അർണബ് ഗോസ്വാമിയുടെ ജാമ്യം: വിചാരണ പോലും നടക്കാതെ ഭരണകൂടം ജയിലുകളിലടച്ച സാമൂഹ്യപ്രവര്‍ത്തകരെക്കുറിച്ച് സുപ്രീം കോടതിയെ ഓർമ്മിപ്പിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡല്‍ഹി: 2018ല്‍ ഇന്റീരിയര്‍ ഡിസൈനറായ അന്‍വയ് നായികും അമ്മയും ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ അടിയന്തര പ്രാധാന്യം കല്‍പ്പിച്ച്‌ പരിഗണിച്ച് ജാമ്യം അനുവദിച്ച സുപ്രിം കോടതി നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി.

വിചാരണ പോലും നടക്കാതെ ഭരണകൂടം ജയിലുകളിലടച്ച സാമൂഹ്യപ്രവര്‍ത്തകരെയും ഗവേഷകരെയും കുറിച്ച്‌ ദി വയര്‍ പ്രസിദ്ധീകരിച്ച ലേഖനം പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രിം കോടതിയുടെ തീരുമാനത്തിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഹാത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആനന്ദ് തെല്‍തുംദെ, വരവരറാവു, ഗൗതം നവ്‌ലാഖ് തുടങ്ങിയവര്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ വിദ്യാര്‍ത്ഥി നേതാക്കളും മുന്‍ വിദ്യാര്‍ത്ഥികളും തുടങ്ങി സമീപ കാലത്തായി അറസ്റ്റിലായവരുടെ വിവരങ്ങളാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.

"അര്‍ണബിന്റെ കേസിന്റെ വാദം കേട്ട് ജാമ്യം അനുവദിക്കാന്‍ സുപ്രിം കോടതി വലിയ ചുറുചുറുക്ക് കാണിച്ച സ്ഥിതിക്ക്, വ്യക്തി സ്വാതന്ത്ര്യത്തിനായി ജുഡീഷ്യറിയുടെ ദയയും കാത്തുകഴിയുന്ന ആക്ടിവിസ്റ്റുകളുടെയും ഗവേഷകരുടെയും ലിസ്റ്റ് ഇതാ. സാധാരണരീതിയില്‍ വാദം കേള്‍ക്കാന്‍ അവസരം ലഭിക്കുന്നതിനും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും ഏറെ പ്രയാസപ്പെടുന്നവരാണിവര്‍'- പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter