ബനാത്ത്‌വാല സാഹിബിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍

ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിലെ അതുല്യ സാന്നിധ്യമായിരുന്ന ജി.എം ബനാത്ത്‌ വാലയുടെ വിയോഗത്തിന് ആറാണ്ട് തികയുന്ന വേളയില്‍; ഒരു പുനര്‍വായനക്കായി അദ്ദേഹത്തിന്റെ വിയോഗാനന്തരം ചന്ദ്രിക ദിനപത്രത്തില്‍ എം.ഐ തങ്ങള്‍ എഴുതിയ ലേഖനം.

"വിക്‌ടോറിയന്‍ കാലഘട്ടത്തിന്റെ അവസാനത്തെ പ്രതിനിധിയായ രാഷ്‌ട്രീയ നേതാവ്‌" എന്ന്‌ ഇന്ത്യാ ടുഡെ ഒരിക്കല്‍ ജി.എം. ബനാത്‌വാല സാഹിബിനെ വിശേഷിപ്പിക്കുകയുണ്ടായി. സത്യസന്ധത, വിജ്ഞാനം, ചിന്തക്ക്‌ പിറകെ പ്രവര്‍ത്തനം തുടങ്ങിയവയാണ്‌ ആ കാലഘട്ടത്തിന്റെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ തിരിച്ചറിയല്‍ അടയാളം. ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്‌ അടുത്ത കാലത്തൊന്നും പരിഹരിക്കാന്‍ സാധിക്കാത്ത നഷ്‌ടമാണ്‌ ഈ വിയോഗം സൃഷ്‌ടിച്ചത്‌. സി.എച്ചിന്‌ ശേഷം ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്‌ ദിശാബോധം നല്‍കിയിരുന്ന ഈ സൂരിവര്യന്റെ തിരോധാനം താങ്ങാനാകാത്തതാണ്‌.മരിക്കാത്ത ഓര്‍മ്മകള്‍ നല്‍കിയാണ്‌ അദ്ദേഹം വിട പറഞ്ഞത്‌. മഹാരാഷ്‌ട്ര അസംബ്ലിയില്‍ അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത്‌ നടത്തിയ പ്രകടനം, നിര്‍ബന്ധ വന്ധീകരണത്തിന്റെ നിയമ നിര്‍മ്മാണം തടഞ്ഞിട്ട തുടര്‍ന്നുള്ള ഒപ്പു ശേഖരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ നിയമ നിര്‍മ്മാണ സഭാ ചരിത്രത്തില്‍ എന്നെന്നും സ്‌മരിക്കപ്പെടുന്ന പ്രതിപക്ഷ കടമാ നിര്‍വ്വഹണങ്ങളിലൊന്നായിരുന്നു. ജനാധിപത്യത്തിന്റെ ശക്തികൊണ്ടു ജനാധിപത്യ ദുരുപയോഗത്തെ തടഞ്ഞിട്ട സംഭവം.പാര്‍ലമെന്റില്‍ 1977 ല്‍ അംഗമായത്‌ മുതല്‍ അദ്ദേഹം ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ ഇതിഹാസങ്ങളിലൊന്നായി മാറുകയായിരുന്നു.

അദ്ദേഹം പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗങ്ങളേതാണ്ടൊക്കെ ചരിത്രമായി തീര്‍ന്നവയാണ്‌. ലോക്‌സഭയില്‍ എല്ലാവരും ശ്രദ്ധിക്കുന്ന ചുരുക്കം പ്രതിപക്ഷ പ്രസംഗങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റേത്‌. ശരീഅത്ത്‌ വിവാദ കാലത്ത്‌ വനിതാ സംരക്ഷണ നിയമത്തിന്റെ മുന്നോടിയായി അദ്ദേഹം അവതരിപ്പിച്ച സ്വകാര്യ ബില്‍ അടക്കം ഒട്ടേറെ പ്രസിദ്ധങ്ങളായ സ്വകാര്യ ബില്ലുകള്‍ അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്‌. ശ്രീമതി ഇന്ദിരാഗാന്ധി ബനാത്‌ വാല സാഹിബ്‌ പ്രസംഗിക്കുന്ന ദിവസം സഭയില്‍ നിര്‍ബ്ബന്ധമായും ഹാജാറാകാറുണ്ടായിരുന്നുവെന്ന്‌ കേട്ടിട്ടുണ്ട്‌.പരന്ന വിജ്ഞാനം ബനാത്‌വാല സാഹിബിന്റെ പര്യായങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌. ഇന്ത്യന്‍ രാഷ്‌ട്രീയത്തെയും ഇന്ത്യന്‍ സമൂഹത്തിന്റെ അന്തര്‍ ധാരയെയും കുറിച്ച്‌ അദ്ദേഹത്തിനുണ്ടായിരുന്ന പരന്ന വിജ്ഞാനത്തിന്റെ നാട്ടക്കുറിയാണ്‌ റിലീജ്യന്‍ ആന്റ്‌ പൊളിറ്റിക്‌സ്‌ ഇന്‍ ഇന്ത്യ എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥം. ഒന്നിലേറെ പതിപ്പുകള്‍ ഇറങ്ങിയ ഈ ഗ്രന്ഥം മതത്തെയും രാഷ്‌ട്രീയത്തെയും രണ്ടറകളിലായി കാണാന്‍ താല്‍പര്യപ്പെടുന്നവരുടെ കണ്ണ്‌ തുറപ്പിക്കാന്‍ പോന്നതാണ്‌. മുസ്‌ലിംലീഗ്‌ ആസാദികെ ബാദ്‌ എന്ന പേരില്‍ ഉര്‍ദുവില്‍ ഒരു ചരിത്ര പുസ്‌തകവും അദ്ദേഹത്തിന്റെ വകയായി നമുക്ക്‌ കിട്ടിയിട്ടുണ്ട്‌. രണ്ടും മലയാളത്തില്‍ ഭാഷാന്തരം ചെയ്‌തിട്ടുണ്ട്‌.

ഉര്‍ദു, ഇംഗ്ലീഷ്‌ ഭാഷകള്‍ ഒരേപോലെ കൈകാര്യം ചെയ്‌തിരുന്ന ബനാത്‌വാലാ സാഹിബിന്റ ഭാഷ, പാണ്ഡിത്യം കൊണ്ടു വീര്‍പ്പ്‌ മുട്ടുന്ന പോലെത്തന്നെ കാവ്യ ഭംഗിയാര്‍ന്നതുമായിരുന്നു. ഒരിക്കല്‍ പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ വാര്‍ഷിക സനദ്‌ദാന സമ്മേളനത്തില്‍ പ്രസംഗിക്കവെ നബി തിരുമേനി (സ)യെ അദ്ദേഹം വിശേഷിപ്പിച്ചത്‌ അദ്ദേഹത്തിന്റെ സഹൃദയത്വം കൊട്ടിഘോഷിക്കുന്ന രീതിയിലായിരുന്നു. ``ജിബ്‌രീലിന്റെ മഹത്വം അവസാനക്കുന്നിടത്തുനിന്ന്‌ എന്റെ പ്രവാചകന്റെ മഹത്വം ആരംഭിക്കുന്നു. മിഅ്‌റാജിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസംഗം. മൂര്‍ച്ചയേറിയ വാക്കുകള്‍കൊണ്ട്‌ വിമര്‍ശിക്കുമ്പോഴും കവിതയുടെ ഈ ടച്ച്‌ ഉടനീളം തുളുമ്പിനില്‍ക്കുമായിരുന്നു. രാഷ്‌ട്രീയ പ്രസംഗങ്ങള്‍ വളരെ പ്രസിദ്ധമാണദ്ദേഹത്തിന്റേത്‌. അവിടെയും ഇവിടെയും കയ്യിട്ടുവാരി ഒരു കാര്യവും പൂര്‍ത്തിയാക്കി പറയാത്ത രീതിയായിരുന്നില്ല പ്രസംഗത്തിന്‌. ഒന്നോ രണ്ടോ പോയന്റുകള്‍. അവയെക്കുറിച്ച്‌ കേള്‍വിക്കാര്‍ക്ക്‌ കൃത്യമായി അഭിപ്രായരൂപീകരണത്തിന്‌ സഹായിക്കുന്നവിധം വിശദീകരണം, ഒരു വാക്കുപോലും വൃഥാസ്ഥൂലമായി പറയാത്ത ഭാഷണശൈലി. കേള്‍ക്കുന്നവരാരായാലും അവര്‍ക്ക്‌ വേദനയുണ്ടാകാത്തവിധവും എന്നാല്‍ സമ്പൂര്‍ണ്ണവും തീക്ഷ്‌ണവുമായ വിമര്‍ശനങ്ങളുള്‍ക്കൊള്ളുന്നതുമായിരിക്കും പ്രസംഗങ്ങള്‍.അദ്ദേഹത്തിന്റെ പ്രസംഗം ഭാഷാന്തരം ചെയ്യണമെങ്കില്‍ ഭാഷ മാത്രം അറിഞ്ഞാല്‍ പോരാ, രാഷ്‌ട്രീയത്തില്‍ അര പാണ്ഡിത്യവും പോരാ, തികഞ്ഞ രാഷ്‌ട്രീയ വിജ്ഞാനം തന്നെ വേണം. അതില്ലാത്ത ആളാണ്‌ പരിഭാഷകനെന്നദ്ദേഹത്തിന്‌ തോന്നിയാല്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഗാംഭീര്യം അദ്ദേഹം കുറക്കും. ഏറ്റവും ഇഷ്‌ടപ്പെട്ട പരിഭാഷകന്‍ പി.ആര്‍.ഡി.യില്‍ നിന്ന്‌ അഡീഷണല്‍ ഡയരക്‌ടറായി റിട്ടയര്‍ ചെയ്‌തിട്ടുള്ള പി.എ. റഷീദ്‌ സാഹിബായിരുന്നു.

ഒരിക്കല്‍ പരിഭാഷകന്‍ ഇല്ലാതെവന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗ പരിഭാഷക്ക്‌ പോയതോര്‍ക്കുന്നു. നല്ല ഓര്‍മ്മശക്തിയും ശ്രദ്ധയും ആവശ്യമുള്ള പണിയാണിത്‌. മടിച്ചാണ്‌ പോയത്‌. എന്നാല്‍ എന്നും മധുരിക്കുന്ന അനുഭവമാണത്‌ നല്‍കിയിട്ടുള്ളത്‌. പതിനേഴ്‌ സ്ഥലങ്ങളില്‍ അദ്ദേഹം അന്ന്‌ പ്രസംഗിച്ചു. രാത്രി പത്ത്‌ മണി സീലിംഗ്‌ വന്നിട്ടില്ലാത്ത കാലമാണ്‌. ഈ പതിനേഴ്‌ സ്ഥലത്തും 17 പ്രസംഗങ്ങളാണദ്ദേഹം ചെയ്‌തത്‌. അദ്ദേഹമങ്ങനെയാണ്‌. ഒരിക്കലും ഒരു സ്ഥലത്ത്‌ ചെയ്‌ത പ്രസംഗം മറ്റൊരു സ്ഥലത്ത്‌ ആവര്‍ത്തിക്കുകയില്ല. ഒരു സ്ഥലത്ത്‌ പ്രസംഗിക്കവെ സിംഗപ്പൂരില്‍വെച്ച്‌ ഇന്ത്യ ഐക്യരാഷ്‌ട്രസഭയുടെ ന്യൂനപക്ഷാവകാശ സംരക്ഷണ രേഖയില്‍ ഒപ്പിട്ട കാര്യം ഒരു മുന്നറിയിപ്പുമില്ലാതെ പരാമര്‍ശിച്ചു. പെട്ടെന്ന്‌ കാര്യമെന്താണെന്നറിയാതെ ഞാന്‍ വിയര്‍ക്കുകയായിരുന്നു. ഭാഗ്യത്തിന്‌ അദ്ദേഹത്തിന്റെ ഊഴം കഴിഞ്ഞ്‌ എന്റെ ഊഴമെത്തിയപ്പോഴേക്കും മുമ്പെവിടെയോ വായിച്ചു മറന്നുപോയിരുന്ന ഈ കാര്യം ഓര്‍മ്മ വന്നു. പരിഭാഷ മുഴുവനാക്കി ഞാന്‍ വിരമിച്ചപ്പോള്‍ ചെകിട്ടില്‍ ചോദിച്ചു. ഞാന്‍ പറഞ്ഞത്‌ തന്നെയല്ലേ പറഞ്ഞത്‌. ഞാന്‍ കാര്യം ചുരുക്കിപ്പറഞ്ഞപ്പോള്‍ സന്തുഷ്‌ടനായി എന്റെ പുറത്ത്‌ അഭിനന്ദിച്ചുകൊണ്ട്‌ കൊട്ടിയത്‌ ഇന്നും ഞാനോര്‍മ്മിക്കുന്നു. ഇനി ഈ വകുപ്പില്‍പെടുത്താവുന്ന ഒരാളില്ല.

രാഷ്‌ട്രീയത്തിലെ സര്‍വ്വവിജ്ഞാനകോശം, ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പോളിമത്ത്‌... ഈ നഷടം നികത്താനാകാത്തതാണ്‌.ഒരു ദിവസം കൊണ്ടൊരു നേതാവുണ്ടാകുന്നില്ല വര്‍ഷങ്ങള്‍ സാകൂതമിരുന്ന്‌ കാലം പണിതാണ്‌ ഒരു നേതാവിനെ സമൂഹത്തിന്‌ ലഭിക്കുന്നത്‌. വര്‍ഷങ്ങളുടെ തപസ്യയുടെ ഫലമായി ലഭിക്കുന്ന വരദാനങ്ങളിലൊന്നാണ്‌ നേതൃത്വം.``ഹസാറോം സാല്‍ നര്‍ഗീസ്‌ അപ്‌നെബേനൂരിപര്‍ രോതീ ഹൈബഡി മുശ്‌കില്‍ സെ ഹോതാ ഹൈ ചമന്‍മെ ദീദാവര്‍ പൈദാ''-ഇഖ്‌ബാല്‍(ആയിരക്കണക്കില്‍ വര്‍ഷം കരഞ്ഞു കരഞ്ഞു കണ്ണുകലങ്ങുമ്പോഴാണ്‌ നര്‍ഗിസ്‌ ചെടി പൂക്കുന്നത്‌)

(കടപ്പാട്:  http://banathwala.blogspot.in, എം.ഐ. തങ്ങള്‍, ചന്ദ്രിക ദിനപത്രം Thursday, 26 June 2008)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter