താന്‍ ദൈവമല്ലെന്നു യേശു

അനുയായികള്‍ യേശുവില്‍ ദിവ്യത്വം വെച്ചുകെട്ടുകയാണെങ്കില്‍ അദ്ദേഹമത് നിര്‍ദ്ദാഷിണ്യം തട്ടിക്കളയുകയാണ് ചെയ്യുന്നത്. ദൈവത്വം ഇരിക്കട്ടെ, ഒരു പ്രത്യേക പദവി പോലും അദ്ദേഹമാഗ്രഹിച്ചിട്ടില്ല. യേശുവിനെ ദൈവവും കര്‍ത്താവും മറ്റുമാക്കി നടന്നു പരലോകത്തെത്തി നട്ടം തിരിയുന്ന ഹതഭാഗ്യരുടെ കഥ ബൈബിള്‍ തന്നെ പറയട്ടെ: എന്നോടു കര്‍ത്താവേ, കര്‍ത്താവേ എന്നു പറയുന്നവന്‍ ഏവനുമല്ല. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗരാജ്യത്തില്‍ കടക്കുന്നത്. കര്‍ത്താവേ, കര്‍ത്താവേ നിന്റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും. അന്നു ഞാന്‍ അവരോട്: ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല. അധര്‍മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിന്‍ എന്നു തീര്‍ത്തു പറയും. ആകയാല്‍ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവന്‍ ഒക്കെയും പാറമേല്‍ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികള്‍ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേല്‍ അലച്ചു.

അതു പാറന്മേല്‍ അടിസ്ഥാനമുള്ളതാകയാല്‍ വീണില്ല. എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവന്‍ ഒക്കെയും മണലിന്മേല്‍ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു. നദികള്‍ പൊങ്ങി. കാറ്റടിച്ചു. ആ വീട്ടിന്മേല്‍ അലച്ചു. അതു വീണു. അതിന്റെ വീഴ്ച വലിയതായിരുന്നു (മത്തായി 7:21-27). ഇതേ ആശയം ലൂക്കോസ് 6:46-49 ലുമുണ്ട്. ആരാധനകളും അപേക്ഷകളും യഹോവയോടു മാത്രമേ ആകാവൂ എന്നു യേശു ഒട്ടുവളരെ സ്ഥലങ്ങളില്‍ വ്യക്തമാക്കുകയുണ്ടായി: നീയോ, പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതിലടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്ക. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും. നിങ്ങള്‍ ഈ വണ്ണം പ്രാര്‍ത്ഥിപ്പിന്‍: സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവേ (മത്തായി 6:6-15). സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് യാചിക്കുന്നവര്‍ക്ക് നന്മ എത്രയധികം കൊടുക്കും (മത്തായി 7:11). ഇതേ തത്ത്വവും ആശയവും ലൂക്കോസ് 22:39-46, യോഹന്നാന്‍ 11:41, 42 തുടങ്ങിയ ഒട്ടേറെ വേദവാക്യങ്ങളില്‍ കാണാം. എന്തിനധികം, ആരാധനകള്‍ സംബന്ധിച്ച് യാതൊരു വക്രതയും അസ്പൃശ്യതയുമില്ലാത്ത പ്രസ്താവം ഇതാ യേശു അവനോട്: നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ (ലൂക്കോസ് 4:8).

യേശു വിവിധ തരം അല്‍ഭുത കൃത്യങ്ങള്‍ കാണിച്ചതിനാലാണല്ലോ ദൈവമായി വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ അത്തരം അസാധാരണ കാര്യങ്ങള്‍ നേര്‍ക്കുനേരെ ദര്‍ശിച്ച ശിഷ്യന്മാര്‍ പോലും അദ്ദേഹത്തില്‍ ദൈവത്തിന്റെ ഒരംശമെങ്കിലും കണ്ടില്ല. പ്രത്യുതത, അത്തരം സംഭവങ്ങള്‍ ക്രിസ്തുവിലൂടെ വെളിപ്പെടുത്തിയ യഹോവയെ മഹത്വപ്പെടുത്തുകയും അവന്റെ നിസ്തുല ശക്തി അംഗീകരിക്കുകയുമാണുണ്ടായത്. ചില ഉദാഹരണങ്ങള്‍ കാണുക: ഉടനെ അവന്‍ (കലശലായ അസുഖം ബാധിച്ച ബാലന്‍) എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാണ്‍കെ പുറപ്പെട്ടു; അതുകൊണ്ട് എല്ലാവരും വിസ്മയിച്ചു. ഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തി (മാര്‍ക്കോസ് 2:12). മനുഷ്യര്‍ക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി (മത്തായി 9:8). യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൗഖ്യമാക്കി, അപ്പനെ ഏല്‍പിച്ചു. എല്ലാവരും ദൈവത്തിന്റെ മഹിമയിങ്കല്‍ വിസ്മയിച്ചു (ലൂക്കോസ് 9:42, 43). ഇങ്ങനെ യേശുവിന്റെ കൃത്യങ്ങള്‍ കണ്ട് അവര്‍ യഹോവയെ മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്ത ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. യഹോവ മനുഷ്യ ശരീരത്തില്‍ അവതരിച്ചതാണെങ്കില്‍, ആ മനുഷ്യന്റെ മുമ്പില്‍വെച്ചു യഹോവയെ വാഴ്ത്തുന്നതിലെന്തര്‍ത്ഥമാണുള്ളത്? ശിഷ്യന്മാര്‍ യേശുവിന്റെ സന്തതസഹചാരികളായിരുന്നല്ലോ.

