മസ്ജിദ് അവശിഷ്ടങ്ങൾ മറ്റൊന്നിനുമുപയോഗിക്കാൻ പാടില്ല; ബാബരിയുടെ അവശിഷ്ടങ്ങൾക്കായി കോടതിയെ സമീപിക്കുമെന്ന് സഫരിയാബ് ജീലാനി
ലഖ്നൗ: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധി പ്രകാരം കേന്ദ്രസർക്കാർ രാമക്ഷേത്ര നിർമ്മാണ സമിതി രൂപീകരിച്ചതിന് പിന്നാലെ ബാബരി മസ്ജിദിന്റെ കെട്ടിടാവശിഷ്ടങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ ബാബരി മസ്ജിദ് കര്‍മസമിതി കണ്‍വീനര്‍ സഫരിയാബ് ജിലാനി വ്യക്തമാക്കി. വെള്ളിയാഴ്ച മാധ്യമങ്ങൾക്ക് മുമ്പിലാണ് ജീലാനി കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയത്. ശരിഅത്ത് നിയമപ്രകാരം പള്ളിയുടെ അവശിഷ്ടങ്ങള്‍ മറ്റൊന്നിന്റെയും നിര്‍മാണത്തിന് ഉപയോഗിക്കാന്‍ പാടില്ല. സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളൊന്നും തന്നിട്ടുമില്ല. പള്ളിയുടെ സ്തംഭങ്ങളും കല്ലുകളും മറ്റും മുസ്‌ലിങ്ങള്‍ക്ക്‌ കൈമാറണം. പുനഃപരിശോധനാഹര്‍ജി പരിഗണിക്കുന്നതിനിടെയും അവശിഷ്ടങ്ങളുടെ വിഷയം തങ്ങളുന്നയിച്ചിരുന്നു. എന്നാല്‍, ഹര്‍ജി തള്ളിയെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനുമായി വിഷയം വൈകാതെ ചര്‍ച്ചചെയ്യുമെന്നും ഈമാസം അവസാനത്തോടെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്നും ജിലാനി വ്യക്തമാക്കി. ബാബരി കേസിൽ സുന്നി വഖഫ് ബോർഡ് അഭിഭാഷകനായിരുന്നു രാജീവ് ധവാൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter