ഇസ്‌ലാമും തീവ്രവാദവും
ലോകത്ത് ഏകദേശം 38 രാഷ്ട്രങ്ങളിലെങ്കിലും പലതരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ചരിത്രാധീന കാലം മുതല്‍ ഈ വിധമുള്ള പ്രതിവിപ്ലവ പ്രവര്‍ത്തനങ്ങള്‍ എല്ലായിടങ്ങളിലും നടന്നതായാണ് ചരിത്രം.
ഇന്ത്യയില്‍ പഞ്ചാബ് സം സ്ഥാനം ഖലീജിസ്ഥാനായി കിട്ടുന്നതിനുവേണ്ടി നടത്തിയ പ്രവര്‍ ത്തനങ്ങള്‍ നാമറിഞ്ഞു. സുവര്‍ണ ക്ഷേത്രത്തിലെ അകാല്‍തക്കും, ഭിന്ദ്രന്‍വാലയും, ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും, ഇന്ദിരാഗാന്ധിയുടെ വധവും സിക്കുകാര്‍ നടത്തിയ വിമത പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.
പഞ്ചാബിലെ മുഴുവന്‍ സിക്കുകാരും പിന്തുണച്ചതല്ല ഈ ഖലീജിസ്ഥാന്‍ വാദം. എന്നാല്‍ സിക്ക് മതത്തിന്റെ മേല്‍വിലാസത്തില്‍ ചിലര്‍ നടത്തിയതായിരുന്നു പ്രസ്തുത അട്ടിമറി.
കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ആനന്ദ മാര്‍ഗ്ഗികള്‍ തലയോട്ടികള്‍ കൊണ്ട് അമ്മാനമാടുന്നവരാണ്. വധം മതത്തിന്റെ ഭാഗമായി അവര്‍ കാണുന്നു. ഇന്ത്യയിലെ മുഴുവന്‍ ഹിന്ദുക്കളേയും ആനന്ദമാര്‍ഗ്ഗികള്‍ പ്രതിനിധീകരിക്കുന്നില്ലെങ്കിലും, ഹൈന്ദവ ദര്‍ശനമാണ് മാര്‍ഗ്ഗികളുടെ മാര്‍ഗ്ഗദര്‍ശനം എന്നാണ് അവകാശപ്പെടുന്നത്.
ആസ്സാമിലെ ഉള്‍ഫ, ബീഹാറിലെ നക്‌സലൈറ്റുകള്‍, ആന്ധ്രായിലെ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്, ഡാര്‍ജിലിങ്ങിലെ ബോഡോ, കാശ്മീരിലെ വിവിധ ഗ്രൂപ്പുകള്‍ ഇവരൊക്കെ കാലത്തിന്റെ ഉല്‍പ്പനങ്ങളാണ്. എന്നാല്‍ മതത്തിന്റെ മറവിലാണിവര്‍ അറിയപ്പെടാനാഗ്രഹിക്കുന്നത്.
കാമറൂശ്, തൈമൂര്‍, അഫ്ഘാന്‍, സോമാലിയ, ഖുര്‍ദിശ്, നൈജര്‍, ലാറ്റിനമേരിക്കന്‍ നാടുകള്‍, കൊസോവോ, സുഡാന്‍, അള്‍ജീരിയ, ഫലസ്തീന്‍, ഇസ്രായേല്‍, ചെച്‌നിയ, ഫിലിപ്പീന്‍സ്, മ്യാന്‍മാര്‍, ഹൈതീ തുടങ്ങിയ നാടുകളിലൊക്കെ പലവിധ അരുതായ്മകളും നടന്നുവരുന്നു.
ഫിജിയിലെ തോമസ്, ശ്രീലങ്കയിലെ പ്രഭാകരന്‍ ഇവരും ഭാഷകളേയും, നേഷണലിസവും മതകീയ വല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നവരാണ്.
പല വിപ്ലവങ്ങളും നാമ്പിടുന്നത് കടുത്ത അടിച്ചമര്‍ത്തല്‍ കാരണമോ, വ്യക്തമായ നീതി നിഷേധങ്ങള്‍ കാരണമോ, ഭരണകൂടത്തിന്റെ അസ്ഥിരത, അതിക്രമം എന്നിവ കാരണമോ ആണ്. ലോകത്ത് ഇത്തരം രീതികള്‍ സ്വീകരിക്കുന്ന മുസ്‌ലിംകളെ മാത്രം തീവ്രവാദികളെന്ന് മാധ്യമലോകം പരിചയപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നറിയില്ല.
സെര്‍ബ് തീവ്രവാദികളെ ക്രി സ്ത്യന്‍ തീവ്രവാദികളെന്ന് പരിചയപ്പെടുത്തുന്നില്ല. തമിഴ് പുലകളെയോ, ആനന്ദമാര്‍ഗ്ഗികളെയോ ഹിന്ദു തീവ്രവാദികളെന്ന് പറയുന്നില്ല. മൊസാദിനെയും അനുചരന്മാരെയും ജൂത ഭീകരവാദികളെന്നു വിളിക്കുന്നില്ല. തൈമൂറിലെ, മ്യാന്‍മാറിലെ ക്രൈസ്തവ, ബുദ്ധ മതസാന്നിധ്യം മാധ്യമക്കാര്‍ ഉള്‍ക്കൊള്ളുന്നില്ല. എന്നാല്‍ ഹമാസും, ജെയ്ഷ്-എ-മുഹമ്മദും മാത്രം എന്തുകൊണ്ട് ഇസ്‌ലാമിക തീവ്രവാദമായി വിലയിരുത്തപ്പെടുന്നു?
ഇസ്‌ലാം തുറന്ന ദര്‍ശനമാണ്. ഇസ്‌ലാം ലക്ഷ്യമാക്കുന്നതോ ഓപ്പണ്‍ സമൂഹവും. ഇസ്‌ലാമിക സമാജത്തില്‍ ഒരിക്കലും രഹസ്യ അജണ്ടകളില്ല.
വിശുദ്ധ ഇസ്‌ലാമിന്റെ വീക്ഷണവും, ലക്ഷ്യവും വിശദീകരിക്കുന്നതിന്ത് വിശുദ്ധ ഖുര്‍ആനാണ്. ഇസ്‌ലാമിക സമാജത്തിന്റെ രീതികളെന്തൊക്കെയാവണമെന്ന് ഖുര്‍ആന്‍ അടിവരയിടുന്നു.
തിന്മകളോട് ഇസ്‌ലാം ഒരു ഘട്ടത്തിലും രാജിയായിട്ടില്ല. നന്മ മാത്രമേ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുള്ളൂ. അധ്യായം ഫുസ്ലിലത്ത് നല്‍കുന്ന സുവിശേഷം ശ്രദ്ധേയമാണ്. ''തിന്മകള്‍ നന്മകൊണ്ട് പ്രതിരോധിക്കുക.'' യുദ്ധ രംഗത്തുപോലും മനുഷ്യാവകാശങ്ങള്‍ സമ്പൂര്‍ണമായി മാനിക്കപ്പെടണമെന്ന് ഇസ്‌ലാം കര്‍ശനമായി പ്രസ്താവിക്കുന്നു.
സായുധ സംഘര്‍ഷം അനിവാര്യ ഘട്ടത്തിലേ സാധുവാകുന്നുള്ളൂ. ഏറ്റവും പ്രധാനമായ മൗലികാവകാശത്തില്‍പെട്ട ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തിലാണ് യുദ്ധം നടന്നത്. ഈ യുദ്ധങ്ങള്‍ക്കൊന്നും ഭൗതിക താല്‍പര്യങ്ങളുണ്ടായിരുന്നില്ല. അധികാരത്തിന്റെ വിസ്തൃതിക്ക് ആയുധമണിഞ്ഞതുമില്ല.
പ്രാണന് നേരെ ഉയര്‍ന്ന കൈകള്‍ തട്ടിമാറ്റുക എന്ന മനുഷ്യത്വപരമായ പ്രതിരോധമാണ് ഇസ്‌ലാമിക യുദ്ധത്തിന്റെ താ ത്ത്വിക മാനം. ''നിങ്ങള്‍ക്ക് വിരോധമുള്ളവരോട് നീതി നിഷേധിക്കുവാന്‍ പാടില്ല.'' എന്നാണ് ഖുര്‍ആന്‍ വിശ്വാസികള്‍ക്ക് നല്‍കിയ മാര്‍ഗദര്‍ശനം.
ഇസ്‌ലാമിന്റെ സാന്നിധ്യമറിഞ്ഞ ഒരു ഭൂപ്രദേശത്തും ആയുധങ്ങള്‍ സംസാരിച്ചതായി തെളിവില്ല. ഖുര്‍ആനിന്റെ വെളിപാടാണ് മാനവരാശിയെ ഇസ്‌ലാമിന്റെ തീരത്ത് എത്തിച്ചത്.
കേരളത്തിലെ ഒന്നാം മിഷനറി സംഘം പത്തു പള്ളികളാണ് സ്ഥാപിച്ചത്. ഒരു ചെറിയ വാക്കുതര്‍ക്കം പോലും ഉണ്ടായതായി ഒരു കാവിചരിത്രകാരനും പറഞ്ഞിട്ടില്ല.
ഇമാമുല്‍ ഹിന്ദ് എന്നും, സുല്‍ത്താനുല്‍ ഹിന്ദ് എന്നും അറിയപ്പെടുന്ന അജ്മീറിലെ ഖാജാ മുഈനുദ്ദീന്‍ ചിശ്തി ബഹുമത വിശ്വാസികളാല്‍ മാനിക്കപ്പെട്ട മതപ്രചാരകനായിരുന്നു.
അഗ്നിയാരാധകരായ അറേബ്യന്‍ ഗള്‍ഫ് ദ്വീപ് സമൂഹത്തില്‍ മതപ്രബോധനം നടത്തിയ അലാ ഉബ്‌നു ഹള്‌റമീ, ഈജിപ്തില്‍ ഇസ്‌ലാമിക ദീപശിഖ കത്തിച്ച അംറുബ്‌നുല്‍ ആസ്(റ), സൈ ബീരിയന്‍ നാടുകളിലെ പ്രധമ മിഷനറി അഖനസ് ബിന്‍ ഖൈസ്(റ) ഇവരൊന്നും വാളുകൊണ്ട് മതം പഠിപ്പിച്ചതായി ചരിത്രകാരന്മാര്‍ പറഞ്ഞിട്ടില്ല.
മുഗീറത്തുബ്‌നു ശുഅ്ബ, തമീമുദ്ദാരി(റ) തുടങ്ങിയ പ്രാവചക അനുചരന്മാര്‍ വന്നു എന്ന് വിശ്വസിക്കപ്പെടുന്ന കേരളത്തില്‍ മതത്തിന്റെ പേരില്‍ രക്തച്ചൊരിച്ചിലുണ്ടായതായി രേഖയില്‍ കാണുന്നില്ല. പിന്നെന്തുകൊണ്ട് ഇസ്‌ലാമിനെ പ്രതിക്കൂട്ടിലാക്കാന്‍ തല്‍പ്പര കക്ഷികള്‍ തിടുക്കം കാണിക്കുന്നു.
ആടിനെ പട്ടിയാക്കുന്ന രീതിയാണിവിടെ വിജയിക്കുന്നത്. ലോകത്ത് ഇന്ന് ഏറ്റവും വലിയ മാധ്യമ വേട്ടക്ക് ഇരയാവുന്നത് ഇസ്‌ലാമും, മുസ്‌ലിംകളുമാണ്. അഫ്ഘാനിസ്ഥാനിലെ ഗോത്ര സംസ്‌കാരത്തിന്റെ സകല ജീര്‍ണതയും ഇസ്‌ലാമിന്റെ തലയില്‍ എന്തിനു കെട്ടിവെക്കണം. മതകീയ പശ്ചാത്തലമുള്ള ഒരു സമൂഹത്തില്‍ അതിനേക്കാള്‍ ആഴത്തില്‍ വേരോടിയ ജാതീയ, വിഭാഗീയ സംസ്‌കാരങ്ങളാണ് അഫ്ഘാനികളിലെ യുദ്ധ പ്രഭുക്കളെ സൃഷ്ടിച്ചത്.
താലിബാനും, വടക്കന്‍സഖ്യവും ഒരു നാണയത്തിന്റെ രണ്ടുവശം മാത്രം. പശ്ത്തൂണുകളും, താജിക്കുകളും തങ്ങളുടെ പാരമ്പര്യങ്ങളെയാണ് പൂജിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അവരുടെ മതം ഇസ്‌ലാമായി എന്നതാണോ ഇസ്‌ലാമിന് മൂല്യശോഷണത്തിന് തിടുക്കം കാണിക്കാന്‍ ചിലര്‍ മുതിര്‍ന്നത്?
ഇസ്‌ലാമിന്റെ മറവില്‍ മുസ്‌ലിംകളില്‍ ചിലര്‍ കാണിക്കുന്നതെന്തും മതത്തിന്റെ പേരില്‍ വരവ് വെക്കേണ്ടതില്ല. ലോക സമൂഹത്തില്‍ നിര്‍ണായക സ്വാധീനം നേടിയ മതമാണ് ഇസ്‌ലാം. മനുഷ്യ സമൂഹത്തെ സംസ്‌കരിക്കുന്നതിലും, ഉയര്‍ന്ന മൂല്യങ്ങള്‍ ശീലിപ്പിക്കുന്നതിലും ഇസ്‌ലാം വഹിച്ചുപോരുന്ന പങ്ക് നിഷേധിക്കാന്‍ പറ്റില്ല.
വളര്‍ച്ച നേടിയ സകല ശാസ്ത്ര ശാഖയിലും ഇസ്‌ലാമിന്റെ വീക്ഷണവും, സാന്നിധ്യവും അനിഷേധ്യമാണ്. മനുഷ്യരാശിക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ മതമാണ് ഇസ്‌ലാം. എന്നിരിക്കെ, മുസ്‌ലിംകളൊക്കെ ആയുധ പാണികളായ ആളുകളാണെന്ന വിധമുള്ള പ്രചണ്ഡമായ പ്രചാരണം കിഴക്കന്‍ തമ്പുരാക്കളുടെ പ്രായപൂര്‍ത്തിയാവാത്ത വിചാര വൈകൃതം മാത്രമാണ്. ഇസ്‌ലാം ലക്ഷ്യമാക്കുന്നതു തന്നെ ശാന്തിയാണ്, ക്ഷേമമാണ്. വിഭവങ്ങളുടെ ന്യായമായ പങ്കുവെപ്പും, മനുഷ്യര്‍ക്കിടയില്‍ ഉണ്ടാവാനിടയുള്ള സകലവിധ മതില്‍കെട്ടുകളും തകര്‍ക്കലും, മാന്യനായ പൗരന്മാരുടെ സൃഷ്ടിപ്പുമാണ് ഇസ്‌ലാം നിര്‍വഹിച്ചുപോരുന്ന ധര്‍മം.
കുറ്റവാളികളെ പടക്കുന്ന മതമല്ല ഇസ്‌ലാം. ഇസ്‌ലാമിസ്റ്റുകളില്‍ കുറ്റവാളികള്‍ താരതമ്യേന കുറവാണുതാനും. ലോകം കണ്ട വലിയ കുറ്റവാളികളൊന്നും മുസ്‌ലിംകളായിരുന്നില്ലല്ലോ.
അഡോള്‍ഫ് ഹിറ്റ്‌ലര്‍, ജോസഫ് സ്റ്റാലിന്‍, മാവോ സേതുംഗ്, ചെസസ്‌ക്യൂ, പോ ള്‍പോട്ട് ഡ്രൂമാന്‍, മോശെദയാന്‍ തുടങ്ങിയവര്‍ ചില ഉദാഹരണങ്ങള്‍ മാത്രം. അതുപോലെ തീവെട്ടിക്കൊള്ള നടത്തിയവരിലും ഇസ്‌ലാമിസ്റ്റുകളെയല്ല കാണുന്നത്. വാട്ടര്‍ ഹൈറ്റിലൂടെ കുപ്രസിദ്ധനായ നിക്‌സണും, ഫിലിപ്പീന്‍സിലെ മാര്‍ക്കോസും, ശവപ്പെട്ടി വീരന്‍ ഫെര്‍ണാണ്ടസും ചരിത്രം പറഞ്ഞുതരുന്ന ക്രൈസ്തവരായിരുന്നു.
നല്ല മനുഷ്യനെ കുറിച്ചാണ് ഇസ്‌ലാം വിചാരപ്പെടുക. ദൈവത്തിന്റെ മുന്നില്‍ വിനയാന്വിതനാവുന്ന നിഷ്‌കളങ്കന്‍. അവന്റെ കൈകളില്‍ തസ്ബീഹ് മാലക്കാണ് സ്ഥാനം, എ.കെ. 47 റൈഫിളിനല്ല. ഇസ്‌ലാമിക സമൂഹത്തെ നാണം കെടുത്താന്‍ ചില അവിവേകികള്‍ പലപ്പോഴും നടത്തുന്ന ദുഷ്പ്രവൃത്തികള്‍ കാരണമാവാറുണ്ട്.
ബഹുമത വിശ്വാസികളെ മാനിക്കാതെ അവരുടെ അവകാശങ്ങളിലും, വിശ്വാസങ്ങളിലും കൈകടത്തുന്ന അപൂര്‍വം ചില രെ നാമറിയുന്നു. ഈ വിഭാഗത്തിന്റെ ചെയ്തികള്‍ക്ക് ഇസ്‌ലാം ഉത്തരവാദിയല്ല.
അവരുടെ നിയന്ത്രണാധികാരം അവരില്‍ മാത്രമാണ്. അവര്‍ വികാര ജീവികളാണ്, വിവേകികളല്ല. അവരുടെ ലക്ഷ്യവും, രീതിയും വിശുദ്ധ ഇസ്‌ലാമിന് തീര്‍ത്തും അന്യമാണ്.
ചരിത്രത്തിന്റെ നാല്‍ക്കവലയിലെ പരിഹാസ്യരാണവര്‍, എങ്ങുമെത്താത്ത പാത തീര്‍ക്കുന്നവര്‍. വൃഥാ പാഴാക്കുന്ന പുരുഷജീവിതം. അവര്‍ ചരിത്രം പെറ്റു കൂട്ടിയ വിഡ്ഢികളില്‍ ചിലര്‍മാത്രം. അവരിലൂടെ നന്മകളല്ല, തിന്മയാണ് ലോകത്തിനു ലഭിച്ചിട്ടുള്ളത്. എല്ലാ വിഭാഗം ജനങ്ങളും അവരെ വെറുക്കുന്നു. അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളാണ് ഏറെ മാരകം.
Leave A Comment