അവരുടെ കാര്യമിരിക്കട്ടെ. കേവലം സാധാരണക്കാരായ ആളുകള്‍ക്കു പോലും യാഥാര്‍ഥ്യം വളരെ വ്യക്തമായി അറിയാമായിരുന്നു. അല്‍ഭുതകൃത്യങ്ങളെല്ലാം അദ്ദേഹം ചെയ്യുന്നത് ഹയോവയുടെ സഹായത്താലാണെന്നവര്‍ ഉറച്ചുവിശ്വസിച്ചു. ദിവ്യത്വത്തിന്റെ വല്ല ലാഞ്ചനയും അദ്ദേഹത്തിലുണ്ടോ എന്നവര്‍ അശേഷം സംശയിക്കുകപോലും ചെയ്തില്ല. യേശുവിനെ അഭിസംബോധന ചെയ്ത ഒരു സ്ത്രീയുടെ വാക്കുകള്‍ തന്നെ ശ്രദ്ധിക്കുക: നീ ദൈവത്തോട് എന്തു അപേക്ഷിച്ചാലും ദൈവം നിനക്ക് തരും എന്ന് ഞാന്‍ അറിയുന്നു (യോഹ 11:22). ഇനി ദൈവം എന്ന അതേ വാക്കുതന്നെ യേശുവെക്കുറിച്ച് ബൈബിളിലുണ്ടെങ്കില്‍ അതു സാധാരണ അര്‍ത്ഥത്തില്‍ വ്യവഹരിക്കപ്പെടാവതല്ല. നാമിത്രയും പറഞ്ഞ തെളിവുകള്‍ തന്നെ കാരണം. മാത്രമല്ല,  രക്ഷകന്‍, നായകന്‍, എന്നെല്ലാമുള്ള അര്‍ത്ഥത്തില്‍ വേദഗ്രന്ഥത്തില്‍ അതുപയോഗിക്കപ്പെട്ടിട്ടുമുണ്ട്. ഉദാഹരണങ്ങള്‍ കാണുക: യഹോവ മോശയോട് അരുളി ചെയ്തത്: നോക്കൂ, ഞാന്‍ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു (പുറപ്പാട് 7:1). യഹോവ മോശയോട്: നീ അവനോട് (അഹരോന്‍) സംസാരിച്ചു അവന്നു വാക്കു പറഞ്ഞുകൊടുക്കേണം. ഞാന്‍ നിന്റെ വായോടും അവന്റെ വായോടും കൂടെ ഇരിക്കും. നിങ്ങള്‍ ചെയ്യേണ്ടത് ഉപദേശിച്ചുതരും.

നിനക്കു പകരം അവന്‍ ജനത്തോടു സംസാരിക്കും. അവന്‍ നിനക്കു വായായിരിക്കും. നീ അവനു ദൈവവുമായിരിക്കും (പുറപ്പാട് 4:15, 16). സങ്കീര്‍ത്തനങ്ങള്‍ 38:1 ല്‍ ദേവന്മാര്‍ എന്ന പദം ശ്രേഷ്ഠന്മാര്‍ എന്നോ മാലാഖമാര്‍ എന്നോ ഉള്ള അര്‍ത്ഥത്തില്‍ പ്രയോഗിച്ചതായും കാണാം. ചുരുക്കത്തില്‍ യേശുവിന്റെ സാക്ഷാല്‍ വ്യതിത്വം, മറ്റു പല പ്രവാചകന്മാരെയും പോലെ ഒരു പ്രവാചകനാണെന്ന യാഥാര്‍ത്ഥ്യം ബൈബിളില്‍ നിന്നു വളരെ വ്യക്തമായും സത്യസന്ധമായും ഗ്രഹിക്കാന്‍ കഴിയും. പക്ഷെ, ലോകത്തെ ബഹുഭൂരിഭാഗം ജനങ്ങളും അദ്ദേഹത്തിന്റെ മേല്‍ നൂറുകൂട്ടം ആരോപണങ്ങള്‍ വെച്ചുകെട്ടുകയും അവയത്രയും പ്രാചുര്യവും അംഗീകാരവും നേടുകയും ചെയ്യുന്നു. വിശ്വസ്തമെന്നു കരുതപ്പെടുന്ന പ്രാമാണിക ഗ്രന്ഥങ്ങളില്‍പോലും അത്തരം ഭീമാബദ്ധങ്ങള്‍ കാണാം. ചില ഉദാഹരണങ്ങള്‍ കാണുക. യേശുക്രിസ്തു: മനുഷ്യനായി ജനിച്ച സര്‍വ്വേശ്വരന്‍, ദൈവപുത്രന്‍, ലോകരക്ഷിതാവും ദൈവരാജ്യസ്ഥാപകനും (മലയാളം എന്‍സൈക്ലോപീഡിയ പേജ്: 1211).

സാരാംശത്തില്‍ സമന്മാരും ഒരേ ദൈവസ്വഭാവം സ്വീകരിച്ചവരുമായ മൂന്നാളുകള്‍ ദൈവത്തിലുണ്ട്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്. ഈ പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെയാളാണ് മനുഷ്യസ്വഭാവം സ്വീകരിച്ച യേശുക്രിസ്തു (വിജ്ഞാനം എന്‍സൈക്ലോപീഡിയ വോള്യം 1, പേജ്: 1035). ചുരുക്കത്തില്‍ ക്രിസ്തുതന്നെയാണ് സ്വര്‍ഗത്തിലോ ഭൂമിയിലോ ഉള്ള സകലത്തേയും ഉണ്ടാക്കിയ സ്രഷ്ടാവ്, യേശു ക്രിസ്തു ദൈവമാകുന്നു (ഈ മനുഷ്യന്‍ ആര്-1972പേജ് 30) എന്നാണ് ക്രിസ്ത്യാനികളുടെ വിശ്വാസം....! (ഇസ്‌ലാമും ക്രിസ്ത്യാനിസവും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter