സിരിയ്യുസ്സിഖ്ഥി(റ) : പരിത്യാഗിയായ അധ്യാത്മിക പുരുഷൻ

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  സാത്വികനായ സൂഫിവര്യനാണ് സിരിയ്യുസ്സിഖ്ഥി(റ). മഹാനായ ജുനൈദുൽ ബഗ്ദാദിയുടെ മാതാവിന്റെ സഹോദരീ ഭർത്താവും  മഅറൂഫുൽ കർഖി(റ) എന്ന പ്രമുഖ ഗുരുവിന്റെ  ശിഷ്യഗണങ്ങളിൽ പ്രമുഖനുമായിരുന്നു അദ്ദേഹം. 

അങ്ങാടിയിൽ കച്ചവടം ചെയ്തുകൊണ്ടായിരുന്നു  സിരിയ്യുസ്സിഖ്ഥി(റ) ജീവിച്ചിരുന്നത്. മഅറൂഫുൽ കർഖിയുടെ വരവോടെയാണ് സിരിയ്യുസ്സിഖ്ഥിയുടെ ജീവിതത്തിൽ മാറ്റത്തിൻറെ കൊടുങ്കാറ്റടിച്ചു വീശാൻ തുടങ്ങിയത് പോലും . 
ഒരുനാൾ മഅറൂഫുൽ കർഖി ഒരു അനാഥ ബാലനുമായി സിഖ്ഥിയുട കടയിൽ ചെന്നു. അനാഥ ബാലന് ധരിക്കാനുള്ള  വസ്ത്രമാവശ്യപ്പെട്ടപ്പോൾ സിഖ്ഥി (റ) ധരിക്കാനുള്ള ഒരു വസ്ത്രം നൽകി. ഇതിൽ സന്തുഷ്ടനായ കർഖി(റ) അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചു. അന്ന് കടയിൽ നിന്ന് എഴുന്നേൽക്കുമ്പോഴേക്കും സിഖ്ഥി (റ) വിന്റെ    മനസ്സ് മാറി തുടങ്ങിയിരുന്നു. കർഖി(റ)യുടെ പ്രാർത്ഥന മൂലമാണ് ഈ ഒരനുഗ്രഹം സിഖ്ഥി (റ) വിന് ലഭിച്ചത്.
പിന്നീടുള്ള ജീവിതത്തെ കുറിച്ച് ജുനൈദുൽ ബഗ്ദാദി(റ) പറയുന്നത് കാണുക:  "സിഖ്ഥി (റ) യെപ്പോലെ ആരാധനയിൽ മുഴുകിയ ഒരാളെയും ഞാൻ കണ്ടില്ല".  

ഭൗതിക പരിത്യാഗത്തിലൂടെ റബ്ബിന്റെ പ്രീതി കരസ്ഥമാക്കാനുള്ള വെമ്പലിലായിരുന്നു പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിൻറെ ജീവിതം . 
 സിഖ്ഥി (റ) പറയുന്നു: ഒരിക്കൽ "അൽഹംദുലില്ലാഹ് " എന്ന് പറഞ്ഞതിന്റെ പേരിൽ 30 വർഷമായി ഞാൻ അല്ലാഹുവിനോട് പൊറുക്കലിനെ തേടി കൊണ്ടിരിക്കുകയാണ്. കാരണമന്വേഷിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെയായിരുന്നു " .ബഗ്ദാദിൽ ഒരിക്കൽ ഒരു അഗ്നി ബാധ ഉണ്ടായപ്പോൾ താങ്കളുടെ കട കത്തിയിട്ടില്ലയെന്ന് ഒരാൾ ഒന്നു പറഞ്ഞു. സന്തോഷം കൊണ്ട് അപ്പോൾ ഞാൻ "അൽഹംദുലില്ലാഹ് " എന്ന് പറഞ്ഞു പോയി. അതോർത്തപ്പോൾ പിന്നീട് എനിക്ക് ഖേദം വന്ന് തുടങ്ങി. വിശ്വാസികൾക്ക് വിപത്ത് ഇറങ്ങി അവസരത്തിൽ താൻ സുരക്ഷ ആഗ്രഹിച്ചത് തെറ്റായിപ്പോയല്ലോ എന്നതാണ് എൻറെ സങ്കടം. 

 ഒരു രാത്രിയിൽ അദ്ദേഹം കരയുന്നതു കണ്ടപ്പോൾ മഹാനായ ജുനൈദുൽ ബഗ്ദാദി കാരണമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു:  അത്യുഷ്ണം കാരണം  ഇന്നലെ രാത്രി എൻറെ മകൾ എനിക്കൊരു കൂജയിലായി  തണുത്ത വെള്ളം കൊണ്ടുവന്ന് റൂമിൽ വെച്ച് തന്നു .  ഇത് കണ്ട് ഞാൻ ഏറെ സന്തോഷിച്ചു. അന്നു രാത്രി ഉറക്കത്തിൽ അതീവ സുന്ദരിയായ ഒരു സ്ത്രീയെ ഞാൻ കണ്ടു. നീ ആരുടെ ഭാര്യയാണെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു. കൂജയിൽ തണുത്ത വെള്ളം കുടിക്കാത്തവർക്കുള്ളവളാണ് ഞാനെന്ന് . ഉടനെ ഞാൻ കൂജ നശിപ്പിച്ചു. കുടിക്കണമെന്ന് ആഗ്രഹിച്ചതോർത്താണ് ഞാൻ ഇപ്പോൾ കരയുന്നത്. 

ശരീരേച്ഛകളെ പൂർണ്ണമായും എതിർത്ത് തോൽപ്പിക്കുമ്പോൾ മാത്രമാണ് ഒരു സൂഫി പൂർണ്ണതയിൽ എത്തുക എന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു തന്നു .
 
സിഖ്ഥിയുടെ ചില പ്രധാന വചനങ്ങൾ :
1)"അല്ലാഹുവേ നീ ഇച്ഛിക്കുകയാണെങ്കിൽ എന്നെ ശിക്ഷിച്ചു കൊള്ളുക. പക്ഷേ, നിന്നെ കാണാനുള്ള സൗഭാഗ്യം തടഞ്ഞുവെച്ച് കൊണ്ടുള്ള അതീവ നിന്ദ്യതയുടെ ശിക്ഷ നീയെനിക്ക് നൽകരുതേ"
2) "ബുദ്ധിയുടെ പരിഭാഷകനാണ് അദബ് (മര്യാദ)"
3) " അല്ലാഹുവിനെ ഭയക്കുന്നവനെ സർവ്വതും ഭയക്കും "
4) " ആരാധനകൾ കൂടാതെ  ദിവസങ്ങൾ കളഞ്ഞു കുടിക്കുന്നവനത്രെ വഞ്ചകൻ"

ഹിജ്റ 257 ലാണ് ഇദ്ദേഹത്തിന്റെ മരണം. അല്ലാഹു മഹാനവർകളോടൊപ്പം നമ്മെയും സ്വർഗ്ഗത്തിൽ കടത്തട്ടെ .

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter