ഒറിയന്റലിസം: ഇസ്‌ലാം എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു

വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. ഓറിയന്റലിസത്തിന്റെ പഠനപരിധിയില്‍ പൗരസ്ത്യ ദേശത്ത് വികാസം പ്രാപിച്ച മറ്റ് സംസ്‌കാരങ്ങളും ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് ഇസ്‌ലാം മാത്രം  കൂടുതല്‍ വിശകലനം ചെയ്യപ്പെടുകയും  അതിനേക്കാളേറെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു?

മധ്യകാലത്തെ ഇസ്‌ലാമിന്റെ വളര്‍ച്ച മനസ്സിലാക്കിയാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം ശരിക്ക് പിടികിട്ടും. ക്രിസ്തുമതത്തിന്റെ ശക്തിദുര്‍ഗങ്ങളിലേക്കുള്ള ഇസ്‌ലാമിന്റെ വ്യാപനം അതിദ്രുതഗതിയിലായിരുന്നു. സ്‌പെയിനും കോണ്‍സ്റ്റാന്റിനോപ്പിളും ബൈസന്റിയവുമെല്ലാം ഇസ്‌ലാമിന് കീഴിലായി. ശാസ്ത്രത്തിന് പുറംതിരിഞ്ഞ് നില്‍ക്കുകയും ചര്‍ച്ചിന്റെ മുരടിച്ച മൂല്യങ്ങള്‍ക്കൊപ്പിച്ച് അജ്ഞത നടിക്കാന്‍ ശാസ്ത്രജ്ഞരെ നിര്‍ബന്ധിക്കുകയും ചെയ്തിരുന്ന ക്രൈസ്തവ മേലാധികാരികളുടെ പ്രവര്‍ത്തനങ്ങളില്‍ പൊറുതിമുട്ടിയിരുന്ന ജനങ്ങള്‍ ജീവിത സ്വാതന്ത്ര്യവും സൗഖ്യവും സമത്വവും വാഗ്ദാനം ചെയ്യുന്ന ഇസ്‌ലാമിന്റെ വരവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതാണ് ഇസ്‌ലാമിനെ എതിര്‍ക്കാന്‍ ചര്‍ച്ചിനെ പ്രേരിപ്പിച്ചത്.

സൈനിക ശക്തി കൊണ്ട് സാധ്യമാകാതിരുന്ന ഈ ലക്ഷ്യപൂര്‍ത്തീകരണത്തിന് ഇസ്‌ലാമിനെ കുറിച്ച് യൂറോപ്യന്‍ മനസ്സില്‍ ഭീതി ജനിപ്പിക്കുക മാത്രമായിരുന്നു ഏക പോംവഴി. യൂറോപ്പില്‍ അക്കാലത്ത് പുറത്തിറങ്ങിയ രചനകളില്‍ ഇത് വ്യക്തമായി കാണാന്‍ കഴിയും. യാഥാര്‍ത്ഥ്യത്തോട് പുലബന്ധം പോലുമില്ലാത്ത നുണകളാണ് ഓറിയന്റലിസ്റ്റുകള്‍ പടച്ചുവിട്ടത്. ചില ആരോപണങ്ങള്‍ ശ്രദ്ധിക്കുക. 'കിഴക്ക് പുതിയ ശത്രു രൂപംകൊണ്ടിരിക്കുന്നു. ശക്തികൊണ്ട് നിലനില്‍പ്പ് കണ്ടെത്തിയ ഇസ്‌ലാം ആണത്. തന്റെ കൂടെ കൂടിയവരുടെ കയ്യില്‍ മുഹമ്മദ് വാള്‍ വെച്ചുകൊടുത്തു അതിക്രമം പ്രവര്‍ത്തിക്കാനും കവര്‍ച്ചകള്‍ നടത്താനും അനുവാദം നല്‍കി. യുദ്ധത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തിലെ നിത്യസുഖം വാഗ്ദാനം ചെയ്തു. അങ്ങനെ ഏറെ താമസിയാതെ ഏഷ്യാമൈനറും ആഫ്രിക്കയും സ്‌പെയിനും ഇസ്‌ലാമിന്റെ ഇരകളായി. ഇറ്റലിയും ഫ്രാന്‍സിന്റെ പകുതി ഭാഗവും അതിന്റെ അപകടം മണത്തു...'' (മേനി സിന്യൂര്‍ കോലി -സത്യമതത്തെ തേടി) മസ്യൂക്യൂന്‍ തന്റെ Islamic Mythologyയില്‍ പറയുന്നു: ''മനുഷ്യരില്‍ പടര്‍ന്നുപിടിച്ച വസൂരിയാണ് മുഹമ്മദീയ മതം. മനുഷ്യനെ അലസതക്കും അശ്രദ്ധക്കും പ്രേരിപ്പിക്കുന്ന ഈ മാറാവ്യാധി ലോകത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും രക്തപ്പുഴ ഒഴുക്കാനും മദ്യത്തിന് അടിമപ്പെടുത്താനും മറ്റ് മോശത്തരങ്ങള്‍ ചെയ്യാനും മാത്രമാണ് ശ്രദ്ധിക്കുന്നത്. മക്കയിലെ മുഹമ്മദിന്റെ ഖബ്ര്‍(!!) മുസ്‌ലിം മസ്തിഷ്‌കത്തില്‍ ഭ്രാന്തിളക്കിവിടുന്ന വൈദ്യുത തൂണുകള്‍ മാത്രമാണ്. (ഓറിയന്റലിസ്റ്റുകളും പ്രവാചകചരിത്രവും -അമ്മാദുദ്ദീന്‍ ഖലീല്‍) 'ഫ്രാന്‍സിന്റെ ചരിത്രം' എന്ന പുസ്തകത്തില്‍ ജൂലിയാന്‍ പറയുന്നു:  ''മുസ്‌ലിംകളുടെ മതത്തിന്റെ സ്ഥാപകനായ മുഹമ്മദ് ലോകം കീഴടക്കാനും എല്ലാ മതക്കാരെയും തന്റെ മതക്കാരാക്കി മാറ്റാനും അനുയായികളോട് ആഹ്വാനം ചെയ്തു. ഈ ബിംബാരാധകര്‍ക്കും (?) (മുസ്‌ലിംകളാണ് ഇവിടെ ബിംബാരാധകര്‍ കൊണ്ടുള്ള ഉദ്ദേശ്യം) ക്രിസ്ത്യാനികള്‍ക്കുമിടയില്‍ എന്തൊരു അന്തരമാണ്! കാരണം, ഈ അറബികള്‍ ശക്തികൊണ്ടാണ് അവരുടെ മതത്തെ സ്ഥാപിച്ചെടുത്തത്. അവര്‍ ജനങ്ങളോട് പറഞ്ഞു: മുസ്‌ലിംകളാവുക അല്ലെങ്കില്‍ മരിക്കുക. എന്നാല്‍ ക്രിസ്ത്യാനികള്‍ ജനങ്ങളുടെ മനം കവര്‍ന്നത് സ്‌നേഹം കൊണ്ടാണ്.'' (അല്‍ ഇസ്‌ലാമു വല്‍ മുസ്തശ്‌രിഖൂന്‍, പേജ് 243-245) ഇസ്‌ലാം എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നുവെന്നതിനുള്ള ശരിയായ ഉത്തരവും ഓറിയന്റലിസ്റ്റുകള്‍ തന്നെ പറഞ്ഞുതന്നിട്ടുണ്ട്. 'ജര്‍മന്‍ ഓറിയന്റലിസ്റ്റ് ബേക്കര്‍ പറയുന്നു: മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ ശക്തമായ കുടിപ്പക നിലനില്‍ക്കുന്നുണ്ട്. കാരണം മധ്യനൂറ്റാണ്ടുകളില്‍ ഇസ്‌ലാം വ്യാപിച്ചപ്പോള്‍ കൊളോണിയലിസത്തിന് മുമ്പില്‍ അഭേദ്യമായ ഒറു മതില്‍കെട്ടായി അത് നിലകൊണ്ടു. അതുപോലെ ക്രിസ്തുമതത്തിന്റെ പ്രചാരണത്തിനും ഇസ്‌ലാം ഒരു വിലങ്ങുതടിയായി. അതിനുശേഷം ക്രിസ്തുമതത്തിന്റെ ശക്തികേന്ദ്രങ്ങളിലേക്ക് അത് പടര്‍ന്നുപിടിക്കുകയും ചെയ്തു.'' (അല്‍ ഇസ്‌ലാമു വല്‍ മുസ്തശ്‌രിഖൂന്‍ -മുഹമ്മദ് അലവി മാലികി, പേജ് 162) 1930-ല്‍ പുറത്തുവന്ന The muslim world മാസികയുടെ ഒരു ലക്കത്തില്‍ കാണാം: ''പാശ്ചാത്യലോകം ഇസ്‌ലാമിനെ പേടിക്കാന്‍ ചില കാരണങ്ങളുണ്ട്. ഒന്ന്: മക്കയില്‍ ഉദ്ഭവിച്ച ശേഷം ഒരിക്കല്‍പോലും ഇസ്‌ലാമിന്റെ അംഗബലം കുറഞ്ഞിട്ടില്ല. രണ്ട്: ഇസ്‌ലാം ഒരു മതം മാത്രമല്ല, അതിന്റെ ഒരു പ്രധാന കര്‍മ്മമാണ് യുദ്ധം (ജിഹാദ്.) പിന്നെ മറ്റൊന്ന്: ഏതെങ്കിലും ഒരു ജനത ഇസ്‌ലാം വിശ്വസിച്ച ശേഷം ക്രിസ്തുമതത്തിലേക്ക് തിരിച്ചുവന്ന ചരിത്രം കേട്ടിട്ടില്ല.'' (അല്‍ ഇസ്‌ലാമു വല്‍ മുസ്തശ്‌രിഖൂന്‍ -അമ്മാദുദ്ദീന്‍ ഖലീല്‍, പേജ് 244) അതെ, ഇസ്‌ലാമിന്റെ അത്ഭുതാവഹമായ വളര്‍ച്ചയാണ് ക്രൈസ്തവതയെ അങ്കലാപ്പിലാക്കുകയും പ്രകോപിപ്പിക്കയും ചെയ്തത്. എന്നാല്‍, പ്രശ്‌നത്തെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതിന് പകരം അന്ധമായി എതിര്‍ക്കാനാണ് ക്രിസ്ത്യാനികള്‍ ശ്രമിച്ചത് എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ ഒരിക്കല്‍പോലും ക്രിസ്തുമതത്തെ കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിച്ച ചരിത്രമുണ്ടായിട്ടില്ല എന്ന് ഇസ്‌ലാമിനെ എതിര്‍ക്കുന്നവര്‍ മനസ്സിലാക്കുന്നത് നന്ന്.

ലക്ഷ്യങ്ങള്‍ പരസ്പരം ബന്ധമുള്ള ചില സ്ഥാപിത ലക്ഷ്യങ്ങളാണ് ഓറിയന്റലിസത്തെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്.

മതകീയം പാശ്ചാത്യ ലോകത്തേക്കുള്ള ഇസ്‌ലാമിന്റെ വളര്‍ച്ച തടുക്കാനാണ് ഓറിയന്റലിസ്റ്റ് പ്രസ്ഥാനം തുടക്കം കുറിച്ചതെന്ന് നമ്മള്‍ പറഞ്ഞു. പിന്നെയത് മുസ്‌ലിം നാടുകളില്‍ സുവിശേഷ പ്രവര്‍ത്തനം നടത്താനുള്ള മാര്‍ഗമായി വളര്‍ന്നു. ഈ രണ്ട് പദ്ധതികളും പിറവിയെടുത്തത് പാതിരിമാരില്‍ നിന്നാണ്. ഈ പദ്ധതി രൂപപ്പെടുത്തിയെടുത്ത ചര്‍ച്ച് ക്രൈസ്തവരാജാക്കന്മാരുടെ സഹായത്തോടെ ഓറിയന്റലിസ്റ്റുകള്‍ക്ക് സുഗമമായ പാതയൊരുക്കിക്കൊടുത്തു. അതിന്റെ ഫലം അവര്‍ പങ്കിട്ടെടുക്കുകയും ചെയ്തു. രാജാക്കന്മാര്‍ക്ക് അധിനിവേശ സൗകര്യവും ചര്‍ച്ചിന് സുവിശേഷ പ്രവര്‍ത്തന സൗകര്യവും. (നജീബ് അല്‍ അഖീഖി -അല്‍ മുസ്തശ്‌രികൂന്‍, 3/1156-57) പുറമെപ്പറഞ്ഞില്ലെങ്കിലും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍ സഞ്ചാരികള്‍ വിവിധ നാടുകളിലേക്ക് നടത്തിയ യാത്രകളുടെയെല്ലാം പരമമായ ലക്ഷ്യം മിഷണറി പ്രവര്‍ത്തനത്തെ സഹായിക്കുക എന്നതായിരുന്നു. തന്റെ അമേരിക്കന്‍ യാത്രയെപ്പറ്റി അന്നത്തെ പോപ്പ് അലക്‌സാണ്ടര്‍ ആറാമന് (1492-1503) എഴുതിയ കത്തില്‍ ക്രിസ്റ്റഫര്‍ കൊളംബസ് പറയുന്നത് കാണുക: ''ഈ ദൗത്യം ഞാനേറ്റെടുത്തിരിക്കുന്നു (സ്വര്‍ണത്തിന്റെ അക്ഷയഖനിയെന്ന് അറിയപ്പെട്ടിരുന്ന അമേരിക്കയിലേക്കുള്ള യാത്ര). അവിടെ നിന്ന് കിട്ടുന്ന പണം നമുക്ക് ഖുദ്‌സ് തിരിച്ചുപിടിക്കാന്‍ ഉപയോഗിക്കാം. അവിടെപ്പോയി തിരിച്ചുവന്ന് ഫെര്‍ഡിനാന്റ് രാജാവിനും (1479-1516) ഇസബെല്ല രാജ്ഞിക്കും (1474-1504) ആ ഭൂമി എഴുതിക്കൊടുത്ത ശേഷം അമ്പതിനായിരം കാലാള്‍പ്പടയും അയ്യായിരം കുതിരപ്പടയും ഏഴു വര്‍ഷത്തേക്ക് എനിക്ക് ആവശ്യമുണ്ട്. അവരുമായി ഞാന്‍ ഖുദ്‌സ് കീഴടക്കും. (ഫീ ഫിഖ്ഹി സ്വിറാത്ത് അലല്‍ ഖുദ്‌സി വഫിലസ്ഥീന്‍, പേജ് 21-25) മുസ്‌ലിം പ്രദേശമായിരുന്ന ഫിലിപ്പൈന്‍സിലേക്ക് 1521-ല്‍ മഗല്ലനെ (1480-1521) പറഞ്ഞയച്ചതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. അവിടത്തെ മുസ്‌ലിംകളുമായി യുദ്ധം ചെയ്യുക. അവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് മഗല്ലന് മുമ്പിലുണ്ടായിരുന്നത്. അമാനുല്ല എന്നായിരുന്നു അന്ന് ഫിലിപ്പൈന്‍സിന്റെ തലസ്ഥാന നഗരിയുടെ പേര്. മുസ്‌ലിം ലോകം മുഴുവന്‍ ചുറ്റിയടിച്ച് വരാനാണ് 1497-ല്‍ വാസ്‌കോഡഗാമയെ പറഞ്ഞയച്ചത്. മുസ്‌ലിം നാടുകളിലേക്ക് സൈനിക പടയോട്ടം നടത്തുന്നതിന്റെ പ്രാരംഭമായിട്ടായിരുന്നു ഈ യാത്ര. (അല്‍ അഅ്മാലുല്‍ കാമില റിഫ്അതു ത്വഹ്ത്വാവി: 12/219) വിവര്‍ത്തനമെന്ന പേരില്‍ ഓറിയന്റലിസത്തിന് തുടക്കം കുറിക്കപ്പെട്ടതും ചര്‍ച്ച് വഴിയാണ്. ജര്‍ബര്‍ ഡി അറാലിയാകിന്റെ സ്‌പെയിന്‍ യാത്രയും പീറ്റര്‍ ദ വെനറബിളിന്റെ വിവര്‍ത്തകസംഘവും ഉദാഹരണം. പില്‍ക്കാലത്ത് വിയന്ന പദ്ധതി രൂപപ്പെട്ടതും ചര്‍ച്ചിന്റെ കാര്‍മികത്വത്തിലാണ്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് ചെയറിന്റെ ഉദ്ഘാടനവേളയില്‍ (1669 മെയ് 9) ചര്‍ച്ചിന്റെ ഈ ലക്ഷ്യം വ്യക്തമായി പ്രതിപാദിക്കപ്പെട്ടിരുന്നു. ''ഈ ഭാഷയുടെ തടവില്‍ കഴിയുന്ന വമ്പിച്ച വിജ്ഞാന സമ്പത്തിനെ വെളിച്ചം കാണിക്കുക എന്നത് മാത്രമല്ല ഈ ഭാഷ പഠിക്കുന്നതിലൂടെ നമ്മള്‍ ഉദ്ദേശിക്കുന്നത്. പ്രത്യുത, മറ്റു ചില പ്രധാന പദ്ധതികള്‍ കൂടി നമുക്ക് മുമ്പിലുണ്ട്. പൂര്‍വ്വദേശവുമായുള്ള നമ്മുടെ കച്ചവടം മെച്ചപ്പെടുത്തുന്നതിന് രാജാവിനെയും രാജ്യത്തെയും സഹായിക്കുക, അന്ധകാരത്തില്‍ മുങ്ങിത്താഴുന്ന അവിടുത്തുകാരെ ക്രിസ്തു മതത്തിലേക്ക് ക്ഷണിച്ച് ചര്‍ച്ചിന്റെ പരിധി വികസിപ്പിക്കുന്നതിലൂടെ ദൈവത്തിന്റെ പരിശുദ്ധി വര്‍ദ്ധിപ്പിക്കുക. (മഹ്മൂദ് ഹംദി സഖ്‌സൂഖ് -അല്‍ ഇസ്തിശ്‌റാഖു വല്‍ ഖല്‍ഫിയ്യതുല്‍ ഫിക്‌രിയ്യ ലിസ്വിറാതുല്‍ ഹളാരി - 18) അമേരിക്കയിലും മറ്റ് പാശ്ചാത്യന്‍ രാജ്യങ്ങളിലും ധാരാളം സണ്‍ഡേ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞായറാഴ്ചകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ പാഠശാലകള്‍ ചര്‍ച്ചിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കുരുന്നു മനസ്സുകളില്‍ ഇസ്‌ലാമിനെ കുറിച്ച് ഭീതി ജനിപ്പിക്കുക മാത്രമാണ് ഇവയുടെ ദൗത്യം. ഇവിടത്തെ ഒരു അധ്യാപിക പഠിപ്പിക്കുന്നത് കാണുക: ''ഇസ്‌ലാം ഇരച്ച് കയറുന്ന ഒരു മതമാണ്. ഈ വിധം നമ്മള്‍ നമ്മുടെ സ്വന്തത്തെ സംരക്ഷിക്കാതിരിക്കുകയും പുതുതലമുറയെ അതില്‍നിന്നുള്ള പേടിയോടെയല്ലാതെ വളര്‍ത്തുകയും ചെയ്താല്‍ അത് നമ്മിലേക്ക് ഇരച്ചുകയറുകയും നമ്മമുടെ നാടിനെയും നമ്മുടെ ഭാവിയെയും അത് അപകടപ്പെടുത്തുകയും ചെയ്യും. (അസറുദ്ദുനൂബ് ഫീഹദ്മില്‍ ഉമമി വശ്ശുഊബ് 193 -മുഹമ്മദ് മഹ്മൂദ് അസ്വവ്വാനുഫ്) (തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter