കശ്മീരിൽ ഇന്റർനെറ്റ് ഭാഗികമായി പുനസ്ഥാപിക്കുന്നു
ശ്രീനഗര്‍: കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടനുബന്ധിച്ച് നിർത്തലാക്കിയ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ബുധനാഴ്ച്ച മുതല്‍ ഭാഗികമായി പുനഃസ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കായാണ് ഇന്റര്‍നെറ്റ് നിരോധനം നീക്കുന്നത്. ഘട്ടം ഘട്ടമായാണ് ബ്രോഡ് ബാന്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുക. ഇതിന്റെ ആദ്യ പടി ഇന്നാരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റർനെറ്റ് നിരോധനത്തിനെതിരെ സുപ്രിം കോടതി നടത്തിയ നിരീക്ഷണത്തിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം കശ്മീരില്‍ ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഹരജികള്‍ പരിശോധിച്ച കോടതി നിയന്ത്രണങ്ങള്‍ നീക്കണമെന്നും ഇന്റര്‍നെറ്റ് നിരോധനം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും നിരീക്ഷിച്ചിരുന്നു. ബാങ്കിങ്ങ്, ഫിനാന്‍സ്, ആവശ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയവയ്ക്കായുള്ള വൈബ്‌സൈറ്റുകള്‍ മാത്രമാണ് പ്രാഥമിക ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടി തുറന്ന് നല്‍കുക. ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നില്ല എന്ന് സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണമെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. തലസ്ഥാനമായ ശ്രീനഗറിലാണ് ആദ്യഘട്ടത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുക. പിന്നീട് വടക്കന്‍ കശ്മീരിലും, രണ്ട് ദിവസത്തിനുള്ളില്‍ തെക്കന്‍ കശ്മീരിലും ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കും. ലഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നേതൃത്വത്തില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ അവലോകനം നടത്തിയതിനു ശേഷമായിരിക്കും മൊബൈല്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനമെടുക്കുക. ഓഗസ്റ്റിൽ ഇന്റർനെറ്റിനോടൊപ്പം ഫോൺ കണക്ഷനുകളും സർക്കാർ റദ്ദാക്കിയിരുന്നു. എന്നാൽ ആഴ്ചകൾക്ക് മുമ്പ് ഫോൺ കണക്ഷനുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter