അബ്ബാസ് ബ്നു ഫിർനാസ്:വായുവിൽ പറന്ന ശാസ്ത്രപ്രതിഭ

ആദ്യമായി വിമാനം പറത്തിയത് ആരാണ്? റൈറ്റ് സഹോദരന്മാരാണോ? അല്ലെന്നതാണ് യഥാർത്ഥ ചരിത്രം. അതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്റെ ഗവേഷണ പരീക്ഷണങ്ങളുടെ ഭാഗമായി അന്തരീക്ഷത്തിലൂടെ പറന്ന ശാസ്ത്രപ്രതിഭയായിരുന്നു അബ്ബാസ് ബ്നു ഫിർനാസ് (805 - 873 AD). അബുൽ ഖാസിം അബ്ബാസുബ്നു ഫിർനാസ് ഇബ്നു ഫിർദാസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പൂർണ്ണ നാമം.

സ്പെയ്നിന്റെ മധ്യകാല ചരിത്രത്തിൽ പ്രോജ്വലിച്ചുനിന്ന അദ്ദേഹം ശാസ്ത്ര ലോകത്തിന് അനേകം സംഭാവനകളർപ്പിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രം, രസതന്ത്രം, ഗണിത ശാസ്ത്രം, ഗോള ശാസ്ത്രം, സസ്യ ശാസ്ത്രം, ജന്തുശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം ഗവേഷണം നടത്തിയിരുന്നു. തത്ത്വചിന്ത, സംഗീതം, സാഹിത്യം എന്നീ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഹിജ്റ രണ്ടാം നൂറ്റാണ്ടിൽ കൊറഡോവയിലായിരുന്നു  കുട്ടിക്കാലം. കെമിസ്ട്രിയിലും ആസ്ട്രോണമിയിലും അന്ന് മുതലേ തത്പരനായിരുന്ന അദ്ദേഹം കിട്ടുന്ന അവസരങ്ങളിലൊക്കെ ആ മേഖലയിൽ പഠനം നടത്താൻ ശ്രമിച്ചുപോന്നു. എന്നാൽ, ഹിജ്റ 206 ൽ അന്തരിച്ച സ്പെയിൻ രാജാവ് ഹകം ഇബ്നു ഹിശാമിന്റെ അവസാനകാലത്താണ് അദ്ദേഹം അറിയപ്പെട്ടുതുടങ്ങുന്നത്. അബ്ദുൽ റഹ്മാനുബ്നുൽ ഹകം, മുഹമ്മദ് ബ്നു അബ്ദുൽ റഹ്മാൻ  എന്നീ രാജാക്കാന്മാരുടെ കാലത്തായിരുന്നു അദ്ദേഹം ശാസ്ത്ര രംഗത്ത് കൂടുതൽ തിളങ്ങിയതും ലോകതലത്തിൽ ശ്രദ്ധിക്കപ്പെട്ടതും.

പഠന ഗവേഷണങ്ങൾക്കും പരീക്ഷണ നിരീക്ഷണങ്ങൾക്കും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രകൃതി പ്രതിഭാസങ്ങളിലും ജീവജാലങ്ങളുടെ അനക്കാടക്കങ്ങളിലും കണ്ണുനട്ടിരിക്കുകയെന്നത് ആ മഹാപ്രതിഭയുടെ പ്രധാന ഹോബികളിലൊന്നായിരുന്നു. കാലങ്ങൾ നീണ്ട ആ മനനം ഒരുപാട് കണ്ടുപിടുത്തങ്ങളിലേക്ക് വഴിയൊരുക്കുകയും ചെയ്തു.

വായുവിലൂടെ പറക്കുക എന്ന ആശയത്തിലേക്ക് ലോകത്തെ നയിച്ചുവെന്നത് തന്നെയാണ് ഇബ്നു ഫിർനാസിന്റെ ഏറ്റവും വലിയ ശാസ്ത്ര സംഭാവന. ജബൽ അൽ അറൂസ് പർവ്വതമായിരുന്നു ആ പരീക്ഷണപ്പറക്കലിന്റെ വേദി. പത്ത് മിനുട്ടോളം പറന്നെങ്കിലും വായുവിൽ തന്റെ ചിറകുകളെ ഒരേ രീതിയിൽ നിയന്ത്രിച്ചുകൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ ഇടിച്ചിറങ്ങി. പരിക്ക് പറ്റി ജീവിതം തന്നെ മാറിയെങ്കിലും ആ നിരീക്ഷണം മരണം വരെ തുടർന്നുവെന്നാണ് ചരിത്രം.പക്ഷികളെ അനുകരിച്ചു പറക്കുന്ന ഓർണിത്തോപ്റ്റർ എന്ന വിമാന കൺസപ്റ്റിന് ഫിർനാസിന്റെ സിദ്ധാന്തമാണ് സഹായകമായതെന്ന് പറയപ്പെടുന്നു. എയറോനോട്ടിക്സ് വിഷയത്തിൽ ഗവേഷണത്തിന് തുടക്കം കുറിക്കുന്നതും അദ്ദേഹം തന്നെയായിരുന്നു.

