വിശേഷദിവസങ്ങള്‍

 

വര്‍ഷാരംഭം

ഇസ്‌ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹര്‍റം 1 ആണ്‌ മുസ്‌ലിംകളുടെ പുതുവത്സര ദിനം. മുഹര്‍റം 9,10 (താസൂആഅ്‌, ആശൂറാഅ്‌) ദിവസങ്ങളും ഇസ്‌ലാമില്‍ പ്രാധാന്യമുളളതാണ്‌. ആ ദിവസങ്ങളില്‍ ഐച്ഛികമായ വ്രതങ്ങളനുഷ്‌ഠിക്കാന്‍ ഇസ്‌ലാം കല്‍പ്പിക്കുന്നുണ്ട്‌.

ഈദുല്‍ ഫിഥ്‌ര്‍ (ചെറിയ പെരുന്നാള്‍)

ഇസ്‌ലാമിലെ രണ്ട്‌ പ്രധാന ആഘോഷ ദിനങ്ങളില്‍ ഒന്നാണ്‌ ചെറിയ പെരുന്നാള്‍. റമദാനിലെ ഒരു മാസത്തെ വ്രതാനുഷ്‌ഠാനം പൂര്‍ത്തിയായാല്‍ തൊട്ടടുത്ത ദിവസമായ ശവ്വാല്‍ മാസം ഒന്ന്‌ ലോകമുസ്‌ലിംകള്‍ ചെറിയ പെരുന്നാളായി ആഘോഷിക്കുന്നു. അന്നേ ദിവസം അതിരാവിലെ കുളിച്ച്‌ പുതുവസ്‌ത്രങ്ങളണിഞ്ഞ്‌ പളളികളിലോ ഈദ്‌ ഗാഹുകളിലോ പോയി പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുന്നു. തുടര്‍ന്ന്‌ പരസ്‌പരം ഈദാംശസകള്‍ കൈമാറുകയും സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കുകയും കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്നു. നിര്‍ബന്ധ ദാനങ്ങളില്‍ ഒരിനമായ ഫിഥ്‌ര്‍ സകാത്ത്‌ പാവപ്പെട്ടവരുടെ വീടകളിലെത്തിക്കുക എന്നത്‌ ചെറിയ പെരുന്നാള്‍ ദിവസത്തില്‍ ചെയ്യേണ്ട ഒരു നിര്‍ബന്ധ പ്രവര്‍ത്തനമാണ്‌.

ഹജ്ജ്‌ ദിനങ്ങള്‍

ഹിജ്‌റ കലണ്ടര്‍ പ്രകാരം 12 ാം മാസം ദുല്‍ ഹിജ്ജ 8 മുതല്‍ 10 വരെയാണ്‌ ഹജ്ജ്‌ കര്‍മങ്ങള്‍ നടക്കുന്നത്‌. ആ ദിവസങ്ങളും അതിന്‌ മുമ്പുളള 7 ദിവസങ്ങളും മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുളളതാണ്‌. ആ സമയങ്ങളില്‍ ചെയ്യുന്ന സല്‍കര്‍മങ്ങള്‍ക്ക്‌ കൂടുതല്‍ പ്രതിഫലമുളളതായി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ദുല്‍ ഹിജ്ജ 9 ന്‌ ഹാജിമാര്‍ മക്കയിലെ അറഫാത്ത്‌ മൈതാനിയില്‍ ഒരുമിച്ച്‌ കൂടുന്ന ദിവസം (അറഫാ ദിനം) മുസ്‌ലിംകള്‍ മുഴുവന്‍ ഐച്ഛികമായ വ്രതമനുഷ്‌ഠിക്കണമെന്ന്‌ ഇസ്‌ലാം കല്‍പ്പിക്കുന്നുണ്ട്‌.

ഈദുല്‍ അദ്‌ഹാ (ബലി പെരുന്നാള്‍)

ചെറിയ പെരുന്നാള്‍ പോലെ ഇസ്‌ലാമിലെ മറ്റൊരു ആഘോഷ ദിവസമാണ്‌ ബലി പെരുന്നാള്‍. ഇസ്‌ലാമിലെ ഹജ്ജ്‌ കര്‍മ്മത്തോടനുബന്ധിച്ച്‌ അറബിമാസം ദുല്‍ഹിജ്‌ജ 10 നാണ്‌ ബലിപെരുന്നാള്‍ ആഘോഷിക്കപ്പെടുന്നത്‌. ചെറിയ പെരുന്നാള്‍ പോലെ പെരുന്നാള്‍ നിസ്‌കാരം, സല്‍ക്കാരങ്ങള്‍, കുടുംബസന്ദര്‍ശനം തുടങ്ങിയവ ബലി പെരുന്നാളിന്റെയും സവിശേഷതയാണ്‌. അതിനുപുറമെ ആട്‌, മാട്‌, ഒട്ടകം തുടങ്ങിയ മൃഗങ്ങളെ ബലിയറുത്ത്‌ അവയുടെ മാംസം വീടുകളിലെത്തിക്കുക എന്ന പവിത്ര കര്‍മം ബലിപെരുന്നാള്‍ ദിവസത്തില്‍ മാത്രമായുണ്ട്‌. ഇബ്‌റാഹീം നബി (അബ്രഹാം) തന്റെ മകന്‍ ഇസ്‌മാഈലി (ഇശ്‌മയേല്‍) നെ ദൈവകല്‍പ്പന മാനിച്ച്‌ ബലിയറുക്കാന്‍ തയ്യാറായതിന്റെ ഓര്‍മ പുതുക്കലാണ്‌ ഈ ബലി കൊണ്ടുദ്ദേശിക്കുന്നത്‌.

മീലാദ്‌ ശരീഫ്‌ (നബിദിനം)

അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി(സ) യുടെ ജന്മവാര്‍ഷിക ദിനമാണ്‌ നബിദിനം കൊണ്ടുദ്ദേശിക്കുന്നത്‌. ഹിജ്‌റ കലണ്ടര്‍ പ്രകാരം മൂന്നാം മാസം റബീഉല്‍ അവ്വല്‍ 12 ആണ്‌ നബിദിനമായി ആഘോഷിക്കപ്പെടുന്നത്‌. അന്നേ ദിവസം മുഹമ്മദ്‌ നബി(സ)ക്ക്‌ ഗുണപ്രാര്‍ത്ഥനകള്‍ (സ്വലാത്ത്‌) അധികരിപ്പിച്ച്‌ കൊണ്ടും അപദാനങ്ങള്‍ പാടിപ്പുകഴ്‌ത്തിക്കൊണ്ടും വ്യത്യസ്‌തമായ രൂപത്തില്‍ ലോക മുസ്‌ലിംകള്‍ നബിദിനമാഘോഷിക്കുന്നു.

ലൈലത്തുല്‍ ഖദ്‌ര്‍ (നിര്‍ണയത്തിന്റെ രാത്രി)

ആയിരം മാസത്തേക്കാള്‍ ശ്രേഷ്‌ഠതയുണ്ടെന്നു വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഒരു രാത്രിയാണ്‌ ലൈലത്തുല്‍ ഖദ്‌ര്‍. റമദാനിലെ അവസാന ഭാഗത്താണെന്ന്‌ കരുതപ്പെടുന്ന ആ രാത്രി പക്ഷേ എന്നാണെന്ന്‌ കൃത്യമായി അറിയിക്കപ്പെട്ടിട്ടില്ല. അത്‌കൊണ്ട്‌ തന്നെ ആ നിര്‍ണയത്തിന്റെ രാത്രിയെ പ്രതീക്ഷിച്ച്‌ റമാദാന്റെ അവസാന ദിനങ്ങളില്‍ ലോക മുസ്‌ലിംകള്‍ കൂടുതല്‍ ആരാധനകളിലും സല്‍കര്‍മ്മങ്ങളിലുമായി കഴിഞ്ഞ്‌ കൂടുന്നു.

ഇസ്‌റാഅ്‌ മിഅ്‌റാജ്‌ (നിശാപ്രയാണം)

മക്കയിലെ മസ്‌ജിദുല്‍ ഹറാമില്‍ നിന്ന്‌ ജറൂസലേമിലെ മസ്‌ജിദുല്‍ അഖ്‌സയിലേക്കും പിന്നീട്‌ ഏഴ്‌ ആകാശങ്ങളിലേക്കും ഒറ്റ രാത്രി കൊണ്ട്‌ മുഹമ്മദ്‌ നബി നടത്തിയ രാപ്രയാണമാണ്‌ ഇസ്‌റാഅ്‌ മിഅ്‌റാജ്‌. ഇത്‌ മഹത്തായ ഒരു അമാനുഷിക സംഭമാണ്‌. ഇതിന്റെ സ്‌മരണ പുതുക്കലെന്നേണം ഹിജ്‌റ കലണ്ടര്‍ പ്രകാരം 7 ാം മാസം റജബ്‌ 27 മിഅ്‌റാജ്‌ ദിനമായി കൊണ്ടാടുന്നു. ജുമുഅ (വെളളിയാഴ്‌ച) ആഴ്‌ചയിലെ ദിവസങ്ങളുടെ കൂട്ടത്തില്‍ ഇസ്‌ലാമില്‍ ഏറ്റവും പ്രാധാന്യമുളളതാണ്‌ വെളളിയാഴ്‌ച. മറ്റു ദിവസങ്ങളില്‍ നിന്നു ഭിന്നമായി ജുമുഅ എന്ന പേരില്‍ രണ്ട്‌ ഉപദേശ പ്രസംഗ(ഖുതുബ)ങ്ങളും രണ്ട്‌ റക്ക്‌അത്ത്‌ നിസ്‌കാരവും എല്ലാ വലിയ മുസ്‌ലിം പളളികളിലും അന്ന്‌ നിര്‍വഹിക്കപ്പെടുന്നു. സാധാരണ ദിവസങ്ങളിലെ ളുഹ്‌ര്‍ (മധ്യാഹ്ന) നിസ്‌കാര സമയത്താണ്‌ ഇവ നിര്‍വഹിക്കപ്പെടുന്നത്‌. സാധാരണയുളള നാലു റക്ക്‌അത്തിന്റെ സ്ഥാനത്ത്‌ രണ്ട്‌ റക്ക്‌അത്താണെന്നതും കൂട്ടത്തോടെയാണെന്നതും ജുമുഅ നിസ്‌കാരത്തിന്റെ പ്രത്യേകതയാണ്‌. ജുമുഅക്ക്‌ ഇസ്‌ലാമില്‍ കൂടുതല്‍ പ്രാധാന്യമുണ്ടെന്നതിനാല്‍ മുസ്‌ലിംകളെല്ലാം കുളിച്ച്‌ വൃത്തിയുളള വസ്‌ത്രങ്ങള്‍ ധരിച്ച്‌ നേരത്തെ തന്നെ പളളികളില്‍ ഒരുമിച്ച്‌ കൂടുന്നു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter