പരിശുദ്ധാത്മാവ്

യഹോവയുടെ ആത്മാവാണ് തന്നിലുള്ളതെന്ന് യേശു പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നത് അനിഷേധ്യമാണ്. മുസ്‌ലിംകളും അക്കാര്യം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ബൈബിള്‍ പലേടത്തും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യാനികളുടെ മൂന്ന് ഏകദൈവങ്ങളിലൊന്ന് ഈ പരിശുദ്ധാത്മാവാണ്.

എന്നാല്‍ ഈ ആത്മാവ് യേശുവിന് മാത്രമേ കിട്ടിയിട്ടുള്ളൂ? നമുക്ക് പരിശോധിക്കാം. യേശുവിന് പ്രത്യേകമായി കിട്ടിയ ഒരനുഗ്രഹമാണതെങ്കില്‍ എന്തെങ്കിലും പ്രാധാന്യം നമുക്ക് അവകാശപ്പെടാമായിരുന്നു. പക്ഷെ, വസ്തുതയുടെ കിടപ്പ് മറ്റുനിലക്കാണ്. ദൈവപുത്രനെ പറ്റി പറഞ്ഞതുപോലെ തന്നെ യഹോവയുടെ ആത്മാവു യേശുവിനു മാത്രം കിട്ടിയതല്ല, മറ്റു പലര്‍ക്കും ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ലോകത്ത് ഇന്നുവരെ ജന്മംകൊണ്ടവരും ഇനി ജനിക്കാനിരിക്കുന്നവരുമെല്ലാം തന്നെ ദൈവാത്മാവിനാല്‍ ജനിക്കുന്നവരാണ്. നമുക്ക് ഏതാനും ബൈബിള്‍ വചനങ്ങള്‍ നോക്കാം:

ഞാന്‍ അവരോട് ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്ന് യഹോവ അരുളി ചെയ്യുന്നു: നിന്റെ മേലുള്ള എന്റെ ആത്മാവും നിന്റെ വായില്‍ ഞാന്‍ തന്ന എന്റെ വചനങ്ങളും നിന്റെ വായില്‍നിന്നും നിന്റെ സന്തതിയുടെ വായില്‍നിന്നും ... ഇന്നു മുതല്‍ ഒരു നാളും വിട്ടുപോവുകയില്ല എന്നു യഹോവ അരുളിചെയ്യുന്നു (യെശയ്യാവ് 59: 21).

എളിയവരോട് സദ്വര്‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്ക കൊണ്ട് യഹോവയായ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഇരിക്കുന്നു (യെശയ്യാവ് 61:1).

അവന്റെ അപ്പനായ സെഖര്യവു പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചു പറഞ്ഞത് (ലൂക്കോസ് 1:67).

എങ്കില്‍ ഞാന്‍ യാക്കോബിനോട് അവന്റെ അതിക്രമവും യിസ്രായേലിനോടു അവന്റെ പാപവും പ്രസ്താവിക്കേണ്ടതിനു യഹോവയുടെ ആത്മാവിനാല്‍ ശക്തിയും ന്യായവും വീര്യവും കൊണ്ടു നിറഞ്ഞിരിക്കുന്നു (മീഖാ 3:8).

യേശുവിന്റെ ദാസനായ യാക്കോബ് എഴുതുന്നു: അവന്‍ നമ്മില്‍ വസിക്കുമാറാക്കിയ ആത്മാവ് അസൂയക്കായി കാംക്ഷിക്കുന്നുവോ? (യാക്കോബ് 4:5).

ഇത്രയും വചനങ്ങളില്‍നിന്നെല്ലാം തന്നെ, സാധാരണ ഗതിയില്‍ നാം വിവക്ഷിക്കാറുള്ള ആത്മാവു തന്നെയാണ് അവയില്‍ പറഞ്ഞതെന്നു കാണാം. യഹോവയായ ദൈവത്തിന്റെ പ്രത്യേക ഉദ്ദേശ്യത്തോടെയും ദൗത്യത്തോടെയുമാണല്ലോ പ്രവാചക ശ്രേഷ്ഠന്മാര്‍ വരുന്നത്. അതുകൊണ്ട് അവരുടെ ആത്മാവിന്റെ കാര്യം പ്രത്യേകമായൊന്നെടുത്തു പറഞ്ഞുവെന്നു മാത്രമേയുള്ളൂ. മാത്രമല്ല, യഹോവ എന്ന അര്‍ത്ഥത്തോടെ തന്നെ ചിലേടത്ത് ആത്മാവ് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മറ്റു ചിലപ്പോള്‍ യഹോവയുടെ ശക്തി, ഉദ്ദേശ്യം, ചൈതന്യം എന്ന നിലക്കും. ചില വരികള്‍ കാണുക:

എന്നാല്‍ ആത്മാവ് എന്നെ എടുത്തു, ദര്‍ശനത്തില്‍ ദൈവാത്മാവിനാല്‍ തന്നേ, കല്‍ദയദേശത്തു പ്രവാസികളുടെ അടുക്കല്‍ കൊണ്ടുവന്നു (യെഹെസ്‌കേല്‍ 11:24).

അവണ്ണം തന്നെ ആത്മാവ് നമ്മുടെ ബലഹീനതക്ക് തുണ നില്‍ക്കുന്നു (റോമര്‍ 8:26).

ഇതാണ് പരിശുദ്ധാത്മാവിന്റെ രഹസ്യം. ആത്മാവ് പല അര്‍ത്ഥത്തില്‍ വിവക്ഷിച്ചിരിക്കുന്നതായി നാമിവിടെ കാണുകയുണ്ടായി. ഇനി, ദൈവത്തിന്റെ ആത്മാവ് എന്നുവെച്ചാല്‍ തന്നെയും, അതു ലഭിച്ച വേറെയും പലരുമുണ്ടെന്നു ബൈബിള്‍ പഠിപ്പിക്കുന്നു. അപ്പോള്‍ അവരൊക്കെയും ദൈവങ്ങളോ, ചുരുങ്ങിയത് ദൈവത്തിന്റെ വ്യത്യസ്ത വ്യക്തിത്വങ്ങളെങ്കിലുമോ ആകേണ്ടതല്ലേ? ബൈബിളിന്റെ വിശുദ്ധ വചനങ്ങളിലാണ് നാം ഇങ്ങനെയൊക്കെ കണ്ടത്. ക്രിസ്ത്യാനികള്‍ ഇതിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter