സത്യത്തിന്‍റെ ബറകത്തിനാൽ പോലീസ് വെട്ടിലായി

(സൂഫീ കഥ - 26)

ഹസനുൽ ബസ്വരി (റ) ഓടി കിതച്ച് വന്ന് ഹബീബുൽ അജ്മി(റ)യുടെ കൂടാരത്തിൽ കയറിയൊളിച്ചു. പിന്നാലെ ഹജ്ജാജിന്‍റെ കിങ്കരന്മാരായ പോലീസുകാർ ആയുധങ്ങളുമായി ഓടി വരുന്നു. പോലീസുകാർക്ക് ഹസനെ കിട്ടണം. പിടിച്ചു കൊണ്ടു പോകണം.

അവരും ഹബീബിന്‍റെ കൂടാരത്തിനു മുന്നിലെത്തി. അവിടെ നിൽക്കുന്ന ഹബീബിനോട് ചോദിച്ചു: “ഹസനെയെങ്ങാനും നിങ്ങൾ കണ്ടോ?”

ഹബീബ്: “ഓ, കണ്ടല്ലോ”

പോലീസുകാർ: “എവിടെ?”

ഹബീബ്: “അദ്ദേഹമിവിടെ എന്‍റെ ഈ കൂടാരത്തിലുണ്ടല്ലോ”

അവർ അകത്തു കയറി. അരികും മൂലകളുമെല്ലാം അരിച്ചു തിരഞ്ഞു. പക്ഷേ, ഹസനെ കണ്ടില്ല. ആരെയും കണ്ടില്ല. പോലീസുകാർക്ക് തോന്നി ഹബീബ് അവരെ കോമാളി കളിപ്പിക്കുകയാണെന്ന്.

പോലീസുകാർ ഒന്ന് കനപ്പിച്ച് ഗൌരവത്തിൽ പറഞ്ഞു: “താൻ കളവു പറയുന്നോ?”

ഹബീബ് സത്യം ചെയ്തു പറഞ്ഞു: “ഞാൻ സത്യമാണ് പറയുന്നത്. അദ്ദേഹമെന്‍റെ ഈ കൂടാരത്തിലുണ്ടെന്നേ”

അവർ രണ്ടാമതും കൂടാരം അരിച്ചു പെറുക്കി. കിട്ടിയില്ല. മൂന്നാമതും നോക്കി. ഒരു ഫലവുമുണ്ടായില്ല. അവസാനം അവർ നിരാശരായി തിരിച്ചു പോയി.

ഇതെല്ലാം ഹസൻ അകത്തിരുന്നു കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ടായിരുന്നു. പോലീസുകാർ തിരിച്ചു പോയപ്പോൾ, ഹസൻ മെല്ലെ കൂടാരത്തിനു പുറത്തേക്ക് വന്നു.

എന്നിട്ട് ഹബീബിനോട് ഹസൻ പറഞ്ഞു: “ആ അക്രമികൾക്ക് അല്ലാഹു എന്നെ കാണിച്ചു കൊടുക്കാതിരുന്നത് നിങ്ങളുടെ ബറകതുകൊണ്ടു തന്നെയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാലും ഞാനിവിടെയുണ്ടെന്ന് എന്തിനാ അവരോട് അങ്ങനെ തുറന്നു പറഞ്ഞത്?”

ഹബീബ്: “ഉസ്താദേ, എന്‍റെ ബറകത് കൊണ്ടൊന്നുമല്ല നിങ്ങളെ അല്ലാഹു അവർക്ക് കാണിച്ചു കൊടുക്കാതിരുന്നത്. അത് സത്യത്തിന്‍റെ ബറകത് കൊണ്ടായിരുന്നു. ഞാനെങ്ങാനും അവരോട് കളവു പറഞ്ഞിരുന്നുവെങ്കിൽ അവർ എന്നെയും നിങ്ങളെയും വഷളാക്കിയേനേ”

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter