മാതൃത്വത്തിന്റെ സാന്ത്വന സ്പര്‍ശം

chickensബിരിയുമ്മാത്താക്ക് മരണം വരെ ഒരേ പ്രായവും രൂപവുമായിരുന്നു ഞങ്ങള്‍ കുട്ടികളുടെ കണ്ണില്‍. കളിക്കിടയിലെ കലപില വഴക്കിലും വക്കാണത്തിലുമെത്തുമ്പോഴാകും ആ വയോധികയുടെ എഴുന്നള്ളത്ത്. തറവാടിന് വടക്കു വശത്തെ കുന്നിന്‍ ചെരുവിലൂടെ ദൈവം അയച്ച മാലാഖയെപ്പോലെ അവര്‍ ഇറങ്ങി വരും. ഉമ്മക്കുപ്പായം തെറുത്ത് വെച്ച വലതുകൈയില്‍ നീണ്ട മുട്ടന്‍ വടിയുണ്ടാകും. അതിന്റെ അറ്റത്തുള്ള കൊളുത്തില്‍ ഒരു ജോഡി കരിമ്പം കുത്തിയ നീല ഹവായ് ചെരിപ്പും. പിന്നെയൊരു കൈകൊട്ടിപ്പാട്ടാണ്. ഈണമുള്ള ശീലു കേട്ട് ഞങ്ങള്‍ അച്ചടക്കം പാലിക്കും.
അപ്പോഴേക്കും ഉമ്മയുടെ ഒക്കത്തിരുന്ന് അനിയത്തിക്കുട്ടി ചിണുങ്ങും. മേഘാവൃതമായ ആകാശത്തില്‍ നീന്തിത്തുടിക്കുന്ന വിമാനം ചൂണ്ടി അവര്‍ വീണ്ടും പാടും. വിമാനത്തില്‍ പറന്ന് മക്കത്തേക്ക് പോയ ഉപ്പയേയും വിളിച്ച് കൂകിയാര്‍ക്കുന്ന കുസൃതികളോട് അരുതെന്നവര്‍ ശാസിക്കും....
നിഷ്‌കളങ്കമായ ആ വൃദ്ധ സാമീപ്യം ഞങ്ങള്‍ക്കെല്ലാം പെരുത്ത് ആശ്വാസവും സാന്ത്വനവും നല്‍കിയിരുന്നു. ഞങ്ങളുടെ കൊച്ചു കൊച്ചു സങ്കടങ്ങളെല്ലാം ആ പ്രായമേറിയ വാക്കുകളില്‍ അലിഞ്ഞില്ലാതായിരുന്നു. സാന്ത്വനം നല്‍കുന്ന വാക്കും നോക്കും മനുഷ്യന്റെ ദാഹമാണല്ലോ.! ആ തൃഷ്ണ ഈസാ നബിയുടെ ചൊല്ലിലെ ദാഹത്തിന് സമാനമാണിപ്പോള്‍. 'ഇഹലോകം തേടുന്നവന്‍ ദാഹമകറ്റാന്‍ കടല്‍ വെള്ളം കുടിക്കുന്നവനെപ്പോലെയാണ്. മരണം വരെ കുടിച്ചാലും അവന്റെ ദാഹം ശമിക്കില്ല.'
ഒന്നിനുമാവില്ലെങ്കിലും ഗുണമുള്ള ഒരു നാവുണ്ടെങ്കില്‍ എല്ലാം സാധിക്കും. 'സാന്തോക്തിയോതീടിനാ ജിഹ്വ ജിഹ്വ' എന്നല്ലേ കവി വാക്യം.! സ്വാന്തനം തേടുന്നതോടൊപ്പം സ്വയം അന്യര്‍ക്ക് താങ്ങാവുകയെന്നതാണ് പ്രധാനം. ഇതെല്ലാം ഒരു തുല്യ അളവില്‍ ലയിക്കുമ്പോള്‍ സമാധാനവും സന്തോഷവും വിടരുന്നു. ജീവിതം അര്‍ത്ഥ പുഷ്‌കലമാകുന്നു. മാലാഖയോളം നമുക്ക് ഉയരത്തിലേക്ക് ചിറകടിക്കാന്‍ സാധിക്കുന്നു...
അശരണര്‍ക്കും ആലംബഹീനര്‍ക്കും തണലാവുക. മാനവികതയുടെ ഏറ്റവും മഹിതമായ സ്വഭാവമാണത്. നോവുന്ന ഹൃദയങ്ങള്‍ക്കൊരു കൈത്താങ്ങാവുക. തിരുമേനിയുടെ ചര്യയാണത്. നമ്മില്‍ നിന്ന് സാന്തോക്തി കിനിയുമ്പോള്‍ അന്തരംഗങ്ങളില്‍ കുളിര്‍മ പെയ്യുന്നു. അഹംഭാവത്തിന്റെ അഗ്നികുണ്ഠങ്ങള്‍ അതിലണഞ്ഞു പോകുന്നു. അകത്തളം ഉര്‍വ്വരമാകുന്നു. മുള പൊട്ടി നന്മ വളരുന്നു.
തിരു നബിയോട് ഒരു സ്വഹാബി പ്രമുഖന്‍ പറഞ്ഞു. 'എന്റെ ഹൃദയം കഠിനമാണ്, ആരാധനാ കര്‍മങ്ങള്‍ കൊണ്ടത് മയപ്പെടുത്താനാവില്ല.' നബിയുടെ മറുപടി ശ്രദ്ധയമാണ്. 'നീ അനാഥരെ മാറോട് ചേര്‍ത്ത്, തലയില്‍ തടവുക.' ശരീരം ഹൃദയത്തിന് മുന്നില്‍ പഞ്ചപുച്ചമടക്കുന്ന രംഗമാണിത്. എന്നാല്‍ ഹൃദയം ശരീരത്തിന് കീഴ്‌പെടുന്നത് ആപല്‍ക്കരമാണെന്ന് ജലാലുദ്ദീന്‍ റൂമിയുടെ കഥ.
സമുദ്രത്തില്‍ സുഖസുന്ദരമായി വസിക്കുകയായിരുന്നു തവള. ഇടക്ക് തീരത്തേകൊരു എലി വന്നു. തവളയെ കണ്ടതും ഇഷ്ടമായി. പരസ്പരം ചങ്ങാതിമാരായി. പലപ്പോഴും എലി വരുമ്പോള്‍ തവള വെള്ളത്തിലാവുന്നത് ആശയവിനിമയത്തിന് വിനയായിത്തീര്‍ന്നു. പരിഹാരം എലി തന്നെ കണ്ടെത്തി. 'വലിയൊരു നൂല്‍ കഷ്ണം എന്റെ കൈത്തണ്ടയിലും നിന്റെ കാലിലും കെട്ടാം. സംസാരിക്കാന്‍ നേരം ഞാന്‍ നൂലിളക്കും. നീ കരയില്‍ വരണം.' എലി തവളയോട് പറഞ്ഞു.
കുറച്ച് കാലത്തേക്കെങ്കിലും സൗഹാര്‍ദ്ദം പൂത്തുല്ലസിച്ചു. അതിനിടയിലാണ് ഒരു പരുന്ത് പ്രത്യക്ഷപ്പെടുന്നത്. തീരത്ത് വട്ടമിട്ട് പറക്കുകയായിരുന്ന പരുന്ത് എലിയെ കൊത്തിയെടുത്തു. എലിയോടൊപ്പം തവളയും പരുന്തിന്റെ വായിലായി. തവള, എലി, പരുന്ത് എന്നീ ജീവികള്‍ യഥാക്രമം ഹൃദയം, ശരീരം, പിശാച് എന്നിവയൊക്കെയാണ് ഇക്കഥയില്‍ പ്രതിനിധാനം ചെയ്യുന്നത്. ജീവിത വഴിയില്‍ ഒറ്റപ്പെട്ട് പോകുമ്പോള്‍ ഒരു പുതിയ പരിചയക്കാരനെ കിട്ടുന്നത് ഏതാണ്ടൊരു സ്വാന്തനം പോലെയാണ്. ബെഗോവിച്ചിന്റെ നിരീക്ഷണം ജീവിതം അപകടകരമായൊരു സാധ്യതയെന്നാണ്. പിറക്കാത്തവരും മരിച്ച് പോയവരും മാത്രമേ അതില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ളൂ.
സ്വാന്തനത്തിന്റെ ആള്‍ രൂപമായിരുന്നു പ്രവാചകന്‍. സകലര്‍ക്കും കരുണാതീര്‍ത്ഥമായവര്‍ ഭൂജാതരായി.
പെരുത്ത നൂറ്റാണ്ടിനിടക്കൊരിക്കലീ
മരുപ്പറമ്പാ മുലകത്തിലീശ്വരന്‍
ഒരുറ്റ വൃക്ഷത്തെ നടുന്നു പാന്ഥരായ്
വരുന്ന വര്‍ക്കുത്തമ വിശ്രമത്തിനായ്
-നാരായണ മേനോന്‍
വെട്ടുകുഴികളില്‍ നിന്നവര്‍ പെണ്‍കുഞ്ഞുങ്ങളെ കൈ പിടിച്ചുയര്‍ത്തി. താങ്ങും തണലുമായി പ്രവാചകന്‍ ദുര്‍ബലരോട് സഹവസിച്ചു. വിശുദ്ധ ഖുര്‍ആനായിരുന്നു തിരുമേനിയുടെ സ്വാന്തനം. ഖുര്‍ആന്റെ പഠനവും പാരായണവും നമുക്ക് നല്‍കുന്ന അനുഭൂതി അവാച്യമാണ്. അതിലൂടെ ജീവിതം സാര്‍ത്ഥകമാകുന്നു. നബി ഇഹപരമായൊരു ആശ്വാസം തന്നെയാണ്. അത്‌കൊണ്ടാണ് തിരു അപദാനങ്ങള്‍ നമ്മുടെ രോഗശമനിയാകുന്നത്. മന്‍ഖൂസ് പോലുള്ള മൗലിദുകള്‍ മാറാവ്യാദികള്‍ക്ക് പരിഹാരമാകുന്നത്.
എത്രയഗാധ തലങ്ങളില്‍ നിന്ന്
വന്നൂ നമ്മുടെ പുഞ്ചിരി പോലും (അയ്യപ്പപ്പണിക്കര്‍)
എന്ന് കവി വിലപിക്കുന്നിടത്തേക്ക് നമ്മുടെ പെരുമാറ്റരീതികള്‍ സങ്കോചിച്ചിരിക്കുന്നു. അന്യനെ സന്തോഷിപ്പിക്കാനോ സ്‌നേഹിക്കാനോ നമുക്കാകുന്നില്ല. അവന്റെ പരിദേവനങ്ങള്‍ക്ക് ചെവികൊടുക്കാന്‍ മനസ്സ് വെക്കുന്നില്ല. ശ്രദ്ധാവാകുക എന്നത് വലിയ കാര്യംതന്നെയാണ്. നമുക്ക് ഒരു നാവും രണ്ട് ചെവികളും ഉള്ളതിന്റെ പൊരുളതാകാം. കേള്‍ക്കാനൊരാളില്ലാതെ വരുമ്പോഴാണ് പലര്‍ക്കും ഭ്രാന്ത് പിടിക്കുക. പലരും ആത്മഹത്യയുടെ കയങ്ങളിലേക്ക് കൂപ്പ് കുത്തുക.
കുടുംബത്തിലാണിതിന് ഹരിശ്രീ കുറിക്കേണ്ടത്. പരിസരങ്ങളിലെ വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് ഒരു നുള്ള് ആശ്വാസമാകുക. ദമ്പതികള്‍ അന്യാന്യം സാന്ത്വനിപ്പിക്കാന്‍ മുന്‍കയ്യെടുക്കുമ്പോള്‍ കുടുംബം സുഭദ്രമാകുന്നു. കുട്ടികള്‍ സല്‍ബുദ്ധി നേടുന്നു. പ്രായമായ മാതാപിതാക്കള്‍ക്ക് വൃദ്ധ സദനങ്ങളല്ല നാം ഒരുക്കേണ്ടത്. അവരുടെ വിഷമങ്ങള്‍ കാണാനുള്ള രണ്ട് നേത്രങ്ങളും കേള്‍ക്കാനുള്ള രണ്ട് കാതുകളുമാണ്. സാമൂഹികമായ ജീവിതത്തില്‍ പരസ്പരാശ്വാസ വചനങ്ങള്‍ക്ക് ഒരുപാട് അര്‍ത്ഥ തലങ്ങളുണ്ടെന്ന് ചുരുക്കം. സമൂഹം അങ്ങനെയാണ്. മുന്‍വിധികളും ദുരഭിമാനവും പൊങ്ങച്ചവും നിറഞ്ഞ മനസ്സുള്ള ജീവികളാണോവര്‍. യുക്തിയല്ല വികാരമാണവരുടെ മര്‍മം, പ്രശസ്ത മനശാസ്ത്ര ചിന്തകന്‍ ഡേല്‍ കാര്‍ണഗി.
കൗണ്‍സിലിംഗ് സെന്റെറുകളും സൈക്യാട്രിസ്റ്റുകളും അനുദിനം വര്‍ദ്ധിക്കുന്ന സാമൂഹിക വ്യവസ്ഥയാണ് നമ്മുടേത്. അതിനര്‍ത്ഥം നാം അത്രയും വേഗത്തില്‍ പരസ്പരം പങ്കുവെക്കലില്‍ പിറകോട്ട് സഞ്ചരിക്കുന്നു വെന്നാണ്. നമ്മുടെ വൈയക്തികമായ പെരുമാറ്റ ശീലങ്ങളില്‍ പരാചയപ്പെടുകയും സ്വഭാവം ദൂഷ്യമാവുകയും പ്രഫഷണലുകളെ പകരം കാണുകയുമാണ് നാം ചെയ്യുന്നത്. അവനവന്റെ സ്വകാര്യതകളില്‍ അന്യന്‍ ചേക്കേറുന്നതിന്റെ ജാള്യതയുണ്ടിവിടെ.
സ്വാന്തനം പെയ്യുന്നിടത്തെല്ലാം നീറുന്ന വേഴാമ്പല്‍ ഹൃദയങ്ങളുണ്ടാവണം. വ്യജമോ നിര്‍വ്യാജമോ എന്നതില്‍ നോട്ടമില്ല. ചാറ്റിംഗ് ഒരുതരംഗവും ദുരന്തവുമാകുന്നത് അങ്ങനെയാണ്. യഥാര്‍ത്ഥ്യ ലോകത്ത് നിന്ന് ലഭ്യമാകാത്ത സ്‌നേഹാശിസ്സുകള്‍ മായിക ലോകത്ത് നിന്നും കണ്ട് കിട്ടുമ്പോള്‍ അവരത് സാഹ്ലാദം ഏറ്റെടുക്കുന്നു. പ്രത്യുത, ചൂഷണ വലകളില്‍ ചെന്ന് ചാടുന്നു.
'നീ ഇല്ലാതാവുമ്പോഴാണ് എന്റെ ഇല്ലായ്മ പ്രത്യക്ഷമാവുക, വാവിട്ടവാക്കും കൈവിട്ട ആയുധവും പോലെ പിരിഞ്ഞിരിക്കുന്ന നീ പേടിപ്പിക്കും. ഹൃദയങ്ങളില്‍ നിന്നും മോചിപ്പിക്കപ്പെടുന്ന വാക്കുകള്‍ ഞാന്‍ നിന്നില്‍ വിതക്കുന്നു. മറ്റേതൊരിടവും അതിന് ഊഷരമായ നിലമായിരിക്കും'- മധുരമുള്ള പാനീയം കാണുമ്പോള്‍ പാനം ചെയ്യാത്ത ദാഹിയാരാണ്!.
ആകാശങ്ങള്‍ നരയ്ക്കും
പരിചയമാകെ മറക്കും തെരുവുകള്‍
കൂരിരുള്‍ മൂടും താരകള്‍
ഓര്‍മ വിളര്‍ത്തു വിറക്കും
കാല മുറങ്ങാന്‍ പോകും...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter