യേശുവിന്റെ 'കുരിശുമരണം'

ആദംനബിയും ഹവ്വാ ബീവിയും സ്വര്‍ഗത്തില്‍നിന്ന് വിലക്കപ്പെട്ട കനി ഭക്ഷിച്ചു. ഈ 'പാപ' ത്താലവര്‍ ഭഹിഷ്‌കൃതരായി. ആപാപവും പേറി ജനിച്ചു വീഴുന്നവരാണ് ഓരോ മനുഷ്യരും. ഈ ജന്മപാതകത്തില്‍നിന്നും മനുഷ്യനെ രക്ഷിക്കാന്‍ തന്നെത്തന്നെ യേശു പ്രായശ്ചിത്തമായി കുരിശില്‍ സമര്‍പ്പിച്ചു- ഇതാണ് ക്രിസ്ത്യാനികളുടെ മൂഢമായ മറ്റൊരു വിശ്വാസം. നിശേഷം കാടുകയറിയതും തീരെ അയുക്തികവുമായ ഒരു മൂഢസങ്കല്‍പമെന്ന നിലക്ക് വിശദമായൊരു മറുപടിതന്നെ ഇത് അര്‍ഹിക്കുന്നില്ല. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍നിന്നു ഭൂമുഖത്തേക്കു പിറന്നുവീഴുന്ന നിഷ്‌കളങ്കനും നിരപരാധിയുമായൊരു ശിശു പാപിയാണെന്നു വന്നാല്‍ അത് ദൈവത്തിന്റെ നീതിക്കു നിരക്കുന്നതാണോ? ഇനി, അങ്ങനെ വാദത്തിനായി മാത്രം സമ്മതിച്ചാല്‍ തന്നെ ചോദ്യങ്ങള്‍ പലതുമുണ്ട്. യേശു വന്നിട്ട് ഇരുപത് നൂറ്റാണ്ടുകളോളമല്ലേ ആയിട്ടുള്ളൂ. ഇതുവരെ ജീവിച്ച മനുഷ്യലക്ഷങ്ങളുടെ പാപം ആര് വഹിച്ചു? ഇങ്ങനെ ഒരു പ്രായശ്ചിത്ത ബലിക്ക് ദൈവത്തിന് പരിപാടിയുണ്ടായിരുന്നുവെങ്കില്‍ ആ പിതൃപാപത്തിനുടനെത്തന്നെയായിരുന്നില്ലേ അതു വേണ്ടിയിരുന്നത്? ഒരു മാധ്യമവുമില്ലാതെ ഏതു വന്‍ പാപവും പൊറുത്തുകൊടുക്കാന്‍ കഴിയുന്ന യഹോവ തന്റെ പ്രിയപുത്രനെ ഹീനമായ നിലയില്‍ ശത്രുക്കളുടെ കയ്യില്‍ ഏല്‍പിച്ചുകൊടുത്തുകൊണ്ട് ഈ കൃത്യം ചെയ്തതെന്തിന്?

ഈ ജന്മപാപം കുരിശിലേറി പേറാനാണല്ലോ യേശു ജനിച്ചത്- 'അവതരിച്ചത്, - തന്നെ; എങ്കില്‍പിന്നെ കുരിശില്‍ കിടന്ന് ഉച്ചത്തില്‍ കരയുകയും ഏലീ ഏലീ ലമ്മാ ശബ്ബക്താനീ- എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?... എന്ന് ആര്‍ത്ഥട്ടഹസിക്കുകയും (മത്തായി 27:46) ചെയ്തതെന്തിന്? ഈ വിധം നൂറ് ചോദ്യങ്ങള്‍ക്ക് ക്രിസ്ത്യാനി സുഹൃത്ത് മറുപടി പറഞ്ഞേ പറ്റൂ. സത്യത്തില്‍ ഈ മുഢ ധാരണ പില്‍ക്കാലത്ത് പൗലോസ് അപ്പോസ്തലന്‍ ഇറക്കുമതി ചെയ്തതാണ്. എന്നാല്‍, പില്‍ക്കാലത്ത് ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലിരുന്ന പാപപരിഹാര തത്ത്വങ്ങളെപ്പോലെയുള്ള വിശദാംശങ്ങളിലേക്ക് ആദ്യശിഷ്യന്മാര്‍ കടന്നില്ല. ക്രൂരനായ ഒരു ദൈവത്തിന്റെ ക്രോധാഗ്നിയില്‍നിന്ന് മനുഷ്യരെ രക്ഷിപ്പാന്‍ യേശു തന്നെന്നെ ഏല്‍പിച്ചുകൊടുത്തുവെന്ന ആശയം ശിഷ്യന്മാര്‍ ഒരു കാലത്തും പ്രതിപാദിച്ചിരുന്നില്ല. യേശുവിന്റെ ജീവിതത്തോടും കഷ്ടപ്പാടിനോടും കുരിശ്മരണത്തോടും ബന്ധപ്പെട്ട് ജീവിതം ക്രമീകരിക്കപ്പെടുമ്പോള്‍ മനുഷ്യനില്‍ സമൂലം ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുകയും അവയില്‍കൂടി അവന്‍ ദൈവത്തോട് അടുപ്പിക്കപ്പെടുകയും ചെയ്യുന്നു (വിശ്വവിജ്ഞാന കോശം, ഒന്നാം പതിപ്പ്, വോള്യം അഞ്ച്, പേജ് 116).

എന്നാല്‍ ഈ കനി തിന്നത് ഒരു പാപമാണെന്ന് ബൈബിള്‍ പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എങ്കിലും അതിന്റെ അനന്തരഫലമെന്നോണം യഹോവ ചില കാര്യങ്ങളറിയിച്ചു: സ്ത്രീയോട് കല്‍പിച്ചത്: ഞാന്‍ നിനക്ക് കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ദ്ധിപ്പിക്കും. നീ വേദനയോടെ മക്കളെ പ്രസവിക്കും. മനുഷ്യനോട് കല്‍പിച്ചതോ: നിന്റെ ആയുഷ്‌കാലമൊക്കെയും നീ കഷ്ടതയോടെ അധി (ഭൂമി) യില്‍നിന്ന് അഹോവൃത്തി കഴിക്കും. മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും (ഉല്‍പത്തി 3:16-19).

ഇപ്പോള്‍ യേശു കുരിശില്‍ മരിച്ച് പ്രായശ്ചിത്തം ചെയ്തുകൊണ്ട് ക്രിസ്ത്യാനികളെങ്കിലും മേല്‍പറഞ്ഞ ശാപങ്ങളില്‍നിന്ന് മുക്തരായിരിക്കണമല്ലോ. അവര്‍ക്ക് കഷ്ടവും ഗര്‍ഭധാരണവും വര്‍ദ്ധിച്ച് ഉണ്ടാവില്ല. അവര്‍ വേദനയില്ലാതെ മക്കളെ പ്രസവിക്കും. മനുഷ്യന്‍ കഷ്ടപ്പെടാതെ, വിയര്‍പ്പൊഴുക്കാതെ അഹോവൃത്തി കഴിക്കുന്നുണ്ടായിരിക്കും. ഹാ, കഷ്ടം, മനുഷ്യപുത്രരേ, കുഞ്ഞാടുകളേ, നിങ്ങള്‍ക്കിതാ സഹതാപത്തിന്റെ രണ്ടിറ്റു കണ്ണീര്‍. എന്നാല്‍ യേശുവിനെ ക്രൂശിച്ചുവെന്നു ഇവര്‍ പറയുന്നുവല്ലോ. ഈ ധാരണ എങ്ങനെ പരന്നു? ഈസാനബി ബൈത്തുല്‍ മഖ്ദിസില്‍ നടത്തിയ അന്ത്യപ്രസംഗത്തെക്കുറിച്ചു നേരത്തെ പറഞ്ഞുവല്ലോ. അതോടെ ക്ഷുഭിതരായ ജൂതര്‍ നബിയെ വധിക്കാന്‍ തീരുമാനിച്ചു. അതിനെന്തുണ്ട് വഴി? റോമാസാമ്രാജ്യത്തിലെ ഖൈസറുടെ ഗവര്‍ണ്ണര്‍ പിലാത്തോസാണ് അന്നു ജറൂസലേമിലെ ഭരണാധിപന്‍. അദ്ദേഹത്തെ സമീപിച്ച് യേശുവിനെതിരെ വ്യാജമായ കുറേ കുറ്റങ്ങള്‍ അവര്‍ ആരോപിച്ചു. യേശുവിനെ വധിച്ചുകളയണം; ഇല്ലെങ്കില്‍ താങ്കളെ പറ്റി ഞങ്ങള്‍ ഖൈസറിനോട് പരാതിപ്പെടും-അവര്‍ തീര്‍ത്തു പറഞ്ഞു. ഗവര്‍ണര്‍ യേശുവെ വിചാരണ ചെയ്തുവെന്ന് ബൈബിളില്‍ പറയുന്നു.

എന്നിട്ട് ശുദ്ധ ജലമെടുത്ത് കൈകഴുകിയിട്ട് 'ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല, നിങ്ങള്‍ വേണ്ടത് ചെയ്യുക' (മത്തായി 27:22,24) എന്നദ്ദേഹം പ്രഖ്യാപിച്ചു. ഇളകിവശായ ജൂതന്മാര്‍ നബിയുടെ ഒരു ശിഷ്യനെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനായി അയാള്‍ക്കവര്‍ മുപ്പത് വെളളി കൈകുലി നല്‍കി. (മത്തായി 26:14 -16) പക്ഷേപെട്ടെന്ന് നബിയെ കണ്ടുകിട്ടിയില്ല, ഒടുവുല്‍ കൈകുലിവാങ്ങിയ ആ ശിഷ്യന്‍ -യൂദാസ് -ജൂതന്‍മാരെയും കൂട്ടി നബിയുടെ വാസസ്ഥലത്തു കടന്നുചെന്നു. ആദ്യം അകത്തു കടന്നത് ശിഷ്യനാണ്. അയാള്‍ അവിടെയൊക്കെ തിരഞ്ഞു. പക്ഷെ, അപ്പോഴേക്കും നബി ഉയര്‍ത്തപ്പെടുകയും അയാള്‍ നബിയുടെ രൂപം പ്രാപിക്കുകയുംചെയ്തിരുന്നു. കലിതുള്ളിക്കൊണ്ട് യൂദാസിനെ പുറത്തു കാത്തുനിന്ന ക്ഷമകെട്ട ശത്രുക്കള്‍ അകത്തേക്കു തള്ളിക്കയറി. അതാ യേശു- രൂപം മാറിയ യൂദാസിനെ കണ്ട് ആര്‍ത്തട്ടഹസിച്ച് അവര്‍ പിടികൂടുകയും സ്വാഭാവികമായും ആ ജയഭേരിയില്‍ അയാളെ മറന്നുകളയുകയും ചെയ്തു. പിടികിട്ടിയ പുള്ളിയെ അവര്‍ കുരിശില്‍ തറച്ചുകൊന്നു. സുദീര്‍ഘമായ കുരിശുസംഭവത്തിന്റെ രത്‌നച്ചുരുക്കമാണിത്. ഇനി, ഖുര്‍ആന്‍ ശ്രദ്ധിച്ചുനോക്കുകക: മസീഹു ഈസബ്‌നു മര്‍യമിനെ ഞങ്ങള്‍ വദിച്ചു എന്ന് പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടു). സത്യത്തില്‍, അദ്ദേഹത്തെയവര്‍ വധിച്ചിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. ആരൂപത്തില്‍ മറ്റൊരാളെ അവര്‍ക്ക് സാദൃശമാക്കപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നുച്ചവര്‍തന്നെ സംശയത്തിലാണ്.

ഊഹത്തെപിന്‍തുടരുടരുകയല്ലാതെ സത്യത്തെപറ്റി അവര്‍ക്കു യാതൊരു അറിവുമില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ലെന്ന് ഉറപ്പു തന്നെയാണ്. പിന്നെയോ, തന്റെയടുത്തേക്ക് അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തി. അല്ലാഹു പ്രതാപശാലിയും തികഞ്ഞ തന്ത്രജ്ഞാനിയുമത്ര. (പരിശുദ്ധ ഖുര്‍ആന്‍ -4:157) ഈസാനബി (അ) ന്നെതിരെ അവര്‍ ഗൂഢ ശ്രമങ്ങള്‍ നടത്തത്തി. ഗൂഢതന്ത്രങ്ങള്‍ (ക്ക് പ്രതിക്രിയ) ചെയ്യുന്നതില്‍ ഉത്തമനാണ് അല്ലാഹു.(3;54) യേശുവിനെ തങ്ങള്‍ക്ക് ഒറ്റിത്തന്ന യൂദാസിനെത്തന്നെ ക്രൂശിച്ചതും ആപദ്ധതി അമ്പേ തകര്‍ന്നതുമാണ് മേല്‍ ആയത്ത് സൂചിപ്പിക്കുന്നത്. ഈ കുരിശു സംഭവം ഇമാം ബൈദാവി തന്റെ തഫ്‌സീറിലും (പേജ്200) മററു പല വ്യാഖ്യാതാക്കളും ഉദ്ദരിച്ചിട്ടുണ്ട്. (ഇസ്‌ലാമും ക്രിസ്ത്യാനിസവും: )

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter