ദൈവപുത്രന്‍
ബൈബിള്‍ പുതിയ നിയമത്തില്‍ (ഇഞ്ചീല്‍) ഒട്ടേറെ സ്ഥലങ്ങളില്‍ യേശു (ഈസാ) വിനെപ്പറ്റി ദൈവപുത്രന്‍ എന്ന പരാമര്‍ശമുണ്ടെന്നതു ശരിയാണ്. ചില ഉദാഹരണങ്ങള്‍ കാണാം: '... അപ്പോള്‍ സ്വര്‍ഗം തുറന്ന് ദൈവാത്മാവ് പ്രാവെന്നപോലെ ഇറങ്ങി തന്റെ മേല്‍ വരുന്നത് അവന്‍ (യേശു) കണ്ടു: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നുവെന്ന് സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദവും ഉണ്ടായി (മത്തായി 3:16, 17).
'മേഘത്തില്‍നിന്ന്: ഇവന്‍ എന്റെ പ്രിയപുത്രന്‍, ഇവന്നു ചെവികൊടുപ്പിന്‍ എന്നു ഒരു ശബ്ദമുണ്ടായി (ലൂക്കോസ് 9:35). 'ആകയാല്‍ യേശു അവരോട് ഉത്തരം പറഞ്ഞത്: പിതാവ് ചെയ്തുകാണുന്നതല്ലാതെ പുത്രന്നു (തനിക്കു) സ്വതേ ഒന്നും ചെയ്‌വാന്‍ കഴികയില്ല (യോഹന്നാന്‍ 5:19). ഈ വിധത്തിലുള്ള പരാമര്‍ശങ്ങള്‍ പുതിയ നിയമത്തില്‍ പലേടത്തും കാണാം. അതുകൊണ്ടാണ് അതുപയോഗിക്കുന്നതെന്നും യേശുവിനെ ദൈവപുത്രനായി അംഗീകരിക്കുന്നതെന്നും പ്രത്യുത തങ്ങളുടെ സ്വയം സൃഷ്ടിയല്ല ഇതെന്നും ക്രിസ്ത്യാനി സുഹൃത്തുക്കള്‍ വിശദീകരിക്കുന്നു. എം.എച്ച്. ഫിന്‍ലെയുടെ വിവരണം ശ്രദ്ധിക്കുക: ദൈവികവെളിപ്പാടിനാല്‍ എഴുതപ്പെട്ട പുതിയ നിയമത്തിലുടനീളം ഈ നാമം ഉപയോഗിക്കപ്പെട്ടിരിക്കുന്നതിനാല്‍, ക്രിസ്ത്യാനികള്‍ ഈ പേര് കണ്ടുപിടിച്ചതാണെന്ന് സാമാന്യജ്ഞാനമുള്ള ആരും കുറ്റപ്പെടുത്തുകയില്ല. ആധികാരിക ഗ്രന്ഥമായ ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത് കൊണ്ടാണ് വിശ്വാസികള്‍ ഈ നാമം ഉപയോഗിക്കുവാന്‍ ധൈര്യപ്പെടുന്നത് (നിങ്ങളുടെ ചോദ്യം.. പേ. 29).
എന്നാല്‍ സാമാന്യ വിജ്ഞാനമുള്ള നാം ക്രിസ്ത്യാനികളെ സവിനയം ഉണര്‍ത്താനാഗ്രഹിക്കുകയാണ്- യേശുവിനെ സംബന്ധിച്ച് ദൈവപുത്രനെന്ന സംബോധന മഹാപാതകമാണ്. യേശുവിനെയും യഹോവയായ ദൈവത്തെയും ഒരേ സമയം അപമാനിക്കുകയും കളങ്കപ്പെടുത്തുകയും ചെയ്യലാണത്. ഇനി, ബൈബിള്‍ മുന്നില്‍വെച്ചുകൊണ്ടാണ് ഈ സംബോധന എന്നാണ് വാദമെങ്കില്‍ യേശുവെ മാത്രമല്ല മറ്റുള്ളവരെയും അങ്ങനെ വിളിച്ചേ പറ്റൂ. പല പ്രവാചകന്മാരെക്കുറിച്ചും ദൈവപുത്രന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടതായി ബൈബിള്‍ തന്നെ സാക്ഷിയാണ്. എന്തിനേറെ, സാധാരണ മനുഷ്യര്‍ പോലും ബൈബിളിന്റെ കാഴ്ചയില്‍ ദൈവപുത്രന്മാരാണ്. യഹോവ അവരുടെ പിതാവും. ചില തെളിവുകള്‍ കാണുക: ഒന്നാമതായി പ്രഥമ മനുഷ്യന്‍ ആദാമിനെത്തന്നെയെടുക്കുക. യേശു മാതാവില്‍നിന്നു മാത്രം ജനിച്ചുവെന്ന കാരണം പറഞ്ഞാണല്ലോ അദ്ദേഹത്തെ ദൈവമാക്കുന്നത്. എന്നാല്‍ ആദം മാതാവും പിതാവുമില്ലാതെയാണല്ലോ ജനിച്ചത്. ഏതൊരു ക്രിസ്ത്യാനിയും ഇത് സമ്മതിക്കും. ആ നിലക്ക് മനുഷ്യരില്‍ ആരെയെങ്കിലും ദൈവമാക്കാമെങ്കില്‍ ഒന്നാമതായി ആദം ആണ് ആ സ്ഥാനത്തിനര്‍ഹന്‍. അദ്ദേഹം ദൈവപുത്രനാണെന്ന 'സത്യം' ബൈബിള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. യേശുവിന്റെ കുടുംബ പരമ്പര പറയുന്നിടത്ത് ഇങ്ങനെ കാണാം: 'എനോശ് ദേശത്തിന്റെ മകന്‍, ശേത്ത് ആദാമിന്റെ മകന്‍, ആദാം ദൈവത്തിന്റെ മകന്‍ (ലൂക്കോസ് 3:38).
അപ്പോള്‍, ക്രിസ്ത്യാനി സുഹൃത്തുക്കളെ, ബൈബിള്‍ മുമ്പില്‍ വെച്ച് നിങ്ങള്‍ എന്തുകൊണ്ട് ആദാമിനെ ദൈവമെന്നു വിളിക്കുന്നില്ല? ഇനി മറ്റു പ്രവാചകന്മാരെ പറ്റിയും ഇങ്ങനെ പറഞ്ഞതായി കാണാം. ശലോമോനെ (സുലൈമാന്‍ നബി) സംബന്ധിച്ച് ദാവീദിന് (ദാവൂദ് നബി) യഹോവ ശുഭസന്ദേശമറിയിക്കുന്നു: ഞാന്‍ നിന്റെ ശേഷം നിന്റെ പുത്രന്മാരില്‍ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്‍പിക്കുകയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവന്‍ എനിക്ക് ഒരു ആലയം പണിയും. ഞാന്‍ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാന്‍ അവന് പിതാവും അവന്‍ എനിക്ക് പുത്രനുമായിരിക്കും (ദിനവൃത്താന്തം 17:11-13). ഈ വിധം ധാരാളം പരാമര്‍ശങ്ങള്‍ ബൈബിളില്‍ കാണാന്‍ കഴിയും. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം അടിമ, പ്രിയപ്പെട്ടവന്‍, ഇഷ്ടദാസന്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളിലാണ് ആ പദം പ്രയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് കാണാവുന്നതാണ്.
ചുരുക്കത്തില്‍, വിശുദ്ധ ഗ്രന്ഥം പുതിയതിലും പഴയതിലുമെല്ലാം പുത്രന്‍, മകന്‍, സന്താനം എന്നൊക്കെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണെന്ന് സാമാന്യവിജ്ഞാനമുളളവര്‍ക്കെല്ലാം ഗ്രഹിക്കുമാറായി. ബൈബിള്‍ പദങ്ങളുടെ ബാഹ്യാര്‍ത്ഥം മാത്രമെടുത്ത് വിശ്വാസത്തിന് രൂപം നല്‍കുകയാണെങ്കില്‍ തന്നെ, ശലോമോന്‍, യാക്കോബ്. ദാവീദ് തുടങ്ങിയവരെ ദൈവപുത്രന്മാരായി അംഗീകരിക്കേണ്ടതല്ലേ? യഹോവയെക്കുറിച്ച് എന്റെ പിതാവ് എന്നു യേശു പറഞ്ഞിട്ടുള്ളതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്. അബ്ബാ എന്ന ഗ്രീക്കു പദത്തിന് രക്ഷാകര്‍ത്താവ്, നാഥന്‍, നായകന്‍, എന്നും പിതാവ് എന്നും രണ്ടര്‍ത്ഥങ്ങളുണ്ട്. ഇതില്‍ രണ്ടാമത്തെ അര്‍ത്ഥം മാത്രമാണ് ബൈബിള്‍ പരിഭാഷയില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഉപര്യുക്ത വാചകങ്ങളില്‍നിന്നു തന്നെ ഈ യാഥാര്‍ത്ഥ്യം വ്യക്തമാകും. ശിഷ്യന്മാരോടു സംസാരിക്കെ യേശു തന്നെ യഹോവയെപ്പറ്റി നിങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിച്ചത് ഇതിന് എത്രയും മതിയായ തെളിവത്രെ. (ഇസ്‌ലാമും ക്രിസ്ത്യാനിസവും)
Leave A Comment