അതിനു പുറമെ വർണ്ണരഹിതമായ ഗ്ലാസുകൾ നിർമ്മിക്കുന്നതിനുള്ള രീതികളും അദ്ദേഹം കണ്ടെത്തി.വിവിധ ഗ്ലാസിനങ്ങളായ പ്ലൈൻസിപിയേഴ്സ്, കറക്ടീവ് ലെൻസുകൾ, റീഡിംഗ് സ്റ്റോണുകൾ എന്നിവ അദ്ദേഹം വികസിപ്പിച്ചെടുത്തവയാണ്. റീഡിംഗ് സ്റ്റോൺ വഴി കാഴ്ചശക്തി കുറവുള്ളവർക്ക് വായിക്കാനുള്ള എളുപ്പ വിദ്യ ആദ്യം ഉപയോഗപ്പെടുത്തിയതും ഈ പ്രതിഭ തന്നെ.

ഗോളശാസ്ത്രത്തിലും ഇബ്നു ഫിർനാസ് ഗഹനമായ പഠനം നടത്തിയിട്ടുണ്ട്. ഗോളങ്ങളും അവയുടെ സഞ്ചാരപഥങ്ങളും നിരീക്ഷിച്ച അദ്ദേഹം നടത്തിയ അനുമാനങ്ങൾ ഗോളശാസ്ത്ര പഠനത്തിന് വലിയ മുതൽകൂട്ടായി മാറി. അതിന് വേണ്ടി ചില ഉപകരണങ്ങളും അദ്ദേഹം വികസിപ്പിച്ചിരുന്നു. "ദാത്തുൽ ഹലഖ് " എന്നാണ് അവയിലൊന്നിന്റെ പേര്.മധ്യഭാഗത്ത്  ഗോളാകൃതിയിലുള്ള രൂപങ്ങൾ ബന്ധിക്കപ്പെടുന്ന ഈ ഉപകരണം Sphere Armillaire എന്നാണ് ഇന്ന് അറിയപ്പെടുന്നത്. സൂര്യ- ചന്ദ്രന്മാരുടെ ഉദയാസ്തമയ സ്ഥലങ്ങളെ കുറിച്ച് പഠിക്കാനും രാപ്പകലുകളുടെ മാറ്റങ്ങളെ തിരിച്ചറിയാനും ആകാശത്തെ ഇതര ഗോളങ്ങളെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാനുമായിരുന്നു അദ്ദേഹമിത് ഉപയോഗപ്പെടുത്തിയിരുന്നത്.

നിസ്കാര സമയങ്ങളറിയാനും സൂര്യൻ ദൃശ്യമല്ലാത്ത ദിനങ്ങളിൽ അതിന്റെ ചലനം മനസ്സിലാക്കാനും അദ്ദേഹം വികസിപ്പിച്ചെടുത്ത ഉപകരണമായിരുന്നു മീഖാത്ത്. രാജാവ് മുഹമ്മദ് ബ്നു അബ്ദുൽ റഹ്മാന് വേണ്ടിയാണ് അദ്ദേഹമത് നിർമ്മിച്ചത്. സംഗീതത്തിലും വശമുണ്ടായിരുന്ന ഇബ്നു ഫിർനാസ് രാജകൊട്ടാരത്തിൽ കവിതകളവതരിപ്പിച്ചിരുന്നതായി ചരിത്രം പറയുന്നു

തന്റെ പരീക്ഷണപ്പറക്കലിന് ശേഷം പരുക്കുകളോട് മല്ലിട്ട്  ജീവിച്ച ഇബ്നു ഫിർനാസ് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഇഹലോകവാസം വെടിഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter