍ ഹജ്ജാജ് ബിന്‍ യൂസുഫായിരയുന്നു. വലീദിന്റെ ഈ അധികാരക്കൊതിയെ പിന്തുണച്ച മറെറാരു സേനാനായകന്‍ ഖുതൈബ ബിന്‍ മുസ്‌ലിം ആയിരുന്നു. ആ ധൈര്യത്തില്‍ ഖലീഫ വലീദ് സഹോദരന്‍ സുലൈമാന് വിവരം നല്‍കി. തന്റെ മകന്‍ അബ്ദുല്‍ അസീസിനു അധികാരം നല്‍കുവാനുള്ള കരാറില്‍ ഒപ്പു വെക്കുവാന്‍ ആവശ്യപ്പെട്ടു. ദൂരെ എവിടെയോ യുദ്ധ മുന്നണിയിലായിരുന്നു അപ്പോള്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക്.
സുലൈമാന്‍ ഖലീഫ വലീദിനുള്ള മറുപടിയില്‍ പറഞ്ഞു: 'ഞാന്‍ അധികം വൈകാതെ ഡമാസ്‌കസില്‍ എത്തിച്ചേരും. എന്നിട്ട് വേണ്ടതുപോലെ ചെയ്യാം.'. സുലൈമാന്‍ അങ്ങനെ ഡമാസ്‌കസിലേക്ക് പുറപ്പെട്ടുവെങ്കിലും ഇക്കുറിയും മരണം വില്ലനായി രംഗത്തെത്തി. സുലൈമാന്‍ ഡമാസ്‌കസിലെത്തും മുമ്പ് ഖലീഫ വലീദ് മരണപ്പെട്ടു. അങ്ങനെ ആ കൈമാററവും നടക്കാതെ പോയി.
തനിക്കെതിരെ ഖലീഫ വലീദിനെ പിന്തുണച്ചയാള്‍ എന്ന പേരും കൊണ്ട് ഹജ്ജാജ് മരിച്ചുപോയി. അധികാരത്തിലെത്തിയപ്പോള്‍ ഹജ്ജാജില്ലാതെ പോയതിനാല്‍ ആ പ്രതികാരങ്ങളെല്ലാം ബനൂ തഖീഫ് കുടുംബത്തോട് ചെയ്യുകയാണ് ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക്. അതാണ് മുഹമ്മദ് ബിന്‍ ഖാസിമിന്റെ ആശങ്കയുടെ കാരണവും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter