വിളിക്കുക; നാഥന്റെ വഴിയിലേക്ക്

 

വിശുദ്ധ ഗ്രന്ഥത്തിലൂടെ ഇസ്‌ലാമിക പ്രബോധനത്തിന്റെ അനിവാര്യത നമുക്ക് മനസിലാക്കാനാകും. എന്റെ സമുദായത്തിലെ പണ്ഡിതര്‍ ഇസ്രായേല്‍ സന്തതികളിലേക്ക് നിയോഗിതരായ പ്രവാചകരെ പോലെയാണെന്ന പ്രവാചക വചസ്സ് ഈ അത്യുന്നത ദൗത്യത്തിന്റെ പ്രയോക്താക്കളെ പരിചയപ്പെടുത്തുന്നു. പ്രവാചക ദര്‍ശനം വഴി പരിപക്വരായ പ്രേക്ഷക സദസ്സിന് തബ്‌ലീഗി (സന്ദേശ പ്രചരണം)നെ കൈമാറിയാണ് നബി(സ) ഹജ്ജത്തുല്‍ വിദാഇലെ മിനായില്‍ വെച്ചുള്ള പ്രഭാഷണം അവസാനിപ്പിച്ചത്. നിലംപൊത്തിക്കൊണ്ടിരുന്ന സാംസ്‌കാരികാസ്ഥിത്വത്തിന് ജീവനും പുരോഗമന പാതയ്ക്ക് ഖുര്‍ആന്‍-സുന്നത്തിന്റെ വഴിവിളക്കും നല്‍കിയാണ് പുണ്യപ്രവാചകന്‍(സ) യാത്രപറഞ്ഞ് പിരിഞ്ഞത്.

 ദൗത്യ നിര്‍വഹണത്തിന്റെ ചരിത്രം

സ്വഹാബി വര്യര്‍ക്കും താബിഉകള്‍ക്കും ശേഷം യാഥാര്‍ത്ഥ്യങ്ങളുടെ അനുഭവസ്ഥരായ ആരിഫീങ്ങളാണ് ലോകത്ത് ഇസ്‌ലാമിക പ്രബോധനം ഏറ്റെടുത്ത് നടത്തിയത്. പുണ്യ പ്രവാചകന്‍ (സ)യുടെ വഫാത്തിന് ശേഷം ആദ്യ ഖലീഫ അബൂബക്കര്‍ (റ) സക്കാത്ത് നിഷേധികള്‍ക്കെതിരെ പടപൊരുതിയാണ് രംഗത്തെത്തിയത്. നാല് ഖലീഫമാര്‍ക്ക് ശേഷം ഉമവീ ഭരണ ഘട്ടം വന്നു. ഈ സമയത്ത് ആശ്വാസത്തിന്റെ തെളിനീരുമായി ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) ആഗതരായി. അവര്‍ക്ക് ശേഷമാണ് അലി(റ) വിന്റെ പ്രധാന ശിഷ്യരും താബിഈ പ്രമുഖരുമായ ഹസനുല്‍ ബസരി (റ) മനുഷ്യസംസ്‌കരണ ദൗത്യമേറ്റെടുത്തത്. അവര്‍ക്ക് ശേഷം പ്രസിദ്ധരായ ഹദീസിലെ ആറ് ഇമാമീങ്ങളുടെയും പിന്നീട് നാല് മദ്ഹബിന്റെ ഇമാമീങ്ങളുടെയും യുഗമായിരുന്നു. താന്‍ മുങ്ങിക്കുളിച്ച വിജ്ഞാന സാഗരങ്ങളിലൊന്നും സംതൃപ്തിയടയാതെ ദാഹാര്‍ത്ഥനായി എത്തി തസവ്വുഫിന്റെ ചക്രവാളങ്ങളില്‍ ഇരിപ്പിടം കണ്ടെത്തിയ ഗസാലി (റ) അപഭ്രംശം സംഭവിച്ച തത്വശാസ്ത്രത്തിനെതിരെ പടവാളേന്തി. ഗൗസുല്‍ അഅ്‌ളം മുഹ്‌യുദ്ദീന്‍ (ഖ.സി) ശോഭിച്ചതും ഇതേ കാലങ്ങളിലായിരുന്നു.

മഹാനവര്‍കള്‍ അക്ഷരാര്‍ത്ഥത്തില്‍ ദീനിന്ന് പുതു ജീവന്‍ നല്‍കുകയായിരുന്നു. മഹാനവര്‍കളുടെ പുണ്യകരങ്ങളാല്‍ കോടിക്കണക്കിനാളുകള്‍ മോക്ഷമാര്‍ഗം കണ്ടെത്തി. ആത്മീയ സംസ്‌കരണത്തിലൂടെ ജനസഞ്ചയങ്ങളെ യാഥാര്‍ത്ഥ്യത്തിലേക്ക് വഴിനടത്തി. മഹാനവര്‍കളുടെ പിന്‍ഗാമികളായ ത്വരീഖത്തിന്റെ ശൈഖുമാര്‍ അന്ത്യദിനം വരെ സംസ്‌കരണ ദൗത്യവുമായി രംഗത്തുണ്ടാവുമെന്ന് മഹാനവര്‍കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് 90 ലക്ഷം പേരെ ഇസ്‌ലാമിലേക്കാനയിച്ച ഗരീബ്‌നവാസ് മുഈനുദ്ദീന്‍ ചിശ്തി (ഖ.സി) ഇന്ത്യയുടെ എക്കാലത്തെയും ഭരണാധികാരിയാണ്. ദീനേ ഇലാഹിയെ വളത്തടത്തില്‍ തന്നെ കുഴിച്ച് മൂടാന്‍ ഭരണ വര്‍ഗത്തോട് നിരന്തരം സമരത്തിലേര്‍പ്പെട്ട ശൈഖ് അഹ്മദ് സര്‍ ഹിന്ദിയും ഇസ്‌ലാമികോത്ഥാരകരില്‍ പ്രശസ്തനാണ്. മലബാറിന്റെ മണ്ണില്‍ നവോത്ഥാന ദൗത്യം നിര്‍വഹിച്ചവരില്‍ മമ്പുറം സയ്യിദ് അലവി (ഖ.സി) തങ്ങളും ശിഷ്യന്‍ ഉമര്‍ ഖാളി (ഖ.സി)യും പ്രശസ്തരാണ്.

പ്രബോധനത്തിന്റെ രീതി ശാസ്ത്രം

തന്റെ കരങ്ങള്‍ ഒരാളെ നേര്‍വഴി നടത്തിയാല്‍ അത് ദുന്‍യാവിനേയും ആതിലെ സകല വസ്തുക്കളേക്കാളും അവന്ന് ഉപകരിക്കുമെന്ന് ഹദീസ് പടിപ്പിക്കുന്നു. ഒരു അമുസ്‌ലിം സുഹൃത്തിനെ ഇസ്‌ലാമിലേക്ക് നയിക്കാനായാല്‍ ആ നവ മുസ്‌ലിമിന്റെ ഓരോ സമ്പര്‍ക്കവും പ്രതിഫലാര്‍ഹമാകുന്നു. അതേ പ്രതിഫലം ഈ പ്രബോധകനും ലഭിച്ചുകൊണ്ടിരിക്കും. പ്രബോധന മണ്ഡലം വിശാലമാണ്. ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് ജീവിതത്തിന്റെ പാതയോരങ്ങളിലൊക്കെയും തന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാനാകും. കര്‍മ്മ പഥത്തില്‍ ഇസ്‌ലാമിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുമ്പോഴാണ് പ്രബോധകന് അവന്റെ അസ്ഥിത്വം കൈവരുന്നത്. സ്വഭാവസംസ്‌കരണം വഴി ഇസ്‌ലാമിന്റെ സുഗന്ധം അന്യ മതസ്ഥരിലേക്ക് പരാഗണം ചെയ്യപ്പെടുന്നു. പുണ്യ പ്രവാചകന്റെ (സ) സ്വഭാവം ഖുര്‍ആനായിരുന്നുവെന്ന് അവിടത്തെ പ്രിയ പത്‌നി ആഇശ (റ) പറഞ്ഞ് തരുന്നുണ്ട്. ജീവിതം ഇസ്‌ലാമാക്കുക വഴി അവന്റെ പാത കൂടുതല്‍ ലളിതമാകുന്നു. ക്ഷമ പ്രബോധനജീവിതത്തിലെ അവിച്ഛേദ്യ ഘടകമാണ്.

ഒമ്പത് നൂറ്റാണ്ട് കാലം പ്രബോധന ദൗത്യം നിര്‍വ്വഹിച്ചിട്ടും വിരലിലെണ്ണാവുന്ന അനുയായികളെ മാത്രം ലഭിച്ച പ്രവാചകന്‍ നൂഹ് (അ) മിന്റെയും മറ്റും ചരിത്രങ്ങളില്‍ നിന്ന് അവന്‍ കൂടുതല്‍ ഊര്‍ജം ആവാഹിക്കുന്നു. ഖുര്‍ആനിനെയും, സുന്നത്തിനെയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാവാത്തതാകണം ബിദ്അത്തിന്റെ ശക്തികളുടെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പ്രതിഫലനം ദൃശ്യമാകാത്തത്. അവര്‍ പ്രദര്‍ശിപ്പിക്കുന്ന ചേതനയറ്റ ഇസ്‌ലാമിനെ സ്വീകരിക്കാന്‍ ഇതര മത വിശ്വാസികള്‍ വിസമ്മതിച്ചെന്നിരിക്കും. ഒരുപക്ഷേ ഇത്തരം അപൂര്‍ണ വിശകലനങ്ങള്‍ വിപരീത ഫലങ്ങള്‍ക്ക് വരെ വഴിമരുന്നിട്ടേക്കാം. യഥാര്‍ത്ഥ ഇസ്‌ലാമിന്റെ ലേബലില്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്ന അപരരുടെ അംഗസംഖ്യ കൂടുതല്‍ ബലപ്പെടുകയാണ്. അല്ലാഹു സത്യ മതത്തെ ഒരു തെമ്മാടിയുടെ കരങ്ങളെക്കൊണ്ടെങ്കിലും ശക്തിപ്പെടുത്തുമെന്ന റസൂല്‍ (റ)യുടെ പുണ്യ വചനം നമുക്ക് ആശ്വാസമേകുന്നു. ദീനിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്ന ഏത് മുന്നേറ്റങ്ങള്‍ക്കും സര്‍വ്വജ്ഞനായ തമ്പുരാന്റെ സര്‍വ്വ സഹായവുമുണ്ടാവുമെന്ന ഉത്തമ ബോധ്യമായിരിക്കണം അവനെ നയിക്കേണ്ടത്. നിരാശാജനകമായ ഫലങ്ങള്‍ അവനെ ഒരിക്കലും തളര്‍ത്തുകയില്ല. ഉത്തരവാദിത്ത നിര്‍വ്വഹണം വഴി നാഥന്റെ വിചാരണയില്‍ നിന്ന് അവന്ന് മോചനം നേടാനാകും ഇസ്‌ലാമിനെ അടുത്തറിയാനവസരം ലഭിച്ച നിരവധി ചിന്തകര്‍ സത്യമതത്തെ പുല്‍കിയിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രം പഠിച്ച് മതം മാറാന്‍ തയ്യാറായവരുമുണ്ട്. ഇതിനൊന്നും അവസരം ലഭിക്കാത്തവര്‍ക്കും ഇസ്‌ലാമിന്റെ തീരത്തണയാന്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടണം. അവര്‍ക്കു മുമ്പില്‍ ചെന്ന് അവരുടെ മതങ്ങളിലെ ആചാര ഭാണ്ഡങ്ങളുടെ കെട്ടഴിക്കുക. കൈ വെക്കുമ്പോഴേക്ക് അസ്ഥിത്വം നഷ്ടപ്പെടുന്ന ആഭാസങ്ങളാണ് അവയെന്ന് അവര്‍ക്ക് ബോധ്യപ്പെടും.

അനന്തരം കറകളഞ്ഞ ഏക ദൈവ വിശ്വാസത്തിന്റെ പ്രസക്തിയും രിസാലത്തിന്റെ ചരിത്രവും അവര്‍ക്ക് വിസ്തരിച്ച് കൊടുക്കുക. ഇതുവഴി ഈ ധര്‍മ്മപാതയുടെ യാഥാര്‍ത്ഥ്യം അവര്‍ ഉള്‍ക്കൊള്ളും. സത്യം സുവ്യക്തമായിട്ടും അതുള്‍ക്കൊള്ളാന്‍ ഒരുപക്ഷേ അവര്‍ക്ക് മനസ്സുറച്ചെന്നിരിക്കില്ല. അനേകം പ്രബോധിതര്‍ ഉറ്റവരുടെയും ഉടയവരുടെയും പ്രാതികൂല്യം ഭയന്ന് തെന്നിമാറുന്നവരുണ്ട്. അവരോട്, അനശ്വര സത്യത്തിന്റെ മുന്നില്‍ കേവല പരാധീനതകളുടെ അര്‍ത്ഥശൂന്യത വ്യക്തമാക്കുക. ഇതുവഴി അവന്‍ സത്യ മതം പുല്‍കുന്നു. ഇന്ന് ആഗോളാടിസ്ഥാനത്തില്‍ മത പ്രചാരണ രംഗത്ത് ഏറെ മുന്നിട്ട് നില്‍ക്കുന്നത് ക്രസ്ത്യാനിസമാണ്. ദരിദ്ര മേഖലകളില്‍ ഭക്ഷണ പൊതിയായും മരുന്ന് പേക്കറ്റുമായുമൊക്കെ ക്രിസ്ത്യാനിസം പ്രത്യക്ഷപ്പെടുന്നു. അസംബന്ധങ്ങളും അര്‍ധസത്യങ്ങളും മാത്രം നിരത്തിവെച്ച് നേടുന്നതാണ് ഈ വിജയമെന്ന് നാം തിരിച്ചറിയുക. ഇവിടെ ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രസക്തിയും സാധ്യതയും നാം മനസ്സിലാക്കണം. നവലോക ക്രമത്തില്‍ പുതിയ മേഖലകള്‍ കണ്ടെത്തി സന്ദേശ പ്രചാരണം നാം കൂടുതല്‍ ശക്തമാക്കുക.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter